ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പന്ത്രണ്ട്
ഭക്തിയോഗം ശ്ലോകം 20

യേതു ധര്‍മ്മ്യാമൃതമിദം
യഥോക്തം പര്യുപാസതേ
ശ്രദ്ധധാനാ മത്പരമാ
ഭക്താസ്തേƒതീവ മേ പ്രിയാഃ

മേല്‍ വിവരിച്ച പ്രകാരമുള്ള അമൃതത്വം നേടിത്തരുന്ന ഈ സാധനാമാര്‍ഗ്ഗത്തെ അതീവശ്രദ്ധയോടെ എന്നെത്തന്നെ പരമലക്ഷ്യമായിക്കരുതി ആരൊക്കെ വേണ്ടവിധത്തില്‍ ആചരിച്ച് അനുഷ്ഠിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരാണ്.

മനോരഞ്ജകവും രമണീയവുമായ ഈ അഭ്യാസകര്‍മ്മം അമൃതധാരപോലെ മധുരതരവും ധാര്‍മ്മികത്വത്തിലേക്കു നയിക്കുന്നതുമാണ്. ഇതുഹൃദയത്തില്‍ നിറച്ച് ശ്രദ്ധയോടും ആദരവോടും കൂടി അനുഷ്ഠാനകര്‍മ്മങ്ങള്‍ ചെയ്താല്‍, ഭക്തി വികസിക്കുകയും അതു ചിത്തത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും അങ്ങനെയുള്ള മാനയികാവസ്ഥയിലെത്തിയ ഒരുവന്‍റെ ചിത്തത്തില്‍ ഭക്തിയോഗത്തിന്‍റെ ഒരു നല്ല വിത്തിട്ടാല്‍, അത് ഉത്തമക്ഷേത്രത്തിലെന്നപോലെ മുളച്ചുവളരും.

എന്നോട് പ്രേമപൂര്‍വ്വകമായ ഭക്തിയും എന്നെ എല്ലാറ്റിലും ഏല്ലാമായിക്കരുതി ഞാനാണ് പരമലക്ഷ്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ യോഗികള്‍. അവരാണ് യഥാര്‍ത്ഥഭക്തന്മാര്‍. അവരുടെ കാര്യത്തില്‍ എനിക്ക് അഖണ്ഡിതമായ ഉത്കണ്ഠയുണ്ട്. ഭക്തികഥകള്‍ കേള്‍ക്കുന്നതില്‍ ഇഷ്ടമുള്ളവര്‍ പുണ്യപുരുഷന്മാരാണ്; പുണ്യതീര്‍ത്ഥങ്ങളാണ്; പുണ്യക്ഷേത്രങ്ങളാണ്. ഞാന്‍ അവരെപ്പറ്റി ധ്യാനിക്കുന്നു. അവര്‍ എന്‍റെ അര്‍ച്ചനാദേവതകളാണ്. അവരെക്കാള്‍ ശ്രേഷ്ഠരായി ഞാന്‍ ആരെയും കരുതുന്നില്ല. അവര്‍ നിധിനിധാനങ്ങളാണ്. അവരെ കാണുന്നതില്‍ എനിക്ക് അതിയായ സംതൃപ്തിയുണ്ട്. അവരില്‍ ഞാന്‍ ആസക്തനാണ്. എന്നാല്‍ അല്ലയോ അര്‍ജ്ജുന, മറ്റു ഭക്തന്മാരുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രശംസ ചൊരിയുന്നവരേയും എന്‍റെ മാഹാത്മ്യത്തെപ്പറ്റി സതുതിഗീതം പാടുന്നവരേയും ശ്രേഷ്ഠദേവന്മാരായി ഞാന്‍ കരുതുന്നു.

സഞ്ജയന്‍ ധൃതരാഷ്ട്രമഹാരാജാവിനോട് പറഞ്ഞു:

ജഗത്തിന്‍റെ മൂലാധാരവും ഭക്തന്മാര്‍ക്ക് ആനന്ദദായകനുമായ ഭഗവാന്‍ മുകുന്ദന്‍ ഇപ്രകാരം പറഞ്ഞു: അല്ലയോ മഹാരാജാവേ, നിര്‍മ്മലനും പരിപൂര്‍ണ്ണനും കാരുണ്യവാനും ശരണാഗതപരിപാലകനും സനാതനധര്‍മ്മരക്ഷകനും ഭക്തജനവത്സലനും കലാനിധിയും വൈകുണ്ഠനാഥനുമായ ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞതെല്ലാം അവന്‍ ശ്രദ്ധയോടെ കേട്ടു. ഇനിയും കൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞകാര്യങ്ങള്‍ ഞാന്‍ അങ്ങയോട് പറയാം.

സഞ്ജയന്‍ പറഞ്ഞുനിര്‍ത്തി.

ജ്ഞാനേശ്വരന്‍ പറയുന്നു. അല്ലയോ ശ്രതാക്കളേ, രസനിഷ്യന്തിയായ ഈ കഥ മറാത്തി ഭാഷയില്‍ ഞാന്‍ നിങ്ങളോട് പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. മഹാത്മാക്കളായ നിങ്ങളോട് എങ്ങനെയാണ് അനുനയത്തോടെ പെരുമാറേണ്ടതെന്ന് എന്‍റെ ഗുരു നിവൃത്തിനാഥ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
ഭക്തിയോഗോ നാമ
ദ്വാദശോദ്ധ്യായഃ

ഭക്തിയോഗം എന്ന പന്ത്രണ്ടാമദ്ധ്യായം കഴിഞ്ഞു.