ഇനി നമുക്കു പ്രാണായാമത്തിലെ അഭ്യാസങ്ങളെപ്പറ്റിയാണു നിരൂപിക്കാനുള്ളത്. ഇതില്‍ ആദ്യം വേണ്ടതു ശ്വാസകോശചലനം നിയന്ത്രിക്കുകയാണെന്നു യോഗികള്‍ പറയുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ശരീരത്തിനുള്ളില്‍ നടക്കുന്ന സൂക്ഷ്മചലനങ്ങളെ അകമേ തൊട്ടറിയുകയാണു നമുക്കാവശ്യം. നമ്മുടെ മനസ്സ് ഇപ്പോള്‍ തീരെ ബഹിര്‍മുഖമാണ്. അകത്തുള്ള സൂക്ഷ്മചലനങ്ങള്‍ നമ്മുടെ നോട്ടത്തില്‍ പെടുന്നില്ല. അവയെ അകമേ തൊട്ടറിയാന്‍ തുടങ്ങിയാല്‍ അവയെ നിയന്ത്രിക്കാനും തുടങ്ങാം. ഈ നാഡീധാരകള്‍ ഓരോ മാംസപേശിക്കും വേണ്ട ചൈതന്യവും ചുണയും കൊടുത്തുകൊണ്ടു ദേഹമാസകലം ചെല്ലുന്നുണ്ടെങ്കിലും അവയെ നാം അറിയുന്നില്ല. അവയെ അറിവാന്‍ നമുക്കു ശീലിക്കാം എന്നു യോഗി പറയുന്നു. എങ്ങനെ? ശ്വാസകോശങ്ങളുടെ ചലനത്തില്‍ മനസ്സുവെയ്ക്കുക: അവയുടെ ചലനം നിയന്ത്രിക്കുക: അതു വേണ്ടുവോളംകാലം അഭ്യസിച്ചാല്‍പ്പിന്നെ അതിലും കൂടുതല്‍ സൂക്ഷ്മങ്ങളായ ചലനങ്ങളെ നിയന്ത്രിക്കാന്‍ കഴിവുണ്ടാകും.
ഇനി നമുക്കു പ്രാണായാമാഭ്യാസത്തിലേക്കുകടക്കാം. ആദ്യം നിവര്‍ന്നിരിക്കുക. ശരീരം ഋജുവായി വെയ്ക്കണം. സിരാപാശം നട്ടെല്ലിനോടു ബന്ധപ്പെട്ടതല്ലെങ്കിലും അതിനുള്ളിലാണല്ലോ ഇരിക്കുന്നത്. കുനിഞ്ഞിരുന്നാല്‍ നാഡീപാശം അസ്വസ്ഥമാകും. അതു കൊണ്ട് അതിനെ നിര്‍ബാധമായി വിടുക. കുനിഞ്ഞിരുന്നു ധ്യാനിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നിങ്ങള്‍ നിങ്ങളെത്തന്നെ ഉപദ്രവിക്കുന്നു. മൂന്നു സ്ഥാനങ്ങള്‍ – ഉരസ്സ്, ശിരസ്സ്, കഴുത്ത് ഇവ – ഒരേ തൂക്കില്‍ നേരേ നില്ക്കണം. അല്പം പരിചയിച്ചാല്‍ ഇതു ശ്വാസോച്ഛ്വാസം ചെയ്യുംപോലെ അത്ര എളുപ്പമായിവരും. രണ്ടാമത്തെ സംഗതി നാഡികളെ സ്വാധീനമാക്കുകയാകുന്നു. ശ്വാസാവയവങ്ങളെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രത്തിനു മറ്റു നാഡികളുടെമേല്‍ ഏതാണ്ടു സ്വാധീനതയുണ്ടെന്നും, അതുകൊണ്ടു ശ്വാസോച്ഛ്വാസം ക്രമപ്പെടുക ആവശ്യമാണെന്നും മുമ്പു പറഞ്ഞുവല്ലോ. നാം സാധാരണയായി ശ്വാസം കഴിക്കുന്നതിനു ശ്വാസോച്ഛ്വാസം എന്ന പേരേ പറഞ്ഞുകൂടാ: അത് അത്രയ്ക്ക് ക്രമം തെറ്റിയതാണ്. പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ശ്വാസോച്ഛ്വാസത്തിനു സ്വാഭാവികമായി ചില വ്യത്യാസങ്ങളുമുണ്ട്.
ശ്വാസം അകത്തേക്കും പുറത്തേക്കും മാത്രാക്രമത്തിലാക്കുവനാണ് ആദ്യം അഭ്യസിക്കേണ്ടത്. അത് ഈ (ശരീരേന്ദ്രിയമനസ്സുകളുടെ) സംഘാതത്തില്‍ രഞ്ജിപ്പുണ്ടാക്കും. ഇങ്ങനെ കുറച്ചുനാള്‍ ‘ഓം’ (പ്രണവം) അല്ലെങ്കില്‍ മറ്റു വല്ല മന്ത്രവും ജപിക്കുന്നതു നന്ന്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ എണ്ണുന്നതിനുപകരം ചില മന്ത്രങ്ങള്‍ ജപിക്കുകയാണു ഭാരതത്തില്‍ ഞങ്ങള്‍ ചെയ്യാറുള്ളത്. അതുകൊണ്ടാണു പ്രാണായാമത്തോടുകൂടി പ്രണവാദിമന്ത്രങ്ങള്‍ മനസ്സുകൊണ്ടു ജപിക്കാന്‍ ഉപദേശിക്കുന്നത്. ശ്വാസോച്ഛ്വാസ ക്രമത്തില്‍ത്തന്നെ മന്ത്രജപവും മാത്രയൊത്ത്, ക്രമമൊത്തു നടക്കട്ടെ: അപ്പോള്‍ ശരീരമാസകലം ഒന്നു ക്രമപ്പെട്ടുവരുന്നതായി കാണാം. അപ്പോള്‍ മനസ്സിലാകും, വിശ്രമമെന്നുവെച്ചാല്‍ എന്താണെന്ന്. അതിനോടു താരതമ്യപ്പെടുത്തുമ്പോള്‍ ഉറക്കം വിശ്രമമേ അല്ല. ഈ വിശ്രമം ഒരിക്കലുണ്ടായാല്‍ ഏറ്റവും അലഞ്ഞു തളര്‍ന്ന നാഡികളും ശാന്തിയില്‍ ലയിക്കും: മുമ്പൊരിക്കലും വാസ്തവത്തില്‍ വിശ്രമിച്ചിട്ടേയില്ലെന്നു തോന്നുകയും ചെയ്യും.
ഈ അഭ്യാസത്തിന്റെ ആദ്യത്തെ ഫലം മുഖച്ഛായയിലുണ്ടാകുന്ന മാറ്റത്തില്‍ കാണാം: പരുഷങ്ങളായ രേഖകള്‍ മാഞ്ഞുപോകും: ചിന്താശാന്തിയോടുകൂടി ശാന്തി മുഖത്തു കളിയാടും: പിന്നെ സ്വരമാധുര്യമുണ്ടാകും. കറകറശബ്ദമുള്ള യോഗിയെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ഈ ലക്ഷണങ്ങള്‍ ഏതാനും മാസക്കാലം അഭ്യസിച്ചാല്‍ ഉണ്ടാകും. മേല്പറഞ്ഞ ശ്വാസാഭ്യാസം ഏതാനും നാള്‍ ചെയ്തുകഴിഞ്ഞാല്‍ ഉയര്‍ന്ന തരം ഒന്ന് ആരംഭിക്കണം. ഇഡയില്‍ക്കൂടെ, അതായത് ഇടത്തെ നാസാദ്വാരത്തില്‍ക്കൂടെ, ശ്വസിച്ചു ശ്വാസ കോശങ്ങളെ പതുക്കെ പൂരിപ്പിക്കുക: അതോടൊപ്പം മനസ്സിനെ നാഡീചലനധാരയില്‍ ഏകാഗ്രമാക്കുകയും ചെയ്യുക. ആ ധാരയെ നട്ടെല്ലിനുള്ളില്‍ക്കൂടി കീഴ്‌പ്പോട്ടയച്ച് അടിയില്‍, ത്രികോണാകൃതിയില്‍ കുണ്ഡലിനീസ്ഥാനമായുള്ള മൂലാധാരപദ്മത്തില്‍ ബലമായി പ്രഹരിക്കുകയാണെന്നു ഭാവനചെയ്യുക. എന്നിട്ട് അല്പനേരം ആ ധാരയെ അവിടെത്തന്നെ നിര്‍ത്തുക. അതിനെ മറുവശത്തുള്ള പിംഗളാമാര്‍ഗ്ഗമായി ശ്വാസത്തോടൊപ്പം പതുക്കെ മേലേ്പാട്ടു വലിക്കുന്നു എന്നു ഭാവനചെയ്ത് വലത്തെ നാസാദ്വാരത്തില്‍ കൂടെ അതിനെ പതുക്കെ പുറത്തേക്കു കളയുക. ഇതു ശീലിക്കാന്‍ അല്പം പ്രയാസം കാണും. ഏറ്റവും എളുപ്പവഴി; വലത്തെ നാസാദ്വാരം പെരുവിരല്‍ കൊണ്ടടച്ച് ഇടത്തെ ദ്വാരത്തില്‍ക്കൂടെ ശ്വാസം പതുക്കെ അകത്തേ ക്കു വലിക്കുക: പിന്നെ പെരുവിരലും ചൂണ്ടുവിരലുംകൊണ്ടു രണ്ടു ദ്വാരങ്ങളും അടച്ച് ആ ധാരയെ കീഴ്‌പ്പോട്ടയച്ചു സുഷുമ്‌നാമൂല ത്തില്‍ അടിക്കുന്നതായി ഭാവനചെയ്യുക. പിന്നെ പെരുവിരല്‍ നീക്കുകയും ശ്വാസം വലത്തെ നാസാദ്വാരത്തില്‍ക്കൂടെ പുറത്തേക്കു വിടുകയും ചെയ്യുക. അനന്തരം മറ്റേ ദ്വാരം വിരല്‍കൊണ്ടടച്ച് ഈ ദ്വാരത്തില്‍ക്കൂടി ശ്വാസം മന്ദമായി അകത്തേക്കു വലിക്കുക. പിന്നീടു മുമ്പത്തെപ്പോലെ രണ്ടു ദ്വാരങ്ങളും അടയ്ക്കുക.
ഇതു ഹിന്ദുക്കള്‍ ചെയ്യുംപോലെ ചെയ്യാന്‍ ഈ നാട്ടുകാര്‍ക്ക് (അമേരിക്കക്കാര്‍ക്ക്) വളരെ പ്രയാസമായിരിക്കും. അവര്‍ ബാല്യം മുതല്‍ അഭ്യസിക്കുന്നു: അവരുടെ ശ്വാസകോശങ്ങള്‍ അതിനു സന്നദ്ധങ്ങളായുമിരിക്കുന്നു. ഇവിടെ അതു നാലു നിമിഷം (സെക്കന്റ്) തൊട്ടു തുടങ്ങി ക്രമത്തില്‍ വര്‍ദ്ധിപ്പിക്കുന്നതു നന്നായിരിക്കും. നാലു നിമിഷംകൊണ്ടു ശ്വാസം വലിക്കുക (പൂരകം), പതിനാറു നിമിഷം അകത്തുനിര്‍ത്തുക (കുംഭകം), പിന്നെ എട്ടു നിമിഷംകൊണ്ടു വിടുക (രേചകം): ഇത് ഒരു പ്രാണായാമമാകും. ഈ സമയത്ത് അടിയില്‍ ത്രികോണാകൃതിയായ മൂലാധാരപദ്മത്തെ വിചാരിച്ചു കൊള്ളണം. മനസ്സ് ആ ചക്രത്തില്‍ ഏകാഗ്രമാക്കണം. ഭാവനവലിയ സഹായമാകും. അടുത്ത പ്രാണായാമത്തിന് അല്പം വ്യത്യാസമുണ്ട്. അതേ മാത്രകളില്‍ത്തന്നെ ആദ്യം ശ്വാസം അകത്തേക്കു മെല്ലെ വലിക്കുക, ഉടന്‍തന്നെ പതുക്കെ പുറത്തേക്കു വിടുക. അതിനു ശേഷം ശ്വാസം തടഞ്ഞു പുറത്തുനിര്‍ത്തുക, ആദ്യത്തേതില്‍ അന്തഃകുംഭകം, ഇതില്‍ ബഹിഃകുംഭകം: ഇത്രയേ വ്യത്യാസമുള്ളു. ഈ ഒടുവിലത്തേതു കൂടുതല്‍ എളുപ്പമാണ്. അന്തഃകുംഭകം അധികമഭ്യസിച്ചുകൂടാ: പ്രാതഃസായം സന്ധ്യകളില്‍ നന്നാലു പ്രാവശ്യം മാത്രം. പിന്നെ ക്രമത്തില്‍ മാത്രയും സംഖ്യയും വര്‍ദ്ധിപ്പിക്കാം. അതിനു നിങ്ങള്‍ക്കു ശക്തിയുണ്ടെന്നും അതില്‍ രസമുണ്ടെന്നും കാണാം. അങ്ങനെ കാണുമ്പോള്‍ വളരെ മനസ്സിരുത്തിയും സൂക്ഷിച്ചും നാലില്‍ നിന്ന് ആറിലേക്കു കയറാം. ക്രമം തെറ്റിച്ചഭ്യസിച്ചാല്‍ അപകടം ഉണ്ടാകാം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 5. പേജ് 202-205]