ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 11
അധ്യാത്മ ജ്ഞാന നിത്യത്വം
തത്ത്വജ്ഞാനാര്‍ത്ഥ ദര്‍ശനം
ഏതത്‌ജ്ഞാനമിതി പ്രോക്ത-
മജ്ഞാനം യദതോഽനൃഥാ.
‘ഞാന്‍ ആത്മാവാണ്, ശരീരമല്ല’ എന്ന ആത്മാനുഭവം സദാ ഉണ്ടായിരിക്കുക, തത്ത്വജ്ഞാനത്തിന്‍റെ പ്രയോജനം കണ്ടറിയല്‍ എന്നിതൊക്കെയാണ് ബ്രഹ്മനിഷ്ഠയ്ക്കുള്ള ഉപായങ്ങളായി പറയപ്പെട്ടിരിക്കുന്നത്. ഇതിന് വിപരീതമായതൊക്കെ അജ്ഞാനം തന്നെ.
പരമാത്മാവിനെ അനുവച്ചിറിയുന്നത് ആദ്ധ്യാത്മജ്ഞാനത്തില്‍ക്കൂടിയാണെന്നും ഭൌതികശ്രേയസ്സിലേക്കോ സ്വര്‍ഗീയഭോഗങ്ങളിലേക്കോ നയിക്കുന്ന ജ്ഞാനം അജ്ഞാനമല്ലാതെ മറ്റൊന്നുമല്ലെന്നും അവന്‍ ദൃഡമായി വിശ്വസിക്കുന്നു. തന്മൂലം സ്വര്‍ഗ്ഗപ്രാപ്തി അവന്‍റെ ലക്ഷ്യമല്ല. ഐഹികജീവിതത്തെപ്പറ്റി എന്തെങ്കിലും സംസാരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ അവന്‍ തല്പരനല്ല. അതിനുപകരം സദാചാരനിരതനായി അതീവ ശ്രദ്ധയോടെ ആത്മജ്ഞാനത്തിന്‍റെ അഗാധമായ ആഴങ്ങളിലേക്ക് അവന്‍ കുതിക്കുന്നു. ഒരു പാന്ഥന്‍ പലവഴികള്‍ കൂടിച്ചേരുന്ന സന്ധിയില്‍ എത്തുമ്പോള്‍ ശരിയായ വഴി ഏതെന്നു തിരക്കി അതില്‍ക്കൂടി യാത്ര ചെയ്യും. അതുപോലെ അവന്‍ മറ്റെല്ലാവിധ ജ്ഞാനങ്ങളുടെ വഴികളെയും ഉപേക്ഷിച്ച് അവന്‍റെ മനസ്സിനേയും ബുദ്ധിയേയും ആദ്ധ്യാത്മജ്ഞാനത്തിന്‍റെ പാതയില്‍ക്കൂടി നയിക്കുന്നു. അദ്ധ്യാത്മജ്ഞാനമാണ് യഥാര്‍ത്ഥത്തിലുള്ള ജ്ഞാനമെന്നും മറ്റുള്ള ജ്ഞാനമെല്ലാം മാനസികവിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നുള്ള ബോധം അവന്‍റെ മനസ്സില്‍ രൂഡമൂലമാവുകയും അവന്‍റെ ബുദ്ധി സ്ഥിരമാവുകയും ചെയ്യുന്നു. അവന്‍റെ മനസ്സ് മഹാമേരുപര്‍വ്വത്തത്തെപ്പോലെ അചഞ്ചലമായിരിക്കും. ധ്രുവനക്ഷത്രം ആകാശത്തില്‍ ഉറച്ചുനില്‍ക്കുന്നതുപോലെ, അവന്‍റെ മനസ്സ് അദ്ധ്യാത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കും. അവനില്‍ ജ്ഞാനം കുടികൊള്ളുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
ഒരുവന്‍ ഇരിക്കുന്നുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ഇരിക്കുന്നതിന്‍റെ സുഖമോ ആശ്വാസമോ അനുഭവിക്കുകയില്ല. ജ്ഞാനത്തിന്‍റെ കാര്യവും ഇപ്രകാരം തന്നെയാണ്. ജ്ഞാനം സിദ്ധിച്ചുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ജ്ഞാനിയാവുകയില്ല. ജ്ഞാനം കൊണ്ട് ജ്ഞേയവസ്തു അനുഭവിച്ചറിയാതെ ഒരുവന് ജ്ഞാനലബ്ധി ഉണ്ടായി എന്ന് കരുതാന്‍ സാദ്ധ്യമല്ല. ജ്ഞാനത്തില്‍ നിന്ന് ലഭിക്കുന്ന ഫലം, ജ്ഞേയത്തെ – പരം പൊരുളിനെ – അറിയുകയെന്നുള്ളതാണ്. ഒരുവന്‍റെ മനസ്സില്‍ ജ്ഞാനത്തെ സ്ഥിരമായി പ്രതിഷ്ഠിച്ചു കഴിയുമ്പോള്‍ അവന്‍ ജ്ഞാനിയാകുന്നു.
അന്ധന്‍റെ കൈയില്‍ വിളക്കുകിട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അതുപോലെ ജ്ഞാനം ലഭിക്കുകയും അതുകൊണ്ട് ജ്ഞേയത്തെ അറിയുകയും ചെയ്യുന്നില്ലെങ്കില്‍ അവന് ലഭിച്ചിട്ടുള്ള ജ്ഞാനം വ്യര്‍ത്ഥമാണ്. ജ്ഞാനപ്രകാരം കൊണ്ട് ചിത്തം പരംപൊരുളില്‍ എത്തുന്നില്ലെങ്കില്‍ അതിനെ പ്രചോദിപ്പിക്കുന്ന അന്തര്‍ഹിത ചൈതന്യം അന്ധമാണ്. നിഷ്കാമവും പരിശുദ്ധമായ ഒരു ചിത്തം, ജ്ഞാനപ്രകാശമേല്ക്കുന്ന ഏതു വസ്തുവും ബ്രഹ്മമായി കാണുന്നു. ജ്ഞാനസംവര്‍ദ്ധനത്തോടൊപ്പം അവന്‍റെ ചിത്തവികാസവും സംഭവിക്കുന്നു. അദ്ധ്യാത്മജ്ഞാനം അവന്‍റെ ചിത്തത്തെ പവിത്രമാക്കുകയും അതു ജ്ഞേയവസ്തുവിനെ കാണുന്നതിനുള്ള മാധ്യമമായിത്തീരുകയും ചെയ്യുന്നു. അപ്രകാരമുള്ള ചിത്തത്തിന്‍റെ ഉടമസ്ഥന്‍ ജ്ഞാനിയുടെ അവതാരമാണെന്നു പ്രത്യേകമായി വിശേഷിപ്പിക്കേണ്ട കാര്യമില്ല. സൂര്യനെ ചൂണ്ടിക്കാണിച്ചു ഇതു സൂര്യനാണെന്ന് പറയേണ്ട ആവശ്യമുണ്ടോ?
ഇത്രയുമായപ്പോള്‍ ശ്രോതാക്കള്‍ പറഞ്ഞു:
മതി, മതി. അങ്ങ് ജ്ഞാനത്തെപ്പറ്റി പറഞ്ഞത് ധാരാളമായി. അങ്ങയുടെ കാവ്യാത്മകവും വാചാലവുമായ പ്രഭാഷണം ജ്ഞാനത്തെപ്പറ്റി ഞങ്ങളെ തികച്ചും ബോധവാന്മാരാക്കിയിരിക്കുന്നു. എങ്കിലും ഗീതയെപ്പറ്റി കേള്‍ക്കാനാണ് ഞങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന കാര്യം അങ്ങ് വിസ്മരിച്ചിരിക്കുന്നു. ആളുകള്‍ ആഹാരം കഴിക്കാന്‍ കാത്തിരിക്കുമ്പോള്‍ പാകം ചെയ്ത ആഹാരവുമായി ഗൃഹനാഥ കടന്നുകളഞ്ഞാല്‍ അവള്‍ എത്ര വിനയസമ്പന്നയാണെങ്കിലും എന്താണ് പ്രയോജനം? മറ്റെല്ലാതരത്തിലും കൊള്ളാവുന്ന ഒരു പശു കറക്കുന്നവനെ തൊഴിക്കുമെങ്കില്‍ അതിന് ആരാണ് തീറ്റി കൊടുക്കുന്നത്.
ജ്ഞാനത്തെപ്പറ്റി ഒന്നും അറിവില്ലാത്തവര്‍ അതേപ്പറ്റി ധാരാളം വായിട്ടടിക്കാറുണ്ട്. എന്നാല്‍ അങ്ങയുടെ കാര്യം അങ്ങനെയല്ല. അങ്ങ് ജ്ഞാനത്തിന്‍റെ മനോജ്ഞമായ ഒരു ദര്‍ശനമാണ് ഞങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. അങ്ങയുടെ വാഗ്ധോരണി എത്ര ദിവസംതുടര്‍ച്ചയായി കേട്ടാലും ഞങ്ങള്‍ മുറുമുറുക്കുകയില്ല. ആനന്ദകരമായ ദിനങ്ങള്‍ അനവതരം വന്നുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും അതെണ്ണിത്തിട്ടപ്പെടുത്തി മുഷിയുമോ? പൌര്‍ണമി ഒരു യുഗം മുഴുവന്‍ നീണ്ടു നിന്നാലും ചകോരം ചന്ദ്രിക നുകര്‍ന്ന് തളരാറുണ്ടോ? ജ്ഞാനത്തെപ്പറ്റി നവരസങ്ങളും കലര്‍ന്നുള്ള അങ്ങയുടെ വാക്ചാതുര്യമേറിയ മധുര ഭാഷണം കേട്ടാല്‍ ആരാണ് മതിയെന്ന് പറയുക? ആതിഥ്യമാര്യാദ അങ്ങേയറ്റം പാലിക്കുകയും പാചകക്കാര്യത്തില്‍ അതിസമര്‍ത്ഥയുമായ ഒരു ആതിഥേയയുടെ വീട്ടില്‍ വിരുന്നു വരുന്ന ഭക്ഷണ പ്രിയനായ ഒരഥിതി, ഭക്ഷണം വിളമ്പാന്‍ അല്പം താമസിച്ചാലും പരിഭവിക്കുകയില്ല. ഞങ്ങളുടെ സ്ഥിതിയും അതുപോലെയാണ്. ഞങ്ങള്‍ ജ്ഞാനത്തെപ്പറ്റി അറിയണമെന്നാഗ്രഹിച്ചു. അത്യന്തം ഔത്സുക്യത്തോടും അതിലേറെ അഭിനിവേശത്തോടുംകൂടി അങ്ങ് അത് ഞങ്ങളെ വിവരിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ക്കു ജ്ഞാനത്തെപ്പറ്റിയുള്ള താല്‍പര്യം നാലിരട്ടയായി വര്‍ദ്ധിച്ചു. അങ്ങ് യഥാര്‍ത്ഥത്തില്‍ ജ്ഞാനദേവനാണെന്നു പറയാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. എങ്കിലും ഇനിയും ഭഗവാന്‍ ഗീതയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞു കേള്‍പ്പിച്ചാലും.
ഇതുകേട്ടപ്പോള്‍ നിവൃത്തിനാഥിന്‍റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറഞ്ഞു: എനിക്കും ഈ അഭിപ്രായം തനെയാണുള്ളത്. നിങ്ങള്‍ എനിക്കു അനുജ്ഞ നല്‍കിയ നിലയ്ക്ക് ഈ പ്രഭാഷണം ഞാന്‍ ആവശ്യമില്ലാതെ ദീര്‍ഘിപ്പിക്കുകയില്ല. ജ്ഞാനത്തെപ്പറ്റിയുള്ള പതിനെട്ടു ലക്ഷണങ്ങള്‍ അര്‍ജ്ജുനനോട് പറഞ്ഞശേഷം ഭഗവാന്‍ തുടര്‍ന്നു: