ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 8

ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യ-
മനഹങ്കാര ഏവ ച
ജന്മമൃത്യുജരാവ്യാധി-
ദുഃഖദോഷാനുദര്‍ശനം.

ഇന്ദ്രിയങ്ങള്‍ക്കു കൊതി തോന്നുന്ന പദാര്‍ത്ഥങ്ങളില്‍ വിരക്തിയും ‘ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു’ എന്ന കര്‍തൃത്വഭോക്തൃത്വങ്ങളില്‍ വൈമുഖ്യവും ജനനം, മരണം, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ ദുഃഖങ്ങളാകുന്ന ദോഷങ്ങള്‍കൊണ്ട് നിറഞ്ഞവയാണ് ദേഹങ്ങളെന്ന ബോധവും ജ്ഞാനത്തിന് വഴിതെളിക്കുന്ന ഉപായങ്ങളാണ്.

അവന്‍റെ മനസ്സ് ഇന്ദ്രിയവിഷയങ്ങളോട് സദാ ഉദാസീനമായിരിക്കും. ആരും ശവശരീരത്തെ പുല്‍കാന്‍ കൈനീട്ടുകയില്ല; വിഷം കുടിക്കാന്‍ ആഗ്രഹിക്കുയില്ല; വ്യാഘ്രത്തിന്‍റെ ഗുഹയില്‍ വസിക്കുകയില; കത്തിയെരിയുന്ന വീട്ടിനുള്ളില്‍ കയറുകയില്ല; ഉരുകികിടക്കുന്ന ഇരുമ്പിലേക്ക് കുതിച്ചുചാടുകയില്ല; സര്‍പ്പത്തെ ഉപധാനമായി ഉപയോഗിക്കുകയില്ല. അതുപോലെ അവന്‍ ഇന്ദ്രിയവിഷയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവയുടെ വാര്‍ത്തകള്‍ ശ്രവിക്കുകയോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. അവന്‍ കൃശനും ക്ഷീണീതനുമായിരിക്കും. വിഷയസുഖങ്ങളില്‍ നിസ്പൃഹനാണെങ്കിലും ശമദമങ്ങള്‍ പാലിക്കുന്നതില്‍ അവന്‍ അതീവപ്രീതിയുള്ളവനായിരിക്കും. അവന് തപോവ്രതത്തില്‍ താല്‍പര്യം ഉണ്ട്. അവന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ സഹവാസം ലോകാവസാനകാലത്തുണ്ടാകുന്ന ദുരന്തം പോലെ അവന്‍ വെറുക്കുന്നു. അവന് യോഗാഭ്യാസത്തോട് അതിയായ ആഭിമുഖ്യമുണ്ട്. ശരശയ്യയില്‍ കിടക്കുന്നതു പോലെയാണ് അവന് ലൌകികസുഖങ്ങള്‍ അനുഭവപ്പെടുന്നത്.

സ്വര്‍ഗ്ഗഭോഗങ്ങളെപ്പറ്റിയുള്ള ആശയം പോലും നായയുടെ ചീഞ്ഞു നാറുന്ന മാംസം പോലെ അറപ്പോടെയാണ് അവന്‍ കരുതുന്നത്. ഇന്ദ്രിയവിഷയങ്ങളോട് ഇത്തരത്തിലുള്ള വെറുപ്പ്, നിസ്സംഗത്വം, വിരക്തി തുടങ്ങിയ വികാരങ്ങല്‍ക്കാണു വൈരാഗ്യം എന്ന് പറയുന്നത്. ഇപ്രകാരം ഐഹികപാരത്രിക സുഖങ്ങളില്‍ അത്യന്തമായ അനിഷ്ടമുള്ള ഒരുവനില്‍ ജ്ഞാനം ദര്‍ശിക്കാം. അവന്‍ ബ്രഹ്മാനന്ദാനുഭവത്തിനു അര്‍ഹനായിത്തീരുന്നു.

ആഗ്രഹങ്ങളുള്ള സാധാരണ മനുഷ്യരെപ്പോലെ അവന്‍ എല്ലാ ഇഷ്ടപൂര്‍ത്തികര്‍മ്മങ്ങളും വര്‍ണ്ണാശ്രമപോഷ്കങ്ങളായ കാര്യങ്ങളും ചെയ്യുമെങ്കിലും താനാണ് ഇതെല്ലാം ചെയ്യുന്നതെന്നോ തന്‍റെ മേന്മകൊണ്ടാണ് ഇതൊക്കെ വിജയിച്ചതെന്നോ ഉള്ള അഹംഭാവം ഒരിക്കലും അവന് ഉണ്ടായിരിക്കുകയില്ല. നിത്യനൈമിത്തിക കാര്യങ്ങളും ധാര്‍മ്മികക്രിയകളും മുറതെറ്റാതെ ചെയ്യുന്ന അവനെ അഹങ്കാരം ഒരിക്കലും വഞ്ചിക്കുകയില്ല. എല്ലാ ദിശകളിലേക്കും കാറ്റ് ഒരുപോലെ വീശുന്നു; സ്വന്തം പ്രാധ്യാനം കണക്കിലെടുത്തുകൊണ്ടല്ല സൂര്യന്‍ ഉദിക്കുന്നതും പ്രകാശം ചൊരിയുന്നതും; ശ്രുതികള്‍ പ്രകൃത്യാ ശ്രോതാക്കളുടെ നന്മയ്ക്കായി ഉപദേശങ്ങള്‍ നല്‍കുന്നു; ഗംഗ ആഹേതുകമായി ഒഴുകുന്നു. അതുപോലെ അവന്‍ ഈ ലോകത്തില്‍ അനഹങ്കാരനായി വര്‍ത്തിക്കുന്നു. അതതുകാലങ്ങളില്‍ പ്രത്യേക താല്പര്യമൊന്നുമില്ലാതെ കനികള്‍ പേറുന്ന വൃക്ഷങ്ങളുടേത്‌ പോലെയാണ് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മാനസികാവസ്ഥ. അവന്‍ കര്‍മ്മഫലത്തെ ഇച്ഛിക്കുന്നില്ല. കണ്ഠാഭരണത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന മുത്തുകള്‍ ചരടുപൊട്ടുമ്പോള്‍ പൊഴിഞ്ഞു വീഴുന്നതുപോലെ, അവന്‍റെ മനസ്സിലും വാക്കിലും പ്രവൃത്തിയിലും നിന്ന് അഹങ്കാരം സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്നു. ആകാശത്തില്‍ കാണുന്ന മേഘങ്ങള്‍ ആകാശവുമായി ബന്ധിതമല്ല, അതില്‍നിന്നു വേറിട്ടുനില്‍ക്കുന്നു. അതുപോലെ, ശരീരത്തില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും അതുമായി അനുബദ്ധനല്ലാത്തതിനാല്‍ കര്‍മ്മങ്ങളും അവനെ ബന്ധിക്കുന്നില്ല. താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍റെ അപര്യാപ്തയെപ്പറ്റി മദ്യപന് ഒരു ബോധവുമില്ല. മണ്‍പാവയുടെ കൈയിലിരിക്കുന്ന വാളിനെപ്പറ്റി പാവയ്ക്കു അറിവില്ല. കഴുത ചുമക്കുന്ന ഗ്രന്ഥങ്ങളെപ്പറ്റി അത് അജ്ഞനാണ്. അതുപോലെ, അവന്‍ ശരീരത്തില്‍ സ്ഥിതിചെയ്യുന്നുവെന്നുള്ള നിനവുപോലും അവനില്ല. ഇപ്രകാരമുള്ള അവന്‍റെ മാനസികാവസ്ഥയാണ് നിരഹങ്കാരത. ഈ ലക്ഷണം പൂര്‍ണ്ണമായിട്ടുള്ള ഒരുവനില്‍ ജ്ഞാനം വര്‍ദ്ധിക്കുന്നുവെന്നുള്ളത് നിസ്തര്‍ക്കമാണ്.

ജനനം, മരണം, ദുഃഖം, രോഗം, വാര്‍ദ്ധക്യം എന്നിവയൊക്കെ അവനെ സമീപിക്കുന്നതിനു മുമ്പുതന്നെ അവയെപ്പറ്റി അവന്‍ മനസിലാക്കുന്നു. മാന്ത്രികന്‍ പിശാചു ബാധിക്കുന്നതിന് മുമ്പ് അതിനെ ഒഴിച്ചു നിര്‍ത്തുന്നില്ലേ? അതുപോലെ യോഗി മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് മുന്‍കരുതല്‍ ചെയ്യുന്നു. കല്ലാശാരി തൂക്കുനൂല്‍ ഉപയോഗിച്ച് വളവിലാതെ ചുവര്‍ നിര്‍മ്മിക്കുന്നു. ഒരു സര്‍പ്പം അതിന്‍റെ പൂര്‍വജന്മത്തിലുള്ള ശത്രുവിനെ ഒരിക്കലും മറക്കാതെ മനസ്സില്‍ വെച്ചിരിക്കുന്നതുപോലെ ജ്ഞാനി തന്‍റെ പൂര്‍വ്വജന്മത്തിലെ ദുഃഖകരമായ സ്മരണകള്‍ പേറിക്കൊണ്ടു വീണ്ടും ഒരു ജന്മമെടുക്കുന്നതിനു ഇടയാകത്തക്കവണ്ണം ജീവിതം നയിക്കുന്നു, കണ്ണില്‍ വീണ കരട്‌ അതില്‍ അലിഞ്ഞു ചേരുകയില്ല. മുറിവുണ്ടാക്കിയ ആയുധം മുറിവില്‍ ലയിച്ചുചേരുകയില്ല. എങ്കിലും അവ എപ്പോഴും നമ്മുടെ മനസ്സിനെ അലട്ടികൊണ്ടിരിക്കും. അതുപോലെ പൂര്‍വജന്മത്തിലെ ദുഃഖങ്ങളെ ഒരിക്കലും അവന് വിസ്മരിക്കാന്‍ സാദ്ധ്യമല്ല. അവന്‍ പറയും: അഹോ കഷ്ടം! ഞാന്‍ ഗര്‍ഭപിണ്ഡമായി ചളിയും പഴുപ്പും നിറഞ്ഞ ഗര്‍ത്തത്തില്‍ രൂപം പ്രാപിച്ച്; മൂത്രരന്ധ്രത്തില്‍ക്കൂടി പുറത്ത് വന്നു; ജനനശേഷം മാതാവിന്‍റെ വക്ഷസ്സില്‍കിടന്ന് ആസ്വാദ്യകരമായ അമ്മിഞ്ഞ കുടിച്ചതോടോപ്പം വിയര്‍പ്പും നക്കിക്കുടിച്ചു.

ഇപ്രകാരം അവന്‍റെ ജനനത്തെപ്പറ്റി സ്മരിക്കുമ്പോള്‍ അവന്‍ വെറുപ്പ്‌ പ്രകടിപ്പിക്കുന്നു. ഇനിയും ഇതുപോലെ ഒരു ജന്മം ഉണ്ടാകാന്‍ ഇടവരത്തുകയില്ലെന്നു അവന്‍ പ്രതിജ്ഞയെടുക്കുന്നു. ചൂതാട്ടക്കാരന്‍ തന്‍റെ നഷ്ടപെട്ട പണം തിരിച്ചെടുക്കാന്‍ കരുതലോടെയാണ് വീണ്ടും കളിക്കുന്നത്. തന്‍റെ പിതാവിനെ ദ്രോഹിച്ചവനോടു പ്രതികാരം ചെയ്യാന്‍ ഒരു മകന്‍ കാത്തിരിക്കും. അതുപോലെ, ഒരു ജ്ഞാനി പുനര്‍ജ്ജന്മം ഒഴിവാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. മാന്യനായ ഒരുവനുണ്ടായ അപമാനം അവന്‍ ഒരിക്കലും സഹിക്കാത്തതുപോലെ, പുനര്‍ജ്ജന്മംകൊണ്ടുണ്ടായ നാണക്കേടു ഒരു ജ്ഞാനിയെ ഒരിക്കലും വിട്ടുപിരിയുകയില്ല. അവന്‍റെ മരണം വളരെ വിദൂരമാണെങ്കിലും അതു ഉടന്‍ തന്നെ സംഭവിക്കണമെന്നുള്ള ബോധം അവന് എപ്പോഴുമുണ്ട്. അര്‍ജ്ജുനാ, നദീമദ്ധ്യം ആഴമുള്ളതാണെന്നറിയുന്നവന്‍ നീന്താനിറങ്ങുന്നതിനു മുമ്പ് നദിക്കരയില്‍വെച്ചുതന്നെ അവന്‍റെ വസ്ത്രങ്ങള്‍ അരക്കെട്ടില്‍ മുറുക്കിച്ചുറ്റുന്നു. യുദ്ധത്തിനു പോകുന്ന യോദ്ധാവ് വേണ്ട സന്നാഹങ്ങളോടെ പോവുകയും അവനെതിരായി വരുന്ന പ്രഹരങ്ങളേല്‍ക്കുന്നതിന് മുമ്പായിത്തന്നെ പരിചകൊണ്ട് അവയെ തടുക്കുകയും ചെയ്യുന്നു. ഒരു വഴിയാത്രക്കാരന്‍ യാതാമദ്ധ്യേ ചോരന്മാരുടെ ആക്രമണമുണ്ടാകാന്‍ ഇടയുണ്ടെന്ന് കരുതി ജാഗ്രതയോടെ യാത്ര ചെയ്യുന്നു. ഒരു വലിയ കല്ല്‌ വെള്ളത്തില്‍ വീഴുമ്പോള്‍ അതു കയങ്ങളിലേക്ക് ആഴുന്നു. അതുപോലെ, സംസാരസാഗരത്തില്‍ പതിക്കുന്ന ഒരുവന്‍ അതില്‍ ആണ്ടുപോകുന്നു. ‘ഞാന്‍ മുങ്ങിച്ചാകാന്‍ പോകുന്നേ, എന്നെ രക്ഷിക്കണേ’ എന്ന് അവിടെ കിടന്ന് നിലവിളിച്ചാല്‍ ആരാണ് കേള്‍ക്കുന്നത്? അവന്‍ മുങ്ങിമരിച്ചുവെന്നു മറ്റുള്ളവരോടു പറയാന്‍ പോലും ആരും ഉണ്ടാവില്ല. ശക്തനായ ശത്രുവുള്ളവന്‍ ജാഗ്രതയോടെ അഹോരാത്രം ആയുധങ്ങളുമായി നടക്കണം. വിവാഹിതയാകാന്‍ പോകുന്ന യുവതി അവളുടെ അച്ഛനെ വീട്ടിട്ടുപോകാന്‍ തയാറാകണം. സന്യസിക്കാന്‍ ഒരുമ്പെടുന്നവര്‍ എല്ലാ ബന്ധങ്ങളും ഛേദിക്കണം. അതുപോലെ ജ്ഞാനിയായ ഒരുവന്‍ മൃത്യു വരുന്നതിനു മുമ്പ് അതിന്‍റെ ആഗമനത്തെപ്പറ്റി ദീര്‍ഘദര്‍ശനം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തികുകയും വേണം. ഇപ്രകാരം ജ്ഞാനത്തിന്റെ അഗ്നിയില്‍ ശുദ്ധീകരിച്ച അവന്‍റെ ശരീരംകൊണ്ട് ഈ ജന്മത്തില്‍ത്തന്നെ അവന് അടുത്ത ജന്മനിവാരണം സാദ്ധ്യമായിത്തീരും. മൃത്യു വരുന്നതിനു മുമ്പ് അതിന്‍റെ ആഗമനത്തെപ്പറ്റി ദീര്‍ഘദര്‍ശനം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇപ്രകാരം ജ്ഞാനത്തിന്‍റെ അഗ്നിയില്‍ ശുദ്ധീകരിച്ച അവന്‍റെ ശരീരം കൊണ്ട് ഈ ജന്മത്തില്‍ത്തന്നെ അവന് അടുത്ത ജന്മനിവാരണം സാദ്ധ്യമായിത്തീരും . ഈ ജന്മത്തിലുള്ള അവന്‍റെ മരണം കൊണ്ട് അവന്‍ ഭാവിമരണങ്ങളെയെല്ലാം വധിക്കുന്നു. അവന്‍ ശരീരത്തില്‍ വസിക്കുന്നുവെങ്കിലും ബ്രഹ്മവുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. അല്ലയോ പാര്‍ത്ഥ, ഇപ്രകാരം ജനനമരണങ്ങളില്‍ നിന്ന് മോചനം ലഭിച്ചവനില്‍ ഒരിക്കലും ജ്ഞാത്തിന്റെ അഭാവം ഉണ്ടായിരിക്കുകയില്ല.

യുവത്വത്തിന്‍റെ കൊടുമുടിയിലിരിക്കുമ്പോഴും അടുത്ത് വരുന്ന വാര്‍ദ്ധക്യത്തെപ്പറ്റി അവന് ചിന്തയുണ്ടായിരിക്കും. അവന്‍ സ്വയം പറയും.

ഇപ്പോള്‍ ആധിവ്യാധിരഹിതവും ആരോഗ്യവുമുള്ള എന്‍റെ ശരീരം അചിരേണ വെയിലത്ത് വാടിക്കരിഞ്ഞ വെണ്ടയ്ക്കപോലെയായിത്തീരും. നിര്‍ഭാഗ്യവാന്റെ ജീവനോപായം പെട്ടെന്ന് നില്‍ക്കുന്നതുപോലെ എന്‍റെ കൈകാലുകള്‍ നിശ്ചലമാകും. ഉപദേശിക്കാന്‍ മന്ത്രിമാരില്ലാത്ത രാജാവിനെപ്പോലെ എന്‍റെ ശരീരം നിഷ്പ്രയോജനമാകും. പുഷ്പങ്ങളുടെ പരിമളം ആസ്വദിക്കുന്ന എന്‍റെ മൂക്ക് ഒട്ടകത്തിന്‍റെ പുറത്തെ മുഴ പോലെ ആയിത്തീരും. എന്‍റെ ശിരസ്സ് നാല്‍ക്കാലികളുടെ കുളമ്പുകൊണ്ട് ചവിട്ടി മെതിച്ച കച്ഛഭൂമിയായിത്തീരും. താമരദളങ്ങളളോടു മത്സരിക്കുന്ന എന്‍റെ നയനങ്ങള്‍ പടവലത്തിന്റെ പഴുത്ത പൂ പോലെ വിലക്ഷ്ണങ്ങളായിത്തീരും. എന്‍റെ കണ്‍പോളകള്‍ വൃക്ഷത്തിന്‍റെ തേഞ്ഞുരിഞ്ഞ തൊലിപോലെ തൂങ്ങിക്കിടക്കും. എന്‍റെ വക്ഷസ്സ് കണ്ണീരില്‍ കുതിര്‍ന്നു ചീഞ്ഞു പോകും. എന്‍റെ വായില്‍ നിന്ന് ഈളുവാ ഇറ്റിറ്റു വീഴും. അടുക്കളത്തിനടുത്ത് കെട്ടിക്കിടക്കുന്ന മലിനജലത്തിലെ കുമിളകള്‍ പോലെ, എന്‍റെ നാസിക മൂക്കളകൊണ്ട് അടയും. താംബൂലചര്‍വണം കൊണ്ട് ചുവപ്പിച്ച ചുണ്ടുകളും പുഞ്ചിരിക്കുമ്പോള്‍ മനോഹാരിത പരത്തുന്ന പല്ലുകളും ഉള്ള, സരസസംഭാഷണം നടത്തുന്ന എന്‍റെ വായ്‌  കഫം കൊണ്ട് നിറയും. എന്‍റെ അണപ്പല്ലുകളും മറ്റു ദന്തങ്ങളും പോഴിഞ്ഞുവീഴും. ഋണഭാരം കൊണ്ട് നടുവൊടിഞ്ഞ കര്‍ഷകനെപ്പോലെ മഴയത്ത് കിടക്കുന്ന നാല്‍ക്കാലികള്‍ എഴുന്നേല്‍ക്കാന്‍ വിഷമിക്കുന്നതുപോലെ എന്‍റെ നാക്ക് ബലഹീനമായി ചലിക്കാന്‍ കഴിയാതെ വരും. കരിയില കാറ്റത്ത് പറന്നുപോകുന്നത്‌ പോലെ എന്‍റെ രോമങ്ങള്‍ കൊഴിഞ്ഞുപോകും. എന്‍റെ വാക്കുകള്‍ അസംഗതമായിരിക്കും. എന്‍റെ കാതുകള്‍ ബധിരങ്ങളായിരിക്കും. എന്‍റെ ശരീരം വാലില്ലാത്ത ഒരു വൃദ്ധവാനരനെപ്പോലെ കാണപ്പെടും. വയ്ക്കോല്‍കോലം കാറ്റില്‍ ചലിക്കുന്നതുപോലെ വാര്‍ദ്ധ്യകത്തില്‍ എന്‍റെ ശരീരം വിറയ്ക്കും. എന്‍റെ വിസര്‍ജ്ജന ദ്വാരങ്ങള്‍ അനിനിയന്ത്രതങ്ങളാകും. ഞാന്‍ ഇപ്രകാരം കഷ്ടപെടുന്നത് കാണുമ്പോള്‍ എന്‍റെ ബന്ധുക്കള്‍ എന്‍റെ മരണത്തിനു വേണ്ടി പ്രാര്‍ഥിക്കും. ജുഗുപ്സാവഹമായ അവസ്ഥ കണ്ട് എന്നോടു വെറുപ്പ്‌ തോന്നി ആളുകള്‍ എന്‍റെ നേരെ കാര്‍ക്കിച്ചു തുപ്പും. മരണം എന്നെ മോചിപ്പിക്കാന്‍ താമസിക്കുംതോറും എന്‍റെ ബന്ധുജനങ്ങള്‍ക്ക്‌ എന്നോടുള്ള വൈരസ്യം വര്‍ദ്ധിക്കും. സ്ത്രീകള്‍ എന്നെ പിശാചെന്നു വിളിക്കും. കുട്ടികള്‍ എന്നെ കണ്ടു മോഹാലസ്യപ്പെടും. രാത്രിവേളയിലുള്ള എന്‍റെ ചുമകേട്ടു അയല്പക്കക്കാര്‍ ചോദിക്കും ‘ ഈ കിളവന്‍ ഇപ്രകാരം ഇനിയും എത്ര നാളുകളാണ് നമ്മെ ശല്യപെടുതുന്നത്?’

ഈ അവസ്ഥകളെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ജ്ഞാനി സ്വയം തന്‍റെ മനസിനെ താക്കീത് ചെയ്തു അതിനോട് ചോദിക്കും. നോക്കൂ ശരീരത്തിനു വയസ്സുകാലത്തെ ശോചനീയമായ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തരുണാവസ്ഥയില്‍ വിഷയസുഖങ്ങളില്‍ മുഴികിയാല്‍ പിന്നെ എപ്പോഴാണ് ആത്മീയ പുരോഗതിക്കുവേണ്ടി പ്രയത്നിക്കാന്‍ സമയം കണ്ടെത്തുന്നത്?

ആകയാല്‍ കേള്‍ക്കെണ്ടത്തെല്ലാം ബധിരനാകുന്നതിനുമുമ്പ് കേള്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. കണ്ണിനു കാഴ്ചയുള്ളപ്പോള്‍ത്തന്നെ അവന്‍റെ ആത്മീയ പുരോഗതിക്കുതകുന്ന കാഴ്ചകള്‍ അവന്‍ കാണുന്നു. സംസാരശേഷി നശിക്കുന്നതിനു മുമ്പ് സദ്‌വര്‍ത്തമാനങ്ങള്‍ പറയുന്നു; മുടന്തനാകുന്നതിനുമുമ്പ് പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കുന്നു; പാണികള്‍ക്ക് പക്ഷവാതം പിടിക്കുന്നതിനു മുമ്പ് സല്ക്കര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളും ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ മനസ്സിനു ബുദ്ധിഭ്രമമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് മുന്‍കൂട്ടി നിരൂപിച്ചുകൊണ്ട് ശുദ്ധബുദ്ധനിത്യയോഗ്യമായ ആത്മജ്ഞാനം സമ്പാദിക്കുന്നതിനെപ്പറ്റി അവന്‍ ചിന്തിക്കുന്നു. ചോരന്മാര്‍ നാളെ അപഹരിക്കാന്‍ ഇടയുണ്ടെന്നുള്ള ചിന്തയോടെ ബുദ്ധിമാന്‍ അവന്‍റെ സമ്പത്ത് ഇന്നുതന്നെ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കും. വെളിച്ചം അണയുന്നതിനുമുമ്പ് ഒരുവന്‍ തന്‍റെ സാധനസാമഗ്രികളെല്ലാം വെടിപ്പായും ചിട്ടയായും അടുക്കി വെയ്ക്കും. അതുപോലെ വയസ്സുകാലത്ത് കഴിയാത്ത കാര്യങ്ങളെല്ലാം അവന്‍റെ യൌവനകാലത്ത് തന്നെ അവന്‍ നിര്‍വഹിക്കുന്നു. ചേക്കേറാന്‍ പോകുന്ന പക്ഷികളെ കണ്ടിട്ടും അസ്തമന സമയം അടുക്കാറായെന്നു മനസ്സിലാക്കി വിശ്രമത്താവളം തേടാതെ യാത്ര തുടരുന്ന പാന്തന്‍ വഴിയില്‍ വെച്ച് കൊള്ളക്കാരാല്‍ ആക്രമിക്കപെടും. അതുപോലെ യൌവനകാലത്ത് ആത്മജ്ഞാനം കൈവരിക്കുന്നില്ലെങ്കില്‍ ഒരുവന്‍ ദീര്‍ഘകാലം ജീവിച്ചിരുന്നാലും അവന്‍റെ ജീവിതം വ്യര്‍ത്ഥമായിത്തീരും. ഉമി ഉരലിലിട്ടു വീണ്ടുംവീണ്ടും കുത്തിയാലും അരി ലഭിക്കുകയില്ല. ചാരത്തിനെ കത്തിക്കാന്‍ അഗ്നിക്ക് സാദ്ധ്യമല്ല. ആകയാല്‍ അവന്‍ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ വിപത്തുകളെയും യൌവനത്തില്‍ തന്നെ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കുന്നു. തന്മൂലം അവന് വാര്‍ദ്ധക്യത്തിന്റെ പിടിയിലമര്‍ന്നു വിഷമിക്കേണ്ടിവരുകയില്ല. അങ്ങനെയുള്ളവര്‍ ജ്ഞാനത്തിന്റെ ആവാസസ്ഥാനമായിരിക്കും. ബുദ്ധിമാനായ ഒരുവന്‍ രോഗഗ്രസ്ഥനാകുന്നതിനു മുമ്പ് തന്നെ അവന്റെ ആരോഗ്യം പരിപാലിക്കുന്നു. അതുപോലെ, വിയോഗം മൂലം ദുഃഖവും വേദനയും കഷ്ടപ്പാടും ഉണ്ടാകുന്ന എല്ലാ വിഷയങ്ങളില്‍ നിന്നും അവന്‍ വിട്ടു മാറി ഉദാസീനനായി ലോകത്തില്‍ വസിക്കുന്നു. ഇന്ദ്രിയങ്ങള്‍ അവനെ പാപപ്രവര്ത്തനങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്നു കാണുമ്പോള്‍ അവന്‍ ആത്മനിയന്ത്രണമാകുന്ന പാറക്കല്ലുകള്‍ ഉപയോഗിച്ച് അതിന്‍റെ വാതിലുകള്‍ അടയ്ക്കുന്നു. ഇപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജ്ഞാനൈശ്വര്യത്തിന്‍റെ നായകനാവുകയുള്ളൂ. ഇനിയും ജ്ഞാനിയായ ഒരുവന്‍റെ അന്യൂനമായ മറ്റൊരു ലക്ഷ്ണത്തെപ്പറ്റി പറയാം. ശ്രദ്ധിക്കുക.