സ്വാമി വിവേകാനന്ദന്‍

യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും. അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം.

യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം. ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം.

ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും. കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക.

മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്. ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല.

യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി. ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും – നല്ലതായാലും ചീത്തയായാലും – പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം. ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം: എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 214-218]