എല്ലാ ധര്‍മ്മശാസ്ത്രങ്ങളും മനുഷ്യന്റെ എല്ലാ പ്രവൃത്തികളും വിചാരങ്ങള്‍പോലും സ്വാര്‍ത്ഥരാഹിത്യമെന്ന ഒറ്റാശയത്തെ അവലംബിച്ചിരിക്കുന്നു. മനുഷ്യജീവിതമെന്നത് മുഴുവനും സ്വാര്‍ത്ഥരാഹിത്യം എന്ന ഒറ്റവാക്കില്‍ ഒതുക്കാവുന്നതാണ്. നാം എന്തിനു നിസ്സ്വാര്‍ത്ഥരാകണം? അതിന്റെ ആവശ്യമെന്ത്? എനിക്കു നിസ്സ്വാര്‍ത്ഥനാകാനുള്ള പ്രേരണയും ശക്തിയും എവിടെ? നിങ്ങള്‍ യുക്തിശാലിയാണ്, പ്രയോജനവാദിയാണ് എന്നു നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ പ്രയോജനവാദത്തിനു ഒരു യുക്തി കാണിച്ചുതരുന്നില്ലെങ്കില്‍ നിങ്ങള്‍ യുക്തിഹീനനാണെന്നു ഞാന്‍ പറയും. ഞാന്‍ സ്വാര്‍ത്ഥപരനാകരുത് എന്നതിന് എനിക്കു യുക്തി കാണിച്ചുതരിക. നിസ്വാര്‍ത്ഥനായിരിക്കണം എന്നു പറയുന്നതില്‍ കവിതാമാധുര്യമുണ്ടാവാം. എന്നാല്‍ കവിത വേറെ, യുക്തി വേറെ. എനിക്കു യുക്തി വേണം. ഞാന്‍ എന്തിനു നിഃസ്വാര്‍ത്ഥനും നല്ലവനുമാകണം? ശ്രീമാന്‍ ഇന്നവനും ശ്രീമതി ഇന്നവളും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുള്ളതു ഞാന്‍ വിലവെയ്ക്കുകയില്ല. ഞാന്‍ നിഃസ്വാര്‍ത്ഥനാകുന്നതുകൊണ്ടുള്ള പ്രയോജനമെവിടെ? പ്രയോജനമെന്നുവെച്ചാല്‍ ഏറ്റവുമധികം സുഖമാണെങ്കില്‍ ഞാന്‍ സ്വാര്‍ത്ഥപരനായിരിക്കുന്നതാണ് എനിക്കു പ്രയോജനം. അതിനു നിങ്ങള്‍ക്ക് ഉത്തരമെന്ത്? പ്രയോജനവാദിക്ക് അതിനുത്തരം പറയാന്‍ ഒരിക്കലും കഴിയില്ല. എന്നാല്‍ അതിനുത്തരമുണ്ട്; ഈ ലോകമെന്നു പറയുന്നത് ഒരനന്ത സാഗരത്തിലെ ഒരു കണിക മാത്രമാണ്, ഒരനന്തശൃംഖലയിലെ ഒരു കണ്ണിമാത്രമാണ്. ഇതു തന്നെ സമാധാനം. സ്വാര്‍ത്ഥരാഹിത്യത്തെ വ്യാഖ്യാനിച്ചു മനുഷ്യലോകത്തിനുപദേശിച്ചവര്‍ക്ക് ആ തത്ത്വം എവിടെനിന്നു കിട്ടി? അതു സഹജവാസനയല്ല: സഹജവാസനയുള്ള തിര്യക്കുകള്‍ക്ക് അതില്ലെന്നു നമുക്കറിയാം. തര്‍ക്കംകൊണ്ടും അതു കിട്ടില്ല: തര്‍ക്കത്തിന് അതിനെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ. എന്നാല്‍ പിന്നെ എവിടെനിന്നു വന്നു?
ചരിത്രം പഠിച്ചാല്‍ കാണാം, ലോകത്തിലുണ്ടായ മതാചാര്യന്മാരെല്ലാവരും ഒരു സംഗതിയില്‍ ഒരേ പക്ഷക്കാരാണെന്ന്. തങ്ങളുടെ തത്ത്വങ്ങളെല്ലാം ബുദ്ധിക്കു പുറമേനിന്നു കിട്ടിയതാണെന്ന് അവരെല്ലാം അവകാശപ്പെടുന്നു; പലര്‍ക്കും അത് എവിടെനിന്നു കിട്ടി എന്ന് അറിവുണ്ടായിരുന്നില്ല എന്നൊരു വിശേഷമുണ്ട്. അതിനു ദൃഷ്ടാന്തം പറയാം. ഒരാള്‍ പറയും; മനുഷ്യരൂപത്തില്‍ ഒരു ദേവദൂതന്‍ രണ്ടു ചിറകുമായി കീഴ്‌പ്പോട്ടു പറന്നുവന്നു തന്നോടു പറഞ്ഞു; ‘അല്ലയോ മനുഷ്യ, കേള്‍ക്കുക: ഇതാണു ദിവ്യസന്ദേശം.’ മറ്റൊരാള്‍, ഒരു ദേവന്‍ – ഒരു തേജോരൂപം – തനിക്കു പ്രത്യക്ഷമായി എന്നു പറയും. മൂന്നാമതൊരാള്‍ പറയുന്നത്, തന്റെ ഒരു പൂര്‍വ്വികന്‍ വന്നു തന്നോടു ചില സംഗതികള്‍ ഉപദേശിച്ചതായി താന്‍ സ്വപ്നം കണ്ടുവെന്നാണ്. അതിനപ്പുറം അയാള്‍ക്കറിഞ്ഞൂകൂടാ. എന്നാല്‍ ഈ ഒരു സംഗതി – തത്ത്വജ്ഞാനം ഉണ്ടായത് തങ്ങളുടെ യുക്തിശക്തികൊണ്ടല്ല, പുറമേനിന്നാണു സിദ്ധിച്ചത് എന്നുള്ളത് – സര്‍വ്വസമ്മതമാണ്. ഈ സംഗതിയില്‍ യോഗശാസ്ത്രം എന്തുപദേശിക്കുന്നു? ഈ ജ്ഞാനം യുക്തിമൂലകമല്ല. അതിനപ്പുറത്തുനിന്നു വന്നതാണെന്നു പറയുന്നതു ശരിതന്നെ. എന്നാല്‍ അത് അവരുടെ ഉള്ളില്‍നിന്നുതന്നെയാണു വന്നതെന്നു യോഗശാസ്ത്രം പറയുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 7. പേജ് 222-223]