ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 16, 1936

പൂവന്‍ എന്ന കോനാര്‍ക്ക് ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ ഇരുന്ന കാലം മുതല്‍ മുപ്പതുവര്‍ഷത്തോളം പരിചയമുണ്ടായിരുന്നു. ഭഗവാനെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അയാള്‍ ചിലപ്പോള്‍ പാല്‍ വിതരണം ചെയ്തിരുന്നു. ആശ്രമം വക ചില്ലറ ജോലികളും അയാള്‍ ചെയ്യും. ഒരിക്കല്‍ അയാളുടെ ഗര്‍ഭിണിയായ ഒരാടിനെ കാണാതായി. മൂന്ന് ദിവസം എല്ലായിടങ്ങളും അന്വേഷിച്ചു. കിട്ടിയില്ല. അല്പദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ ഭഗവാനെ കണ്ടപ്പോള്‍ ഭഗവാന്‍ സുഖമാണോ എന്ന് ചോദിച്ചു. അയാള്‍ ആടു നഷ്ടപ്പെട്ട കാര്യം സങ്കടത്തോടെ പറഞ്ഞു. ഭഗവാന്‍ ഒന്നും മിണ്ടിയില്ല. വഴിയില്‍ കിടന്ന കുറെ കല്ല്‌ പെറുക്കിമാറ്റാന്‍ പറഞ്ഞതയാള്‍ ചെയ്തു. ആശ്രമത്തില്‍നിന്ന് ടൗണിലേക്കുള്ള പാതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതുവഴി നേരെപോകാന്‍ അയാളോട് പറഞ്ഞു, അയാള്‍ അതുവഴി നടന്നുചെന്നപ്പോള്‍ നഷ്ടപ്പെട്ട ആടും അതു പെറ്റ രണ്ടു കുട്ടികളും വഴി മദ്ധ്യേ നിന്നിരുന്നതയാള്‍ക്കു തിരിച്ചു കിട്ടി.

ഡിസംബര്‍ 18, 1936

ചോദ്യം : (കോഹന്‍) ജാഗ്രത്തില്‍ മനസ്സുകൊണ്ടാണ് ധ്യാനിക്കുന്നത്. മനസ്സ് സ്വപ്നത്തിലുമുണ്ടല്ലോ. എന്നാലും ആരും സ്വപ്നത്തില്‍ ധ്യാനിക്കുന്നില്ല. അതു സാദ്ധ്യമാണെന്നും തോന്നുന്നില്ല.
രമണ മഹര്‍ഷി: അതു സ്വപ്നത്തിലിരിക്കുമ്പോള്‍ തന്നെ ചോദിക്കേണ്ടതാണ്.
അല്പം കഴിഞ്ഞ് ഭഗവാന്‍ തുടര്‍ന്നു. ഈ ജാഗ്രത്തിലിരിക്കുമ്പോള്‍ ധ്യാനിച്ച്‌ സ്വസ്വരൂപത്തെ അറിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ സ്വപ്നത്തിലും സുഷുപ്തിയിലും ധ്യാനിക്കാന്‍ കഴിയുകയില്ലേ എന്ന് ചോദിക്കുകയാണ്. ജാഗ്രദാവസ്ഥയിലിരിക്കുന്ന ആള്‍ തന്നെയാണ് സ്വപ്നത്തിലും സുഷുപ്തിയിലും ഇരിക്കുന്നത്. ഈ മൂന്നും നിങ്ങളുടെ മുമ്പില്‍കൂടി കടന്നു പോകുന്നു. ധ്യാനത്തില്‍ ഉറച്ചിരുന്നാല്‍ ഈ ചോദ്യം ഉദിക്കുകയില്ല.

ഡിസംബര്‍ 23, 1936

ചോദ്യം: ധ്യാനം, അന്വേഷണത്തെക്കാള്‍ ഭേദമാണ്. കാരണം ധ്യാനം നേരിട്ടു സത്യത്തെ സ്പര്‍ശിക്കുന്നു. അന്വേഷണത്തില്‍ സത്യത്തെ അസത്യത്തില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുന്നു.
രമണ മഹര്‍ഷി: പ്രാരംഭത്തില്‍ ഒന്നിനെപ്പറ്റിയുള്ള ധ്യാനം എളുപ്പമായി തോന്നും. ധ്യാനം മൂലം ഏകാഗ്രത സിദ്ധിച്ചാല്‍ സത്യാസത്യങ്ങളെപ്പറ്റിയുള്ള വിചിന്തനത്തില്‍ കൂടിയുള്ള ആത്മവിവേചനം സുസാധ്യമായിത്തീരുന്നു. സത്യം എന്തെന്നറിയാതെ എന്തിനെ ധ്യാനിക്കാന്‍? സത്യം എന്തെന്നറിഞ്ഞാല്‍ അതിനെതിരെയുള്ള മറവുകളെ മനനം ചെയ്തു മാറ്റിയേതീരൂ. അവസാനം ഉദിച്ചണയുന്ന അഹന്തയും ഒഴിഞ്ഞാല്‍ ആത്മാവു മുമ്പിനാലേതന്നെ തന്നില്‍ പ്രകാശിക്കുന്നതിനെ അറിയാതിരിക്കുന്ന അറിയായ്മ വിട്ടൊഴിയും.

ഡിസംബര്‍ 24,1936

ശബ്ദത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി റ്റി. കെ. എസ്. അയ്യര്‍ ചോദിക്കുകയുണ്ടായി.
രമണമഹര്‍ഷി : നാദം (പര) നട്ടെല്ലിന്‍റെ താഴെയുള്ള മൂലാധാരത്തില്‍ നിന്നുമുത്ഭവിക്കുകയാണെന്നാണ് സാധാരണ പറഞ്ഞുവരുന്നത്. വിചാരരൂപമായ വൈഖരിയില്‍ നിന്നും ആരംഭിക്കുന്ന എല്ലാ നാദവും കുണ്ഡലിനിയില്‍ അടങ്ങിയിരിക്കുന്നു. ആറാധാരങ്ങളും സുഷുമ്നാനാഡിയും കുണ്ഡലിനിയും ആത്മാവിലടങ്ങിയിരിക്കുന്നു.

ഇന്ദ്രയോനിയെപ്പറ്റി റ്റി. കെ. എസ്. അയ്യര്‍ ചോദിച്ചു.
മഹര്‍ഷി: അണ്ണാക്കിന്‍റെ മധ്യഭാഗത്തെ ഇന്ദ്രയോനി എന്ന് പറയും. അതും സുഷുമ്നാനാഡിയും പരയില്‍ ലീനമായിരിക്കുന്നു.