നാഡീശോധനത്തിനുവേണ്ടി മുന്‍വിവരിച്ച മൂന്നഭ്യാസങ്ങളില്‍ വെച്ച് ആദ്യത്തേതും അവസാനത്തേതും പ്രയാസമോ അപകടമോ ഇല്ലാത്തതാണ്. ആദ്യത്തേത് എത്രയധികം അഭ്യസിക്കുന്നുവോ അത്രയധികം ശാന്തിയുണ്ടാകും. പ്രണവത്തെ വിചാരിക്കുകയേ വേണ്ടൂ: ഇതു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും അഭ്യസിക്കാം. തീവ്രമായി അഭ്യസിച്ചാല്‍, ഒരു ദിവസം, കുണ്ഡലിനി പ്രബുദ്ധമാകും. നിത്യം ഒന്നോ രണ്ടോ പ്രാവശ്യം അഭ്യസിക്കുന്നവര്‍ക്കു ദേഹവും മനസ്സും കുറച്ചു ശാന്തമാകും, സ്വരം മധുരമാകും. അവിടവും കടന്നു തുടര്‍ന്നഭ്യസിക്കുന്നവര്‍ക്കു മാത്രമേ കുണ്ഡലിനി ഉണര്‍ന്നെഴുന്നേല്‍ക്കൂ: പ്രപഞ്ചത്തിന്റെയാകെ പ്രകൃതം മാറിത്തുടങ്ങും, ജ്ഞാനഗ്രന്ഥം തനിയെ തുറക്കും. പിന്നെ ജ്ഞാന സമ്പാദനത്തിനു ഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ട ആവശ്യം തീരെയില്ല. നിങ്ങളുടെ മനസ്സുതന്നെ നിങ്ങള്‍ക്കു പുസ്തകമായിത്തീരും: അതില്‍ അളവറ്റ അറിവ് അടങ്ങിയിരിപ്പുണ്ട്. നട്ടെല്ലിന്റെ ഇരുപാര്‍ശ്വങ്ങളിലായി ഇഡ, പിംഗള എന്ന നാഡികളെയും അവയ്ക്കിടയ്ക്കുള്ള സുഷുമ്‌നയെയും പറ്റി മുമ്പേ പറഞ്ഞുവല്ലോ, ഈ മൂന്നും ഏതു ജീവിയിലും ഉണ്ട്: നട്ടെല്ലുള്ളതിനെല്ലാം ഈ മൂന്നു പ്രാണമാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാധാരണമനുഷ്യനില്‍ ഇഡാപിംഗളകള്‍ ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്കും ശക്തി സഞ്ചരിപ്പിച്ചു കൊണ്ടിരിക്കെ സുഷുമ്‌നയുടെ മാര്‍ഗ്ഗം മൂടിയും വ്യാപാരം അവ്യക്തമായും ഇരിക്കുന്നു എന്നു യോഗി പറയുന്നു.
യോഗിക്കുമാത്രമേ സുഷുമ്‌ന, തുറക്കുന്നുള്ളു. സുഷുമ്‌നാമാര്‍ഗ്ഗം തുറന്നു കുണ്ഡലിനി ഉണര്‍ന്നുയരുന്നതോടുകൂടി നാം ഇന്ദ്രിയങ്ങള്‍ക്കപ്പുറം പോകുന്നു. മനസ്സ് ഇന്ദ്രിയങ്ങളില്‍ നിന്നുവിട്ടു ജാഗ്രദവസ്ഥയെ കടക്കുന്നു. നാം ബുദ്ധിയെയും കടന്നു യുക്തിക്കും വിഷയമല്ലാത്ത ധാമത്തിലെത്തുന്നു. ആ സുഷുമ്‌ന തുറക്കുകയാണു യോഗിയുടെ മുഖ്യോദ്ദേശ്യം. യോഗമതപ്രകാരം സുഷുമ്‌നാമാര്‍ഗ്ഗത്തിലാകുന്നു ഈ കേന്ദ്രങ്ങള്‍. അലങ്കാരഭാഷയില്‍ പറഞ്ഞാല്‍ പദ്മങ്ങള്‍, വിന്യസ്തങ്ങളായിരിക്കുന്നത്. ഏറ്റവും അടിയിലുള്ള പദ്മം നട്ടെല്ലിലെ സിരാപാശത്തിന്റെ താഴത്തെ അറ്റത്താണ്: അതിനെ മൂലാധാരമെന്നാണു പറയുക. അടുത്തു മുകളിലുള്ളത് സ്വാധിഷ്ഠാനം: മൂന്നാമത്തേത് മണിപൂരം, നാലമത്തേത് അനാഹതം, അഞ്ചാമത്തേതു വിശുദ്ധി. ആറാമത്തേത് ആജ്ഞ, ഒടുവില്‍ മസ്തിഷ്‌കത്തിലുള്ള സഹസ്രദളപദ്മമായ സഹസ്രാരം. ഇവയില്‍ തല്ക്കാലം നാം അറിഞ്ഞുവെയ്‌ക്കേണ്ടതു രണ്ടു കേന്ദ്രമാണ്: ഏറ്റവും അടിയിലെ മൂലാധാരവും ഏറ്റവും മുകളിലെ സഹസ്രാരവും. ശക്തിയെ മുഴുവനും അതിന്റെ ഇരിപ്പിടമായ മൂലാധാരത്തില്‍നിന്നുയര്‍ത്തി സഹസ്രാരത്തിലെത്തിക്കണം. മനുഷ്യശരീരത്തിലെ സര്‍വ്വശക്തികളിലുംവെച്ചു മികച്ചത് ഓജസ്സാണെന്നു യോഗികള്‍ പറയുന്നു. ഈ ഓജസ്സു തലച്ചോറില്‍ ഒരുക്കൂട്ടിവെച്ചിരിക്കുന്നു. ഒരാളുടെ ശിരസ്സില്‍ ഓജസ്സ് എത്രയധികമുണ്ടോ അത്രയധികമായിരിക്കും അയാളുടെ ബലം, അത്രയധികമായിരിക്കും അയാളുടെ ബുദ്ധി. അത്രയധികമായിരിക്കും അയാളുടെ അദ്ധ്യാത്മശക്തിയും. ഒരാള്‍ ഭംഗിയായി സംസാരിക്കുന്നു: അതില്‍ വിശിഷ്ടാശയങ്ങളുമുണ്ട് എങ്കിലും അതു ജനങ്ങളുടെ മനസ്സില്‍ പതിയുന്നില്ല. മറ്റൊരാള്‍ സംസാരിക്കുന്നു: അയാളുടെ ഭാഷയ്ക്കു ഭംഗിയില്ല, ആശയങ്ങള്‍ക്കു വൈശിഷ്ട്യമില്ല. എങ്കിലും അയാളുടെ വാക്കുകള്‍ കേട്ടു ജനങ്ങള്‍ മയങ്ങിപ്പോകുന്നു അയാളുടെ ഓരോ ചേഷ്ടയും ശക്തി നിര്‍ഭരമായിരിക്കുന്നു. അതാണ് ഓജസ്സിന്റെ ശക്തി.
ഈ ഓജസ്സ് ഏറെക്കുറെ സര്‍വ്വമനുഷ്യരിലും ഇരിപ്പുണ്ട്. ശരീര ത്തില്‍ ചേഷ്ടിക്കുന്ന സര്‍വ്വശക്തിയും അവയുടെ ഉത്തമാവസ്ഥ യില്‍ ഓജസ്സായി പരിണമിക്കുന്നുണ്ട്. ഇതെല്ലാം കേവലം രൂപാന്തരീ ഭാവത്തിന്റെ കാര്യം മാത്രമാണെന്ന് ഓര്‍ത്തുകൊള്ളുക. പുറമേ വിദ്യുച്ഛക്തിയോ അയസ്‌കാന്തശക്തിയോ ആയി പ്രവര്‍ത്തിക്കുന്ന അതേ ശക്തി ആന്തരശക്തിയായി മാറും. ഉള്ളില്‍ മാംസപേശികളുടെ ശക്തിയായി ചേഷ്ടിക്കുന്ന അതേ ശക്തി ഓജസ്സായും പരിണമിക്കും. മനുഷ്യശക്തിയില്‍ മൈഥുനശക്തിയായി, മൈഥുനചിന്തയായി പ്രകാശിക്കുന്ന ആ അംശത്തെ തടഞ്ഞു നിയന്ത്രിച്ചാല്‍ അത് എളുപ്പം ഓജസ്സാകുമെന്നു യോഗി പറയുന്നു. ഈ ശക്തിയുടെ കേന്ദ്രം മൂലാധാരമായതുകൊണ്ടു യോഗി പ്രത്യേകമായും ആ കേന്ദ്രത്തെക്കുറിച്ചു ശ്രദ്ധിക്കുന്നു. ഈ മൈഥുനശക്തിയെ മുഴുവനെടുത്ത് ഓജസ്സാക്കി മാറ്റുവാനാണ് യോഗി ശ്രമിക്കുന്നത്. ചാരിത്രമുള്ള സ്ത്രീപുരുഷന്മാര്‍ക്കുമാത്രമേ ഓജസ്സിനെ കയറ്റി ശിരസ്സില്‍ സംഭരിക്കാന്‍ കഴിയൂ. അതുകൊണ്ടാണു ചാരിത്രനിഷ്ഠ ഉത്തമ ധര്‍മ്മമായി വെച്ചിരിക്കുന്നത്. ചാരിത്രവിഹീനനായാല്‍ അദ്ധ്യാത്മ ബലം പൊയ്‌പോകുന്നതും ബുദ്ധി ശക്തിയും ധര്‍മ്മനിഷ്ഠയും നഷ്ടമാകുന്നതും അവരവര്‍ക്കു തന്നെ അനുഭവമാകും. അദ്ധ്യാത്മ മഹാവീരന്മാരെ ജനിപ്പിച്ചതായി ലോകത്തില്‍ കാണുന്ന മതസമ്പ്രദായങ്ങളില്‍ ഏതൊന്നിലും ബ്രഹ്മചര്യമഹാവ്രതം നിര്‍ബ്ബന്ധമാക്കി വെയ്ക്കാനുള്ള കാരണം അതാണ്. ദാമ്പത്യം വേണ്ടെന്നുവെച്ച് ആളുകള്‍ സന്ന്യസിക്കുവാനുള്ള കാരണവും അതാണ്. മനസാ വാചാ കര്‍മ്മണാ പൂര്‍ണ്ണബ്രഹ്മചര്യം അനുഷ്ഠിക്കണം. ബ്രഹ്മചര്യവ്രതം കൂടാതെയുള്ള രാജയോഗാഭ്യാസം അപായകരമാകുന്നു: അതു ചിത്തഭ്രമത്തിനു വഴിയാക്കുകയും ചെയ്‌തേക്കാം. രാജയോഗം അഭ്യസിക്കയും അതേസമയത്തു മലിനവൃത്തികളില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ യോഗിയാകാമെന്ന് എങ്ങനെ ആശിക്കാം?
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 5. പേജ് 205-207]