ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 25, 1936
ബി. എസ്. സി. ഡിഗ്രിയുള്ള ഒരു ബ്രഹ്മചാരി ഒരുദ്യോഗലബ്ധിക്കുവേണ്ടി ആശ്രമം ഹാളില്‍ നാലഞ്ചുമാസമായി വ്രതമിരിക്കുകയായിരുന്നു. അയാള്‍ മറ്റു പരിശ്രമങ്ങളൊന്നും ചെയ്യുന്നില്ല, അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ സഹോദരന്‍ വന്നു. ബ്രഹ്മചാരി പോകാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ ഭഗവാനോട് പരാതി പറഞ്ഞു.
രമണ മഹര്‍ഷി: ഞാനാരെയും വരാനോ പോകാനോ പറയുന്നില്ല. ഇവിടെ എല്ലാവരും സ്വയം ആനന്ദിക്കുന്നു. അയാള്‍ക്കിവിടെ ശാന്തി ലഭിക്കുന്നുവെന്നും ഒരുദ്യോഗം വേണമെന്നും പറയുന്നു. അയാളനുഭവിക്കുന്ന ശാന്തിക്കു ഭംഗം വരാതിരിക്കാന്‍ ഉദ്യോഗം ഹാളില്‍ തന്നെ ലഭിക്കണമെന്നാണയാളുടെ അഭിലാഷം. ശാന്തിയിലിരിക്കുന്നതു ഹാളിലല്ല, ആത്മാവിലാണ്. അതിനാല്‍ അതെവിടെയും അനുഭവിക്കാം.
അല്‍പദിവസങ്ങള്‍ കഴിഞ്ഞ് പൂണുനൂല്‍ പൊട്ടിച്ചെറിഞ്ഞിട്ട് താന്‍ നിത്യാനന്ദനായി എന്നു ഭാവിച്ചു നടന്ന ആ യുവാവിനോട് മഹര്‍ഷി പിന്നീടും ഉപദേശിച്ചു.
ഒരു തള്ളപ്പക്ഷി തന്റെ കുഞ്ഞിനെ ചിറകുമുളയ്ക്കുന്നതുവരയെ സംരക്ഷിക്കുകയുള്ളൂ. നിങ്ങള്‍ ജീവിക്കേണ്ട വഴി ഞാന്‍ ഉപദേശിച്ചു. അതനുസരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്കെവിടെയും ശാന്തി ലഭിക്കും.
അയാള്‍ അടുത്തൊരു സ്ക്കൂളില്‍ ഉദ്യോഗം ലഭിച്ചിട്ടും അതുപേക്ഷിച്ചു. ഭഗവാനില്‍ നിന്നും താന്‍ ആത്മോപദേശം നേടി എന്നു പ്രഖ്യാപിച്ചുകൊണ്ട് കുറെ ദിവസം ഭ്രാന്തനെപ്പോലെ നടന്നശേഷം അയാള്‍ മരിക്കുകയാണുണ്ടായത്.
ഭഗവാന്‍റെ ഉപദേശങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ തനിക്കുണ്ടായ പല നല്ല അനുഭവങ്ങളെ ഒരാള്‍ വിവരിക്കുകയുണ്ടായി. അയാളുടെ പേരും ജന്മനക്ഷത്രവും ഭഗവാന്‍റെതാണെന്നയാളഭിമാനിക്കുകയും ചെയ്തു.
രമണ മഹര്‍ഷി: ‘നാമിരുവരും എല്ലാവരും ഒരേ ആത്മാവാണ്’ എന്നു പറഞ്ഞ് ആഗതന്‍റെ വാക്കുകളെ അവസാനിപ്പിച്ചു.