ചിത്തൈകാഗ്രതയെന്ന ലക്ഷ്യത്തിലേക്കത്രേ രാജയോഗം നമ്മെ നയിക്കുന്നത്. അതില്‍ സൂക്ഷ്മതരങ്ങളായ അഭ്യാസങ്ങളൊഴിച്ചു ശേഷമുള്ള വിവിധാഭ്യാസങ്ങളെയും നാം ഒരുവിധം നോക്കിക്കണ്ടു. മനുഷ്യരുടെ നിലയില്‍ നമുക്കുള്ള യുക്തിയുക്തമായ അറിവു മുഴുവനും നമ്മുടെ ബോധാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഈ മേശയെയും നിങ്ങളെയും സംബന്ധിച്ചു ബോധമുള്ളതു കൊണ്ടാണ് മേശയും നിങ്ങളും ഇവിടെയുണ്ടെന്നുള്ള ജ്ഞാനം എനിക്കുണ്ടാകുന്നത്. എന്നാല്‍ എന്നെത്തന്നെ സംബന്ധിച്ച വലിയൊരു ഭാഗം എന്റെ ബോധാവസ്ഥയില്‍ പെടാതെയുണ്ട്: ദേഹത്തിനുള്ളിലുള്ള വിവിധേന്ദ്രിയങ്ങളും, മസ്തിഷ്‌കത്തിന്റെ വിവിധഭാഗങ്ങളൊന്നും ആരുടെയും ബോധത്തില്‍ പെടുന്നവയല്ല.
ഞാന്‍ ഭക്ഷണം കഴിക്കുന്നതു ബോധപൂര്‍വ്വമാണ്. അതു പചിക്കുന്നതു ബോധപൂര്‍വ്വമല്ല. പചിച്ചതിനെ രക്തമാക്കുന്നതു ബോധപൂര്‍വ്വമല്ല. രക്തത്തില്‍നിന്നു ശരീരത്തിലെ നാനാവയവങ്ങള്‍ക്കു ബലം കൊടുക്കുന്നതും ബോധപൂര്‍വ്വമല്ല. എങ്കിലും ഞാന്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഈ ഒരു ശരീരത്തില്‍ ഞാനല്ലാതെ ഇരുപതു പേരുണ്ടാവാന്‍ നിവൃത്തിയില്ല. ഇതെല്ലാം ഞാനാണു ചെയ്യുന്നത്, മറ്റാരുമല്ല എന്ന് എനിക്കെങ്ങനെ അറിയാം? ഭക്ഷണം കഴിക്കുകമാത്രമാണ് എന്റെ കൃത്യം: അതു പചിച്ചു ദേഹപോഷണം ചെയ്യുന്നത് എനിക്കു വേണ്ടി വേറൊരാളാണ് എന്നൊരു വാദം വരാം. എന്നാല്‍ അങ്ങനെയാകാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ നമ്മുടെ ബോധത്തിനു വിഷയമല്ലാത്ത ഏതാണ്ടെല്ലാ വ്യാപാരത്തെയും ബോധതലത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കുമെന്നു തെളിയിക്കാം. പ്രത്യക്ഷത്തില്‍, നമുക്കധീനമല്ലാതെയാണു നമ്മുടെ ഹൃദയം സ്പന്ദിക്കുന്നത്: അത് അതിന്റെ വഴിയെ പൊയ്ക്കൊണ്ടിരിക്കുന്നു. എന്നാല്‍ അഭ്യാസംകൊണ്ടു ഹൃദയത്തെപ്പോലും സ്വാധീനമാക്കാം: ഹൃദയം ഇച്ഛപോലെ മന്ദമോ ശീഘ്രമോ സ്പന്ദിക്കും: സ്പന്ദനം മിക്കവാറും നിര്‍ത്താന്‍പോലും സാധിക്കും. ശരീരത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളെയും ഇങ്ങനെ അധീനമാക്കാം. ഇതുകൊണ്ടെന്തു തെളിയുന്നു? ബോധാവസ്ഥയ്ക്കു താഴെ നടക്കുന്ന കൃത്യങ്ങളും നാംതന്നെയാണു ചെയ്യുന്നത്. അതു ബോധപൂര്‍വ്വമല്ലെന്നേയുള്ളു. അപ്പോള്‍, മനുഷ്യമനസ്സു വ്യാപരിക്കുന്നതു രണ്ടു ഭൂമികകളിലാണ്. ആദ്യത്തേതു ബോധഭൂമിക: അതില്‍ എല്ലാ പ്രവൃത്തിയും അഹങ്കാര(ഞാനെന്ന ബോധ)ത്തോടു കൂടിയതാണ്. രണ്ടാമത്തേതു അബോധഭൂമിക. അതിലെ പ്രവൃത്തികളൊക്കെ അഹങ്കാരത്തോടുകൂടാത്തതാണ്. അഹന്തയോടുകൂടിയ ചിത്തവൃത്തി ബോധവൃത്തിയും, അഹന്തയോടുകൂടാത്ത വൃത്തി അബോധ വൃത്തിയും. താഴ്ന്നതരം ജീവികളില്‍ ഈ അബോധവൃത്തിക്കു സഹജവാസനയെന്നു പറയും. ഉയര്‍ന്നതരം ജീവികളിലും അത്യുന്നത ജീവിയായ മനുഷ്യനിലും ബോധവൃത്തിയാണ് അധികമായുള്ളത്.
എന്നാല്‍ ഇതിവിടെ അവസാനിക്കുന്നില്ല. മനസ്സിനു വ്യാപരിക്കാവുന്നതായി ഇതിനും മേലെ ഇനിയും ഒരു ഭൂമികയുണ്ട്. അതിനു ബോധാവസ്ഥയെ കടന്നുപോകാന്‍ കഴിയും. അബോധവൃത്തി ബോധവൃത്തിക്കു താഴെയായിരിക്കുംപോലെ ബോധവൃത്തിക്കു മീതെയും ഒരു വൃത്തിയുണ്ട്. അവിടെയും അഹങ്കാരസ്ഫുരണമില്ല. അഹന്ത മദ്ധ്യഭൂമികയിലേ ഉള്ളു. മനസ്സ് ആ അതിര്‍ത്തിക്കു മുകളിലോ അടിയിലോ ആയിരിക്കുമ്പോള്‍ അഹന്തയുടെ സ്ഫുരണമില്ല: എന്നാലും മനസ്സു വ്യാപരിക്കുന്നുണ്ട്. മനസ്സ് ഈ സ്വബോധാവസ്ഥയെ അതിക്രമിച്ചു പോകുമ്പോള്‍ ആ അവസ്ഥയ്ക്കു സമാധിയെന്നോ ബോധാതീതാവസ്ഥയെന്നോ പറയുന്നു. സമാധിയിലിരിക്കുന്ന ആള്‍ ബോധാവസ്ഥയില്‍നിന്നുയരുന്നതിനുപകരം താഴ്ന്നു പോകുകയല്ല, ഹീനനിലയിലാകുകയല്ല ചെയ്തതെന്ന് എങ്ങനെ നിശ്ചയിക്കും? ഈ രണ്ടവസ്ഥയിലും വ്യാപാരങ്ങളോടൊപ്പം അഹങ്കാരസ്ഫുരണമില്ലല്ലോ. സമാധാനം ഇതാണ്; ഫലം കൊണ്ടറിയാം: മുകളിലുള്ളതും താഴെയുള്ളതും വ്യാപാരഫലംകൊണ്ടറിയാം. ഗാഢനിദ്രയില്‍ ബോധാവസ്ഥയ്ക്കു താഴെയുള്ള ഒരു തലത്തിലേക്കാണു പോകുന്നത്. ആ സമയമത്രയും അയാള്‍ തന്റെ ശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്നു; ശ്വസിക്കുന്നു, ശരീരത്തെ അനക്കുന്നു. ഇതൊന്നും അഹംബോധത്തോടുകൂടെയല്ല, അയാള്‍ക്കു ബോധമില്ല. അയാള്‍ ഉറക്കത്തില്‍നിന്നു മടങ്ങിയെത്തുമ്പോള്‍ അതേ പഴയ മനുഷ്യന്‍ – ഉറങ്ങാന്‍ പോയ ആള്‍ – തന്നെ. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഉണ്ടായിരുന്ന അറിവിന്റെ ആകെത്തുക ഉണര്‍ന്നപ്പോഴും അങ്ങനെതന്നെ: ഒട്ടും കൂടുതലില്ല. ജ്ഞാനപ്രകാശം വീശുന്നില്ല. എന്നാല്‍, സമാധിയിലാണു പോകുന്നതെങ്കില്‍ മൂഢനായി അകത്തു പോയവന്‍ ജ്ഞാനിയായി പുറത്തു വരും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 7. പേജ് 219-220]