ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 4 – 5
ഈ വാദത്തെ കാലവാദികള്‍ കോപകലുഷിതരായി എതിര്‍ക്കുന്നു. അവര്‍ വാദിക്കുന്നതിങ്ങനെയാണ്:
നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ ഈ ക്ഷേത്രത്തിലൊട്ടാകെ കാലം അതിന്‍റെ ആധിപത്യം ചുമത്തുന്നത് എങ്ങനെയാണ്? കാലമാകുന്ന മരണം, ഗുഹയില്‍ക്കിടക്കുന്ന ക്ഷുഭിതനായ ഒരു സിംഹത്തെപ്പോലെയാണ്. ഈ കാലത്തിന്‍റെ പ്രചണ്ഡമായ ആക്രമണം ഉണ്ടാകുമെന്നറിഞ്ഞിട്ടും വീണ്‍വാക്കുകള്‍ പറയുകയാണ്. ഈ മൃത്യു ലോകവസാനത്തില്‍ സത്യലോകത്തിലെ ഭദ്രജാതികളെപ്പോലും അതിന്‍റെ മാരകമായ മുഷ്ടിക്കുള്ളില്‍ അമര്‍ത്തുന്നു. ലോകപാലകന്‍മാരെയും ദീക്പാലകന്മാരെയും മരണം നശിപ്പിക്കുന്നു. ജീവികള്‍ ജനന മരണത്തിന്‍റെ നീര്‍ചുഴിയില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. ഈ പ്രപഞ്ചത്തിന്‍റെ എല്ലാറ്റിനെയും അടക്കിഭരിക്കുന്നത് കാലമാണ്. ആകയാല്‍ ശരീരമാകുന്ന ക്ഷേത്രത്തിന്‍റെമേലുള്ള പൂര്‍ണ്ണ ആധിപത്യം കാലത്തിനാണ്.
അല്ലയോ അര്‍ജുനാ, ഈ ശരീരക്ഷേത്രത്തെപ്പറ്റി ഇപ്രകാരം വിവിധതരത്തിലുള്ള നിരൂപണങ്ങളും വാദങ്ങളുമാണ് നടക്കുന്നത്. നൈമിശാരണ്യത്തില്‍ ഋഷികള്‍ ഇതേപ്പറ്റി ധാരാളം ചര്‍ച്ചകള്‍ അടിക്കടി നടത്തി എന്നുള്ളതിന് പുരാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ വാദമുഖങ്ങളെ സ്ഥാപിക്കുന്നതിനായി അനവധി ഛന്ദസ്സുകള്‍ ഉദ്ധരിക്കാറുണ്ട്. ജ്ഞാനദര്‍ശനം കൊണ്ട് ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന സാമവേദത്തിനുപോലും ഈ ക്ഷേത്രം എന്തെന്ന് ശരിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അനേകം മുനികളും ജ്ഞാനികളും ഇതിനെപ്പറ്റി കൂലംകഷമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇതിന്‍റെ സ്വഭാവം എന്താണെന്നോ ഇത് ആര്‍ക്കുള്ളതാണെന്നോ എത്ര വലുതാണെന്നോ ഒന്നും ശരിയായി വിശദീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ ക്ഷേത്രത്തെപ്പറ്റി ആദ്യന്തം വിശദമായി ഞാന്‍ നിന്നോട് പറയാം.