സ്വാമി വിവേകാനന്ദന്‍

തന്നിഷ്ടമായും തന്റെ സ്വന്തം മനസ്സുകൊണ്ടുമല്ലാതെ ചെയ്യുന്ന സംയമപരിശ്രമമേതും വിനാശകരം മാത്രമല്ല, വിപരീതഫലപ്രദവുമാണ്. ഓരോ ജീവന്റെയും ലക്ഷ്യം സ്വാതന്ത്ര്യവും അധീശത്വവുമാണ്; വിഷയങ്ങളുടെയും വിചാരങ്ങളുടെയും അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും, ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയുടെ മേലുള്ള അധീശത്വവും. ആ ലക്ഷ്യത്തിലേക്കു നയിക്കുന്നതിനുപകരം, അന്യരില്‍നിന്നുള്ള ഇച്ഛയുടെ ഓരോ ധാരയും, അത് ഏതുരൂപത്തിലായാലും – നമ്മുടെ കരണങ്ങളെ നേരിട്ടു നിയന്ത്രിച്ചിട്ടായാലും അവശതയില്‍പ്പെടുത്തി നിയന്ത്രിക്കാന്‍ നമ്മെ ശാസിച്ചിട്ടായാലും – മുന്‍സംസ്‌കാരങ്ങളുടെയും മുന്‍മൂഢവിശ്വാസങ്ങളുടെയും രൂപത്തില്‍ നമ്മെ ഇപ്പോള്‍ത്തന്നെ കെട്ടിയിട്ടിരിക്കുന്ന കനത്ത ചങ്ങലയ്ക്ക് ഒരു കണ്ണികൂടി പിടിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് അന്യന്റെ വരുതിക്കു വഴങ്ങിപ്പോകുന്നതു സൂക്ഷിച്ചുകൊള്ളുക. (അതുപോലെ) നിങ്ങള്‍ അറിയാതെ അന്യനു നാശം വരുത്തുന്നതും സൂക്ഷിച്ചിരിക്കുക. ഒരു സംഗതി വാസ്തവം; ഈ വശീകരണശക്തിയുള്ള ചിലര്‍ പലരുടെയും വാസനകളെ ഒരു പുതിയ വഴിക്കു തിരിച്ചു കുറേക്കാലത്തേക്കെങ്കിലും അവര്‍ക്കു നന്മവരുത്തുന്നുണ്ട്: എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ അവര്‍ അറിയാതെ ചുറ്റുപാടും പ്രസരിപ്പിക്കുന്ന പ്രേരണാശക്തികള്‍ നിമിത്തം അനേകലക്ഷം സ്ത്രീപുരുഷന്മാരെ മനസ്സിന്റെ ആരോഗ്യം കളഞ്ഞു ചുണകെടുത്തി അവശരാക്കി ഒടുവില്‍ ഏതാണ്ട് ആത്മ നാശത്തിലെത്തിക്കുന്നു. അതുകൊണ്ട്, കണ്ണടച്ചു വിശ്വസിക്കണമെന്ന് ആരോടെങ്കിലും പറയുകയോ, തന്റെ അസാധാരണ മനഃശക്തികൊണ്ടു അന്യരെ സ്വാധീനമാക്കി പിന്നാലെ വലിച്ചു കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ ആരായാലും അവര്‍ മനുഷ്യവര്‍ഗ്ഗത്തോടു, മനഃപൂര്‍വ്വമല്ലെങ്കില്‍ക്കൂടെയും, ഹിംസയാണു ചെയ്യുന്നത്.

അതുകൊണ്ടു സ്വന്തം മനഃശക്തിയുപയോഗിക്കുക. ശരീരവും മനസ്സും സ്വയം നിയന്ത്രിക്കുക. നിങ്ങള്‍ രോഗിയാകുന്നതുവരെ മറ്റൊരിച്ഛാശക്തിക്കും നിങ്ങളുടെമേല്‍ പ്രവര്‍ത്തിക്കാന്‍ കഴിവില്ലെന്ന് ഓര്‍മ്മവെയ്ക്കുക. കണ്ണടച്ചു വിശ്വസിക്കുവാന്‍ ഉപദേശിക്കുന്നവര്‍ എത്ര നല്ലവരും മഹാന്മാരുമായാലും അവരെ വിട്ട് ഒഴിഞ്ഞുകളയുക. ആടിപ്പാടി കൂക്കിവിളിക്കുന്ന വിഭാഗക്കാര്‍ ലോകത്തില്‍ എവിടെയും ഉണ്ടായിട്ടുണ്ട്. അവര്‍ ആടിപ്പാടി പ്രസംഗിച്ചു തുടങ്ങുമ്പോള്‍ അതു പകര്‍ച്ചവ്യാധിപോലെ പരക്കുകയും ചെയ്യും. അവരും ഒരുതരം മയക്കുവിദ്യക്കാരാണ്. ലോലബുദ്ധികളായ ആളുകളുടെമേല്‍ അവര്‍ തല്ക്കാലത്തേക്കു ചെലുത്തുന്ന സ്വാധീനത പ്രത്യേകമാണ്. കഷ്ടം! അതു കാലാന്തരത്തില്‍ പലപ്പോഴും ജനവര്‍ഗ്ഗങ്ങളെ പാടേ ദുഷിപ്പിച്ചു കളയുന്നു. ഒരു മനുഷ്യനാകട്ടെ ഒരു ജനവര്‍ഗ്ഗമാകട്ടെ കെട്ട ബാഹ്യനിയമങ്ങള്‍ക്കു വശപ്പെട്ടു നല്ലവരെന്നു ചമഞ്ഞുകാണുന്നതിലും ആരോഗ്യകരമായിട്ടുള്ളതു ദുഷ്ടന്മാരായിരുന്നു കൊള്ളുന്നതാണ്. സദുദ്ദേശ്യത്തോടുകൂടിയവരെങ്കിലും ഉത്തരവാദിത്വമില്ലാത്ത ഈ മതഭ്രാന്തന്മാര്‍ മനുഷ്യലോകത്തിനു വരുത്തിക്കൂട്ടുന്ന വിപത്തിന്റെ വിപുലതയെക്കുറിച്ചോര്‍ത്തിട്ടു നെഞ്ചിടിയുന്നു. അവരുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ചേര്‍ന്നുള്ള പ്രേരണകള്‍ നിമിത്തം പെട്ടെന്ന് ആദ്ധ്യാത്മികമായ അത്യുത്കര്‍ഷം ഉണ്ടാകുന്ന മനസ്സുകള്‍ തന്നെത്താന്‍ അവശവും ആതുരവും അശക്തവുമാകുകമാത്രമാണ്, പിന്നീടുവരുന്ന മറ്റേതു പ്രേരണകള്‍ക്കും – അവ എത്ര ദുഷിച്ചതും ആയിക്കൊള്ളട്ടെ – വഴി തുറന്നു വഴങ്ങിക്കൊടുക്കുകകൂടിയാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നേയില്ല. മനുഷ്യഹൃദയം മാറ്റിമറിക്കുവാന്‍ തങ്ങള്‍ക്കുള്ള അദ്ഭുതശക്തി ഭഗവദ്ദത്തമാണെന്നു തങ്ങളെത്തന്നെ അഭിനന്ദിക്കുന്ന ഈ അജ്ഞന്മാര്‍, ഈ വിമൂഢന്മാര്‍, ഭാവിയില്‍ (ആ പാപങ്ങളുടെ) അധഃപതനത്തിനും അന്യായകര്‍മ്മങ്ങള്‍ക്കും ബുദ്ധിനാശത്തിനും മരണത്തിനും വിത്തു വിതയ്ക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നു സ്വപേ്‌നപി വിചാരിക്കുന്നില്ല. അതുകൊണ്ടു നിങ്ങളുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്ന ഏതൊന്നിനെയും സൂക്ഷിച്ചു കൊള്‍ക: അത് ആപത്കരമെന്നു ധരിച്ചുകൊള്‍ക. അതിനെ നിങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ചു വര്‍ജ്ജിച്ചുകൊള്‍ക.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 209-211]