ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 7

അമാനിത്വമദം ഭിത്വ-
മഹിംസാ ക്ഷാന്തിരാര്‍ജ്ജവം
ആചാര്യോപാസനം ശൌചം
സ്ഥൈര്യമാത്മവിനിഗ്രഹഃ

കുലജാതിധനാദികളില്‍ അഭിമാനമില്ലായ്മ, കഴിവുകളില്‍ ഗര്‍വിക്കാതിരിക്കുക, പരദ്രോഹചിന്തയില്ലായ്മ, എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുക, ഏതിലും നേരായമാര്‍ഗ്ഗം പിന്തുടരുക, ഗുരുവിനെ ഉപാസിക്കുക, ഹൃദയശുദ്ധി പുലര്‍ത്തുക, ലക്ഷ്യത്തില്‍നിന്ന് ചലിച്ചുപോകാതിരിക്കുക, മനസ്സിനെ നിയന്ത്രിക്കുക എന്നിവയാണ് പ്രാഥമികമായി ശീലിക്കേണ്ട ജ്ഞാനസാധനകള്‍ .

അപ്രകരാമുള്ള ഒരുവന്‍ മറ്റാരുമായി തന്നെ തുലനം ചെയ്യുന്നതിന് ഇഷ്ടപ്പെടുന്നില്ല. അവന്‍റെ മാന്യതയെപ്പറ്റി ആരെങ്കിലും സംസാരിക്കനിടയായാല്‍ അത് ഒരു ഭാരമായിട്ടാണ് അവന്‍ കരുതുന്നത്. ആരെങ്കിലും അവന്‍റെ ഗുണഗണങ്ങളെപ്പറ്റി പുകഴ്ത്തുകയോ അവനോട് ആദരവ് കാണിക്കുകയോ അവന്‍റെ യോഗ്യതയെപ്പറ്റി വര്‍ണ്ണിക്കുകയോ ചെയ്യുമ്പോള്‍ നീര്‍ച്ചുഴിയിലകപ്പെട്ട നീന്തല്‍ക്കാരനെപ്പോലെയോ വ്യാധനാല്‍ വിഘാതം ചെയ്യപ്പെട്ട മാന്‍പേടയെപ്പോലെയോ അവന്‍ ഭയചകിതനാകുന്നു. അവന് എന്തെങ്കിലും പ്രാധ്യാനം ആരെങ്കിലും നല്‍കണമെന്ന് അവന്‍ അശേഷം ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അവനെ പ്രശംസിച്ചാല്‍ അത് ഒരാപത്തായിട്ടാണ് അവന്‍ കാണുന്നത്. ആളുകള്‍ , തന്നെ പൂജ്യനായിട്ട് ബഹുമാനിക്കുകയോ തന്നെ പ്രകീര്‍ത്തിക്കുകയോ തന്നെപ്പറ്റി പ്രത്യേകമായി ഓര്‍ത്തിരിക്കുകയോ ചെയ്യുന്നത് ലവലേശം ആഗ്രഹിക്കാത്ത അവന്‍ എങ്ങനെയാണ് അന്യരുടെ അഭിവന്ദനങ്ങള്‍ സ്വീകരിക്കുക?

ആരെങ്കിലും അവനെ വണങ്ങിയാല്‍ അതൊരു വലിയ ദുരന്തമായിട്ടാണ് അവന് അനുഭവപെടുന്നത്. ബൃഹസ്പതിയെപ്പോലെ സര്‍വജ്ഞനാണെങ്കിലും അവന്‍ പ്രശസ്തനാകാന്‍ ഭയപെടുന്നത് കൊണ്ട് ഒരു വിലക്ഷ്ണനെപ്പോലെ പെരുമാറുന്നു. അവന്‍റെ ചാതുര്യവും മഹത്ത്വവും ഒളിച്ചുവെച്ചുകൊണ്ട് അതീവസന്തോഷത്തോടെ ഒരുന്മത്തനായി അവന്‍ ഭാവിക്കുന്നു. അവന്‍ ലൌകികകാര്യങ്ങളില്‍ വിമുഖനും ശാസ്ത്രചര്‍ച്ചകള്‍ നടത്തുന്നതില്‍ വിരസനും നിശബ്ദജീവിതം നടത്തുന്നതില്‍ ഇഷ്ടമുള്ളവനുമാണ്. ജനങ്ങള്‍ അവനെ അവഗണിക്കണമെന്നും സംബന്ധികള്‍ അവനെ അലട്ടരുതെന്നും ആല്‍മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. മര്യാദയും വിനയവും വളര്‍ത്തുന്നതിനുതകുന്ന പ്രവൃത്തികള്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ.ആരും അവന്‍റെ ജീവിതത്തെ ശ്രദ്ധിക്കരുതെന്നും അവന്‍റെ പേരുപോലും ഓര്‍ത്തിരിക്കരുതെന്നും ഒരുവന്‍ പോലും അവനെ ഭയപ്പെടുവാന്‍ ഇടയാകരുതെന്നും അവന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. അവന്‍ ഏകാന്ത ഇഷ്ടപ്പെടുന്നു. വായുവിനോട് സൗഹൃദം പുലര്‍ത്തുന്നതിനും ആകാശവുമായി ആശയവിനിമയം ചെയ്യുന്നതിനും വൃക്ഷങ്ങളെ ജീവിതത്തെക്കാള്‍ കൂടുതലായി സ്നേഹിക്കുന്നതിനും അവന്‍ ഇച്ഛിക്കുന്നു. വിജനപ്രദേശങ്ങള്‍ അവനില്‍ സന്തോഷം ഉളവാക്കുന്നു. അവന്‍ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ പാടില്ലാത്ത ഒരു നിലയിലാണ് അവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്രകാരമുള്ള ലക്ഷണങ്ങള്‍ ഒരുവനില്‍ കാണുമ്പോള്‍ അവന്‍ ജ്ഞാനം കൈവരിച്ചിരിക്കുന്നുവെന്നറിയുക. താന്‍ കേമനാനെന്നുള്ള ഭാവമില്ലാതിരിക്കുന്ന ഈ സ്വഭാവവിശേഷണമാണ് അമാനിത്വം.

ഇനിയും ആദംഭിത്വത്തെപ്പറ്റി പറയാം. ജീവാപായമുണ്ടാകുമെന്ന് ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍പോലും തന്‍റെ നിഗൂഡമായ സമ്പത്തിനെ വെളിപ്പെടുത്താന്‍ ഒരു പിശുക്കന്‍ തയ്യാറാവുകയില്ല. അതുപോലെ, ദംഭം ഇല്ലാത്ത ഒരുവന്‍ ഒരിക്കലും ചേഷ്ടകൊണ്ടോ വാക്കുകൊണ്ടോ ജീവഹാനി ഉണ്ടാകുമെന്നു വന്നാല്‍ പോലും താന്‍ ചെയ്തിട്ടുള്ള പുണ്യകര്‍മ്മങ്ങളെ പരസ്യമാക്കുകയില്ല. അനുസരണംകെട്ട ഒരു പശു അതിന്‍റെ പാല്‍ ചുരത്തികൊടുക്കാതെ പിന്‍‌വലിക്കുന്നു. ഒരു അഭിസാരിക തനിക്ക് ഏറികൊണ്ടിരിക്കുന്ന പ്രായം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. വനത്തില്‍കൂടി യാത്രചെയ്യാനിടവരുന്ന ഒരു ധനികന്‍ തന്‍റെ കൈവശമുള്ള ധനം സുരക്ഷിതമായി ഒളിച്ചുവെയ്ക്കുന്നു. കുലീനമായ ഒരു സ്ത്രീ അവളുടെ ശരീരം ആപാദചൂഡം മറയ്ക്കുന്നു. കര്‍ഷകന്‍ വിത്തു വിതച്ചു കഴിഞ്ഞ് അത് മണ്ണുകൊണ്ടു മൂടുന്നു. ഇതുപോലെ, അവന്‍ തന്‍റെ ഔദാര്യത്തെയും സല്‍പ്രവൃത്തികളേയും രഹസ്യമായിത്തന്നെ സൂക്ഷിക്കുന്നു. അവന്‍ വേഷവിധാനം ചെയ്ത് അവന്‍റെ ശരീരത്തെ മോടിപിടിപ്പിക്കുകയില്ല. ആരെയും സ്തുതിക്കാറില്ല. അവന്‍റെ ധാര്‍മ്മികപ്രവര്‍ത്തനങ്ങളെപ്പറ്റി ആരോടും പറയുകയില്ല. മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങളെപ്പറ്റി അവന്‍ നിശബ്ദത പാലിക്കുന്നു. അവന്‍റെ അറിവ് അവന്‍ പ്രകടിപ്പിക്കാറില്ല. പ്രശസ്തിക്കുവേണ്ടി അത് വില്‍ക്കുകയില്ല. ശാരീരികസുഖസൗകര്യങ്ങള്‍ നേടുന്നതില്‍ അവന്‍ പിശുക്ക് കാണിക്കുമെങ്കിലും ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി ചെലവഴിക്കുന്നു. ദാനം ചെയ്യുന്ന കാര്യത്തില്‍ അവന്‍ സുരതരുവിനോടു മത്സരിക്കാന്‍ തയ്യാറാണ്. അവന്‍ കൃശഗാത്രനായിരിക്കും. അവന്‍റെ ഗൃഹസൗകര്യങ്ങള്‍ വളരെ പരിമിതമാണ്. അവന്‍ സ്വധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ അതീവ തല്‍പരനാണ്‌. ആത്മജ്ഞാനത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നതില്‍ ചതുരനാണ്. എന്നാല്‍ മറ്റു കാര്യങ്ങളില്‍ മന്ദബുദ്ധിയെപ്പോലെ പെരുമാറും. വാഴ, അശക്തമായ പൊള്ളയായ ഒരു ചെടിയായി തോന്നുമെങ്കിലും അത് ധാരാളമായി ആസ്വാദ്യകരമായ പഴങ്ങള്‍ നല്‍കുന്നു. കാറ്റിന് പറത്തിക്കളയാന്‍ തക്കവണ്ണം ലഘുവും ദുര്‍ബലവുമായ കാര്‍മേഘങ്ങള്‍ ശക്തിയായി മാരിചൊരിയുമ്പോള്‍ ഇതെങ്ങനെ അവയ്ക്കു സാധിക്കുമെന്ന് നാം അത്ഭുതപ്പെടുന്നു. അതുപോലെ, ബാഹ്യമായി നിസ്സാരനും ദാരിദ്രനുമായി തോന്നുമെങ്കിലും ആത്മജ്ഞാനം നിറഞ്ഞ, പുണ്യവാനായ ഈ പൂര്‍ണ്ണ പുരുഷനില്‍ കാണുന്ന ലക്ഷണങ്ങളെല്ലാം ദംഭമില്ലായ്മയുടെ പ്രത്യക്ഷലക്ഷങ്ങളാണ്. അവന്‍ ജ്ഞാനവുമായി സഹവര്‍ത്തിക്കുന്നു.

അടുത്തത് അഹിംസയാണ്. വിവധ ചിന്താഗതികള്‍ ഇതിനെ വിവധരീതിയില്‍ വിവരിച്ചിട്ടുണ്ട്. മൃഗങ്ങളെ യജ്ഞങ്ങള്‍ക്കുവേണ്ടി കൊല്ലുന്നത് ഹിംസയല്ലെന്നാണ് പൂര്‍വമീമാംസകാരുടെ പക്ഷം. ഒരു വൃക്ഷത്തെ കാത്തു സൂക്ഷിക്കാന്‍വേണ്ടി അതിന്‍റെ കൊമ്പുകള്‍ മുറിച്ച് ചുറ്റും വേലികെട്ടുന്നതുപോലെയോ, വിശപ്പു ശമിപ്പിക്കാന്‍ സ്വന്തം കൈകള്‍ അറുത്തെടുത്ത്‌ പാചകം ചെയ്തു ഭക്ഷിക്കുന്നതുപോലെയോ ക്ഷേത്രംപൊളിച്ച് അതിന്‍റെ സാധനസാമഗ്രികള്‍കൊണ്ട് അതിനുള്ളില്‍ തന്നെ ഒരു പന്തല്‍ പണിയുന്നതുപോലെയോ ആണ് ഈ വാദഗതി. ഭൂമി വരള്‍ച്ചയെ അഭിമുഖീകരിമ്പോള്‍ മഴപെയ്യിക്കുന്നതിനുവേണ്ടി അവര്‍ പല യജ്ഞങ്ങളും നടത്തുന്നു. മൃഗങ്ങളെ കൊന്നാണ് ഈ യജ്ഞങ്ങള്‍ നടത്തുന്നത്. ഈ രീതിയില്‍ ഹിംസയുടെ വിത്തുവിതച്ച് എങ്ങനെയാണ് അഹിംസ കൊയ്തെടുക്കുന്നത്‌? അഹിംസയുടെ തീരം ഇവരില്‍ നിന്ന് വളരെ അകലെയാണ്. ഹിംസയില്‍ കൂടി അഹിംസ പാലിക്കാമെന്നുള്ള ഇവരുടെ ചിന്താഗതി ആശ്ചര്യകരമായിരിക്കുന്നു.

ആയുര്‍വേദശാസ്ത്രവും ഇക്കാര്യത്തില്‍ ഒരുപോലെ വിചിത്രമാണ്. ഒരു ജീവനെ രക്ഷിക്കാന്‍വേണ്ടി മറ്റൊരു ജീവനെ നശിപ്പിക്കുന്നതിന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ആളുകള്‍ക്ക് അസുഖം ബാധിക്കുകയും വേദനകൊണ്ട് പുളയുകയും ചെയ്യുമ്പോള്‍ ചികിത്സയ്ക്കായി ചെടികളെ പിഴുതെടുക്കുകയും വൃക്ഷങ്ങളെ വെട്ടിമുറിക്കുകയും തടികളുടെ തൊലിയുരിച്ചെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം വലിയ കടാഹത്തിലിട്ടു തിളപ്പിക്കുന്നു. ആരോടും ശത്രുതയില്ലാത്ത ചെടികളെയും വൃക്ഷങ്ങളെയും ഇപ്രകാരം വരട്ടി ജീവനില്ലാതാക്കുന്നു. സുഖക്കേടു ബാധിച്ച മനുഷ്യരെ രക്ഷിക്കാനായി മൃഗങ്ങളെ കൊന്ന് അതിന്‍റെ പിത്തനീരെടുക്കുന്നു, ഇതെല്ലാം വാസഗൃഹങ്ങള്‍ പൊളിച്ചെടുത്ത് ക്ഷേത്രങ്ങളും പ്രതിമാലയങ്ങളും പണിയുന്നതുപോലെയാണ്; മറ്റുള്ളവരെ കവര്‍ച്ചചെയ്ത് ധര്‍മ്മശാലകള്‍ നടത്തുന്നതുപോലെയാണ്; ശരീരംമുഴവന്‍ നഗ്നമാക്കി നിര്‍ത്തിക്കൊണ്ട് ശിരസ്സ് മാത്രം മറയ്ക്കുന്നതുപോലെയാണ്; കമ്പിളി കത്തിച്ച് തണുപ്പു മാറ്റുന്നതുപോലെയാണ്; ആനയെ കുളിപ്പിക്കുന്നതുപോലെ അര്‍ത്ഥശൂന്യമാണ്; കാളയെ വിറ്റിട്ട്‌ തൊഴുത്തു നിര്‍മ്മിക്കുന്നതുപോലെയാണ്; തത്തയെ കൊടുത്ത് കൂടുമാറ്റി വാങ്ങുന്നതുപോലെയാണ്. ഈ പ്രവൃത്തികള്‍ ഇവര്‍ ഗൌരവമായി ചെയ്യുന്നതാണോ? അതോ നേരമ്പോക്കിനുവേണ്ടിയോ? നാം അവരോട് സഹതപിക്കണോ?

ചില മതാചാരപ്രകാരം കുടിക്കുന്നതിനുള്ള ജലം അരിച്ചെടുക്കുന്നു. ആ നടപടിയില്‍ അനേകം ജീവജാലങ്ങള്‍ നശിക്കുന്നു. മറ്റു ചിലര്‍ ഹിംസയെ ഭയന്ന് ധാന്യങ്ങള്‍ വേവിക്കുന്നില്ല. തന്മൂലം അവരുടെ ജീവന്‍ തന്നെ ഹിസിക്കപ്പെടുന്നു.

അല്ലയോ അര്‍ജ്ജുന. ശാസ്ത്രവിധിയനുസരിച്ച് നടത്തുന്ന ഹിംസ അഹിംസയ്ക്ക് തുല്യമാണെന്നു വാദിക്കുന്ന പൂര്‍വമീമാസകരുടെ സിദ്ധാന്തം വഴിപിഴച്ചതാണ്. അഹിംസയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ അതിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെപ്പറ്റി മാത്രം പറയണമെന്ന് ഞാന്‍ ഉദ്ദേശിച്ചതാണ്. എന്നാല്‍ ഇതേപ്പറ്റിയുള്ള വിവിധ ചിന്താഗതികള്‍ എന്തൊക്കെയാണെന്ന് നീ അറിഞ്ഞിരിക്കണമെന്ന് എനിക്കു തോന്നി. അല്ലാത്ത പക്ഷം നിനക്ക് ശരിയായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാതെ വരും. തന്നെയുമല്ല, ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കൂടി വ്യക്തമാക്കിയില്ലെങ്കില്‍, തന്‍റെ ചിന്താഗതി സരളമായി പ്രതിപാദിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് പ്രകൃതത്തില്‍ നിന്ന് വ്യതിചലിച്ച് ഇപ്രകാരം പറയാന്‍ ഇടയായത്.

ഇനിയും അഹിംസയെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം പറയാം. ഒരു ഉരകല്ല് ശുദ്ധമായ സ്വര്‍ണ്ണത്തെ വെളിവാക്കുന്നതുപോലെ, ഒരുവന്‍ അഹിംസയുടെ ശരിയായ സ്വഭാവം മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ള വിവരം അവന്‍റെ ദൈനംദിന ജീവിതത്തിലെ പ്രവൃത്തികള്‍ വെളിവാക്കുന്നു. അവന് ജ്ഞാനോദയം ഉണ്ടാകുമ്പോള്‍ അവന്‍റെ മനസ്സില്‍ അഹിംസ ദൃഡമായി പതിയുന്നു. ഒരു കൊക്ക്, അതിന്‍റെ ഇരയുടെ മേല്‍ കണ്ണും നട്ട് വേഗത്തിലും എന്നാല്‍ ജാഗ്രതയോടും കൂടി അലകളെ മുറിക്കാതെയും ജലപരപ്പില്‍ ചലന്മുണ്ടാക്കാതെയും വെള്ളത്തില്‍ നടക്കുന്നതുപോലെ, മധുകരം പരാഗത്തെ ഞെരിക്കാതെ ലാഘവത്തോടെ താമരപ്പൂവില്‍ വന്നിരിക്കുന്നതുപോലെ, ഭൂരേണുക്കളില്‍ പോലും സൂക്ഷ്മജീവികളുണ്ടെന്ന ധാരണയോടെ, കാരുണ്യാതിരേകത്താല്‍ അവന്‍ തന്‍റെ പാദങ്ങള്‍ ഭൂമിയില്‍ വെയ്ക്കുന്നു. അവന്‍ എവിടെപ്പോയാലും എല്ലാ ജീവികളെയും അവന്‍റെ ജീവനേക്കാള്‍ കൂടുതലായി സ്നേഹിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നു. ഒരു പൂച്ച അതിന്‍റെ കുഞ്ഞുങ്ങളെ നോവിക്കാതെ സ്നേഹത്തോടെ കടിച്ചെടുക്കുന്നതുപോലെ തന്‍റെ ശിശുവിനെ കാത്തിരിക്കുന്ന വത്സലയായ മാതാവിന്‍റെ പേലവമായ വാത്സല്യം പോലെ, മൃദുലതരമായിട്ടുള്ളതാണ് അവന്‍റെ കാല്‍വെയ്പ്. ഒരു ഉറുമ്പിനേയോ പുഴുവിനെയോ വഴിയില്‍ കണ്ടാല്‍ അവന്‍ വഴിമാറി നടക്കുന്നു. ഒരു ചെറിയ ജീവിയെപ്പോലും ചവിട്ടാന്‍ ഇടയായാല്‍ അത് ആ ജീവിയില്‍ കുടികൊള്ളുന്ന സര്‍വ്വവ്യാപിയായ പരംപൊരുളിന്‍റെ നിദ്രയ്ക്ക് ഭംഗംവരുമെന്നും ആ ജീവിയുടെ ശാരീരികശക്തിക്ക് ഊനം തട്ടുമെന്നും അവന്‍ വിശ്വസിക്കുന്നു. അത്രത്തോളം ദയാമയനായ അവനെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ല. ഒരു ഉറുമ്പിനു മഹാമേരുപര്‍വതത്തിന്‍റെ മുകളില്‍ കയറാന്‍ കഴിയാത്തതുപോലെ അവന്‍റെ മുന്നില്‍ കാണുന്ന ഒരു ജീവിയേയും എത്ര ശ്രമിച്ചാലും അവന് ചവിട്ടാന്‍ സാധ്യമല്ല.

അവന്‍ കാരുണ്യത്തിന്‍റെ കനികള്‍ പേറിക്കൊണ്ടാണ് നടക്കുന്നത്. അവന്‍റെ വാക്കുകള്‍ നൈര്‍മ്മല്യത്തിന്‍റെ നിറകുടമാണ്. അവന്‍ ശാന്തമായി ശ്വസിക്കുന്നു. അവന്‍റെ വദനം മനോജ്ഞതയുടെ മണിവീണയാണ്. അവന്‍റെ ദന്തങ്ങള്‍ മാധുര്യത്തിന്‍റെ മുളകളാണ്. അവന്‍ സംസാരിക്കാന്‍ ഒരുമ്പെടുമ്പോള്‍ തന്നെ സ്നേഹം പുറത്തേക്ക് ഊറിവരുന്നു; പിന്നാലെ ദയാമസൃണമായ വാക്കുകളും. അവന്‍ നിവൃത്തിയുള്ള ആരോടും സംസാരിക്കാറില്ല. അവന്‍റെ സംസാരം മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കുമോ എന്ന് അവന്‍ ഭയപ്പെടുന്നു. അത് ആര്‍ക്കും കഷ്ടപ്പാടുകള്‍ ഉണ്ടാക്കരുതെന്നും യാതൊരുവിധത്തിലുള്ള ശങ്കയ്ക്കും ഇടനല്‍കരുതെന്നും അവന്‍ ആഗ്രഹിക്കുന്നു. ആരെയും അവരുടെ ജോലിയിനിന്നു പിന്തിരിപ്പിക്കാതെ, ആരും അവന്‍റെ നേരെ ദുര്‍മുഖം കാണിക്കുന്നതിനിടയാകാതെ, ആരെയും ഭയപ്പെടുത്താതെ സംസാരിക്കണമെന്നാണ് അവന്‍റെ ചിന്താഗതി. എന്നാല്‍ ആരെങ്കിലും അവനോട് സംസാരിക്കുന്നതിന് അഭ്യര്‍ത്ഥിച്ചാല്‍ അവന്‍ അന്‍പോടെ സംസാരിക്കുന്നു. തന്‍റെ രക്ഷിതാവില്‍ നിന്നുതിരുന്ന വാക്കുകള്‍പോലെ ഇമ്പത്തോടെ ശ്രോതാവ് അതു കേള്‍ക്കുന്നു. അവന്‍റെ സംസാരം സത്യനിഷ്ഠമായിരിക്കും. അത് മിതമായിട്ടുള്ളതും ആത്മാര്‍ഥത നിറഞ്ഞതും അമൃതിന്‍റെ അലകള്‍പോലെ മാധുര്യമേറിയതും ആയിരിക്കും. അത് ആരെയും വേദനിപ്പിക്കുകയില്ല. ആരെയും ക്ഷോഭിപ്പിക്കുകയോ പരിഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുകയില്ല. വിവാദവിഷയങ്ങളെ അവന്‍റെ സംസാരത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്നു. പിടിവാദം, ആവേശം, കാപട്യം, പ്രത്യാശ, ശങ്ക, ചതി തുടങ്ങിയ വൈകല്യങ്ങള്‍ ഒന്നും തന്നെ അവന്‍റെ സംസാരത്തില്‍ കാണുകയില്ല.

അവന്‍റെ കടാക്ഷം എപ്പോഴും ഋജുവാരിക്കും. അവന്‍റെ കണ്ണുകള്‍ ഒരിക്കലും കോപകലുഷിതമാവുകയില്ല. എല്ലാ ജീവികളിലും ഒരേ ആത്മ്മാവ് വസിക്കുന്നുവെന്ന് അവന്‍ വിശ്വസിക്കുന്നതിനാല്‍ അതിന് ഉപദ്രവം ഇല്ലാതിരിക്കാന്‍വേണ്ടി ജീവികളെ വീക്ഷികുന്നതില്‍ നിന്നുപോലും അവന്‍ ഒഴിഞ്ഞു മാറുന്നു. അവന്‍റെ ആന്തരികമായ കാരുണ്യം കൊണ്ട് അവന്‍ ആരെയെങ്കിലും കടാക്ഷിക്കാന്‍ ഇടയായാല്‍ ചന്ദ്രന്‍റെ അദൃശ്യമായ അമൃതകിരണങ്ങള്‍ ചകോരത്തിനു തൃപ്തി നല്‍കുന്നതുപോലെ അവന്‍റെ കടാക്ഷം അവര്‍ക്ക് സീമാതീതമായ സംതൃപ്തി നല്‍കുന്നു. അവന്‍ ചൊരിയുന്ന കടാക്ഷത്തിന്‍റെ നിഷ്കളങ്കത, കടാക്ഷംകൊണ്ട് കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കൂര്‍മ്മത്തിന്‍റെ കടാക്ഷത്തിനു പോലും അപരിചിതമാണ്.

അവന്‍റെ നോട്ടം ഹൃദ്യമാണെന്നതുപോലെ അവന്‍റെ കൈകള്‍ കര്‍മ്മനിരതമാണ്. ലക്ഷ്യപ്രാപ്തിയിലെത്തിയ യോഗികള്‍ ഇച്ഛാരഹിതരായിരിക്കുന്നതുപോലെ, അവന്‍റെ കൈകള്‍ പ്രവൃത്തിരഹിതമാണ്. വിറകില്ലാതെ വരുമ്പോള്‍ അഗ്നി അണഞ്ഞുപോകുന്നു; മൂകനായ ഒരുവന്‍ നിശബ്ദനായിരിക്കുന്നു; അന്ധനായ ഒരുവന്‍ ഒന്നും കാണുന്നില്ല. അതുപോലെ, അവന്‍റെ കൈകള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഒന്നും ശേഷിച്ചിട്ടില്ലാത്തതുകൊണ്ട് അത് നിര്‍വ്യാപാരമാകുന്നു. വായുവിനെ ഭേദ്യം ചെയ്യുമെന്നും ആകാശത്തെ ചീന്തുമെന്നും ഭയന്ന് അവന്‍ കൈകള്‍ ചലിപ്പിക്കുന്നതേയില്ല. പിന്നെ എങ്ങനെയാണ് അവന്‍ സ്വന്തം ശരീരത്തിലിരിക്കുന്ന കൊതുകിനെ അടിച്ചോടിക്കുന്നതും കണ്ണീച്ചയെ ആട്ടിക്കളയുന്നതും മൃഗങ്ങളെയോ പക്ഷികളെയോ വിരട്ടിയോടിക്കുന്നതും? ഒരു ദണ്ഡുപോലും കൈയിലേന്താന്‍ ഇഷ്ടപെടാത്ത അവന്‍ ആയുധങ്ങളെപ്പറ്റി ചിന്തിക്കുന്നതേയില്ല. രോമങ്ങള്‍ ത്രസ്സിക്കുമെന്ന് ഭയന്ന് അവന്‍ തന്‍റെ ശരീരത്തെ തൊട്ടുതടവുകയില്ല. അവന്‍റെ കൈകളിലെ നഖങ്ങള്‍ അവന്‍ വളര്‍ത്തുന്നു. കവണയേറുപോലെയുള്ള ഒരു പ്രവര്‍ത്തിയായി കരുതി, ഒരു താമരപ്പൂ വിനോദത്തിനുവേണ്ടി പോലും കൈയിലെടുത്തു വീശുകയോ പുഷ്പഹാരം കൈയിലിട്ട് ആട്ടുകയോ ചെയ്യുകയില്ല. അവന്‍റെ പാണികളെ സാധാരണയായി അവന്‍ പ്രവര്‍ത്തനരഹിതമായിവെച്ചിരിക്കുകയാണ്. എപ്പോഴെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നത് കൈകള്‍ കൂട്ടിചേര്‍ത്തു കൂപ്പുന്നതിനു മാത്രമാണ്. ഭയപ്പെട്ടവരെ നിര്‍ഭയരാക്കാനും അവശരെ ഉദ്ധരിക്കാനും ആര്‍ത്തന്മാരെ സഹായിക്കുന്നതിനും അവന്‍ കൈകള്‍ ഉയര്‍ത്താറുണ്ട്. അവന്‍റെ കൈകള്‍ക്കുള്ളിടത്തോളം സ്നിഗ്ധത ചന്ദ്രകിരണങ്ങള്‍ക്കുപോലുമില്ല. മാര്‍ദവമേറിയ അവന്‍റെ സ്പര്‍ശത്തെ താരത്യപ്പെടുത്തുമ്പോള്‍ മലയപര്‍വതത്തില്‍നിന്നു വരുന്ന മന്ദമാരുതന്‍ പരുഷമാണ്. മൃദുലമായി അവന്‍ മൃഗങ്ങളെ തലോടുന്നു. അവന്‍റെ കൈകള്‍ ചന്ദനമരത്തെപ്പോലെ കുളിര്‍മയേകുന്നതാണ്. എന്നാല്‍ ചന്ദനമരം ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍ നല്‍കുന്നില്ല. പക്ഷേ നിഷ്ഫലങ്ങളല്ല. ഈ അലങ്കാരഭാഷണം മതിയാക്കാം. സജ്ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ചിത്തവൃത്തിയും സ്വഭാവവുമായി പരിപൂര്‍ണ്ണ യോജിപ്പിലായിരിക്കുമെന്നറിയുക.

അവന്‍റെ മനസ്സ് എപ്രകാരമാണ്? അതെപ്പറ്റി പ്രത്യേകം പറയേണ്ട കാര്യമുണ്ടോ? ഇതുവരെ വിവരിച്ചതെല്ലാം വേറെ ആര്‍ക്കാണ് ബാധകമായിരിക്കുന്നത്? ശിഖരങ്ങള്‍ വൃക്ഷത്തില്‍ നിന്നു വേറിട്ട്‌ നില്‍ക്കുമോ? അപ്പില്ലാതെ അര്‍ണ്ണമുണ്ടോ? സൂര്യനും അതിന്‍റെ കിരണങ്ങളും വ്യത്യസ്തമാണോ? അവയവങ്ങള്‍ ശരീരത്തില്‍നിന്നു വ്യതിരിക്തമാണോ? സലിലത്വത്തെ സലിലത്തില്‍നിന്ന് ഒഴിച്ചു നിര്‍ത്താമോ? അതുപോലെ, ഞാന്‍ ഇതുവരെ പറഞ്ഞ ബാഹ്യപ്രവര്‍ത്തനങ്ങളുടെയെല്ലാം ഉടമസ്ഥത മനസ്സിനാണെന്നറിഞ്ഞാലും. ഭൂമിയില്‍ കുഴിച്ചിട്ട വിത്ത് വൃക്ഷമായി വളരുന്നതുപോലെ, മനസ്സ് ഇന്ദ്രിയങ്ങളില്‍കൂടി പ്രകാശിക്കുന്നു. അഹിംസയ്ക്കു മനസ്സില്‍ സ്ഥാനമില്ലെങ്കില്‍ അതെങ്ങനെയാണ്‌ പുറത്തേക്ക് പ്രകടീകൃതമാകുന്നത്?

അല്ലയോ അര്‍ജ്ജുന, ഒരഭിലാഷം ആദ്യമായി മനസ്സില്‍ അങ്കുരിക്കുന്നു. അതു പിന്നീട് വായ്‌, നേത്രങ്ങള്‍, പാണികള്‍ എന്നിവയുടെ മാധ്യമത്തില്‍ കൂടി ഉദീരണം ചെയ്യപെടുന്നു. മനസ്സില്‍ ആദ്യമായി ഇല്ലാത്ത ഒരു കാര്യം പുറത്തേക്ക് പ്രകടിപ്പിക്കാന്‍ സാധ്യമാണോ? മണ്ണില്‍ വിത്തില്ലെങ്കില്‍ മുളപൊട്ടി പുറത്തേക്ക് വരുമോ? ചരട് വലിക്കുന്ന പാവകളിക്കാരന്‍ ചരടുവലി നിര്‍ത്തുമ്പോള്‍ പാവകള്‍ നിശ്ചലമാകുന്നില്ലേ? ഉറവിടം വറ്റിപ്പോയാല്‍ പിന്നെ എങ്ങനെയാണ് ഒരു നദി ഒഴുകുന്നത്‌? ജീവനില്ലാത്ത ഒരു ശരീരത്തിനു എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക? അതുപോലെ മനസ്സിന്‍റെ സാരവത്തായ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഇന്ദിയങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. ഇന്ദ്രിയങ്ങളുടെ എല്ലാ പ്രവര്‍ത്തികളും മനസ്സില്‍ നിന്നാണ് ഉടലെടുക്കുന്നത്. മനസ്സ് ഇന്ദ്രിയങ്ങളില്‍കൂടി പ്രവര്‍ത്തിക്കുന്നു. മനസ്സില്‍ രൂപം കൊള്ളുന്ന ഏതാഗ്രഹവും പുറത്തേക്ക് വരുന്നത് ഇന്ദ്രിയങ്ങളുടെ ചാലുകള്‍ വഴിയാണ്. പക്വമായ ഒരു ഫലത്തിന്‍റെ പരിമളം നാനാദിക്കിലേക്കും വ്യാപിക്കുന്നതുപോലെ, അഹിംസ മനസ്സില്‍ സുസ്ഥിരമാകുമ്പോള്‍ അത് പുറത്തേക്ക് പ്രകടമാവുന്നു. സമുദ്രത്തില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉള്‍ക്കടലിലും വെള്ളം നിറയുന്നതുപോലെ, മനസ്സിന് ലഭിക്കുന്ന അഹിംസാസമ്പത്ത് ഇന്ദ്രിയങ്ങള്‍ക്കും പകുത്തുകൊടുക്കുന്നു. ഒരദ്ധ്യാപകന്‍ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ തന്‍റെ ശിഷ്യന്‍റെ വിരല്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കുന്നു. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ തന്നെയല്ലെ ശിഷ്യനില്‍ക്കൂടി എഴുതുന്നത്‌? അതുപോലെ മനസ്സ് അതിന്‍റെ കാരുണ്യം ഇന്ദ്രിയങ്ങളിലേക്ക് പകരുകയും അവയെക്കൊണ്ട് അഹിംസ നടപ്പാക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനഗതി നിര്‍ണ്ണയിക്കുന്നത് മനസ്സാണ്. മനസാ വാചാ കര്‍മ്മണാ ഹിംസ ഉപേക്ഷിച്ച ഒരുവന്‍ ജ്ഞാനത്തിന്‍റെ ഭണ്ഡാഗാരമാണ്. അല്ല, അവന്‍ ജ്ഞാനത്തിന്‍റെ അവതാരം തന്നെയാണ്. പുറമേ ധാരാളം കേട്ടിട്ടുള്ളതും ശാസ്ത്രങ്ങളില്‍ പ്രതിപാദിചിട്ടുള്ളതുമായ അഹിംസ നേരില്‍ കാണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്രകാരമുള്ള ഒരുവനെ കണ്ടാല്‍ മാത്രം മതിയാകുന്നതാണ്. അര്‍ജ്ജുനാ, അഹിംസയെപ്പറ്റി ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്?

ജ്ഞാനദേവന്‍ പറയുകയാണ്‌:

അഹിംസയെപ്പറ്റി ഭഗവാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതിനെക്കാള്‍ ചുരുക്കി പറയാമായിരുന്നു. ഇത്രയും ദീര്‍ഘമായി പറഞ്ഞത്തിന് എന്നോടു ക്ഷമിക്കണം. ശാദ്വലപ്രദേശത്തു മേയുന്ന പശു മടങ്ങാന്‍ മടിക്കുന്നതുപോലെയോ, കാറിനോടോപ്പം പറക്കുന്ന പക്ഷി തുടര്‍ന്നു പറക്കാന്‍ ഇഷ്ടപ്പെടുന്നത് പോലെയോ അഹിംസാ വിഷയത്തെപ്പറ്റി എനിക്കുള്ള താല്പര്യം കൊണ്ടാണ് ഞാന്‍ ഇപ്രകാരം അനിയന്ത്രിതമായി സംസാരിച്ചതെന്ന് നിങ്ങള്‍ക്കു തോന്നിയേക്കാം. എന്നാല്‍ മഹാത്മാക്കളുടെ കാര്യം അങ്ങനെയല്ല, ഇത്രത്തോളം വശദീകരിച്ചതിന് പ്രത്യേക കാരണമുണ്ട്. അഹിംസ വെറും മൂന്നക്ഷരമുള്ള ഒരു വാക്കാണ്‌. അതിന്‍റെ തത്ത്വം വളരെ ചുരുക്കമായി പ്രതിപാദിക്കം. എന്നാല്‍ അതേപ്പറ്റിയുള്ള തെറ്റായ ധാരണ ഖണ്ഡിച്ചെങ്കില്‍ മാത്രമേ ശുദ്ധമായ അഹിംസ എന്താണെന്നു വ്യക്തമായ ബോധം ഉണ്ടാവുകയുള്ളൂ. രത്നവ്യാപരികളുടെ ഗ്രാമത്തില്‍ സാളഗ്രാമം (ഗണ്ഡകീ നദിയില്‍നിന്നു ലഭിക്കുന്ന, വിഷ്ണുവിന്‍റെ പ്രതിമയാണെന്നു സങ്കല്പിച്ചു വൈഷണവര്‍ പൂജിക്കുന്ന കല്ല് ) വില്‍ക്കാന്‍ കഴിയും. എന്നാല്‍ എത്ര പ്രശംസിച്ചാലും ഒരു സ്ഫടികക്കല് എങ്ങനെയാണ് വില്‍ക്കുക? കര്‍പ്പൂരത്തിന്‍റെ സൗരഭ്യം അറിയാവുന്നവരുടെ ഇടയില്‍ വെളുത്ത ഗോതമ്പ് മാവ് കര്‍പ്പൂരമാണെന്നു തെറ്റിദ്ധരിപ്പിച്ചു വില്‍ക്കാന്‍ കഴിയുമോ? അതുപോലെ അഹിംസാസിദ്ധാന്തത്തെപ്പറ്റി പൊതുവായും പ്രത്യേകമായുള്ള ഭിന്നാഭിപ്രായങ്ങള്‍ വിശദീകരിക്കാതെ എന്‍റെ അഭിപ്രായങ്ങള്‍ മാത്രം പകടിപ്പിച്ചാല്‍ , അത് എത്രത്തോളം വാക്പാടവം നിറഞ്ഞതാണെങ്കിലും നിങ്ങളുടെ മനസ്സിലുണ്ടാകുന്ന സംശയങ്ങളെ ദുരീകരിക്കരിക്കുയില്ല. പായല്‍ മൂടിയ ജലത്തെ അരയന്നം അവഗണിക്കുന്നതുപോലെ, നിങ്ങളും എന്‍റെ പ്രഭാഷണത്തെ അവഗണിച്ചുവെന്ന് വരാം. അതിനിടയാക്കാതിരിക്കാന്‍ ഞാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് കൂടുതല്‍ സമയം ചെലവഴിച്ചതാണ്. ആഹാരത്തിനുള്ള അരിയില്‍ കിടക്കുന്ന മണല്‍ത്തരികള്‍ വകതിരിചെടുത്തു കളയാന്‍ ചെലവഴിക്കുന്ന സമയം വ്യര്‍ത്ഥമാണെന്നു പറയാന്‍ കഴിയുമോ? വഴിയില്‍ കൊള്ളക്കാരന്‍ തടയപ്പെടുന്ന ബാലന്‍, അവരില്‍നിന്നും രക്ഷപ്പെടാന്‍ സമയമെടുത്തത്കൊണ്ട് വീട്ടിലെത്താന്‍ വൈകിയാല്‍ അതിന് അവന്‍റെ അമ്മ അവനെ കുട്റ്റപെടുത്തുമോ? ചന്ദ്രനില്‍ നിന്ന് നേരിട്ടല്ലാത്ത മേഘങ്ങള്‍ക്കിടയില്‍കൂടി വരുന്ന ചന്ദ്രകിരണങ്ങള്‍ക്കുവേണ്ടി ചകോരം അതിന്‍റെ ചുണ്ടുകള്‍ വിടര്‍ത്താറില്ല. അതുപോലെ അഹിംസയെപ്പറ്റിയുള്ള എന്‍റെ വിശദീകരണവും വ്യാഖ്യാനവും പൂര്‍ണ്ണവും കുറ്റമറ്റതും അല്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ സംശയമുണ്ടാവും. എന്‍റെ അര്‍ത്ഥബോധനത്തില്‍ നിങ്ങള്‍ അസന്തുഷ്ടരാകും. നിങ്ങള്‍ എന്നോടു കലഹിക്കും. തുടര്‍ന്നുള്ള എന്‍റെ ഗീതാപ്രഭാഷണം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലാതാവും.ആകയാല്‍ ഇതേപ്പറ്റി ഇത്രയും ദീര്‍ഘമായി ഞാന്‍ സംസാരിച്ചത് നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനും നിങ്ങളുടെ അനുഗ്രഹവും ആനുകൂല്യവും ലഭിക്കുന്നതിനുമാണ്.

ഗീത എനിക്ക് പ്രാണനാണ്‌. ഗീതയെപ്പറ്റി കേള്‍ക്കുന്നതിനുള്ള നിങ്ങളുടെ അഭിലാഷം എനിക്ക് നല്ലതുപോലെ അറിയാം. ഗീതോപദേശങ്ങള്‍ ഗ്രഹിക്കുന്നതിന് നിങ്ങള്‍ എന്തും സഹിക്കാന്‍ തയാറാകണം. പ്രത്യുത, മോക്ഷത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ അവഗണിച്ച് ലൌകികസുഖങ്ങളില്‍ മുഴുകുന്നതിനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗീതയും ഞാനും ഒരുപോലെ വ്യര്‍ത്ഥമായിത്തീരും. ഞാന്‍ പ്രകൃതത്തില്‍ നിന്ന് വിട്ടുപോയതിന് നിങ്ങള്‍ എനിക്കു മാപ്പു നല്‍കിയിരിക്കുന്നുവെന്നുള്ള വിശ്വാസം എനിക്കുള്ളതുകൊണ്ട് ഇനിയും കൂടുതലായി ഒന്നും ഞാന്‍ പറയുന്നില്ല. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞത് കേള്‍ക്കുക.

ഭഗവാന്‍ പറഞ്ഞു: അല്ലയോ അര്‍ജുജുനാ ജ്ഞാനത്തെ മനസ്സിലാക്കാനുള്ള ലക്ഷണങ്ങള്‍ ഞാന്‍ പറയാം. അസഹിഷ്ണുതയില്ലാതെ സഹനശക്തി പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയില്‍ നിനക്ക് ജ്ഞാനത്തെ ദര്‍ശിക്കാം. ആഴമേറിയ ഒരു കുളത്തിന്‍റെ ജലപ്പരപ്പില്‍ കാണുന്ന താമരപോലെയോ, ഭാഗ്യവാനായ ഒരു ഗൃഹസ്ഥന്‍റെ ഗൃഹത്തില്‍ കാണുന്ന സമ്പത്തുപോലെയോ ആണവന്‍ . ക്ഷമയുള്ള ഒരുവനില്‍ കാണുന്ന ലക്ഷണങ്ങളെ ഞാന്‍ വ്യക്തമായി പറയാം. തനിക്കിഷ്ടമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അണിയുന്ന ഒരുവനെപ്പോലെ അവന്‍ സഹിഷ്ണതയോടെ എല്ലാം ചുമക്കുന്നു. എന്ത്‌ കഷ്ടപാടുകള്‍ ഉണ്ടായാലും അവന്‍ അത് സാരമാക്കുകയില്ല. അപേക്ഷിതമോ അനപേക്ഷിതമോ ആയ എന്തു ലഭിച്ചാലും അവനത് സ്വീകരിക്കുന്നു. മാനാപമാനത്തെ സമചിത്തതയോടെ നേരിടുന്നു. സുഖവും ദുഃഖവും അവന് ഒരേ മാതിരിയാണ്. സ്തുതിയും നിന്ദയും അവനെ ബാധിക്കുകയില്ല. ചൂടുകൊണ്ട് വരളുകയോ കുളിരുകൊണ്ട് കിടികിടുക്കുകയോ ചെയ്യുകയില്ല. യാതൊന്നും അവനെ ഭീഷണിപ്പെടുത്തുകയില്ല. തന്‍റെ ശൃംഗങ്ങളുടെ ഭാരം മഹാമേരുപര്‍വതം അനുഭവിക്കാത്തതു പോലെ, തന്‍റെ തേറ്റയില്‍ പൊക്കി നിര്‍ത്തിയിരിക്കുന്ന ഭൂമിയുടെ ഭാരം വരാഹം അനുഭവിക്കാത്തതു പോലെ, സര്‍വ്വചരാചരങ്ങലളുടെയും ഭാരം ഭൂമിക്കു തോന്നാത്തതുപോലെ. സുഖദുഃഖാദി ദ്വദ്വഭാവങ്ങളുടെ സമ്മര്‍ദം അവനെ പീഡിപ്പിക്കുകയില്ല. സാഗരത്തിലേക്കൊഴുകി വരുന്ന ചെറുതും വലുതുമായ എല്ലാ നദികളിലെയും ജലം ഉള്‍ക്കൊള്ളാന്‍ സാഗരത്തിനു കഴിയുന്നതുപോലെ, സമചിത്തതയോടെ അവന് പേറാന്‍ കഴിയാത്തതായി ഒന്നുമില്ല. അവനെ പാടുപെടുത്തിയ ഒന്നിനെപ്പറ്റിയും അവന് ഓര്‍മ്മപോലുമില്ല. ശരീരത്തിന് അനുഭവിക്കേണ്ടിവരുന്ന ക്ലേശങ്ങള്‍ ക്ഷമയോടെ അവന്‍റെ സ്വന്തമായി ഏറ്റെടുക്കുന്നു. അക്കാര്യത്തില്‍ കാണിക്കുന്ന സഹിഷ്ണുത അലൌകികമായ ഒന്നാണെന്നു അവന്‍ ഭാവിക്കുയില്ല. ഇപ്രകാരം അനാമയനും നിഷ്കളങ്കിതനുമായ ക്ഷമാശീലന്‍ ജ്ഞാനത്തിന് ഉത്കര്‍ഷമേകുന്നു. അവന്‍ ജ്ഞാനത്തിന്‍റെ ജീവനാണ്.

ഇനിയും ആര്‍ജ്ജവത്തെപ്പറ്റി പറയാം. പ്രാണന്‍ എല്ലാവരോടും ദാക്ഷിണ്യപൂര്‍വ്വം പെരുമാറുന്നതുപോലെ, ഋജുബുദ്ധിയായ ഒരുവന്‍ എല്ലാവരോടും തുറന്ന മനസ്സോടെ പെരുമാറുന്നു. സൂര്യന്‍ വിവേചനമില്ലാതെ തന്‍റെ പ്രകാശം എല്ലാവരിലും ചൊരിയുന്നു. അതുപോലെ അവന്‍റെ ചിന്തയിലും പ്രവൃത്തിയിലും അവന്‍ ആരെയും വ്യത്യസ്തമായി കാണുന്നില്ല. ലോകം മുഴുവനും അവന് സുപരിചിതമാണെന്നും എല്ലാ വ്യക്തികളും അവന്‍റെ സുഹൃത്തുക്കളാണെന്നും അവന്‍ കരുതുന്നു. അവനെന്നോ മറ്റുള്ളവനെന്നോ ഉള്ള ചിന്ത അവന് അശേഷമില്ല. വെള്ളം ഏതിലും കലര്‍ന്ന് ഏകീകൃതമാകുന്നതുപോലെ അവന്‍ എല്ലാവരുമായും ഒത്തുചേരുന്നു. അവന്‍റെ മനസ്സ് ഒരുവനോടും ഒരു കാര്യത്തിലും എതിര്‍ക്കുകയില്ല. വേഗത്തില്‍ ചലിക്കുന്ന വായുപോലെ അവന്‍റെ മനസ്സ് അവക്രമാണ്. അവന്‍ ആശയില്‍നിന്നും ആശങ്കയില്‍നിന്നും മുക്തനാണ്. ഒരു ശിശു തന്‍റെ മാതാവിന്‍റെ സന്നിധിയിലെത്താന്‍ ലജ്ജിക്കാത്തതുപോലെ, അവന്‍ അവന്‍റെ മനസ്സ് നിസ്സങ്കോചം എല്ലാവരെയും തുറന്ന് കാണിക്കുന്നു. ഒരു താമരപ്പൂവ് വിടര്‍ന്നികഴിഞ്ഞാല്‍ പിന്നീട് അതിന്‍റെ ഒരു ഭാഗവും മറയ്ക്കപെടുന്നില്ല. അതുപോലെ എല്ലായ്പ്പോഴും തുറന്നുവെച്ചിരിക്കുന്ന അവന്‍റെ മനസ്സില്‍ ഒന്നും ഒളിച്ചുവെയ്ക്കാന്‍ അവന് സാദ്ധ്യമല്ല. അന്യൂനമായ ഒരു രത്നത്തിന്‍റെ ഒളി എല്ലായിടത്തെക്കും വീശുന്നത് പോലെ, പവിത്രമായ അവന്‍റെ മനസ്സില്‍ നിന്ന് പരിശുദ്ധമായ കര്‍മ്മങ്ങള്‍ നിരന്തരം നിര്‍ഗമ്മിക്കുന്നു. ആത്മാനുഭവം സിദ്ധിച്ച അവന്‍ സദാ സംതൃപ്തനാണ്. അവന് മുന്‍കൂട്ടി തയ്യാറെക്കേണ്ടതായിട്ടോ ഭാവിപ്രവര്‍ത്തങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ടതായിട്ടോ ഒന്നുമില്ല. അവന്‍റെ മനസ്സ് നിര്‍മ്മുക്തവും നിര്‍മ്മലവുമാണ്. അവനില്‍ കാപട്യം കുടികൊള്ളുന്നില്ല. അവന്‍റെ സംസാരം സംശയരഹിതമാണ്. അവന് ക്ഷുദ്രബുദ്ധി ആരോടുമില്ല. അഷ്ടപ്രഹരത്തിലും അവന്‍റെ ഇന്ദ്രിയങ്ങള്‍ നിഷ്കപടവും നിത്യശുദ്ധവും പഞ്ചപ്രമാണങ്ങള്‍ നിരര്‍ഗ്ഗളവുമാണ്. അമൃതിന്‍റെ കീഴോട്ടുള്ള ഒഴുക്കുപോലെ അവന്‍റെ മനസ്സും ബുദ്ധിയും ഋജുവാണ്. യഥാര്‍ത്ഥത്തില്‍ അവന്‍ എല്ലാ നല്ല ഗുണങ്ങളുടെയും സ്വഭാവങ്ങളുടെയും ലക്ഷണങ്ങളുടെയും ഇരിപ്പിടമാണ്. എല്ലാ സല്‍ഗുണങ്ങളുടെയും അടിസ്ഥാനകാരണം മനസ്സിന്‍റെ പരിശുദ്ധിയാണ്. ഇപ്രകാരമുള്ള ഒരു മനുഷ്യന്‍ ആര്‍ജ്ജവത്തിന്‍റെ മാനുഷികാവതാരമാണ്. ജ്ഞാനം അവനെ തേടിയെത്തുന്നു.

ഇനിയും ആചാര്യോപാസനത്തെപ്പറ്റി പറയാം. ഗുരുഭക്തി എല്ലാ ഭാഗ്യങ്ങളുടെയും നിദാനമാണ്‌. അതു ശോകഗ്രസ്തനായ ഒരുവനെ ബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നതിനു തക്ക പ്രഭാവമുള്ളതാണ്. ഗംഗാനദി അതിന്‍റെ ജലസമ്പത്തുമായി സമുദ്രത്തില്‍ ഒഴുകിയെത്തുന്നതുപോലെ, ശ്രുതികള്‍ ബ്രഹ്മപദത്തെ പ്രാപിക്കുന്നതുപോലെ, വിശ്വസ്തയായ ഒരു പത്നി തന്‍റെ നന്മയും തിന്മയും ഉള്‍പ്പെടെ എല്ലാം തന്‍റെ പതിയില്‍ അര്‍പ്പിക്കുന്നതുപോലെ, തന്നെയും തന്‍റെ എല്ലാറ്റിനേയും ഗുരുവിന് സമര്‍പ്പിച്ചിട്ടുള്ള ഒരുവന്‍ തന്‍റെ ശരീരത്തെ ഗുരുവിനെ ഉപാസിക്കുന്നതുപോലെ ഒരു ഭക്തിഗേഹമാക്കിത്തീര്‍ക്കുന്നു. ഒരു വിരഹിണി തന്‍റെ ഭര്‍ത്താവിനെപ്പറ്റി എല്ലായ്പ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നതുപോലെ, ഗുരുവിന്‍റെ വാസസ്ഥലത്തെപ്പറ്റിയുള്ള ചിന്ത അവന്‍റെ മനസ്സില്‍ നിറഞ്ഞിരിക്കും. അവിടെ നിന്ന് വരുന്ന കാറ്റ്, തന്നെ ഗുരുസമക്ഷത്തിലേക്ക് ക്ഷണിക്കുന്ന ഗുരു സന്ദേശവുമായിട്ടാണ് എത്തിയിട്ടുള്ളതെന്ന് അവന്‍ അനുമാനിക്കും. ഗുരുഭക്തികൊണ്ട് ഉത്തമനായ അവന്‍ ആ ദിശ നോക്കി ഗുരുവിനോടായി സംസാരിക്കും. ഗുരുവിനെ പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷവും ഒരു യുഗത്തെക്കള്‍ ദീര്‍ഘമുള്ളതായി അനുഭവപ്പെടും. ആ പശുക്കിടാവിനെ ആലയില്‍ കെട്ടിയിരിക്കുന്നതുപോലെ ഗുരുസ്നേഹമാകുന്ന കയറാണ് അവനെ അവന്‍റെ വീട്ടില്‍ തളച്ചിരിക്കുന്നത്. എപ്പോഴാണ് ഇതിന്‍റെ കെട്ടഴിഞ്ഞു തനിക് ഗുരുസവിധത്തിലേക്ക് പോകാന്‍ കഴിയുന്നതെന്നുള്ള ചിന്ത അവനെ ആകാംഷഭരിതനാക്കുന്നു. ഗുരുവില്‍ നിന്ന് എന്തെങ്കിലും സന്ദേശവുമായി ആരെങ്കിലും എത്തിയാല്‍ മരിച്ചവനു ജീവന്‍ ലഭിച്ചതുപോലെ അവന്‍ ആഹ്ലാദഭരിതനാകും.

ഉണങ്ങിയ നാമ്പുകള്‍ക്ക് അമൃത് ലഭിച്ചതുപോലെയോ, ചെറിയകുളത്തില്‍ കിടക്കുന്ന മത്സ്യം വലിയ തടാകത്തിലെത്തപ്പെട്ടതുപോലെ ദരിദ്രനായ ഒരുവന് ഒളിഞ്ഞിരിക്കുന്ന നിധി കിട്ടിയതുപോലെയോ അന്ധന് കാഴ്ച്ച ലഭിച്ചതുപോലെയോ ഭിക്ഷു ഇന്ദ്രസിംഹാസനത്തിലേക്ക് ഉയര്‍ത്തപ്പെട്ടതുപോലെയോ ഗുരുകുലത്തെപ്പറ്റി ശ്രവിക്കുമ്പോള്‍ അവന്‍ ആഹ്ലാദഭരിതനാവുകയും ആകാശത്തെ തന്‍റെ മുഷ്ടിക്കുള്ളിലാകത്തക്കവണ്ണം തന്‍റെ ശക്തി വര്‍ദ്ധിച്ചതായി അവന് തോന്നുകയും ചെയ്യും. ഇപ്രകാരം തന്‍റെ ഗുരുവിന്‍റെ ആശ്രമത്തോടു ഭക്തിയുള്ളവനെ സേവിക്കാന്‍ ജ്ഞാനം സദാ സന്നദ്ധമായി നില്‍ക്കും.

അവന്‍റെ ഹൃദയത്തില്‍ ഗുരുഭക്തി തിങ്ങിനിറഞ്ഞിരിക്കുന്നു. അവന്‍ ഗുരുവിനെ ആരാധിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നു. ഗുരുവിന്‍റെ രൂപം മനസ്സില്‍ ധ്യാനിച്ച്‌ അന്തഃകരണശുദ്ധിയാകുന്ന അങ്കണത്തില്‍ അവന്‍ പ്രാണപ്രതിഷ്ഠ നടത്തുന്നു. മനസാവാചാകര്‍മ്മണ താന്‍തന്നെ ഗുരുപൂജക്കുവേണ്ട അര്‍ച്ചനാദ്രവ്യങ്ങളായി സങ്കല്പിച്ചു, അവന്‍ മാനസപൂജ നടത്തുന്നു.

അല്ലാത്തപക്ഷം, ചൈതന്യത്തെപ്പറ്റി ബോധവാനാകുന്ന അവന്‍ ചൈതന്യത്തിന്‍റെ തിരുമുറ്റത്ത് ആനന്ദത്തിന്‍റെ ശ്രീകോവില്‍ നിര്‍മ്മിച്ച്‌ അതില്‍ ഗുരുരൂപസങ്കല്പത്തോടെ മനസാ ലിംഗപ്രതിഷ്ഠ നടത്തി, എല്ലാ ഭാവനകളോടുംകൂടി, ധ്യാനമാകുന്ന അമൃതധാരചൊരിഞ്ഞു അഭിഷേകം നടത്തുന്നു. ജ്ഞാനത്തിന്‍റെ സൂര്യന്‍ ഉദിക്കുകമ്പോള്‍ ബുദ്ധിയാകുന്ന പൂക്കുടയില്‍ അഷ്ടസാത്വികഭാവങ്ങളാകുന്ന പുഷ്പങ്ങള്‍ ശേഖരിച്ച് ഗുരുവാകുന്ന ശങ്കരനെ നൂറായിരം പ്രാവശ്യം പൂജിച്ച് ആരാധിക്കുന്നു. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും പ്രദോഷത്തിലും ‘താനാണ് ശരീരം’ എന്നുള്ള വിചാരം കത്തിച്ച് അതിന്‍റെ ധൂപവും ജ്ഞാനത്തിന്‍റെ ദീപവും ആരതിയായി ഉഴിയുന്നു. താനും ഗുരുവുമായുള്ള ഏകഭാവം നിവേദ്യമായി അര്‍പ്പിക്കുന്നു. അവന്‍ ആരാധകനും ഗുരു ആരാധനമൂര്‍ത്തിയുമായി സങ്കല്പിച്ചു ഗുരുവിനെപ്പറ്റി സ്തുതിഗീതങ്ങള്‍ പാടുന്നു.

മറ്റു ചില സമയങ്ങളില്‍ അവനില്‍ പ്രകടമാകുന്നത് സഖ്യഭക്തിയാണ്. അപ്പോള്‍ അവന്‍റെ അന്തഃകരണം ഗുരുവിനെ തന്‍റെ പതിയായി സങ്കല്പിക്കുന്നു. തന്‍റെ ആത്മാവാകുന്ന തല്പത്തില്‍ പതിയായ ഗുരുവുമൊത്തുള്ള സഹശയനം അവന്‍ ഭാവനചെയ്ത് ആനന്ദം അനുഭവിക്കുന്നു. ചിലപ്പോള്‍ അവന്‍റെ മനസ്സ് ഗുരുഭക്തിയുടെ പ്രവാഹം കൊണ്ട് നിറഞ്ഞുതുളുമ്പുമ്പോള്‍ അവന്‍ അതിനെ ക്ഷീരസാഗരമെന്നു വിളിക്കും. എന്നിട്ട്‌ ധ്യാനത്തില്‍നിന്നുണ്ടാകുന്ന അപാരസുഖം, ശേഷനാകുന്ന മെത്തയാണെന്നും അതില്‍ ഗുരുവാകുന്ന മഹാവിഷ്ണു വിശ്രമിക്കുന്നുവെന്നും അവന്‍ ഭാവനചെയ്യും. താന്‍ മഹാവിഷ്ണുവിന്‍റെ പാദങ്ങള്‍ തലോടുന്ന ലക്ഷ്മിയായും വിഷ്ണുവിന്‍റെ അന്തികത്തില്‍ കൂപ്പുകൈയുമായി നില്‍ക്കുന്ന ഗരുഡനായും മറ്റും അവന്‍റെ സങ്കല്പങ്ങള്‍ വളരും. വിഷ്ണുവിന്‍റെ നാഭിയില്‍ നിന്ന് ജനിച്ച ബ്രഹ്മദേവനാണ് താനെന്നു ഭാവനയില്‍ കാണുകയും ധ്യാനം കൊണ്ട് തന്‍റെ അന്തഃകാരണത്തിലുണ്ടാകുന്ന ആനന്ദാനുഭവം ഗുരുവിന്‍റെ കാരുണ്യം കൊണ്ടുണ്ടായതാണെന്ന് വിശ്വസിക്കുകയും ചെയ്യും.

മറ്റു ചിലപ്പോള്‍ ഗുരുവിനെ അമ്മയായി ഭാവനചെയ്യുന്ന അവന്‍ , അമ്മയുടെ മടിയില്‍കിടന്ന്‍ അമ്മിഞ്ഞനുണയുന്ന ശിശുവാണ് താനെന്നു സങ്കല്പിച്ചു ആനന്ദമടയുന്നു. ചിലപ്പോള്‍ അവന്‍റെ ഭാവന എത്തിചേരുന്നത് തന്‍റെ ഗുരു, ചൈതന്യതരുവിന്‍റെ തണലില്‍ വിശ്രമിക്കുന്ന ഒരു പശുവാണെന്നും താന്‍ അതിന്‍റെ കിടാവാണെന്നുമായിരിക്കും. ഗുരുകൃപയാകുന്ന ജലത്തില്‍ നീന്തിത്തുടിക്കുന്ന മത്സ്യമാണ് താനെന്നും അവന്‍ ഭാവിക്കും. ഇപ്രകാരം അവന്‍റെ മനോസങ്കല്പങ്ങള്‍ നിസ്സീമമാണ്. വേലിയേറ്റമുണ്ടാകുമ്പോള്‍ വാരിധിയില്‍ തിരമാലകള്‍ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നതുപോലെ, ഗുരുവിനെപ്പറ്റിയുള്ള ചിന്ത സദാ അവന്‍റെ അന്തഃകരണത്തിലുണ്ടായിരിക്കും.അതിരറ്റ ഗുരുഭക്തിയുടെ വേലിയേറ്റം അവന്‍റെ മനസ്സില്‍ ഉയരുമ്പോള്‍ അവ, ഭാവനയില്‍നിന്ന് ഭാവനകളിലേക്ക് അവനെ നയിക്കുന്നു.

ഇനിയും അവന്‍ ഗുരുവിനെ ബാഹ്യമായി സേവിക്കുന്നത് എങ്ങനെയാണെന്നു പറയാം. അവനില്‍ സന്തുഷ്ടനായി എന്തു വരമാണ് വേണ്ടതെന്ന് ചോദിക്കത്തക്ക തരത്തില്‍ ഗുരുവിനെ സേവിക്കണമെന്നാണ് അവന്‍റെ ആഗ്രഹം. പ്രീതനായ ഗുരു എന്തു വരമാണ് വേണ്ടതെന്ന്‍ അവനോട് ചോദിക്കുമ്പോള്‍ അവന്‍ പറയും: നാഥാ, അങ്ങയുടെ എല്ലാ പരിജനങ്ങളും ഞാന്‍ മാത്രമായിരിക്കണം. അങ്ങയുടെ ഉപയോഗത്തിനുവേണ്ട എല്ലാ സാധനസാമഗ്രഹികളും എന്‍റെ വിവിധരൂപങ്ങള്‍ തന്നെ ആയിരിക്കണം.

ഇതുകേട്ടു പ്രസാദിക്കുന്ന ഗുരു പറയും: ശരി അങ്ങനെ തന്നെയാവട്ടെ, അതോടെ അവന്‍റെ ഭാവന ചിറകുവിടര്‍ത്തുകയായി. അവന്‍ പറയും:

പിന്നീട് ഞാന്‍ മാത്രമാകും അദ്ദേഹത്തിന്‍റെ ലോകം. അദ്ദേഹത്തെ പരിച്ചരിക്കുന്നതിനുള്ള ഭാഗ്യം എനിക്കുമാത്രം ലഭിക്കും. ഗുരു എല്ലാ ശിഷ്യന്മാരുടെയും മാതാവാണെങ്കിലും എന്‍റെ മാതാവ് മാത്രമായിരിക്കത്തക്ക നിലയില്‍ ഞാന്‍ അദ്ദേഹത്തെ സേവിക്കും ഒരു പത്നിയില്‍ മാത്രം അനുരക്തനായ പതിയെപ്പോലെ, എന്‍റെ ഗുരുസേവകൊണ്ട് ഞാന്‍ അദ്ദേഹത്തിന്‍റെ പ്രേമം മുഴുവന്‍ പിടിച്ച്പറ്റും. ഒരു സ്ഥലത്തുമാത്രം സ്ഥിരമായി വസിക്കുന്ന ഒരു ക്ഷേത്രസന്ന്യാസിയാകാന്‍ ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും. അദ്ദേഹം എന്‍റെ ഹൃദയതിലായിരിക്കും വസിക്കുന്നത്. കാറ്റ് ശക്തമായി അടിച്ചാലും നാലുദിശകള്‍ക്കുള്ളില്‍ ഒതുങ്ങിനില്ക്കും. അതുപോലെ ഞാന്‍ ഗുരുകൃപയെ ബന്ധനസ്ഥമാക്കി നിര്‍ത്തുന്ന ഒരു പഞ്ജരമായിത്തീരും. അദ്ദേഹത്തിന്‍റെ കാരുണ്യം എനിക്കുമാത്രം ലഭിക്കും. അദ്ദേഹത്തില്‍ ഞാന്‍ എന്‍റെ സ്വാമിനിയെ ദര്‍ശിച്ച്, എന്‍റെ ഗുണഗണങ്ങള്‍കൊണ്ടുള്ള ആടയാഭാരണങ്ങള്‍ അണിയിക്കും. ഞാന്‍ ഗുരുവിന്‍റെ സ്നേഹവൃഷ്ടിയേല്‍ക്കുന്ന ഉര്‍വിയായിത്തീരും. മറ്റാരും ഗുരുസേവ ചെയ്യുന്നതിന് ഞാന്‍ അനുവദിക്കുകയില്ല.

ഇപ്രകാരം അനന്തമനഃസൃഷ്‌ടി നടത്തുന്ന അവന്‍ പിന്നെയും പറയുകയാണ്‌.

ഞാന്‍ തന്നെ ഗുരുവിന്‍റെ വാസസ്ഥാനമായിത്തീര്‍ന്ന്‍ അഹോരാത്രം അദ്ദേഹത്തെ സേവിക്കും. അദ്ദേഹത്തിന്‍റെ നിര്‍ഗമനാഗമനങ്ങള്‍ക്കുള്ള വാതില്‍പ്പടികളായും വാതിലായും ദ്വാരപാലകനായും ഞാന്‍ അദ്ദേഹത്തെ സേവിക്കും. ഞാന്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങളായി അത് അദ്ദേഹത്തെക്കൊണ്ട് ധരിപ്പിക്കും. ഞാന്‍ അദ്ദേഹത്തിനു വെണ്‍കൊറ്റക്കുട പിടിക്കുകയും ചാമരം വീശുകയും ചെയ്യും. ഞാന്‍ അദ്ദേഹത്തിന്‍റെ വഴികാട്ടിയായിരിക്കും. നിമ്നോന്നതങ്ങളായ വഴിയില്‍ക്കൂടി നടക്കുബോള്‍ മുന്നറിയിപ്പ് നല്‍കുകയും അദ്ദേഹത്തിന്‍റെ കൈയ്ക്കുപിടിച്ചു സഹായിക്കുകയും ചെയ്യും. ദീപശിഖ പിടിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ നടക്കും. അദ്ദേഹത്തിന്‍റെ കൈകളും മുഖവും കഴുകുന്നതിനാവശ്യമായ ശുദ്ധജലം ഉള്‍ക്കൊള്ളുന്ന ജലപാത്രവും ഉപയോഗിച്ച മലിനജലം ശേഖരിക്കുന്ന പാത്രവും ഞാന്‍ തന്നെ ആയിരിക്കും. താംബൂലം വെയ്ക്കുന്ന വെറ്റിലത്തട്ടവും അതിന്‍റെ അവശിഷ്ടങ്ങള്‍ ഇടുന്ന കോളാമ്പിയും ഞാന്‍ തന്നെ ആയിരിക്കും. ഗുരു ഇരിക്കുന്ന ആസനം ഞാനായിരിക്കും. അദ്ദേഹം അണിയുന്ന വസ്ത്രവും ആഭരണങ്ങളും ചന്ദനവും എല്ലാം ഞാനായിരിക്കും. അദ്ദേഹത്തിന്‍റെ സ്നാനത്തിനുവേണ്ടതെല്ലാം ഞാന്‍ ഒരുക്കികൊടുക്കും. അദ്ദേഹത്തിനു ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പിക്കൊടുക്കുന്നതും ഞാനായിരിക്കും. എന്നെത്തന്നെ ദീപമാക്കി അദ്ദേഹത്തിന്‍റെ മുന്നില്‍ ആരതി ഉഴിയും. ഞാന്‍ അടുത്തിരുന്ന് അദ്ദേഹത്തെ ആഹാരം കഴിപ്പിക്കും; അതിനുശേഷം താംബൂലം നല്‍കും; ആഹാരം കഴിച്ച പാത്രം കഴുകി വെടിപ്പാക്കും. അദ്ദേഹത്തിനു ഞാന്‍ മെത്ത വിരിച്ചുകൊടുക്കും; അദ്ദേഹത്തിന്‍റെ കാലുകള്‍ തടവും; ഇപ്രകാരം ഞാന്‍ ഗുരുസേവയുടെ പൂര്‍ണ്ണതയിലെത്തും.

എന്‍റെ ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം ഞാന്‍ ഇതുപോലെ എന്‍റെ ഗുരുവിനെ സേവിക്കും. എന്‍റെ ശരീരം കൊഴിഞ്ഞുവീണതിനുശേഷം ഞാന്‍ അദ്ദേഹത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ശരീരത്തിലുള്ള ഭൂമിയുടെ അംശം ഗുരു നടക്കുന്ന ഭൂമിയില്‍ ഞാന്‍ കൂട്ടിക്കലര്‍ത്തും; എന്‍റെ ശരീരത്തിലുള്ള ജലാംശം അദ്ദേഹം സ്പര്‍ശിക്കുന്ന ജലത്തില്‍ ഉള്‍പ്പെടത്തും; അദ്ദേഹത്തിന് ഉഴിയുന്ന ആരതിയിലോ. അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ പ്രകാശം പരത്തുന്ന ദീപത്തിലോ എന്‍റെ ശരീരത്തിലുള്ള അഗ്നിയുടെ അംശം ഞാന്‍ ലയിപ്പിക്കും. ചാമരം വീശുമ്പോള്‍ അദ്ദേഹത്തിനു ലഭിക്കുന്ന മന്ദസമീരണനില്‍ എന്‍റെ പ്രാണവായുവിനെ കുടിയിരുത്തി അദ്ദേഹത്തിനു കുളിരേകുന്നതിനും അദ്ദേഹത്തെ സ്പര്‍ശിക്കുന്നതിനും ഞാന്‍ ഇടയാക്കും. എന്‍റെ ശരീരത്തിലുള്ള ആകാശം അദ്ദേഹം സഞ്ചരിക്കുന്ന സ്ഥലങ്ങളിലുള്ള അന്തരീക്ഷത്തില്‍ ഞാന്‍ വിലയം പ്രാപിപ്പിക്കും. ഇപ്രകാരം ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഞാന്‍ എന്‍റെ ഗുരുസേവ അഭംഗുരം തുടരും. ഇത് കോടാനുകോടി കല്പങ്ങളിലേക്ക് നീണ്ടു നില്‍ക്കും.

ഇത്തരത്തില്‍ ഗുരുസേവ ചെയ്യാന്‍ താല്പര്യപ്പെടുന്ന അവന്‍ ദിനരാത്രങ്ങളെപ്പറ്റി അറിയുന്നതേയില്ല, ഗുരു അവന് കൂടുതലായി സേവനസൗകര്യങ്ങള്‍ നല്‍കുമ്പോള്‍ അവന്‍ കൂടുതലായി ആഹ്ലാദിക്കുന്നു. ഗുരു എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന്‍റെ പ്രായോഗികവശത്തെപ്പറ്റി ചിന്തിക്കാതെ അവന്‍റെ ശരീരം അവന്‍റെ മനസ്സിനു മുന്നില്‍ കുതിക്കുന്നു. ഗുരുവിന്‍റെ ആഗ്രഹങ്ങള്‍ എത്ര വിചിത്രമായിരുന്നാലും അതു സാധിക്കുന്നതിന് അവന്‍ ജീവനെപ്പോലും ബലിനല്കാന്‍ തയാറാണ്. ഗുരുസേവ അവനെ കൃശനാക്കിയാല്‍ തന്നെയും ഗുരുപ്രേമം അവനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഗുരുവും മറ്റ് ശിഷ്യന്മാരുമായി തനിക്കു ഉറ്റബന്ധമുള്ളതുകൊണ്ട് ഉന്നതകുലജാതനാണ് താനെന്ന് അവന്‍ കരുതുന്നു. സഹശിഷ്യന്മാരുമായുള്ള അവന്‍റെ സരസവും സവിനയവുമായ പെരുമാറ്റം അവനെ സാത്വികനാക്കുന്നു. ഗുരുപാരമ്പര്യത്തില്‍പെട്ട നിത്യകര്‍മ്മങ്ങളും വിഹിതകര്‍മ്മങ്ങളും മുറ തെറ്റാതെ അവന്‍ അനുഷ്ഠിക്കുന്നു. ഗുരു അവന് തീര്‍ത്ഥസ്ഥാനമാണ്. അവന്‍റെ മാതാവും പിതാവും ദൈവവും എല്ലാം ഗുരുവാണ്. മോചനത്തിനുള്ള ഏകമാര്‍ഗ്ഗമായി അവന്‍ കാണുന്നത് ഗുരുസേവയാണ്. ഗുരുവിന്‍റെ നാമം ഗൂഡമന്ത്രമായി ചൊല്ലുന്ന അവന്‍ ഗുരുവാക്യപ്രമാണമൊഴിച്ചുള്ള മറ്റ് യാതൊരു ശാസ്ത്രഗ്രന്ഥങ്ങളും കൈകൊണ്ടു തൊടുകപൊലുമില്ല. ഗുരുവിന്‍റെ പാദസ്പര്‍ശനമേറ്റ ജലം അവന് ത്രൈലോക്യങ്ങളിലുള്ള തീര്‍ത്ഥജലങ്ങളെക്കാള്‍ പവിത്രമാണ്. ഗുരുവിന്‍റെ ആഹാരത്തിന്‍റെ ഉച്ഛിഷ്ടം ലഭിക്കുന്നത്. അതീന്ദ്രിയധ്യാനത്തില്‍ നിന്നു ലഭിക്കുന്ന ആനന്ദത്തെക്കാള്‍ ശ്രേഷ്ഠമായി അവന്‍ കരുതുന്നു. മോക്ഷസുഖലബ്ദിക്കായി ഗുരുവിന്‍റെ പാദസ്പര്‍ശനമേറ്റ ധൂളികള്‍ അവന്‍ ശിരസ്സിലണിയുന്നു.

ജ്ഞാനദേവന്‍ പറയുന്നു: ഗുരുഭക്തിയെപ്പറ്റി ധാരാളം പറഞ്ഞു. അതിനെ എത്ര പാടിപ്പുകഴ്ത്തിയ്യാലും അധികമാവുകയില്ല. എന്‍റെ അന്തരംഗത്തില്‍ ഗുരുപ്രേമം നുരച്ചുപൊങ്ങുന്നത്കൊണ്ട് ഞാന്‍ ഇപ്രകാരം ദീര്‍ഘമായി പറഞ്ഞത്താണ്. ഗുരുഭക്തിയുള്ള ഒരുവന് ഗുരുസേവയെപ്പോലെ ആനന്ദം മറ്റൊന്നില്‍നിന്നും ലഭിക്കുകയില്ല. അവന്‍ തത്ത്വജ്ഞാനത്തിന്‍റെ ഭണ്ഡാഗാരമാണ്; ജ്ഞാനത്തിന്‍റെ മാഹാത്മ്യവും മനോഹാരിതയും വര്‍ദ്ധിപ്പിക്കുന്നു. സത്യത്തില്‍ ജ്ഞാനം അവനെ ഒരു ദേവതയായി കരുതി അവന്‍റെ ഭക്തനായിത്തീരുന്നു. ജ്ഞാനം അതിന്‍റെ വാതില്‍ അവനുവേണ്ടി എപ്പോഴും തുറന്നുവെച്ചിരിക്കുന്നു. ലോകത്തിനു മുഴുവന്‍ ആവശ്യമുള്ളിടത്തോളം ജ്ഞാനം അവനില്‍ ഉണ്ടായിരിക്കും.

അചാര്യോപാസനത്തെക്കുറിച്ച് ജ്ഞാനേശ്വരന്‍ തുടരുന്നു: ഗുരുസേവയെക്കുറിച്ച് ഇത്രയും പ്രതിപാദിച്ചത് എനിക്ക് ഈ പ്രതിഭാസത്തോടു അത്രത്തോളം ഗാഢാനുരാഗമുള്ളതുകൊണ്ടാണ്. ഗുരുസേവയില്‍ ഞാന്‍ നിരതനാകുന്നില്ലെങ്കില്‍ കൈകളുണ്ടെങ്കിലും ഞാന്‍ പാണിരഹിതനാണ്; കണ്ണുകളുണ്ടെങ്കിലും അന്ധനാണ്; കാലുകളുണ്ടെങ്കിലും മുടന്തനാണ്. ഗുരുസേവയില്‍ വൈമുഖ്യം കാണിക്കുന്ന എന്‍റെ വാക്കുകള്‍ മൂകമായിരിക്കും. ഞാന്‍ ഗുരുസേവയില്‍ പരാങ്മുഖനായാല്‍ എന്‍റെ ജീവിതം തന്നെ വ്യര്‍ത്ഥമായിത്തീരും. ഇക്കാരണത്താലാണ് ഈ ആശയത്തെപ്പറ്റി ഞാന്‍ ഇത്രയും വ്യാഖ്യാനിച്ചത്.

ഇനിയും ഗീതയെപ്പറ്റിയുള്ള പ്രഭാഷണം തുടരാം. സകലചരാചരങ്ങളുടെയും ആലംബമായ മഹാവിഷ്ണുവിന്‍റെ അവതാരമായ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു:

അല്ലയോ അര്‍ജ്ജുന, ഞാന്‍ ഇനിയും ബാഹ്യവും ആന്തരികവുമായ ശുചിത്വത്തെപ്പറ്റി പറയാം. പരിശുദ്ധനായ ഒരു മനുഷ്യന്‍റെ ശരീരവും മനസ്സും കര്‍പ്പൂരം പോലെ പരിശുദ്ധമായിരിക്കും. ഉള്ളിലും വെളിയിലും ഒരുപോലെ തെളിഞ്ഞതും നിര്‍മ്മലവുമായിരിക്കുന്ന രത്നത്തെപ്പോലെയോ അകത്തും പുറത്തും ജാജ്ജ്വല്യമാനമായി പ്രശോഭിക്കുന്ന പ്രഭാകരനെപ്പോലെയോ അവന്‍ അവന്‍റെ സാത്വികപ്രവൃത്തികള്‍കൊണ്ട് ബാഹ്യമായും ജ്ഞാനംകൊണ്ട് ആന്തരികമായും പരിശുദ്ധിയുള്ളവനായിരിക്കും. അവന്‍ വെള്ളവും ഭൂമിയും കൊണ്ട് അഭിഷേകംചെയ്ത ശരീരത്തെ പരിപൂതമാക്കുകയും വേദങ്ങള്‍ പാരായണം ചെയ്ത് അവന്‍റെ മനസ്സിനെ നിര്‍മ്മലമാക്കുകയും ചെയ്യുന്നു. പൂഴിമണ്ണ് വിദഗ്ദ്ധമായി ഉപയോഗിച്ച് മുഖക്കണ്ണാടി വെടിപ്പാക്കാന്‍ കഴിയുന്നു. വസ്ത്രത്തിലുള്ള അഴുക്ക് അലക്കുകാരന്‍ കഴുകിക്കളയുന്നു. അതുപോലെ ബാഹ്യമായി കറയററവനായിത്തീരുന്ന അവന്‍റെ അന്തരംഗം ജ്ഞാനദീപത്താല്‍ പ്രകാശപൂരിതമാകുമ്പോള്‍ അവന്‍ എല്ലാ വിധത്തിലും വിശുദ്ധനായിത്തീരുന്നു. ഒരുവന്‍റെ ഹൃദയം കളങ്കപ്പെട്ടിരിക്കുകയും അവന്‍റെ ശരീരം ശുചിയായിരിക്കുകയും ചെയ്യുന്നത് അപഹാസ്യമായ ഒരവസ്ഥയാണ്. അതു ഒരു ശവത്തിനെ ആടയാഭരണങ്ങള്‍ അണിയുക്കുന്നതുപോലെയാണ്; പുണ്യതീര്‍ത്ഥത്തില്‍ കഴുതയെ കുളിപ്പിക്കുന്നതുപോലെയാണ്; കയ്പ്പക്കയുടെ പുറത്ത് ശര്‍ക്കര പൊതിയുന്നതുപോലെയാണ്; ആവാസയോഗ്യമല്ലാത്ത ഗൃഹത്തെ അലങ്കരിക്കുന്നതുപോലെയാണ്; ഒഴിഞ്ഞ വയറിന്‍റെ പുറത്ത് ആഹാരപദാര്‍ത്ഥം പുരട്ടുന്നതുപോലെയാണ്. അകം പൊള്ളയായ താഴികക്കുടത്തിന്‍റെ പുറംപൂച്ചിലുള്ള തിളക്കം നിരര്‍ത്ഥകമാണ്. പഴത്തിന്‍റെ പ്രതിരൂപത്തില്‍ നിറംപുരട്ടി മോടി പിടിപ്പിച്ചാല്‍ യഥാര്‍ത്ഥ പഴമാകുമോ? അതുപോലെയാണ് ആന്തരികമായി അശുദ്ധമായിരിക്കുമ്പോള്‍ ബാഹ്യമായിമാത്രം ശുദ്ധമായുള്ള പ്രവര്‍ത്തനം. താണതരത്തിലുള്ള വില്പനചരക്ക്‌ ഒരിക്കലും നല്ല വിലക്ക് വില്‍ക്കാന്‍ കഴിയുകയില്ല. ആകയാല്‍ ആദ്യമായി അന്തരംഗം ജ്ഞാനംകൊണ്ട് നിറയ്ക്കണം. അപ്പോള്‍ ബാഹ്യപരിശുദ്ധി താനേ വന്നു ചേരും. ബാഹ്യപരിശുദ്ധി നേടുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം എങ്ങനെയാണ് ആന്തരികപരിശുദ്ധി സിദ്ധിക്കുന്നത്? ആകയാല്‍, അല്ലയോ പാര്‍ത്ഥ, കര്‍മയോഗം കൊണ്ട് ബഹിര്‍ഭാഗവും ജ്ഞാനയോഗംകൊണ്ട് അന്തര്‍ഭാഗവും ശുചീകരിക്കുന്ന ഒരുവന്‍ അകത്തും പുറത്തും പരിശുദ്ധനായിത്തീരുന്നു. സ്ഫടികപ്പാത്രത്തില്‍ വെച്ചിരിക്കുന്ന ദീപത്തിന്‍റെ പ്രകാശം അകത്തും പുറത്തും ഒരുപോലെ പരക്കുന്നു. അതുപോലെ അവന്‍റെ പരിശുദ്ധമായ ചിന്തകള്‍ ഇന്ദ്രിയങ്ങള്‍ വഴിയായി പുറത്തേക്കു പ്രസരിക്കുന്നു. വിവിധവര്‍ണ്ണങ്ങളിലുള്ള വാര്‍മുകില്‍ വാനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അതുപോലെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ സംശയം ഉണ്ടാക്കുന്നതോ ആയ എന്തെങ്കിലും അവന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്താലും ദുഷ്കര്‍മ്മങ്ങളുടെ ബീജങ്ങള്‍ മുളച്ചാല്‍ പോലും അവന്‍റെ മനസ്സില്‍ യാതൊരു വിപരീതഫലങ്ങളും ഉളവാകുന്നില്ല. ഇന്ദ്രിയങ്ങള്‍ അതിന്‍റെ വിഷയങ്ങളുമായി കൂടിമുട്ടിയാലും അവന്‍റെ മനസ്സ് അതിന്‍റെ സ്വാധീനവലയത്തില്‍പെടാതെ വികാരരഹിതമായി അപങ്കിലമായിരിക്കും. ഒരു പുംശ്ചലിയേയോ സുന്ദരിയേയോ വഴിയില്‍ കണ്ടാല്‍ അവന്‍റെ മനസ്സ് അലിപ്സവും അസ്ക്തവും ആയിരിക്കും. ഒരു യുവതി തന്‍റെ ഭര്‍ത്താവിനേയും പുത്രനെയും ആശ്ലേഷിക്കുന്നു. എന്നാല്‍ പുത്രനെ ആശ്ലേഷിക്കുമ്പോള്‍ ലൈംഗികവികാരങ്ങള്‍ അവളില്‍ ഉണ്ടായിരിക്കുകയില്ല. അതുപോലെ അവന്‍റെ ഹൃദയം നിഷ്കളങ്കമായിരിക്കും. നന്മയെയും തിന്മയേയും അതിന്‍റെ ശരിയായ കാഴ്ചപാടില്‍കൂടി കണ്ടറിഞ്ഞ് സ്വീകാര്യമായതിനെ സ്വീകരിക്കുന്നതിനും ത്യാജമായതിനെ ത്യജിക്കുന്നതിനും വേണ്ട അറിവ് അവനുണ്ട്. വജ്രം വെള്ളത്തില്‍ വീണാലും നനഞ്ഞു കുതിരുകയില്ല. മണല്‍ വെള്ളത്തിലിട്ട് വേവിക്കാനും കഴിയുകയില്ല. അതുപോലെ അവന്‍റെ മനോവികാരവൃത്തിയെ യാതൊരുവിധ ദുശ്ചിന്തകളും മലീമസമാക്കുകയില്ല. അര്‍ജ്ജുനാ, ഇതാണ് ശുചിത്വം. ഇത് സമ്പൂര്‍ണ്ണമായി ആരില്‍ കാണുന്നുവോ അവനില്‍ ജ്ഞാനം സ്ഥിതിചെയ്യുന്നു.

ഇനിയും സ്ഥൈര്യത്തെപ്പറ്റി പറയാം. ജ്ഞാനത്തിന്‍റെ ജീവനാണ് സ്ഥൈര്യം. ഒരുവന്‍ അവന്‍റെ ആത്യന്തികമായ ഉത്കര്‍ഷത്തിനുവേണ്ടി ലൌകികകാര്യങ്ങളില്‍ ഏര്‍പ്പെട്ടാലും അവന്‍റെ മനസ്സ് അക്ഷോഭ്യമായിരിക്കും. കാട്ടില്‍ ഉഴന്നുനടന്നുമേയുന്ന പശുവിനു അതിന്‍റെ കിടാവിനോടുള്ള സ്നേഹം പതറാതെ ഉറച്ചിരികും. ഒരു പിശുക്കന്‍ എവിടെ പോയാലും മൂടിവെച്ചിരിക്കുന്ന തന്‍റെ ധനത്തില്‍തന്നെയിരിക്കും അവന്‍റെ മനസ്സ്. അതുപോലെ കായികപ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കുമ്പോഴും ജ്ഞാനിയുടെ മനസ്സ് അചഞ്ചലമായി ലക്ഷ്യബോധത്തില്‍ ഉറച്ചിരിക്കും. ഓടിക്കൊണ്ടിരിക്കുന്ന കാര്‍മേഘങ്ങളോടൊപ്പം ആകാശം ചരിക്കുനില്ല. ധ്രുവനക്ഷത്രം മറ്റു നക്ഷത്രങ്ങളോടൊപ്പം നീങ്ങാതെ ഉറച്ചു നില്‍ക്കുന്നു. വഴിയാത്രക്കാരനോടോപ്പം വഴിയോ വഴിവക്കത്തു നില്‍ക്കുന്ന വൃക്ഷങ്ങളോ സഞ്ചരിക്കുന്നില്ല. അതുപോലെ പഞ്ചഭൂതനിര്‍മ്മിതമായ ശരീരം ഇന്ദ്രിയങ്ങള്‍ മുഖേന എല്ലാ ചലനങ്ങളും നടത്തുമ്പോഴും അവന്‍റെ മനസ്സ് വികാരങ്ങളുടെ വേലിയേറ്റംകൊണ്ട് ചഞ്ചലമാകുന്നില്ല. കൊടുങ്കാറ്റ് ഭൂമിയെ കുലുക്കാത്തതുപോലെ, ദുരന്തങ്ങളൊന്നും അവനെ ഇളക്കി മറിക്കുകയില്ല. സമ്പത്തോ ദാരിദ്ര്യമോ അവനെ പീഡിപ്പിക്കുകയില്ല. ഭയവും ദുഃഖവും അവനെ വിഹ്വലനാക്കുകയില്ല. മൃത്യുവിനെപ്പോലും അവന്‍ ഭയപ്പെടുന്നില്ല. എപ്പോഴെങ്കിലും അവന്‍ അതിമോഹമൊ, വ്യഥയോ, വ്യാധിയോ, വാര്‍ദ്ധക്യമോ അഭിമുഖീകരിക്കേണ്ടി വന്നാലും അവന്‍റെ മനസ്സിന്‍റെ സമനില തെറ്റുകയില്ല. നിസ്തേജനാക്കപ്പെട്ടാലും അപകീര്‍ത്തിപ്പെടുത്തിയാലും ശിക്ഷ അനുഭവിക്കേണ്ടി വന്നാലും കാമലോഭങ്ങളെ നേരിടേണ്ടിവന്നാലും ഋജുവായ അവന്‍റെ മനസ്സ് തലനാരിഴയ്ക്കുപോലും ചലിക്കുകയില്ല. ആകാശം ഇടിഞ്ഞുവീണാലും ഭൂമി സമുദ്രത്തില്‍ മുങ്ങിപ്പോയാലും അവന്‍റെ മനസ്സ് പതറുകയില്ല. കൊമ്പനാനയെ കുസുമമഞ്ജരികൊണ്ട് വിരട്ടിയോടിക്കാന്‍ കഴിയാത്തതുപോലെ ശകാരശരങ്ങള്‍ കൊണ്ട് അവനെ മുറിവേല്‍പ്പിക്കാന്‍ കഴിയുകയില്ല. കാനനവഹ്നിക്ക് വാനത്തെ വിഴുങ്ങാന്‍ സാദ്ധ്യമല്ല. മന്ദരപര്‍വതത്തെ മത്താക്കി ക്ഷീരസാഗരം കടഞ്ഞപ്പോള്‍ ക്ഷീരസാഗരവീചികള്‍ക്ക് മന്ദരപര്‍വ്വതത്തെ ഇളക്കിയെറിയാന്‍ കഴിഞ്ഞില്ല. അതുപോലെ ശോകമോഹാദികളുടെ എത്രയെത്ര തിരമാലകള്‍ ഉയര്‍ന്നാലും അവന്‍റെ മനസ്സ് സമചിത്തത പാലിക്കുന്നു. അവന്‍റെ ധൈര്യം, ക്ഷമ, സഹിഷ്ണുത എന്നിവയെല്ലാം കല്പാന്തകാലം വരെയും നിലനില്‍ക്കുന്നു. അര്‍ജ്ജുനാ, സ്ഥൈര്യത്തിന്‍റെ ലക്ഷ്ണങ്ങളാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. ഇവയെല്ലാം ഉള്‍ക്കൊണ്ട് സ്ഥൈര്യവാനായിരിക്കുന്ന ഒരുവന്‍ (ഉറപ്പുറ്റ ലക്ഷ്യബോധമുള്ളവന്‍ ) ജ്ഞാനത്തിന്‍റെ തുറന്ന ഭാണ്ഡാരമാണ്.

മനസ്സിന്‍റെയും ബുദ്ധിയുടെയും നിയന്ത്രണമാണ് ആത്മ വിനിഗ്രഹം. മരിച്ച ബ്രാഹ്മണന്‍റെ പ്രേതം ഒരു നിമിഷം പോലും അതുമായി ബന്ധപ്പെട്ടിരുന്ന അതിന്‍റെ വീട് മറക്കുകയില്ല. ഒരു യോദ്ധാവ് എപ്പോഴും ആയുധത്തെപ്പറ്റി ഓര്‍ത്തുകൊണ്ടിരിക്കും. ഒരു പിശുക്കന്റെ ചിന്ത തന്‍റെ സമ്പത്തിനെ പറ്റി മാത്രം ആയിരിക്കും. ഒരു മാതാവ് തന്‍റെ ശിശുവിനെ ഇമവെട്ടാതെ കാത്തുസൂക്ഷിക്കും. മധുപന്‍റെ ബന്ധം മധുവിനോടുമാത്രമാണ്. അതുപോലെ, ഒരു ജ്ഞാനി തന്‍റെ മനസ്സ് ഇന്ദ്രിയങ്ങളുടെ വാതില്‍ക്കലെത്തി കാത്തുനില്‍ക്കാന്‍ ഇടയാകാതെ സദാ അതിന് കാവല്‍ നില്‍ക്കുകയും അതിനെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. വികാരങ്ങളാകുന്ന ഭൂതങ്ങളും മോഹങ്ങളാകുന്ന പെണ്‍പിശാചുക്കളും അവനെ ആക്രമിച്ച് അവന്‍റെ ജീവനാംശം വരത്തുമെന്ന് അവന്‍ എപ്പോഴും ഭയപ്പെടുന്നു. അതുകൊണ്ട് അവന്‍റെ മനസ്സിന്‍റെ വാസനകളെയും പ്രവണതകളേയും ഇന്ദ്രിയങ്ങളുടെ സമീപത്തേക്ക് പോകാതെ നിയന്ത്രണത്തിലാക്കി തടവില്‍ വെയ്ക്കുന്നു. അവന്‍റെ ശരീരത്തെ ക്ഷീണിപ്പിച്ചുപോലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു. അവന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നു. യമനിയമങ്ങളെന്ന രണ്ടു പാറാവുകാരെ അവന്‍റെ മനസ്സിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങളെ അതിന്‍റെ വിഷയങ്ങളില്‍നിന്ന് പ്രാത്യാഹരിച്ചു എല്ലാ പ്രവൃത്തികളും നിയന്ത്രണത്തോടെ ചെയ്യുന്നു. അതിനുശേഷം ദേഹദേഹികളുടെ ചേര്‍ച്ചസ്ഥാനമായ വജ്ര. ഉഡ്യാന, ജലന്ധര എന്നീ ബന്ധങ്ങളെ യഥാക്രമം അതിന്‍റെ ശക്തി കേന്ദ്രങ്ങളാകുന്ന ആധാര, മണിപൂര, വിശുദ്ധ എന്നീ സ്ഥാനങ്ങളില്‍ ഉറപ്പിച്ചുകൊണ്ട്‌ മനസ്സിനെ എകാഗ്രമാക്കുകയും ഇഡ, പിംഗല എന്നീ നാഡികളുടെ മധ്യത്തിലുള്ള സുഷുമ്നാനാഡിയില്‍ അതിനെ ശ്രദ്ധാമഗ്നമാക്കുകയും ചെയ്യുന്നു. പിന്നീട് സമാധിയുടെ ശയ്യാതലത്തില്‍ ധ്യാനം കൊണ്ട് അവന്‍റെ ചിത്തത്തെ തളച്ചിടുന്നു. ചിത്തം സുസ്ഥിരമായി നിശ്ചലമായിത്തീരുന്നു. അത് ചൈതന്യവുമായി ഒന്നുചേരുന്നു. അവന്‍ അന്തഃകരണനിഗ്രഹത്തില്‍ നൈപുണ്യം നേടിയിരിക്കുന്നു. ഇപ്രകാരം സംഭവിക്കുമ്പോള്‍ ഇത് ജ്ഞാനത്തിന്‍റെ വിജയമാണ്. തന്‍റെ എല്ലാ ആജ്ഞകളെയും അനുസരിക്കുന്ന അന്തഃകരണമുള്ള ഒരുവനെ ജ്ഞാനത്തിന്‍റെ അവതാരമായി കരുതണം.