ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5,6 തുടര്‍ച്ച

ഇനിയും ഇച്ഛയെപ്പറ്റി പറയാം. പൂര്‍വകാല സുഖാനുഭവങ്ങളെപ്പറ്റി സ്മരിക്കുമ്പോഴോ ഗതകാലസംഭവങ്ങളെപ്പറ്റി മറ്റുള്ളവര്‍ പ്രസ്താവിക്കുന്നത് കേള്‍ക്കുമ്പോഴോ ഇന്ദ്രിയങ്ങള്‍ പുളകംകൊള്ളുന്നു. ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഹിതകാരിയായ മനസ്സിന്‍റെ സഹായത്തോടെ അവ ഉണരുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി മനസ്സ് അവിടെയുമിവിടെയും ഓടിനടന്ന് ഇന്ദ്രിയങ്ങളെ അനാശാസ്യമായ വിഷയങ്ങളിലേക്ക് തള്ളിവിടുന്നു. ഇന്ദ്രിയവിഷയങ്ങള്‍ കാണുമ്പോഴുള്ള ആഹ്ലാദത്തിമിര്‍പ്പില്‍ , സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസിന്‍റെ സ്വൈര്യം നശിക്കുന്നു. അതു ബുദ്ധിയെ വ്യാമോഹിപ്പിച്ച്‌ ഇന്ദ്രിയസുഖങ്ങളെ ഹൃദ്യമായി ആസ്വദിക്കുന്നതിന് ഒരുമ്പെടുന്നു. മനസ്സിന്‍റെ ഈ അവസ്ഥയാണ് ഇച്ഛ. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ആഗ്രഹിക്കുന്ന സംതൃപ്തി അവയ്ക്ക് ലഭിക്കാതെ വരുമ്പോള്‍ അവ നേരിടുന്ന നിരാശ അനുഭവിക്കുന്ന മനസ്സിന്‍റെ അവസ്ഥയാണ് ദ്വേഷം.