സ്വാമി വിവേകാനന്ദന്‍

ഇവിടെ ആദ്യമായി പറയുവാനുള്ളത്, ഞാന്‍ ഉപദേശിക്കുന്നതില്‍ യാതൊരു രഹസ്യവുമില്ലെന്നാണ്. എനിക്ക് അല്പം വല്ലതും അറിയാവുന്നതു നിങ്ങള്‍ക്കു പറഞ്ഞുതരാം. എനിക്കു യുക്തികൊണ്ടു വെളിവാക്കാവുന്നിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍ എനിക്ക് അറിഞ്ഞുകൂടാത്തതു ശാസ്ത്രത്തില്‍ പറയുന്നതു അങ്ങനെതന്നെ നിങ്ങളോടു പറയാം. കണ്ണടച്ചു വിശ്വസിക്കുന്നതു തെറ്റാണ്. നിങ്ങള്‍ സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കണം. നിങ്ങള്‍ അഭ്യസിക്കണം: എന്നിട്ട് ഇതെല്ലാം സംഭവിക്കുന്നുവോ ഇല്ലയോ എന്നു കണ്ടുകൊള്ളുക. മറ്റേതെങ്കിലും ഒരു സയന്‍സ് പഠിക്കാന്‍ എടുക്കുന്നതുപോലെ ഈ സയന്‍സും പഠിക്കാന്‍ തുടങ്ങുക. ഇതില്‍ രഹസ്യമില്ല. അപകടവുമില്ല. ഇതില്‍ സത്യമായുള്ളിടത്തോളം പെരുവഴിയില്‍വെച്ച് പട്ടാപ്പകല്‍ ഉപദേശിക്കേണ്ടതാണ്. ഇതിലെ സംഗതികള്‍ രഹസ്യമാക്കുവാന്‍ ചെയ്യുന്ന ഏതു പരിശ്രമവും വളരെ ആപത്കരമാണ്.

തുടര്‍ന്നു മുമ്പോട്ടു പോകുന്നതിനുമുമ്പു രാജയോഗത്തിനു മുഴുവന്‍ അടിസ്ഥാനമായ സാംഖ്യദര്‍ശനത്തെപ്പറ്റി കുറഞ്ഞൊന്നു നിങ്ങളോടു പറയാം. സാംഖ്യമതപ്രകാരം പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്ന ക്രമം ഇങ്ങനെയാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളും ബാഹ്യകരണങ്ങളുംകൂടി സമ്പര്‍ക്കത്തില്‍ വരുന്നു. ഈ സ്പര്‍ശങ്ങളെ ബാഹ്യകരണങ്ങള്‍ വഹിച്ചു തലച്ചോറിലുള്ള കേന്ദ്രങ്ങളിലേക്ക്, അഥവാ ഇന്ദ്രിയങ്ങളിലേക്ക് എത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ മനസ്സിന് എത്തിച്ചുകൊടുക്കുന്നു; മനസ്സ് ബുദ്ധിക്കു സമര്‍പ്പിക്കുന്നു. ബുദ്ധിയില്‍നിന്നു പുരുഷന്‍ (ആത്മാവ്) അവയെ കൈക്കൊള്ളുന്നു. അപ്പോള്‍ പ്രത്യക്ഷ ജ്ഞാനമുണ്ടാകുന്നു. അനന്തരം പുരുഷന്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്ക്, വേണ്ടതു ചെയ്യാനുള്ള പ്രേരണ, ഒരാജ്ഞപോലെ നല്കുന്നു. ഇവയില്‍ പുരുഷനൊഴിച്ചു മറ്റെല്ലാം ജഡപദാര്‍ത്ഥമാണ്. മനസ്സു ജഡമാണെങ്കിലും അതു ബാഹ്യകരണങ്ങളെക്കാള്‍ സൂക്ഷ്മമായ ജഡപദാര്‍ത്ഥമാണ്. മനസ്സിന് ഉപാദാനമായ പദാര്‍ത്ഥംതന്നെയാണ് തന്മാത്രകള്‍ എന്ന സൂക്ഷ്മപദാര്‍ത്ഥങ്ങളായും തീരുന്നത്. ഇവയാണ് സ്ഥൂലമായ ബാഹ്യപദാര്‍ത്ഥങ്ങളായിത്തീരുന്നത്. ഇതാണ് സാംഖ്യന്റെ മനഃശാസ്ത്രം. ഇങ്ങനെ നോക്കുമ്പോള്‍ ബുദ്ധിക്കും ബാഹ്യങ്ങളായ സ്ഥൂലപദാര്‍ത്ഥങ്ങള്‍ക്കും തമ്മില്‍ മാത്രാഭേദമേയുള്ളു. വസ്തുഭേദമില്ല, താരതമ്യഭേദമേയുള്ളു. പുരുഷന്‍ മാത്രമേ ജഡപദാര്‍ത്ഥമല്ലാതുള്ളു. ബാഹ്യവസ്തുക്കളെ ഗ്രഹിപ്പാന്‍ ആത്മാവിന്റെ കൈവശമിരിക്കുന്ന ഉപകരണംപോലെയാണു മനസ്സ്.

മനസ്സ് എപ്പോഴും മാറിമാറി ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അഭ്യാസം കൊണ്ട് അതിന് ഒരേ സമയത്ത് അനേക കരണങ്ങളില്‍ സംഘടിപ്പിക്കാനോ, ഒരു കരണത്തില്‍ മാത്രം ഏകാഗ്രമാക്കുവാനോ എല്ലാത്തില്‍ നിന്നും പിന്‍വലിക്കുവാനോ സാധിക്കും. ഉദാഹരണം പറയാം; ഘടികാരം അടിക്കുന്നതു ഞാന്‍ വളരെ ശ്രദ്ധയോടുകൂടി കേള്‍ക്കുകയാണെങ്കില്‍ ആ സമയത്ത് എന്റെ ദൃഷ്ടികള്‍ തുറന്നിരുന്നാലും ഞാന്‍ ഒന്നും കണ്ടില്ലെന്നു വരാം. ആ സമയത്ത് മനസ്സ് ശ്രവണേന്ദ്രിയത്തോടുമാത്രമേ ബന്ധിച്ചിരുന്നുള്ളു. നയനേന്ദ്രിയത്തോടു ബന്ധിച്ചിരുന്നില്ലെന്നു തെളിയുന്നു. എന്നാല്‍ സിദ്ധന് അന്തഃകരണത്തെ ഒരേ സമയത്ത് സര്‍വ്വേന്ദ്രിയങ്ങളോടും ബന്ധിപ്പിക്കാന്‍ കഴിയും. അതിന് അതിന്റെ ആഴത്തിലേക്കു തിരിഞ്ഞു നോക്കുവാനും ശക്തിയുണ്ട്. തന്നെത്താന്‍ നോക്കിക്കാണാനുള്ള ഈ അന്തര്‍ദര്‍ശനശക്തി സമ്പാദിക്കാനാണ് യോഗി ആഗ്രഹിക്കുന്നത്. മനഃശക്തികളെ ഏകാഗ്രവും അന്തര്‍മുഖവുമാക്കി ഉള്ളില്‍ നടക്കുന്നതറിയാന്‍ യോഗി ശ്രമിക്കുന്നു. ഇതില്‍ വെറും വിശ്വാസത്തിന്റെ കാര്യമേയില്ല. ഇതു (പ്രത്യക്ഷശാസ്ത്രം) ചില തത്ത്വജ്ഞാനികള്‍ വിശകലനം ചെയ്തു കണ്ടെത്തിയതാണ്. നവീന ശരീര ശാസ്ത്രജ്ഞന്മാര്‍ നമ്മോടു പറയുന്നു; ചക്ഷുര്‍ഗ്ഗോളകമല്ല ദര്‍ശനേന്ദ്രിയം. തലച്ചോറിലുള്ള ചില നാഡീകേന്ദ്രങ്ങളാണ് ആ ഇന്ദ്രിയം: മറ്റിന്ദ്രിയങ്ങളൊക്കെയും അങ്ങനെതന്നെ. തലച്ചോറും ഈ നാഡീ കേന്ദ്രങ്ങളും ഒരേ പദാര്‍ത്ഥംകൊണ്ടുണ്ടായതാണെന്നും അവര്‍ പറയുന്നു. സാംഖ്യന്മാര്‍ പറയുന്നതും അതുതന്നെ. ശരീരശാസ്ത്രജ്ഞന്മാര്‍ ഭൗതികശാസ്ത്രഭാഷയില്‍ പറയുന്നു: സാംഖ്യന്മാര്‍ മനഃശാസ്ത്രഭാഷയില്‍ പറയുന്നു. കാര്യം രണ്ടും ഒന്നുതന്നെ. ഈ രണ്ടിനും അപ്പുറത്താണു നമ്മുടെ പര്യേഷണമണ്ഡലം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 160-162]