ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 5,6 തുടര്‍ച്ച
ഇനിയും സുഖം എന്താണെന്നു ചിന്തിക്കാം. മറ്റെല്ലാറ്റിനെയും വിസ്മരിച്ചു ഒന്നിനെ മാത്രം അനുഭവിക്കുന്ന മനസ്സിന്‍റെ അവസ്ഥയാണ് സുഖം. ഈ അവസ്ഥയിലെത്തുമ്പോള്‍ കായികവും മാനസികവും വാചികവുമായി ഒരു കര്‍മ്മവും ചെയ്യാന്‍ കഴിയാതെ ദേഹബുദ്ധി നശിക്കുന്നു. പ്രാണന്‍ താല്‍ക്കാലികമായി സ്തംഭിക്കുന്നു. സാത്വികവാസനകള്‍ ഊര്‍ജ്ജിതപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഹൃദയത്തില്‍ ഒരുമിപ്പിച്ച് സാന്ത്വനപ്പെടുത്തി ഉറക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജീവനും ആത്മാവും തമ്മില്‍ ഐക്യം പ്രാപിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയാണ് സുഖം. ഈ അവസ്ഥയിലെത്താന്‍ കഴിയാതെ വരുമ്പോള്‍ ദുഃഖം അനുഭവിക്കുന്നു. മനസ്സ് ആഗ്രഹങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നിടത്തോളം കാലം സുഖം കൈവരിക്കാന്‍ സാദ്ധ്യമല്ല. ആഗ്രഹങ്ങളുടെ അസാന്നിധ്യത്തില്‍ അതു സ്വതസ്സിദ്ധമായി സ്വയംജാതമായി അനുഭസിദ്ധമാകുന്നു. ആകയാല്‍ സുഖവും ദുഃഖവും ആഗ്രഹങ്ങളുടെ സാന്നിധ്യത്തെയും അസാന്നിധ്യത്തെയും ആശ്രയിച്ചിരിക്കുന്നു. മനസ്സിന്‍റെ സ്ഥിരതയും ചഞ്ചലത്വവുമാണ്, യഥാക്രമം സുഖത്തിന്റെയും ദുഃഖത്തിന്റെയും അടിസ്ഥാനകാരണം.