ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 17
യോ ന ‘ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാന്‍ യഃ സ മേ പ്രിയഃ
ആര്‍, ഇഷ്ടവസ്തുലാഭത്തില്‍ മതിമറന്ന് ആഹ്ലാദിക്കുന്നില്ലയോ അനിഷ്ടപ്രാപ്തിയില്‍ ദ്വേഷിക്കുന്നില്ലയോ ഇഷ്ടവിയോഗത്തില്‍ ദുഃഖിക്കുന്നില്ലയോ ഭോഗ്യവസ്തുക്കളെ ആഗ്രഹിക്കുന്നില്ലയോ ഭേദഭാവനകളെ (നന്മതിന്മകളെ) വെടിഞ്ഞ ആ ഭക്തന്‍ എനിക്ക് പ്രിയനാകുന്നു.
അമൂല്യവും ആനന്ദകരവുമായ ആത്മസുഖം കൈവരിക്കുന്നതാണ് മറ്റെല്ലാറ്റിനേയുംകാള്‍ ഉത്കൃഷ്ടമെന്ന് അവര്‍ കരുതുന്നതുകൊണ്ട് വിഷയസുഖങ്ങളില്‍നിന്ന് അവര്‍ക്ക് യാതൊരു സുഖവും ലഭിക്കുകയില്ല. ദ്വന്ദ്വഭാവം ഇല്ലാതാവുകയും ഈ ജഗത്ത് താനാണെന്നുള്ള അവബോധം ഉള്ളില്‍നിറഞ്ഞിരിക്കുകയും ചെയ്യുന്നതുകൊണ്ട് അവര്‍ക്ക് ആരോടും ഒരു വിദ്വേഷവുമില്ല. തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സ്വന്തമായി ലഭിച്ചിട്ടുള്ളത് ഒരു കല്പാന്തകാലത്തിന്‍റെ അവസാനത്തില്‍പോലും നഷ്ടപ്പെടുകയില്ലെന്നു പൂര്‍ണ്ണബോധ്യം വന്നവരായതുകൊണ്ട് ഈ ലോകത്തില്‍ എന്തു നഷ്ടപ്പെടാനിടയായാലും അവര്‍ക്കു ഖേദമില്ല. ഏറ്റവും അമോഖമായ ബന്ധത്തെ നേടിക്കഴിഞ്ഞ അവര്‍ക്ക് മറ്റൊന്നിലും ആഗ്രഹമില്ല. രാവെന്നും പകലെന്നും പകലോന്‍ പരിഗണിക്കാത്തതുപോലെ നന്മതിന്മകള്‍ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി അവര്‍ ചിന്തിക്കാറില്ല. ഏറ്റവും ശ്രേഷ്ഠമായ ആത്മസാക്ഷാത്കാരം ലഭിക്കുകയും നിഷ്കാമരായി പ്രവര്‍ത്തിക്കുകയും എപ്പോഴും എന്നിലുള്ള ഭക്തിയോടുകൂടി ജീവിക്കുകയും ചെയ്യുന്ന ഒരു ഭക്തന്‍ എന്‍റെ സ്വജനങ്ങളെക്കാളും എനിക്കു പ്രിയങ്കരനാണ്. അല്ലയോ അര്‍ജ്ജുനാ, നിന്നാണെ, ഇതു സത്യമാണ്.