ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4-1

ഋഷിഭിര്‍ബഹുധാ ഗീതം
ഛന്ദോഭിര്‍വിവിധൈഃ പൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ
ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ

ഋഷിമാരില്‍ പല പ്രകാരത്തില്‍ വിവിധതരം ഛന്ദസ്സുകളാലും യുക്തിയുക്തങ്ങളും സംശയരഹിതങ്ങളുമായ ബ്രഹ്മസൂത്രപദങ്ങളാലും ക്ഷേത്രക്ഷേത്രജ്ഞരഹസ്യങ്ങള്‍ പ്രത്യേകം പ്രതിപാദിക്കപ്പട്ടിട്ടുണ്ട്.

ആചാരപ്രമാണവാദികള്‍ പറയുന്നത്, ഈ ക്ഷേത്രത്തിന്‍റെ സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശം ജീവന് ഉള്ളതാണെന്നും പ്രാണന്‍ അതിന്‍റെ വെറുമൊരു കൈവശക്കാരന്‍ മാത്രമാണെന്നുമാണ്. പ്രാണന് നാലു സഹോദരന്‍മാരുണ്ട്. (മറ്റു വായുക്കള്‍) ഇവര്‍ തൊഴിലാളികളായി പണിയെടുക്കുന്നു. മനസ്സാകുന്ന വിചാരിപ്പുകാരനാണ് പണിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ ജീവന്‍റെ വകയായി അഞ്ചുജോടി കാളകളുണ്ട്(കര്‍മ്മെന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയയങ്ങളും) അവ അഹോരാത്രം ഇന്ദ്രിയവിഷയങ്ങളുടെ വളപ്പില്‍ കിണഞ്ഞു പണിയെടുക്കുന്നു. ഒരുവന്‍ വിധികര്‍മ്മങ്ങളെ ഒഴിവാക്കി നിഷിദ്ധ കര്‍മ്മങ്ങളുടെ നിലം തയ്യാറാക്കി അതില്‍ പാപത്തിന്‍റെ വിത്തു വിതച്ചാല്‍ അവന് പാപത്തിന്‍റെ വിളവ്‌ സമൃദ്ധമായി ലഭിക്കുകയും അനവധി ജന്മങ്ങളില്‍ കഷ്ടപ്പാടും ദുഃഖവും അനുഭവിക്കാന്‍ ഇടയാവുകയും ചെയ്യും. പ്രത്യുത, ഒരുവന്‍ വിഹിതകര്‍മങ്ങളാകുന്ന സല്‍ക്കര്‍മ്മഭൂമിയില്‍ പുണ്യത്തിന്‍റെ വിത്തുകള്‍ വിതച്ചാല്‍ അനവധി ജന്മങ്ങളില്‍ സുഖം അനുഭവിക്കാന്‍ ഇടയാകുന്നു.