വിശ്വാസചികിത്‌സകര്‍ക്കു നിയമേന ഒരു തെറ്റു പറ്റാറുണ്ട്: വെറും വിശ്വാസമാണു രോഗം ശമിപ്പിച്ചതെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ വിശ്വാസംകൊണ്ടു കാര്യം മുഴുവനാകുന്നില്ല. രോഗമുണ്ടെന്നു രോഗിക്കു വിചാരമേ ഇല്ലാതിരിക്കുന്നതാകുന്നു ചില രോഗങ്ങളുടെ ഏറ്റവും വഷളായ ലക്ഷണം. രോഗിയുടെ ദൃഢവിശ്വാസംതന്നെ രോഗലക്ഷണമാകുന്നു: മാത്രമല്ല, മരണം അടുത്തിരിക്കുന്നുവെന്നും അതു പ്രായേണ സൂചിപ്പിക്കുന്നു. വിശ്വാസം രോഗശാന്തി വരുത്തുന്നു എന്ന തത്ത്വം ഈ സംഗതികളില്‍ ഫലിക്കുന്നില്ല. വിശ്വാസമാണു ശമനഹേതുവെങ്കില്‍ ഈ രോഗങ്ങള്‍ ശമിക്കേണ്ടിയിരുന്നു. വാസ്തവത്തില്‍ പ്രാണന്‍മൂലമാണു രോഗശാന്തി വരുന്നത്. നിര്‍മ്മലനും പ്രാണനെ വശീകരിച്ചവനുമായ ആളിനു പ്രാണനെ ഒരുതരം സ്പന്ദത്തിലെത്തിക്കാനും അതേ സ്പന്ദം അന്യരില്‍ ഉണ്ടാകത്തക്കവിധം അവരില്‍ സംക്രമിപ്പിക്കുവാനും ശക്തിയുണ്ട്. ഇതു നമുക്കു നിത്യവ്യവഹാരങ്ങളില്‍പ്പോലും അനുഭവമുണ്ട്. ഞാനിതാ നിങ്ങളോടു സംസാരിക്കുന്നു. എന്തു ചെയ്യാനാണു ഞാന്‍ ശ്രമിക്കുന്നത്? എന്റെ മനസ്സിനെ ഒരുതരം സ്പന്ദാവസ്ഥയില്‍കൊണ്ടുവരാനാണെന്നു പറയാം. അതില്‍ ഞാന്‍ എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം എന്റെ വാക്കുകള്‍ നിങ്ങളില്‍ സഫലമാകും. എനിക്ക് ഉന്‌മേഷം കൂടുതലുള്ള ദിവസം നിങ്ങള്‍ക്ക് എന്റെ പ്രസംഗത്തില്‍ കൂടുതല്‍ രസം തോന്നുകയും, ഉന്‌മേഷം കുറവുള്ള ദിവസം രസക്കുറവു തോന്നുകയും ചെയ്യുന്നതു നിങ്ങള്‍ക്കെല്ലാം അനുഭവമാണ്.
അതിഗംഭീരമായ മനഃശക്തിയുള്ളവര്‍, ലോകത്തെ ഇളക്കി മറിക്കുന്നവര്‍, പ്രാണനെ അത്യുച്ചസ്പന്ദാവസ്ഥയില്‍ എത്തിക്കാന്‍ കഴിവുള്ളവരാണ്. ആ സ്പന്ദം അത്ര മഹത്തും ശക്തിമത്തുമാകയാല്‍ അതു മറ്റുള്ളവരെ ഒരു നൊടിയിടയില്‍ പിടികൂടുന്നു. ആയിരക്കണക്കിലാളുകള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ വിചാരിക്കുന്ന വഴിയേ ലോകത്തില്‍ പകുതിപേരും ചിന്തിക്കുന്നു. മഹാ തേജസ്വികളായ ജഗദ്ഗുരുക്കന്മാര്‍ക്ക് അത്യദ്ഭുതകരമായ പ്രാണവശീകാരശക്തിയുണ്ടായിരുന്നു. തന്മൂലം അവരുടെ മനഃശക്തിയും ഉത്കടമായിരുന്നു. പ്രാണനെ ഉച്ചതമസ്പന്ദത്തില്‍ എത്തിച്ചതുകൊണ്ടാണു ലോകത്തെ ഇട്ടിളക്കുവാന്‍ അവര്‍ക്കു ശക്തിയുണ്ടായത്. ശക്തിപ്രകാശനങ്ങളെല്ലാം ഈ പ്രാണവശീകാരത്തില്‍ നിന്നാണുദ്ഭവിക്കുന്നത്. ജനങ്ങള്‍ക്ക് ഈ തത്ത്വം അറിവില്ലായിരിക്കാം. എങ്കിലും ഇതാണു വാസ്തവം. പ്രാണന്‍ ചില സമയം ശരീരത്തില്‍ ഒരു ഭാഗത്തേക്ക് ഏറെക്കുറെ തൂങ്ങിനില്ക്കുന്നുണ്ടാവാം. അപ്പോള്‍ ശരീരത്തില്‍ പ്രാണന്റെ സമനില തെറ്റുന്നു. സമനില തെറ്റുമ്പോള്‍ രോഗം എന്നു പറയുന്ന അവസ്ഥയുണ്ടാകുന്നു. കൂടുതലായ പ്രാണനെ കുറയ്ക്കുകയോ കുറഞ്ഞതിനെ നികത്തുകയോ ചെയ്താല്‍ രോഗം ശമിപ്പിക്കാം. ദേഹത്തില്‍ ഏതു ഭാഗത്തെങ്കിലും പ്രാണസ്ഥിതി കൂടുതലോ കുറവോ എന്നറിയുന്നതും പ്രാണായാമത്താലാണ്. ഗ്രഹണശക്തി എത്രയും സൂക്ഷ്മമാകുന്നതുകൊണ്ടു കൈവിരലിലോ പെരുവിരലിലോ എവിടെയാണു പ്രാണന്‍ വേണ്ടുവോളമില്ലാത്തത് എന്നു മനസ്സിനറിയാം: കുറവു നികത്താന്‍ ശക്തിയുമുണ്ടാകും. പ്രാണായാമം കൊണ്ടുള്ള കാര്യങ്ങളില്‍ ചിലതാണിവ. ഇവയെല്ലാം സാവധാനത്തിലും ക്രമത്തിലും അഭ്യസിക്കണം, പ്രാണനെ പല തലങ്ങളിലും നിയമിക്കുകയും നയിക്കുകയും ചെയ്യുന്നതെങ്ങനെ എന്നുപദേശിക്കുന്നതാകുന്നു യഥാര്‍ത്ഥത്തില്‍ രാജയോഗത്തിന്റെ മുഴുവന്‍ ഉദ്ദേശ്യവും. സ്വശക്തികളെ ഏകാഗ്രമാക്കുമ്പോള്‍ സ്വശരീരത്തിലുള്ള പ്രാണനെ ജയിക്കുന്നു. ധ്യാനിക്കുമ്പോള്‍ പ്രാണനെ ഏകാഗ്രമാക്കുകകൂടി ചെയ്യുന്നു.
സമുദ്രത്തില്‍ പര്‍വ്വതംപോലെയുള്ള വന്‍തിരകളുണ്ട്: അതില്‍ ചെറിയതും അതിലും ചെറിയതുമായ അലകളും ഇങ്ങേയറ്റം നീര്‍പ്പോളകള്‍വരെയുമുണ്ട്. ഇവയ്‌ക്കെല്ലാം ആധാരമായി ആ അപാരപാരാവാരം തന്നെയാണുള്ളത്. അതില്‍ ഒരറ്റത്തു നീര്‍പ്പോള, മറ്റേ അറ്റത്തു ഗംഭീരതരംഗം. ഇതുപോലെതന്നെ മനുഷ്യരിലും. ഒരാള്‍ അത്യുന്നതനാവാം, വേറൊരാള്‍ വെറും ചെറുകുമിളയാവാം. എന്നാല്‍ ഇരുവരും ഒരേ അനന്തശക്തിസമുദ്രത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതു സര്‍വ്വപ്രാണികള്‍ക്കും ഒന്നുപോലെ ജന്മാവകാശവുമാകുന്നു. എവിടെയൊക്കെ ജീവനുണ്ടോ അവിടെയൊക്കെ അതിന്നാധാരമായ ആ അനന്തശക്തികോശമുണ്ട്. ജീവന്‍ ഒരു പൊടിക്കുമിളയായി – അണുവായി, അക്ഷിഗോചരമല്ലാത്ത ചെറുചെറുനുരയെന്ന പോലെ – പുറപ്പെട്ട്, ആ അനന്തശക്തിഭാജനത്തില്‍നിന്നുതന്നെ അനവരതം ആസ്വദിച്ചുകൊണ്ട്, മന്ദം മന്ദം തുടര്‍ന്ന്, പതറാതെ വളര്‍ന്ന്, രൂപം മാറിമാറി, ക്രമത്തില്‍ ഒരു സസ്യമായി, പിന്നെ തിര്യക്കായി, അനന്തരം മനുഷ്യനായി, ഒടുവില്‍ ഈശ്വരനായി തീരുന്നു. ഈ പരിണാമം സംഭവിക്കുന്നത് അനേകകോടി യുഗങ്ങള്‍കൊണ്ടാണ്. പക്ഷേ കാലം എന്താണ്? പ്രയത്‌നം വര്‍ദ്ധിപ്പിക്കുക, വേഗം വര്‍ദ്ധിപ്പിക്കുക: അതു കാലക്കടലിനു ചിറയായിത്തീരും. പ്രകൃതിക്രമത്തില്‍ ചിരകാലംകൊണ്ടുമാത്രം സാദ്ധ്യമായതു കഠിനപ്രയത്‌നംകൊണ്ടു വേഗം സാധിക്കാമെന്നു യോഗി പറയുന്നു. ജഗത്തിലുള്ള അനന്തരാശിയില്‍നിന്ന് അല്പാല്പമായി ഊര്‍ജ്ജമുള്‍ക്കൊണ്ടു മനുഷ്യന്‍ ഒരു ലക്ഷം സംവത്‌സരംകൊണ്ട് ഒരു ദേവനായെന്നു വരാം. പിന്നെ ഒരഞ്ചുലക്ഷം കൊല്ലം വേണ്ടിവന്നേക്കാം കുറേക്കൂടെ ഉയരാന്‍. ഒരു സിദ്ധനാകാന്‍ പിന്നെയും ഒരമ്പതു ലക്ഷം വര്‍ഷം വേണ്ടിവന്നേക്കാം. വളര്‍ച്ച വേഗമാക്കിയാല്‍ കാലം കുറയ്ക്കാം. വേണ്ടത്ര പ്രയത്‌നമുണ്ടെങ്കില്‍ ഈ സിദ്ധി ആറുമാസം കൊണ്ടോ ആറു കൊല്ലംകൊണ്ടോ എന്തുകൊണ്ടു കൈവന്നുകൂടാ? സിദ്ധി വരാന്‍ ഇത്ര കാലം എന്ന് അവധിയൊന്നുമില്ല. യുക്തി അങ്ങനെയാണ്. ഒരു എഞ്ചിനു രണ്ടു നാഴിക ദൂരം ഓടുവാന്‍ ഇത്ര തൂക്കം കല്ക്കരിയുപയോഗിച്ചാല്‍ ഒരു മണിക്കൂര്‍ സമയം വേണ്ടിവരുമെങ്കില്‍, അതിലധികം കല്ക്കരിയുപയോഗിച്ചു കുറഞ്ഞ സമയം കൊണ്ട് അതേ ദൂരം ഓടുവാന്‍ കഴിയും. അതുപോലെ പ്രയത്‌നം തീവ്രമാക്കി ജീവന് ഈ ജന്മംതന്നെ എന്തുകൊണ്ടു സിദ്ധി നേടിക്കൂടാ? എല്ലാ ജീവികളും ഒടുവില്‍ അതേ ലക്ഷ്യം പ്രാപിക്കുമെന്നു നമുക്കറിയാം. എന്നാല്‍ അതിന് അനന്തകോടി യുഗങ്ങള്‍ കാത്തിരിക്കാന്‍ ആര്‍ക്കു ക്ഷമയുണ്ടാകും? അത് എന്തു കൊണ്ട് ഈ ജന്മത്തില്‍, ഈ മനുഷ്യശരീരത്തിലിരിക്കെ, ഉടന്‍ തന്നെ നേടിക്കൂടാ? ആ അനന്തജ്ഞാനവും അനന്തശക്തിയും എന്തുകൊണ്ട് ഇപ്പോള്‍ത്തന്നെ എനിക്കു കിട്ടിക്കൂടാ?
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 3. പേജ് 187-189]