രാജയോഗം അഷ്ടാംഗമായി ഭാഗിക്കപ്പെട്ടിരിക്കുന്നു (47)
രാജയോഗം അഷ്ടാംഗമായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തേതു യമം – അതായത് അഹിംസ, സത്യം, അസേ്തയം (കക്കാതിരിക്കുക), ബ്രഹ്മചര്യം (വീര്യധാരണം), അപരിഗ്രഹം (ആരോടും ഒന്നും സ്വീകരിക്കാതിരിക്കുക) എന്നിവ. അടുത്തതു നിയമം – എന്നു വെച്ചാല്‍ ശൗചം, സന്തോഷം (സംതൃപ്തി), തപസ്സ്, സ്വാദ്ധ്യായം (വേദാധ്യയനം, ജപം), ഈശ്വരപ്രണി ധാനം (ഈശ്വരങ്കല്‍ ആത്മാര്‍പ്പണം) ഇവയാണ്. അനന്തരം ആസനം (മുറപ്രകാരമുള്ള ഇരിപ്പ്). പിന്നെ പ്രാണായാമം – പ്രാണശക്തികളെ സ്വാധീനമാക്കുക: പ്രത്യാഹാരം – ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍നിന്നു പിന്‍വലിക്കുക: ധാരണ – മനസ്സിനെ ഒരിടത്തുറപ്പിക്കല്‍. പിന്നീട് ധ്യാനം, അനന്തരം സമാധി എന്ന അതീന്ദ്രിയാവസ്ഥ. യമനിയമങ്ങള്‍ സദാചാരപരിശീലനമാണെന്നു പ്രസിദ്ധമാണ്. ഇവയില്‍ നിലയുറയ്ക്കാത്ത ഒരു യോഗാഭ്യാസവും വിജയിക്കുകയില്ല. ഇവ രണ്ടും ഉറയ്ക്കുന്നതോടെ യോഗാഭ്യാസത്തിന്റെ ഫലം അനുഭവപ്പെട്ടുതുടങ്ങും. ഇവയെ കൂടാതെ യോഗം ഒരു കാലത്തും ഫലിക്കയില്ല. മനസാവാചാ കര്‍മ്മണാ ആരെയും ദ്രോഹിക്കാന്‍ യോഗി നോക്കരുത്. കാരുണ്യം മനുഷ്യരുടെ നേര്‍ക്കുമാത്രം പോരാ: അവിടവും കവിഞ്ഞ് സര്‍വ്വ ലോകത്തെയും ആശ്ലേഷിക്കണം.
അടുത്തപടി ആസനം, അതായത് ഇരിപ്പ്. ഉയര്‍ന്ന ചില നിലകള്‍ എത്തുന്നതുവരെ നിത്യവും കായികവും മാനസികവുമായ ഒരഭ്യാസപരമ്പര പരിശീലിക്കേണ്ടതുണ്ട്. അതിനുവേണ്ടി കുറെയേറെ നേരം ഉറച്ചിരിക്കത്തക്ക ഒരാസനം അത്യാവശ്യമാണ്. അവനവന് ഏറ്റവും എളുപ്പമായ ആസനം വേണം തിരഞ്ഞെടുക്കാന്‍. ഒരുത്തന് ഒരുതരം ഇരിപ്പില്‍ ഇരുന്നു ചിന്തിക്കുന്നത് എളുപ്പമാണെങ്കില്‍ വേറൊരുത്തന് അതു പ്രയാസമായേക്കാം. അന്തഃകരണസംബന്ധിയായ ഇത്തരം അഭ്യാസം പരിശീലിക്കെ വളരെയേറെ വ്യാപാരങ്ങള്‍ ശരീരത്തില്‍ നടക്കുന്നതായി നമുക്കു വഴിയെ കാണാം. നാഡികളില്‍ക്കൂടെയുള്ള പ്രാണഗതിയുടെ വഴികളില്‍ ചിലതുമാറ്റി പുതിയ വഴി കൊടുക്കേണ്ടിയിരിക്കും. ശരീരത്തില്‍ പുതിയ രീതിയിലുള്ള സ്പന്ദങ്ങള്‍ ഉണ്ടായിത്തുടങ്ങും. ശരീരഘടനയാകെ അഴിച്ചുപണഞ്ഞതുപോലാകും. എന്നാല്‍ വ്യാപാരത്തിന്റെ മുഖ്യഭാഗം നട്ടെല്ലുവഴിയായിരിക്കും നടക്കുന്നത്.
അതുകൊണ്ട് ആസനകാര്യത്തിലാവശ്യ മായ ഒറ്റസംഗതി നട്ടെല്ലിനെ സ്വതന്ത്രമാക്കിനിര്‍ത്തുകയാണ് – നിവര്‍ന്നിരുന്ന് ഉടല്‍, കഴുത്ത്, തല എന്നീ മൂന്നു ഭാഗങ്ങള്‍ ഒരേ തൂക്കില്‍ സമമായി നിര്‍ത്തുക. ശരീരത്തിന്റെ ഭാരം മുഴുവന്‍ വാരിയെല്ലുകള്‍ താങ്ങട്ടെ. അപ്പോള്‍ നട്ടെല്ല് വളവില്ലാതെ നിവര്‍ന്നു നിന്ന് സുഖമായ, സ്വാഭാവികമായ, ഒരാസനം സിദ്ധിക്കും. മാറിടം ഉള്ളിലേക്കൊതുക്കി വളഞ്ഞിരുന്നു വളരെ ഉയര്‍ന്ന വിചാരങ്ങള്‍ സാദ്ധ്യമല്ലെന്നു നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാണാം. യോഗത്തിന്റെ ഈ ഭാഗത്തിനു വെറും ശാരീരികമായ ഹഠയോഗത്തോടു തെല്ലു സാമ്യമുണ്ട്. ശരീരം ബലിഷ്ഠമാക്കുവാനേ ഹഠയോഗം ഉദ്ദേശിക്കുന്നുള്ളു. നമുക്ക് ഇവിടെ ഹഠയോഗവുമായി ഒരു കാര്യവുമില്ല. എന്തുകൊണ്ടെന്നാല്‍ അതിലെ അഭ്യാസങ്ങള്‍ അതികഠിനങ്ങളാണ്. ഒരു ദിവസംകൊണ്ടു പഠിക്കാനാവില്ല: ഒക്കെ അഭ്യസിച്ചാല്‍ത്തന്നെയും അത് ആദ്ധ്യാത്മികമായ വളര്‍ച്ചയ്ക്ക് വളരെ സഹായിക്കുന്നതുമല്ല. ഇവയിലെ ഉദ്ദേശ്യം കായികമാണ്: മാനസികമല്ല. മനുഷ്യനു പൂര്‍ണ്ണനിയന്ത്രണത്തിലാക്കാന്‍ കഴിയാത്ത ഒരു മാംസപേശിയും ശരീരത്തിലില്ല. അവന്റെ ചൊല്പടിക്കു ഹൃദയസ്പന്ദനം നിര്‍ത്തുകയോ നടത്തുകയോ ചെയ്യാം. ഇതുപോലെ ഈ ദേഹത്തില്‍ ഏതു ഭാഗവും നിയന്ത്രിക്കാന്‍ കഴിയും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 2. പേജ് 164-165]