ശ്രീ രമണമഹര്‍ഷി
നവംബര്‍, 15 1936

മഹര്‍ഷിയുടെ ഭക്തന്മാരില്‍ ഒരാള്‍ തനിക്കു നഷ്ടപ്പെട്ടുപോയ ആശ്രമ ഭരണാധികാര സ്ഥാനം വീണ്ടുകിട്ടാന്‍ കോടതിയില്‍ പരാതി കൊടുത്തു. അതു സംബന്ധിച്ച് മഹര്‍ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശ്രമത്തിലെത്തിയ കമ്മിഷന്‍:

ചോദ്യം: ഇതെന്താശ്രമം?
രമണ മഹര്‍ഷി: അത്യാശ്രമം. വേദങ്ങളില്‍ പറയുന്ന വര്‍ണാശ്രമങ്ങള്‍ക്കുമതീതം.

ചോദ്യം: അതു ശാസ്ത്രസമ്മതമുള്ളതാണോ?
മഹര്‍ഷി: ആഹാ; ഉപനിഷത്തുകളിലും സ്കന്ദപുരാണം, ഭാരതം, ഭാഗവതം എന്നിവയിലും മറ്റും പറയപ്പെട്ടിട്ടുണ്ട്.

ചോദ്യം: മറ്റാരെങ്കിലും ഇതുപോലെ മുമ്പ് അത്യാശ്രമിയായിരുന്നിട്ടുണ്ടോ?
മഹര്‍ഷി: ഉണ്ട്. ശുകബ്രഹ്മര്‍ഷി, ഋഷഭയോഗി, ജഡഭരതന്‍ മുതലായവര്‍.

ചോദ്യം: ഒന്നുംകൂടാതെ ഇവിടെ വന്ന നിങ്ങള്‍ ഇപ്പോള്‍ വലിയ സ്വത്തുകാരനായിരിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു.
മഹര്‍ഷി: എനിക്കപേക്ഷയില്ല, ഉപേക്ഷയുമില്ല. ആരാരോ എന്തൊക്കെയോ ഇവിടെ സമര്‍പ്പിക്കുന്നു. എനിക്കവയില്‍ ആഗ്രഹവുമില്ല. വെറുപ്പുമില്ല.

ചോദ്യം: താങ്കള്‍ക്കു തരുന്നതല്ലേ?
ഭഗവാന്‍: സ്വാമിക്കെന്നു പറഞ്ഞു കൊടുക്കുന്നു. സ്വാമി ആരോ? ഈ ജഡത്തെ അവര്‍ സ്വാമിയെന്നു പറയുന്നു. വ്യവഹാരത്തില്‍ എനിക്കാണെന്നവര്‍ സങ്കല്‍പ്പിക്കുന്നു.

ചോദ്യം: ആ കണക്കിന് താങ്കള്‍ക്കു പിന്നീടു സ്വത്തില്‍ ആഗ്രഹമുണ്ടായിട്ടുണ്ടെന്നു തന്നല്ലോ പറയണം?
മഹര്‍ഷി: എനിക്കതില്‍ ആഗ്രഹമോ വെറുപ്പോ ഇല്ലെന്നു പറഞ്ഞു കഴിഞ്ഞല്ലോ.

ചോദ്യം: താങ്കള്‍ ശിഷ്യന്മാര്‍ക്കു ഉപദേശം കൊടുക്കുന്നുണ്ടോ?
മഹര്‍ഷി: ഇവിടെ ആരെങ്കിലും വന്നുചോദിച്ചാല്‍ എനിക്കറിയാവുന്നത് പറഞ്ഞു കൊടുക്കും. അതവര്‍ എങ്ങനെ വേണമോ അങ്ങനെ എടുത്തുകൊള്ളട്ടെ.

ചോദ്യം: താങ്കള്‍ക്കു ശിഷ്യന്മാരുണ്ടോ?
മഹര്‍ഷി: ഞാന്‍ ആരില്‍ നിന്നും ഉപദേശം വാങ്ങിയിട്ടില്ല. ആര്‍ക്കും ഉപദേശം കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല.

ചോദ്യം: തിരുവണ്ണാമല ദേവസ്ഥാനം ഭൂമിയില്‍ താങ്കള്‍ സ്കന്ദാശ്രമം കെട്ടാന്‍ അനുവദിച്ചതെങ്ങനെ?
മഹര്‍ഷി: ഞാന്‍ തിരുവണ്ണാമല മലകളില്‍ തിരുവരുളാല്‍ എങ്ങനെ വസിക്കാനിടയായോ അതുപോലെയാണ് സ്കന്ദാശ്രമം കെട്ടാനിടയയതും.

ചോദ്യം: താങ്കള്‍ സര്‍വ്വസംഗ പരിത്യാഗിയാണ്. പണം തൊടുകയില്ല, പിന്നെ സംഭാവനകള്‍ സ്വീകരിക്കുന്നതെങ്ങനെ?
മഹര്‍ഷി: ആശ്രമം നടത്തുന്നവര്‍ താനേ വരുന്ന സംഭാവനകള്‍ സ്വീകരിക്കുന്നു. അതുപയോഗിച്ചു ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്കു കഴിയുന്നതായ സൗകര്യങ്ങളുണ്ടാക്കിക്കൊടുക്കുന്നു. അക്കാര്യങ്ങളില്‍ ഞാനിടപെടാറില്ല.

ചോദ്യം: താങ്കള്‍ എന്തുകൊണ്ട് ഒപ്പിടുന്നില്ല.
മഹര്‍ഷി: എന്‍റെ പേരെന്തെന്ന് എനിക്കുതന്നെ അറിയാത്തതു കൊണ്ടാണ്. മധുരയില്‍ നിന്നും വരുമ്പോള്‍ എഴുതിവെച്ച കുറുപ്പില്‍കൂടിയും ഞാന്‍ ഒപ്പിട്ടിട്ടില്ല. ഇവിടെ വന്നതിനുശേഷം ജനങ്ങള്‍ എന്തെല്ലാമോ പേരുകള്‍ എനിക്കു പറയുന്നു. ഞാനേതെങ്കിലും പേരില്‍ ഒപ്പിട്ടാല്‍ തന്നെയും എന്നെ അറിയാമെന്നുള്ളവര്‍ അതു വിശ്വസിക്കുകയില്ല.

ചോദ്യം: സന്ദര്‍ശകര്‍ ആശ്രമത്തില്‍ വരുന്നതെന്തിന്?
മഹര്‍ഷി: അതു വരുന്നവരോടു തന്നെ ചോദിക്കണം

ചോദ്യം: വരുന്നവര്‍ ഇവിടെ താമസിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്ത്?
മഹര്‍ഷി: എനിക്കതുകൊണ്ടു ബുദ്ധിമുട്ടൊന്നുമില്ല. വരുന്നവര്‍ ഇവിടത്തെ അധികാരികളുടെ അനുവാദത്തോടുകൂടി താമസിക്കാറുണ്ട്. എനിക്കതുമായി ബന്ധമൊന്നുമില്ല.