ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 9

അസക്തിരനഭിഷ്വങ്ഗഃ
പുത്രദാര ഗൃഹാദിഷു
നിത്യം ച സമചിത്തത്വ-
മിഷ്ടാനിഷ്ടോപപത്തിഷു.

സ്വന്തം ദേഹമുള്‍പ്പെടെ ഒന്നിലും എന്റേതെന്ന ഭാവമില്ലായ്മ, സന്താനങ്ങള്‍, ഭാര്യ, ഗൃഹം, ധനം മുതലായവയിലാണ് തന്‍റെ സുഖദുഃഖങ്ങളും ജീവിതസാഫല്യവും സ്ഥിതിചെയുന്നതെന്ന് കരുതായ്ക, ഇഷ്ടമോ അനിഷടമോ എന്തു വന്നാലും സദാ സമചിത്തനായിത്തന്നെ വര്‍ത്തികുക ഇവയാണ് തുടര്‍ന്നുള്ള ജ്ഞാനനിഷ്ഠകള്‍ .

ഒരു സത്രത്തില്‍ കഴിച്ചുകൂട്ടുന്ന പാന്ഥനെപ്പോലെ അവന്‍ അവന്‍റെ ശരീരത്തോട് ഉദാസീനമായിരിക്കും. വിശ്രമത്തിനു വിനിയോഗിക്കുന്ന ഒരു വൃക്ഷത്തണലിനോടുള്ള മമതാബന്ധം പോലും അവന് അവന്‍റെ ഗൃഹജനങ്ങളോട് ഉണ്ടായിരിക്കുയില്ല. എപ്പോഴും ഒരുവനോടോപ്പമുണ്ടായിരിക്കുന്ന അവന്‍റെ നിഴലിനെപ്പറ്റി അവന്‍ അറിയുകയോ ഓര്‍മ്മിക്കുകയോ ചെയ്യാത്തത് പോലെ ജ്ഞാനി അവന്‍റെ പത്നിയില്‍ അശേഷം ആസക്തനല്ല. അവന്‍റെ സന്താനങ്ങളെ വീട്ടിലെ സന്ദര്‍ശകരെപ്പോലെയോ മരത്തണലില്‍ വിശ്രമിക്കുന്ന നാല്‍ക്കാലികളെപ്പോലെയോ അവന്‍ കാണുന്നു. ഒരു വഴിപോക്കന്‍ വഴിയില്‍ കാണുന്ന വസ്തുക്കളെ അലസമായി നോക്കികാണുന്നതുപോലെയാണ് അവന്‍ അവന്‍റെ ധനത്തെ നിരീക്ഷിക്കുന്നത്. കൂട്ടില്‍കിടക്കുന്ന തത്തയെപ്പോലെ വേദാജ്ഞകളെ ലംഘിക്കാനുള്ള ഭയത്തോടെയാണ് അവന്‍ ഈ ലോകത്ത് ജീവിക്കുന്നത്. പത്നിയോടോ പുത്രന്മാരാടോ ബന്ധുഞനങ്ങളോടോ യാതൊരു മമതയും കാണിക്കാത്ത ഒരുവന്‍ എല്ലാവിധ ജ്ഞാനങ്ങളുടെയും സ്രോതസ്സാണ്. ഗ്രീഷ്മത്തിലും വര്‍ഷത്തിലും മഹാസേതു ഒരേരീതിയില്‍ നിറഞ്ഞിരിക്കുന്നതുപോലെ ഇഷ്ടാനിഷ്ടങ്ങള്‍ അവനെ ഒരു തരത്തിലും ബാധിക്കുന്നില്ല. പ്രഭാതത്തിലും മധ്യാഹ്നത്തിലും പ്രദോഷത്തിലും പ്രഭാകരന് പരിവര്‍ത്തനം സംഭവിക്കാത്തതുപോലെ അവന്‍റെ മനസ്സ് സുഖദുഃഖങ്ങളില്‍ ആലോസരപ്പെടുകയില്ല. അക്ഷോഭ്യമായ ആകാശം പോലെ സമചിത്തത നേടിയിട്ടുള്ള അവന്‍ ജ്ഞാനത്തിന്‍റെ മര്‍ത്ത്യാവതാരമാണ്.