ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5, 6
മഹാഭൂതാന്യഹംകാരോ
ബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച
പഞ്ചേന്ദ്രിയ ഗോചരാഃഇച്ഛാ ദ്വേഷഃ സുഖം ദുഃഖം
സംഘാതശ്ചേതനാ ധൃതിഃ
ഏതത് ക്ഷേത്രം സമാസേന
സവികാരമുദാഹൃതം.
പഞ്ചമഹാഭൂതങ്ങള്‍ (ആകാശം, വായു, അഗ്നി,ജലം,ഭൂമി) കര്‍തൃത്വാഭോക്തൃത്വാഭിമാനം (അഹങ്കാരം), ബുദ്ധി, വാസന, പത്ത് ഇന്ദ്രിയങ്ങള്‍ (ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും) മനസ്സ്,അഞ്ചു വിഷയങ്ങള്‍ (ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിങ്ങനെ ഇരുപത്തിനാല് തത്വങ്ങളടങ്ങിയ ഈ ക്ഷേത്രത്തെ, ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, സംഘാതം, ചേതന, ധൃതി എന്നിങ്ങനെയുള്ള വികാരങ്ങളോടുകൂടി ചുരുക്കിപ്പറഞ്ഞു.
പഞ്ചമഹാഭൂതങ്ങള്‍, അഹങ്കാരം, ബുദ്ധി, അവ്യക്തം (മൂലപ്രകൃതി, വാസന) പത്ത് ഇന്ദ്രിയങ്ങള്‍, മനസ്സ്, പത്ത് ഇന്ദ്രിയവിഷയങ്ങള്‍, സുഖം, ദുഃഖം, ആഗ്രഹം, ചേതന, ധൈര്യം – ഇത്രയുമാണ് ക്ഷേത്രത്തിന്‍റെ ഘടകങ്ങള്‍. ഇതേപറ്റി ഞാന്‍ നിന്നോടു പറഞ്ഞിട്ടുണ്ട്. ഇനിയും പഞ്ചമഹാഭൂതങ്ങള്‍, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയവിഷയങ്ങള്‍ എന്നീ ഓരോന്നിനെപ്പറ്റിയും ഞാന്‍ പറയാം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചമഹാഭൂതങ്ങള്‍. ഉന്നിദ്രാവസ്തയിലും സ്വപ്നം ഒളിഞ്ഞുകിടക്കുന്നതുപോലെയോ, അമാവാസിദിനത്തില്‍ അമ്പിളി അദൃശ്യമായിരിക്കുന്നതുപോലെയോ, ഇളംപ്രായത്തിലുള്ള ഒരു കുട്ടിയില്‍ യൌവനം മറഞ്ഞിരിക്കുന്നതു പോലെയോ ഒരു മുകുളം വിടരുന്നതുവരെ അതിന്‍റെ പരിമളം അതില്‍ അന്തര്‍ലീനമായിരിക്കുന്നതുപോലെയോ വിറകില്‍ അഗ്നി അന്തര്‍ലീനമായിരിക്കുന്നതുപോലെയോ അഹങ്കാരം മൂലപ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ ഒളിഞ്ഞുകിടക്കുന്നു. ധാതുക്കളില്‍ പതിയിരിക്കുന്ന ജ്വരം ശരീരത്തിന്‍റെ ക്ഷീണിതാവസ്ഥയില്‍ ശരീരത്തെ ഒട്ടാകെ ബാധിക്കാത്തവണ്ണം പുറത്ത് ചാടുന്നു. അതുപോലെയാണ് അഹങ്കാരവും. പഞ്ചമഹാഭൂതങ്ങള്‍ പഞ്ചീകരിച്ച് ശരീരത്തിന് രൂപം നല്‍കുമ്പോള്‍ ശരീരത്തില്‍ ‘ഞാനെ’ന്നും ശരീരസംബന്ധികളായ വസ്തുക്കളില്‍ ‘എന്റേതെ’ ന്നും ഉള്ള കര്‍ത്തൃത്വഭോക്തൃത്വാഭിമാനം ഉടലെടുക്കുന്നു. ഇതാണ് അഹങ്കാരം. ഇതിന് ഒരു പ്രത്യേക സ്വഭാവമാണുള്ളത്, ഇത് അറിവില്ലാത്തവനെ ബാധിക്കുകയില്ലെന്നുള്ളതാണ്. അതേസമയം ബുദ്ധിമാന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ച് കഷ്ടപ്പാടുകളുടെ നീര്‍ച്ചുഴിയിലേക്ക് അവനെ തള്ളിയിടുകയും ചെയ്യും.