ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 5, 1936
(കമ്മിഷന്‍ വിചാരണയുടെ തുടര്‍ച്ച )

ചോദ്യം: അത്യാശ്രമികള്‍ക്കു സമ്പാദ്യം ഉണ്ടായിരിക്കാമോ?
രമണ മഹര്‍ഷി: അവര്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല. അവര്‍ക്കു തോന്നിയതുപോലെയിരിക്കാം. ശുകബ്രഹ്മര്‍ഷി ഗൃഹസ്ഥനായിരുന്നു. അദ്ദേഹത്തിനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്.

ചോദ്യം: അപ്പോള്‍ അവരും ഗൃഹസ്ഥന്‍മാര്‍ തന്നെ.
മഹര്‍ഷി: നിങ്ങള്‍ എന്തഭിപ്രായപ്പെട്ടാലും അവര്‍ക്കൊരു കുറവുമില്ല.

ചോദ്യം: അവര്‍ക്കു സ്വത്തു കൈമാറ്റം ചെയ്യാമോ?
മഹര്‍ഷി: അതവരുടെ പ്രാരബ്ധമനുസരിച്ചിരിക്കും.

ചോദ്യം: അവര്‍ക്കെന്തെങ്കിലും അനുഷ്ഠാനങ്ങളുണ്ടോ?
മഹര്‍ഷി: അവര്‍ വിധിനിഷേധങ്ങളില്ലാത്തവരാണ്.

ചോദ്യം: സന്ദര്‍ശകര്‍ക്ക് ഇവിടെത്തങ്ങാന്‍ താങ്കളുടെ അനുമതി വേണമോ?
മഹര്‍ഷി: ആശ്രമ നിര്‍വ്വാഹകരുടെ അനുമതി തന്നെ എന്‍റെ അനുമതി.

വിചാരണ ചെയ്തവര്‍ ഭഗവാനെ ഒരു കടലാസു കാണിച്ചു. അതില്‍ ഭഗവാനെ സുബ്രഹ്മണ്യനായി സ്തുതിക്കുന്ന ഒരു പദ്യം ഭഗവാന്‍റെ കയ്പടയില്‍ എഴുതിയിരിക്കുന്നു. അതു തന്‍റെ കൈയ്യെഴുത്തു തന്നെ എന്നു ഭഗവാന്‍ സമ്മതിച്ചു.

ചോദ്യം: ഇതിനെപ്പറ്റി എന്തുപറയുന്നു?
മഹര്‍ഷി: എഴുത്ത് എന്‍റേത്‌. ആശയം പെരുമാള്‍സ്വാമി എന്ന ഭക്തന്‍റേത്‌. എല്ലാം പരംപൊരുളിന്‍റെ സ്വരൂപമാണെന്ന ആ പദ്യത്തിന്‍റെ ആശയത്തില്‍ കുഴപ്പമൊന്നുമില്ല.