ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 തുടര്‍ച്ച

എന്നാല്‍ ബുദ്ധിവാദികള്‍ ഇതു സമ്മതിച്ചുകൊടുക്കാന്‍ തയ്യാറല്ല. സംഖ്യന്മാരുടെ വാദം ആര്‍വാചീനമാണെന്നാണ് അവരുടെ അഭിപ്രായം. അവര്‍ ചോദിക്കുന്നത് പ്രകൃതിക്ക് എങ്ങനെയാണ് പരത്തത്ത്വത്തിനെക്കാള്‍ മുമ്പ് നിലനില്പ് ഉണ്ടാകുന്നത് എന്നാണ്, അവര്‍ പറയുന്നു. ക്ഷേത്രത്തിന്‍റെ സമ്പൂര്‍ണ്ണസ്ഥിതി എന്താണെന്ന് ഞങ്ങള്‍ വിവരിക്കാം. കേട്ടുകൊള്ളൂ. ആദിശൂന്യത്തിന്‍റെ തല്പത്തില്‍ പൂര്‍ണ്ണലീനനായി ബലവാനായ സങ്കല്പം നിദ്രിതനായി ശയിച്ചിരുന്നു. അവന്‍ പെട്ടെന്ന് ഉന്നിദ്രനായി. ഭാഗ്യവാനായിരുന്ന അവന്‍ സതതം ഉദ്യമിയായിരുന്നതുകൊണ്ട് അവന്‍റെ ഇച്ഛയ്ക്കനുസൃതമായി ജഗത്തെന്ന നിധി അവനു ലഭിച്ചു. അവന്‍റെ ഉദ്യമം കൊണ്ട് നിരാകാരബ്രഹ്മത്തിന്‍റെ തോപ്പില്‍ മറഞ്ഞുകിടന്നിരുന്ന ജഗത്രയങ്ങള്‍ രൂപവും നാമവും കൈക്കൊണ്ടു നിലവില്‍വന്നു. അതിനുശേഷം സൂക്ഷ്മങ്ങളായ പഞ്ചമഹാഭൂതങ്ങളെ പഞ്ചീകരിച്ച്, അവയില്‍ നിന്ന് സ്തൂലങ്ങളായ സ്വേദ, അണ്ഡജ, ജരായുജ, ഉദ്ഭിജ എന്നീ നാലുവിധത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിച്ചു. അടുത്തതായി മനുഷ്യശരീരം രൂപികരിച്ചു. അതിന്‍റെ ഇരുകരകളിലുമായി സല്‍കൃത്യങ്ങളും ദുഷ്കൃത്യങ്ങളുമാകുന്ന അണകള്‍ നിര്‍മ്മിച്ച്‌ തരിശുഭൂമിയെ നാലു മണ്ഡലങ്ങളാക്കി. പിന്നീട് സങ്കല്പം ചെയ്തു വിവിധ മണ്ഡലങ്ങള്‍ തമ്മില്ലുള്ള പോക്കുവരവ് നടത്തുന്നതിനായി ജനനമരണങ്ങളാകുന്ന മനോഹരപാതകള്‍ സൃഷ്ടിക്കുകയായിരുന്നു. അതിനുശേഷം ഈ സങ്കല്‍പം, അഹങ്കാരത്തിന്‍റെ കൂട്ടുപിടിച്ച് ബുദ്ധിയുടെ കാര്യകര്‍തൃത്വം വഴി ചരവും അചരവുമായ പ്രപഞ്ചത്തെ കൈവശപ്പെടുത്തി. ആദിശൂന്യത്തില്‍ സങ്കല്പം ശാഖോപശാഖകളായി വളര്‍ന്നു. ഇപ്രകാരം വളര്‍ന്ന ഈ സങ്കല്പമാണ് പ്രപഞ്ചത്തിന്‍റെ മൂലം.