ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5, 6 തുടര്‍ച്ച
ഇനിയും അവ്യക്തം എന്താണെന്നു പറയാം. സാംഖ്യതത്ത്വചിന്തകള്‍ പറയുന്ന പ്രകൃതിതന്നെയാണ് അവ്യക്തം. മുന്‍പ് രണ്ടു തരത്തിലുള്ള പ്രകൃതിയെപ്പറ്റി ഞാന്‍ പറഞ്ഞത് നീ കേട്ടുവല്ലോ. അതില്‍ രണ്ടാമത്തേതായ പരാപ്രകൃതി അഥവാ ജീവദശയാണ് അവ്യക്തം എന്നു പറയുന്നത്. പ്രഭാതത്തില്‍ നക്ഷത്രപ്രകാശം ഇല്ലാതാക്കുന്നു. അസ്തമനം കഴിയുമ്പോള്‍ ജീവജാലങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. ഒരുവന്‍റെ ഭൌതികശരീരം നശിക്കുമ്പോള്‍ അവന്‍റെ എല്ലാ ഉപാധികളും ജന്മാന്തരവാസനയായിത്തീരുന്നു. ഒരു വൃക്ഷം മുഴുവനും അതിന്‍റെ വിത്തില്‍ ഒളിഞ്ഞിരിക്കുന്നതുപോലെയോ, വസ്ത്രം അതുണ്ടാക്കിയ നൂലില്‍ അടങ്ങിയിരിക്കുന്നതുപോലെയോ പഞ്ചഭൂതങ്ങളും സൃഷ്‌ടിജാലങ്ങളും അവയുടെ സ്ഥൂലരൂപം വെടിഞ്ഞ് സൂക്ഷ്മരൂപം കൈക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് അവ്യക്തം എന്നറിയുക.
അടുത്തതായി ഇന്ദ്രിയങ്ങളെപ്പറ്റി പറയാം. കണ്ണ്‍, ചെവി, ത്വക്ക്, മൂക്ക്, നാക്ക് എന്നിവയാണ് അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ . ഇവയുടെ മാധ്യമത്തില്‍കൂടി നമ്മുക്കുണ്ടാകുന്ന അനുഭവം സുഖദായകമാണോ ദുഃഖദായകമാണോ എന്ന് തീരുമാനിക്കുന്നത് ബുദ്ധിയാണ്. വായ്, കൈകള്‍, കാലുകള്‍, ഗുദം, ഉപസ്ഥം എന്നിവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ . പ്രാണന്‍റെ ഇണയായ ക്രിയാശക്തി ഈ കര്‍മ്മേന്ദ്രിയങ്ങള്‍ വഴിയായി ശാരീരികപ്രവര്‍ത്തങ്ങള്‍ നടത്തുന്നു. ഇങ്ങനെ പത്ത് ഇന്ദ്രിയങ്ങളെപ്പറ്റിയും ഞാന്‍ നിന്നോട് പറഞ്ഞു കഴിഞ്ഞു.