ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 14

സര്‍വ്വേന്ദ്രിയഗുണാഭാസം
സര്‍വ്വേന്ദ്രിയ വിവര്‍ജ്ജിതം
അസക്തം സര്‍വ്വഭൃച്ചൈവ
നിര്‍ഗുണം ഗുണഭോക്തൃ ച


അത് എല്ലാ ഇന്ദ്രിയങ്ങളുടെയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ദ്രിയങ്ങളൊന്നും ഇല്ലാത്തതും ഒന്നിനോടും ചേര്‍ന്നിരിക്കാത്തതും എന്നാല്‍ എലാറ്റിനേയും തമ്മില്‍ ചേര്‍ത്ത് വെച്ചിരിക്കുന്നതും ഗുണങ്ങളൊന്നുമില്ലാത്തതും എന്നാല്‍ ഗുണങ്ങളൊക്കെ അനുഭവിക്കുന്നതും ആകുന്നു.

അല്ലയോ അര്‍ജ്ജുന, ആകാശം വിഹായസ്സില്‍ വ്യാപിച്ചിരിക്കുന്നു. നൂല് വസ്ത്രത്തിന്‍റെ രൂപം അവലംബിച്ചിരിക്കുന്നു. സലിലത്വം സലിലത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ദീപത്തില്‍ പ്രകാശം കുടിയിരിക്കുന്നു. കര്‍പ്പൂരത്തിന്‍റെ പരിമളം കര്‍പ്പൂരരൂപത്തില്‍ അടങ്ങിയിരിക്കുന്നു. കര്‍മ്മങ്ങള്‍ ശരീരത്തില്‍ ശരീരരൂപേണ വര്‍ത്തിക്കുന്നു. ഒരോതരി സ്വര്‍ണ്ണത്തിലും സ്വര്‍ണ്ണം തങ്ങിയിരിക്കുന്നു ഇതുപോലെ, പരബ്രഹ്മം എല്ലാറ്റിന്‍റെയും അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നു. പുഴ വളഞ്ഞു പുളഞ്ഞു ഒഴുകുമെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് നേരെ തന്നെ ആയിരിക്കും. അഗ്നിയുടെ ചൂടുകൊണ്ട് ചുട്ടുപഴുത്ത ഇരുമ്പ് ലോഹമല്ലാതായിത്തീരുകയില്ല. വട്ടകത്തിലടങ്ങിയിരിക്കുന്ന ആകാശം വൃത്താകാരത്തില്‍ കാണുന്നു. അത് മുറിക്കകത്ത് കാണുന്നത് ചതുരാകൃതിയിലായിരിക്കും. എന്നാല്‍ ആകാശം വൃത്താകൃതിയിലോ ചതുരാകൃതിയിലോ അല്ല. വട്ടകവും മുറിയും നശിച്ചാലും ആകാശം നശിക്കുന്നില്ല. അതുപോലെ ബ്രഹ്മം ബാഹ്യമായി രൂപംപ്രാപിച്ചിരിക്കുന്നുവെന്നു തോന്നിയാലും യഥാര്‍ത്ഥത്തില്‍ അതിന് വികാരഭേദങ്ങളില്ല. അത് അനശ്വരവും അച്യുതവുമാണ്. ബ്രഹ്മം മനസ്സായോ ഇന്ദ്രിയങ്ങലളായോ ത്രിഗുണങ്ങളായോ രൂപാന്തരപ്പെട്ടുവെന്ന് പുറമേ തോന്നിയേക്കാം. ഏത് ആകൃതിയിലായാലും പഞ്ചസാര മധുരിക്കും. അപ്പോള്‍ അതിന്‍റെ മാധുര്യം അടങ്ങിയിരിക്കുന്നത് ആകൃതിയിലല്ലെന്നും പഞ്ചസാരയില്‍തന്നെയാണെന്നും നാം മനസ്സിലാക്കുന്നു. അല്ലയോ അര്‍ജ്ജുന, വെണ്ണ ഉരുക്കിയെടുത്ത നെയ്യ്, പാലില്‍, പാലിന്‍റെ രൂപത്തിലടങ്ങിയിരിക്കുന്നു. എങ്കിലും പാല് തീര്‍ച്ചയായും നെയ്യല്ല. അതിനെ ആരും നെയ്യെന്ന് വിളിക്കുകയുമില്ല. അതുപോലെ, ബ്രഹ്മം മനസ്സിനും ഇന്ദ്രിയങ്ങളിലും ത്രിഗുണങ്ങളിലും വ്യാപരിക്കുമെങ്കിലും അത് ഒരിക്കലും മനസ്സോ ഇന്ദ്രിയങ്ങളോ ത്രിഗുണങ്ങളോ ആയിത്തീരുന്നില്ല. സ്വര്‍ണ്ണാഭരണങ്ങള്‍ വിവിധ നാമത്തിലല്ലേ അറിയുന്നത്? എന്നാല്‍ അവയിലെല്ലാം ഉള്‍ക്കൊള്ളുന്ന സ്വര്‍ണ്ണം ഒന്നും ബാധിക്കാതെ ശുദ്ധസ്വര്‍ണ്ണമായിത്തന്നെ നിലനില്‍ക്കുന്നു. വ്യക്തമായി പറഞ്ഞാല്‍ ബ്രഹ്മം ഇന്ദ്രിയങ്ങളില്‍ നിന്നും ത്രിഗുണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വ്യത്യസ്തമാണ്. നാമരൂപസംബന്ധങ്ങളും ജാതി ക്രിയാഭേദങ്ങളും ആകാരത്തിന്‍റെ വിശേഷങ്ങളാണ്. അതൊന്നും ബ്രഹ്മത്തിനു യോജിക്കുകയില്ല. ബ്രഹ്മം ഗുണങ്ങളോ ഗുണങ്ങളായി ബന്ധപ്പെട്ടതോ അല്ല. എന്നാല്‍ അത് ബന്ധപ്പെട്ടതാണെന്ന് തോന്നും. തന്മൂലം അജ്ഞാനികള്‍ ബ്രഹ്മത്തെ അതായി അധ്യാരോപിക്കുന്നു. ഇത് കാര്‍മേഘങ്ങളെ ആകാശമെന്ന് നിരൂപിക്കുന്നതുപോലെയോ, മുഖകണ്ണാടിയില്‍ കാണുന്ന പ്രതിരൂപം യഥാര്‍ത്ഥമാണെന്നു കരുതുന്നതുപോലെയോ ജലത്തില്‍ കാണുന്ന സൂര്യബിബംബം സാക്ഷാല്‍ സൂര്യനാണെന്ന് ധരിക്കുന്നതുപോലെയോ സൂര്യപ്രകാശത്തില്‍ മൃഗതൃഷ്ണ നിലനില്‍ക്കുന്നുവെന്നു സങ്കല്പിക്കുന്നതുപോലെയോ ആണ്. ഇതേപ്രകാരം അപ്രകടിതമായ ബ്രഹ്മം ഗുണലക്ഷണങ്ങളെ അവയുമായി യാതൊരു ബദ്ധവുമില്ലാതെ താങ്ങിനിര്‍ത്തുന്നു. നിര്‍ഗുണ്ണമായ ബ്രഹ്മം അവയെ അനുഭവിക്കുന്നുവെന്ന് പറയുന്നത് മതിഭ്രാന്തുകൊണ്ട്മാത്രമാണ്. അത് നിര്‍ദ്ധനനായ ഒരുവന്‍ സ്വപ്നത്തില്‍ രാജാവായി ഭോഗസുഖങ്ങള്‍ അനുഭവിക്കുന്നതുപോലെ അയഥാര്‍ത്ഥമാണ്. ആകയാല്‍ ബ്രഹ്മം ഗുണങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നോ അത് അനുഭവിക്കുന്നുവെന്നോ പറയുന്നത് തികച്ചും തെറ്റാണ്