ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 12

സര്‍വ്വതഃ പാണിപാദം തത്
സര്‍വ്വതോഽക്ഷി ശിരോമുഖം
സര്‍വ്വതഃ ശ്രുതിമല്ലോകേ
സര്‍വ്വമാവൃത്യ തിഷ്ഠതി.


സര്‍വ്വത്ര കൈകാലുകളോടും സര്‍വ്വത്ര കണ്ണുകളും വായകളുമായി സര്‍വ്വത്ര ചെവികളോടും കൂടിയ (ബ്രഹ്മം) ഈ ലോകത്തില്‍ എല്ലാറ്റിലും അകവും പുറവും നിറഞ്ഞു നില്‍ക്കുന്നു.

ഒന്നില്‍നിന്നും വേറിട്ടു നില്‍ക്കാതെയും സ്ഥലകാല ഭേദമില്ലാതെയും എല്ലാ സ്ഥൂലവും സൂക്ഷ്മവുമായ ജീവജാലങ്ങളില്‍കൂടി നടക്കുന്ന പ്രവൃത്തികള്‍ ബ്രഹ്മത്തിന്‍റെ പാണികളാണ്. എല്ലാ കാലങ്ങളിലും രൂപങ്ങളിലും കര്‍മ്മങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അതിനെ വിശ്വബാഹു എന്ന് വിളിക്കുന്നു. ഒരേ സമയത്ത് എല്ലാ സഥലങ്ങളെയും അധിവസിക്കുന്നതുകൊണ്ട് അതിനെ വിശാഘി എന്ന് വിളിക്കുന്നു. കണ്ണ്‍ തുടങ്ങിയ പ്രത്യേക അവയവങ്ങളിലാത്ത കര്‍മ്മസാക്ഷി എല്ലായിടത്തും പ്രകാശം പരത്തുകയും എലാറ്റിനെയും ദര്‍ശിക്കുകയും ചെയ്യുന്നു. അതുപോലെ പരബ്രഹ്മം സമഷ്ടമായി സമ്പൂര്‍ണ്ണമായ ഏകമായി വിശ്വത്തെ പ്രകാശിപ്പിക്കുകയും അതിന്‍റെ ദ്രഷ്ടാവായിത്തീരുകയും ചെയ്യുന്നു. തന്മൂലം വേദങ്ങള്‍ സര്‍വ്വതോ ദൃഷ്ടിയായ അതിനെ വിശ്വതഃചക്ഷു എന്ന് വിളിക്കുന്നു. ലോകത്തിലുള്ള എല്ലാറ്റിന്‍റെയും തലവനും നിയന്ത്രകനുമായിരിക്കുന്നതുകൊണ്ട് അതിനെ വിശ്വമൂര്‍ദ്ധാവ് എന്ന് വിളിക്കുന്നു. അതിന്‍റെ വായായി നിയോഗിക്കപ്പെട്ടിട്ടുള്ള അഗ്നിയില്‍ക്കൂടി അത് എല്ലാം ഒന്നായി ആഹരിക്കുന്നതുകൊണ്ട് വേദങ്ങള്‍ അതിന് വിശ്വതോമുഖ എന്നെ പേരു നല്‍കിയിരിക്കുന്നു. ആകാശം പോലെ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്ന അതിന്‍റെ ശ്രോതങ്ങളില്‍കൂടി എല്ലാ വാക്കുകളും ശബ്ദങ്ങളും അതു ശ്രവിക്കുന്നത് കൊണ്ട് എലായിടത്തും ശ്രോത്രേന്ദ്രിയങ്ങളുള്ളത് എന്ന് അതിനെ വിളിക്കുന്നു. അല്ലയോ ധീമാനായ അര്‍ജ്ജുന, ശ്രുതികള്‍ അതിനെ ആലങ്കാരികഭാഷയില്‍ വിശ്വചക്ഷുസ്സ് എന്ന് വിളിക്കുന്നത്‌ അതിന്‍റെ സര്‍വ്വവ്യാപകത്വം വെളിപ്പെടുത്തുന്നതിനാണ്. അല്ലാത്ത പക്ഷം യഥാര്‍ത്ഥത്തില്‍ കൈയോ കാലുകളോ കണ്ണുകളോ ഇല്ലാത്ത അതിനെ അവയവങ്ങളുള്ളതായി കരുതി വര്‍ണ്ണിക്കുന്നത് അര്‍ത്ഥശൂന്യമാണ്. സമുദ്രത്തില്‍ തിരമാലകള്‍ ഉയരുമ്പോള്‍ ഒരു തിരമാല മറ്റൊരു ചെറിയ തിരമാലയെ വിഴുങ്ങുന്നതായി തോന്നാറില്ലേ? എന്നാല്‍ ഈ രണ്ടു തിരമാലകളും ഒരേ സമുദ്രജലം മാത്രമായിരിക്കെ വിഴുങ്ങുന്നതും വിഴുങ്ങപ്പെട്ടതുമായ തിരമാലകള്‍ തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ? അതുപോലെ ബ്രഹ്മം എല്ലായിടത്തും ഒന്ന് തന്നെയാണ്. അതിന് വ്യാപ്യമെന്നും വ്യാപകമെന്നുമുള്ള രീതിയില്‍ ദ്വന്ദ്വഭാവം കൈക്കൊള്ളാന്‍ എങ്ങനെ കഴിയും? എന്നാല്‍ അതിന്‍റെ എകത്വസ്വഭാവത്തിന്‍റെ വശദീകരണം നല്‍കുന്നതിനായി ദ്വന്ദ്വമെന്നുള്ള പ്രതിരൂപപദപ്രയോഗം വേണ്ടി വരും. പൂജ്യം ശൂന്യമാണ്. എങ്കിലും അതിനെ വെളിപ്പെടുത്തിക്കാട്ടാന്‍ ഒരു വട്ടമിട്ടു കാണിക്കുകതന്നെ വേണം. അതുപോലെ അദ്വൈതത്തെ വിവരിക്കാന്‍ ദ്വൈതത്തിന്‍റെ ഭാഷ തന്നെ ഉപയോഗിക്കണം. ഇപ്രകാരമല്ലെങ്കില്‍ ഗുരുശിഷ്യ സമ്പ്രദായം നിലനില്‍ക്കുകയില്ല. ഏകത്വത്തെക്കുറിച്ചുള്ള സംഭാഷണം തന്നെ നിലച്ചു പോകും. ഇക്കാരണത്താലാണ് വേദങ്ങള്‍ അദ്വൈതത്തിന്‍റെ യാഥാര്‍ത്ഥ്യം തെളിയിക്കുന്നതിന് ദ്വൈതത്തിന്‍റെ ഭാഷ സ്വീകരിച്ചിരിക്കുന്നത്. ഇനിയും നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരീഭവിച്ചിരിക്കുന്ന എല്ലാറ്റിലും ബ്രഹ്മം വ്യാപിച്ചിരിക്കുന്നത് എപ്രകാരമാണെന്നു കേള്‍ക്കുക.