ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 18, 19

സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണ സുഖദുഃഖേഷു
സമഃ സംഗ വിവര്‍ജ്ജിത

തുല്യനിന്ദാസ്തുതിര്‍മൗനീ
സന്തുഷ്ടോ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ
ഭക്തിമാന്‍ മേ പ്രിയോ നരഃ

ശത്രുവിലും മിത്രത്തിലും തുല്യസ്വഭാവമുള്ളവനും മാനത്തിലും അപമാനത്തിലും സമനിലകൈവിടാത്തവനും ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയില്‍ ഒരേനിലയില്‍ ഇരിക്കുന്നവനും ഒന്നിനോടും എന്‍റേത് എന്ന ഭാവമില്ലാത്തവനും നിന്ദയും സ്തുതിയും ഒരുപോലെ കരുതുന്നവനും സംഭാഷണം ചുരുക്കിയവനും സ്ഥാരമായ വാസസ്ഥാനമില്ലാത്തവനും ഭഗവാനില്‍ ഉറച്ച ബുദ്ധിയുള്ളവനും ഭക്തിമാനുമായ മനുഷ്യന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ല ഭക്തന് ഒരിക്കലും ഭേദചിന്ത ഇല്ലാത്തതുകൊണ്ട്, ശത്രുവും മിത്രവും അയാള്‍ക്ക് ഒരുപോലെയാണ്. ഒരുവൃഷം വച്ചുപിടിപ്പിച്ചവനും വെട്ടി നശിപ്പിക്കുന്നവനും ഒരുപോലെ തണലേകുന്നു. കരിമ്പ് കൃഷിചെയ്യുന്നവനും ആട്ടുന്നവനും അതിന്‍റെ മധുരം ഒരുപോലെയാണ് അനുഭവപ്പെടുന്നത്. ശത്രുമിത്രങ്ങളോടും മാനാപമാനങ്ങളോടും അവന് തുല്യ മനോഭാവമാണുള്ളത്. എല്ലാ കാലാവസ്ഥയിലും ആകാശം ഒരേരീതിയില്‍ ആയിരിക്കുന്നതുപോലെ അവന്‍ ഉഷ്ണവും ശീതവും ഒരേവിധത്തില്‍ കരുതുന്നു. തെക്കന്‍കാറ്റിനേയും വടക്കന്‍കാറ്റിനേയും മഹാമേരുപര്‍വ്വതം അചഞ്ചലമായി അഭിമുഖീകരിക്കുന്നതുപോലെ സുഖത്തേയും ദുഃഖത്തേയും അവന്‍ നിര്‍വ്വികാരനായി നേരിടുന്നു.

സുധാകരന്‍ തന്‍റെ കുളിര്‍മയുള്ള കിരണകന്ദങ്ങള്‍ ഭൂപാലനിലും ഭിഷുവിലും ഒരേവിധത്തില്‍ ചൊരിയുന്നതുപോലെ അവന്‍ എല്ലാ ജവജാലങ്ങളോടും ഒരേ വിധത്തില്‍ പെറുമാറുന്നു. ഭൂമിയിലുള്ളവരെല്ലാം ജലത്തിനുവേണ്ടി കാംഷിക്കുന്നതുപോലെ ജഗത്രയങ്ങളും അവനെ സ്നേഹിക്കുകയും അവരുടെ സ്വന്തമാണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്രകാരം എന്‍റെ ഭക്തന്‍ ആന്തരികവും ബാഹ്യവുമായ എല്ലാ വിഷയസുഖങ്ങളോടുമുള്ള മമതയും സ്നേഹവും ഉപേക്ഷിച്ചിട്ട് അവന്‍റെ ചിത്തം എന്‍റെ സ്വരൂപത്തിലുറപ്പിച്ചുകൊണ്ട് ഏകാന്തനായി ജീവിക്കുന്നു.

ആകാശം ഒന്നുകൊണ്ടും മലീമസമാകാത്തതുപോലെ, അവന്‍ നിന്ദകേട്ടാല്‍ നീരസപ്പെടുകയോ പ്രശംസ കേട്ടാല്‍ പ്രഹൃഷ്ടനാവുകയോ ചെയ്യുകയില്ല. നിന്ദയും സ്തുതിയും ഒരേ കണക്കിലെടുത്തുകൊണ്ട് ഉദാസീനനായി ജനങ്ങളുടെ ഇടയിലും വിജനപ്രദേശത്തും വായുവിനെപ്പോലെ അവന്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നു. സകലവിധ സങ്കല്പങ്ങളില്‍നിന്നും മുക്തനായ അവന്‍ ഉന്മനികാവസ്ഥയിലാണ്. ആകയാല്‍ അവന്‍റെ സംസാരം സത്യമെന്നോ അസത്യമെന്നോ തോന്നിയാലും അത് അവന്‍റെ മൗനത്തെ അശേഷം ബാധിക്കുകയില്ല. വര്‍ഷമില്ലെങ്കിലും വാരിധിവറ്റി വരളാത്തതുപോലെ അവന്‍ ലാഭത്തില്‍ ആനന്ദം കൊള്ളുകയോ നഷ്ടത്തില്‍ വിഷാദിക്കുകയോ ചെയ്യുകയില്ല. എപ്പോഴും ചരിച്ചുകൊണ്ടിരിക്കുന്ന വായുവിന് സ്ഥിരമായ വാസസ്ഥാനമില്ലാത്തതുപോലെ, അവന്‍ ആശ്രയസ്ഥാനം തേടുന്നില്ല. ജഗത്തുമുഴുവനും അവന്‍റെ വിശ്രാന്തിസ്ഥലമാണെന്ന് അവന്‍ കരുതുകയും അതിലുള്ള സകലചരാചരങ്ങളുമായി അവന്‍ ഐക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിനുപരിയായി എന്നെ ഭജിക്കുന്നതില്‍ മാത്രമാണ് അവന് ആസ്ഥയുള്ളത്. ആകയാല്‍ ഞാന്‍ അവനെ മകുടമായി എന്‍റെ ശിരസ്സിലണിയുന്നു. ഇതുപോലെ ശ്രേഷ്ഠനായ ഒരുവന്‍റെ മുന്നില്‍ ജനങ്ങള്‍ തലകുനിക്കുന്നതിനാല്‍ എന്തെങ്കിലും അത്ഭുതപ്പെടാനുണ്ടോ? അവന്‍റെ പാദസ്പര്‍ശമേറ്റ പുണ്യജലംപോലും ജഗത്രയങ്ങള്‍ ആരാധിക്കുന്നു.

ഒരു ഭക്തന് ഈശ്വരനോടുള്ള വിശ്വാസം (ശ്രദ്ധ) എപ്രകാരമായിരിക്കണമെന്ന് അറിയണമെങ്കില്‍ പരമഗുരുവായ സദാശിവനെത്തന്നെ ഗുരുവായി സ്വീകരിച്ച് പഠിക്കണം. പരമശിവനെ പ്രകീര്‍ത്തിക്കുന്നത് എന്നെ പ്രകീര്‍ത്തിക്കുന്നതുപോലെ തന്നെയാണ്. അതങ്ങനെ നില്‍ക്കട്ടെ. ഞാന്‍ എന്‍റെ ഭക്തനെ എന്‍റെ ശിരസ്സില്‍ വഹിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറയാനാഗ്രഹിക്കുന്നു. ഈ ഭക്തന്മാര്‍ പുരുഷാര്‍ത്ഥങ്ങളില്‍ നാലാമത്തേതായ ആത്മസാക്ഷാത്കാരം പാണികളില്‍ ഏന്തിക്കൊണ്ട്, ഭക്തിയുടെ പാതയില്‍ക്കൂടിമുന്നോട്ടുപോയി, ജഗത്തിലാകമാനം ഭക്തിമാര്‍ഗ്ഗത്തിന്‍റെ മഹനീയ മാതൃക കാണിച്ചുകൊടുക്കുന്നു. അവര്‍ കൈവല്യത്തിന്‍റെ അധികാരികളാണ്. ആര്‍ക്കൊക്കെ മോക്ഷം നല്കണമെന്നും ആര്‍ക്ക് നല്‍കേണ്ടതില്ലെന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. എങ്കിലും ജലത്തിന്‍റെ മാതൃകയില്‍ ഈ ഋഷിമാര്‍ ഏറ്റവും താണതലത്തില്‍ കഴിച്ചുകൂട്ടുന്നു. തന്മൂലം ഞാന്‍ ഈ ഋഷിമാരെ വണങ്ങുന്നു. അവരെ എന്‍റെ ശിരസ്സില്‍ വയ്ക്കുന്നു. അവരുടെ പാദങ്ങളുടെ അടയാളം എന്‍റെ വക്ഷസ്സില്‍ ധരിക്കുകയും ചെയ്യുന്നു. കണ്ണുകളില്ലാത്ത ഞാന്‍ മനുഷ്യചക്ഷുസ്സുകള്‍ സ്വീകരിച്ച് അവരെ വീക്ഷിക്കുന്നു. എന്‍റെ കൈയ്യിലുള്ള താമരപ്പൂവ് അര്‍പ്പിച്ച് ഞാന്‍ അവരെ ആരാധിക്കുന്നു. ദൃഢമായി ആലിംഗനം ചെയ്യാന്‍വേണ്ടി ഞാന്‍ ചതുര്‍ബാഹുവായി രൂപമെടുക്കുന്നു. അവരുമായുള്ള സഹവാസത്തിനുവേണ്ടി അരൂപിയായ ഞാന്‍ സ്വരൂപിയായി അവതരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ അവരില്‍ അത്യന്തം ആസക്തനായതുകൊണ്ട് അവരോട് എനിക്കുള്ള വൈകാരികബന്ധം ഉചിതമായ ഉപമകൊണ്ട് വിശദീകരിക്കാന്‍പോലും പ്രയാസമാണ്. ഋഷിമാരുടെ കഥകള്‍ കേള്‍ക്കുകയും ഇവരെ സ്തുതിച്ചുപാടുന്നവര്‍പോലും എന്‍റെ ജീവനെക്കാളും എനിക്കുപ്രിയപ്പെട്ടവരാണ്. അല്ലയോ അര്‍ജ്ജുനാ, ഞാന്‍ നിനക്കുവിശദീകരിച്ചുതരുന്നത് സമഗ്രമായ ഭക്തിയോഗത്തെപ്പറ്റിയാണ്. ഈ ഭക്തന്‍ അത്യന്തം ശ്രേഷ്ഠനാണ്. ഞാന്‍ അവനില്‍ എന്‍റെ സ്നേഹം ചൊരിയുന്നു. അവനെപ്പറ്റി ധ്യാനിക്കുന്നു. അവനെ എന്‍റെ ശിരസ്സില്‍ ധരിക്കുകയും ചെയ്യുന്നു.