മനസ്സിനെ യഥേഷ്ടം ഇന്ദ്രിയങ്ങളോടു യോജിപ്പിക്കാനോ വിയോജിപ്പിക്കാനോ സാധിക്കുന്നവനു പ്രത്യാഹാരം വശമായി എന്നു പറയാം. പ്രത്യാഹാരമെന്നതിനു തങ്കലേക്കു തിരികെ വലിച്ചെടുക്കുക എന്നര്‍ത്ഥമാകുന്നു. മനസ്സിന്റെ ബഹിര്‍ഗമനം തടഞ്ഞ് അതിനെ ഇന്ദ്രിയങ്ങളുടെ ദാസവൃത്തിയില്‍ നിന്നു മോചിപ്പിക്കുക എന്നാണര്‍ത്ഥം. ഇതു സാദ്ധ്യമാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സ്വഭാവദാര്‍ഢ്യം ഉണ്ടാകുന്നത്. അപ്പോള്‍ മാത്രമേ നാം സ്വാതന്ത്ര്യത്തിലേക്കു പുരോഗമിക്കുന്നുള്ളു: അതിനു മുമ്പു വെറും യന്ത്രങ്ങളാണ്.
മനോനിഗ്രഹം എത്ര ദുഷ്‌കരം! മനസ്സിനെ ഭ്രാന്തുപിടിച്ച കുരങ്ങിനോടുപമിച്ചിട്ടുള്ളത് ഉചിതമാണ്. ഒരിടത്ത് ഒരു കുരങ്ങനുണ്ടായിരുന്നു. അവന്‍ മറ്റു കുരങ്ങന്മാരെപ്പോലെ പ്രകൃത്യാ ചപലന്‍. പോരാഞ്ഞിട്ട് ആരോ അതിനെ മൂക്കോളം മദിര (മദ്യം) കുടിപ്പിച്ചു. അപ്പോള്‍ അവന്‍ അതിലുമധികം ചപലനായി. അതിനിടെ അവനെ ഒരു തേള്‍ കുത്തി. തേളിന്റെ കുത്തേറ്റവന്‍ ഒരു ദിവസം മുഴുവന്‍ തുള്ളിച്ചാടും. അങ്ങനെ കുരങ്ങന്റെ കഥ വലിയ കഷ്ടത്തിലായി. എന്നിട്ടു കഷ്ടപ്പാടു മുഴുവനാക്കാന്‍ അവനെ ഒരു പിശാചും പിടികൂടി. ഒതുക്കിയാല്‍ ഒതുങ്ങാത്ത ആ മര്‍ക്കടചാപല്യം എങ്ങനെ വര്‍ണ്ണിക്കാം. അത്തരം ഒരു മര്‍ക്കടനാണ് മനസ്സ്. പ്രകൃത്യാ നിരന്തര ചപലം. അനന്തരം തൃഷ്ണാമദിരകൊണ്ടു മദിച്ചു ചപലതരം: തൃഷ്ണ കൊണ്ടു പരവശനായവനെ അസൂയ – പരശ്രീ കണ്ടുകൂടായ്മ – എന്ന തേളു കുത്തുകയായി: ഒടുവില്‍ ഗര്‍വ്വപ്പിശാച് ആവേശിക്കുകയും ചെയ്യുന്നു; എന്നിട്ടു താന്‍തന്നെ സര്‍വ്വപ്രധാനന്‍ എന്നു ഗര്‍വ്വിക്കുന്നു. അത്തരം മനസ്സിനെ നിയന്ത്രിക്കുക എത്ര കഠിനം!
അപ്പോള്‍, ആദ്യത്തെ അഭ്യാസം ഇതാണ്; കുറേ നേരം ഇരുന്നു മനസ്സിനെ സ്വൈരസഞ്ചാരത്തിനു വിട്ടേക്കുക. മനസ്സ് എപ്പോഴും തുള്ളിപ്പുളച്ചുകൊണ്ടിരിക്കും, തുള്ളിച്ചാടുന്ന മര്‍ക്കടത്താനെപ്പോലെ തന്നെ. കുരങ്ങു വേണ്ടുവോളം ചാടിക്കൊള്ളട്ടെ, നിങ്ങള്‍ കാത്തിരുന്നാല്‍ മതി. ജ്ഞാനമാണു ബലം എന്നു പഴഞ്ചൊല്ലുണ്ടല്ലോ, അതു വാസ്തവമാണ്. മനസ്സ് എന്തു ചെയ്യുന്നു (എങ്ങനെ വ്യാപരിക്കുന്നു) എന്നറിയുന്നതുവരെ അതിനെ നിയന്ത്രിക്കാന്‍ കഴിയില്ല. കടിഞ്ഞാണ്‍ അയച്ചുകൊടുക്കുക: പല ബീഭത്‌സചിന്തകളും മനസ്സിലുണ്ടാകും. ഈവക വിചാരങ്ങളുണ്ടായല്ലോ എന്നു നിങ്ങള്‍ ആശ്ചര്യപ്പെടും. ഒട്ടും പരിഭ്രമിക്കേണ്ട. ദിവസംപ്രതി മനസ്സിന്റെ ചാഞ്ചാട്ടം കുറഞ്ഞുവരും, ചാഞ്ചാട്ടത്തിന്റെ തീവ്രതയും കുറഞ്ഞുവരും. ദിവസം പ്രതി മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി കാണാം. ആദ്യത്തെ ചില മാസങ്ങളില്‍ അനവധി ചിന്തകളുദിക്കും: പിന്നീട് അവ കുറഞ്ഞുതുടങ്ങും. കുറേക്കൂടെ മാസങ്ങള്‍ക്കുള്ളില്‍ അവ ചുരുങ്ങി, ഒടുവില്‍ മനസ്സ് നിങ്ങള്‍ക്കു പൂര്‍ണ്ണസ്വാധീനമാവുകയും ചെയ്യും: പക്ഷേ നിത്യവും ക്ഷമയോടുകൂടി അഭ്യസിക്കണം. ആവി തിരിച്ചു വിട്ടാല്‍ യന്ത്രം ഓടിയേ കഴിയൂ. വിഷയങ്ങള്‍ പ്രത്യക്ഷങ്ങളായാല്‍ നാം അവയെ കണ്ടറിഞ്ഞേ കഴിയൂ: അതുപോലെ (അനിവാര്യമായി) മനുഷ്യന്‍ യന്ത്രമല്ലെന്നു തെളിയിക്കണമെങ്കില്‍ താന്‍ (വിഷയേന്ദ്രിയാദികളുടെ) നിയന്ത്രണത്തിലല്ലെന്നു കാണിച്ചുകൊടുക്കണം. മനസ്സിനെ ഇന്ദ്രിയങ്ങളോടു ചേരാന്‍ വിടാതെ ഇങ്ങനെ അടക്കിനിര്‍ത്തുന്നതിനാണു പ്രത്യാഹാരം എന്നു പറയുന്നത്. ഇതെങ്ങനെ ശീലിക്കാം? ഇതൊരു കഠിനപ്രയത്‌നമാണ്: ഒരു ദിവസം കൊണ്ടു സാദ്ധ്യമല്ല. ക്ഷമാപൂര്‍വ്വം, നിരന്തരം, അനേകസംവത്‌സരം കഷ്ടപ്പെട്ടു പരിശ്രമിച്ചാലേ ജയമുണ്ടാകൂ.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 211-213]