യോഗത്തിലെ പല പടികളും സമാധിയെന്ന ഈ ബോധാതീതാവസ്ഥയിലേക്കു നമ്മെ ശാസ്ത്രീയമായി കൊണ്ടുചെന്നാക്കുവാനുള്ളതാകുന്നു. എന്നുതന്നെയല്ല, ഇവിടെ വളരെ മുഖ്യമായ ഒരു സംഗതി മനസ്സിലാക്കാനുണ്ട്; പുരാതന പ്രബോധകന്മാര്‍ക്കെന്നപോലെ, അത്രതന്നെ, സര്‍വ്വമനുഷ്യര്‍ക്കും പ്രകൃതിയിലുള്ളതാണ് അന്തഃപ്രബോധം. ഈ പ്രബോധകന്മാര്‍ അതിമാനുഷന്മാരായിരുന്നില്ല. നിങ്ങളെപ്പോലെയും എന്നെപ്പോലെയും അവരും മനുഷ്യരായിരുന്നു. (എന്നാല്‍) അവര്‍ മഹായോഗികളായിരുന്നു. അവര്‍ ബോധാതീതാവസ്ഥ നേടിയിരുന്നു: നിങ്ങള്‍ക്കും എനിക്കും അതു നേടുകയും ചെയ്യാം. എന്നെങ്കിലും ഒരാള്‍ ആ അവസ്ഥയില്‍ എത്തി എന്ന വസ്തുതതന്നെ എല്ലാ മനുഷ്യര്‍ക്കും അതിലെത്താമെന്നതിനു തെളിവാണ്. എത്താമെന്നുമാത്രമല്ല, എത്തിയേ കഴിയൂതാനും. അതാണു മതം. അനുഭവം മാത്രമാണു നമ്മുടെ ഗുരു. നമുക്ക് ആജീവനാന്തം വാദിക്കാം, വിചാരം ചെയ്യാം, എങ്കിലും തത്ത്വം ഒരക്ഷരവും വെളിവാകയില്ല. അതു നാം അനുഭവിച്ചേ അറിയണം.
ഒരാള്‍ക്കു കുറെ പുസ്തകങ്ങള്‍ കൊടുത്താല്‍ അതു കൊണ്ടുമാത്രം അയാളെ ശസ്ര്തക്രിയാവിദഗ്ദ്ധനാക്കാനാവില്ല. ഒരു ഭൂവിഭാഗത്തിന്റെ പടം കാണിച്ചുതന്നതുകൊണ്ട് ആ രാജ്യം കാണാന്‍ എനിക്കുള്ള തൃഷ്ണ ശമിപ്പിക്കുവാന്‍ കഴിയില്ല. അതെനിക്കു നേരിട്ടു കാണണം. പടങ്ങള്‍ ജിജ്ഞാസ ജനിപ്പിക്കാന്‍ കൊള്ളാം. അതിനപ്പുറം അവയ്‌ക്കൊരു വിലയുമില്ല. ഗ്രന്ഥങ്ങളെ മാത്രം മുറുകെ പിടിക്കുന്നതു മനുഷ്യമനസ്സിനെ ദുഷിപ്പിക്കുകയേ ഉള്ളു. ഈശ്വരജ്ഞാനം മുഴുവന്‍ ഈ ഗ്രന്ഥത്തിലോ ആ ഗ്രന്ഥത്തിലോ അടങ്ങിയിരിക്കുന്നു എന്നു പറയുന്നതിനെക്കാള്‍ ഭയങ്കരമായ ഈശ്വരനിന്ദ മറ്റെന്തുണ്ട്? ഈശ്വരനെ അനാദ്യനന്തനെന്നു വര്‍ണ്ണിക്കയും അതോടൊപ്പം ഈശ്വരനെ ചെറിയൊരു ഗ്രന്ഥത്തിന്റെ ആദ്യന്തപുറങ്ങളില്‍ തിക്കിക്കൊള്ളിക്കയും ചെയ്യാന്‍ മനുഷ്യന്‍ എങ്ങനെ ധൈര്യപ്പെടുന്നു! ഒരു പുസ്തകത്തില്‍ പറഞ്ഞതു കൈക്കൊള്ളാഞ്ഞിട്ട്, ഈശ്വരജ്ഞാനം മുഴുവന്‍ ഒരു പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാഞ്ഞിട്ട്, അനേക ലക്ഷം ജനങ്ങളെ കൊന്നുകളഞ്ഞിട്ടുണ്ട്. ഈ കൊല്ലും കൊലയുമെല്ലാം പണ്ടേ കഴിഞ്ഞുപോയതാണ് എങ്കിലും ലോകം ഇപ്പോഴും ഗ്രന്ഥവിശ്വാസത്തില്‍ ഭയങ്കരമായി കുടുങ്ങിക്കിടക്കുകയാണ്.
ഈ ബോധാതീതാവസ്ഥ ശാസ്ത്രീയരീതിയില്‍ പ്രാപിക്കാന്‍ ഞാന്‍ വിവരിച്ച എല്ലാ രാജയോഗാംഗങ്ങളില്‍ക്കൂടെയും കടന്നു പോകേണ്ടതുണ്ട്. പ്രത്യാഹാരവും ധാരണയും കഴിഞ്ഞു നാം ധ്യാനത്തിലെത്തുന്നു. ബാഹ്യമോ ആഭ്യന്തരമോ ആയ ഒരു സ്ഥാനത്തു നില്ക്കാന്‍ മനസ്സിനെ അഭ്യസിപ്പിച്ചാല്‍ ആ സ്ഥാനത്തേക്ക് ഇടമുറിയാതെ ഒഴുകിച്ചെല്ലാനുള്ള ഒരു ശക്തി മനസ്സിനുണ്ടാകും. ബോധ വിഷയമായ വസ്തുവിന്റെ ബാഹ്യഭാഗം വിട്ട് ആഭ്യന്തരഭാഗമായ അര്‍ത്ഥത്തെമാത്രം ധ്യാനിക്കാന്‍ തക്കവണ്ണം ധ്യാനശക്തി തീവ്രമാക്കിയാല്‍ ആ അവസ്ഥയ്ക്കു സമാധിയെന്നു പറയാം. ധാരണ, ധ്യാനം, സമാധി എന്ന മൂന്നവസ്ഥയ്ക്കുംകൂടി സംയമം എന്ന പേരുണ്ട്. അതായത്, ആദ്യം മനസ്സിന് ഒരു വസ്തുവില്‍ ഏകാഗ്രമാകാനും, പിന്നെ ആ ഏകാഗ്രത (ധാരണ)യില്‍ കുറേനേരം തുടരാനും, അങ്ങനെ തുടര്‍ന്ന ഏകാഗ്രത(ധ്യാനം)കൊണ്ട് ആ വസ്തു ബോധത്തിന്റെ അന്തരംഗത്തില്‍ – അന്തരംഗമായതു കാരണവും വസ്തു അതിന്റെ കാര്യവുമാണ് – മാത്രം മനസ്സു നിര്‍ത്താനും (സംയമം ചെയ്യാന്‍) കഴിവുണ്ടായാല്‍ ആ മനസ്സിനു സര്‍വ്വവും സ്വാധീനമാകുന്നു.
ഈ ധ്യാനമത്രേ ജീവിതത്തിന്റെ അത്യുത്കൃഷ്ടാവസ്ഥ. വല്ല ആഗ്രഹവുമുള്ളിടത്തോളം കാലം മനുഷ്യനു യഥാര്‍ത്ഥസുഖമില്ല. ധ്യാനിക്കുന്നവിധം സാക്ഷിയുടെ നിലയില്‍ വസ്തുക്കളുടെ തത്ത്വം ഗ്രഹിക്കുന്നതാണ്, യഥാര്‍ത്ഥ സുഖവും ആനന്ദവും തരുന്നത്. മൃഗത്തിന് ആനന്ദം ഇന്ദ്രിയങ്ങളിലാണ്. മനുഷ്യനു ബുദ്ധിയില്‍, ദേവന് അദ്ധ്യാത്മധ്യാനത്തിലും. ഈ ധ്യാനാവസ്ഥയിലെത്തിയ ജീവനു മാത്രമേ ലോകം യഥാര്‍ത്ഥത്തില്‍ സുന്ദരമാകുന്നുള്ളു. ഒന്നും ആഗ്രഹിക്കാത്തവനും (നിഷ്‌കാമനും) അവയിലൊന്നിലും കൂടിക്കുഴയാത്തവനു (നിഃസംഗനു)മായ മനുഷ്യനു പ്രകൃതിയുടെ അനന്ത പരിണാമങ്ങള്‍ സൗന്ദര്യഗാംഭീര്യങ്ങളുടെ പ്രദര്‍ശനപരമ്പരയാണ്.
ധ്യാനത്തിന്റെ കാര്യത്തില്‍ ഈ സംഗതികള്‍ മനസ്സിലാക്കിയിരിക്കണം. ഒരു ശബ്ദം കേള്‍ക്കുന്നു. അതില്‍ ആദ്യം ഒരു ബാഹ്യസ്പന്ദമുണ്ട്. രണ്ടാമത് ആ സ്പന്ദത്തെ മസ്തിഷ്‌കത്തിലെത്തിക്കുന്ന നാഡീചലനം: മൂന്നാമതു ചിത്തത്തിന്റെ പ്രതികരണം. അതോടു കൂടി ആകാശസ്പന്ദം മുതല്‍ ചിത്തപ്രതികരണംവരെയുണ്ടായ വികാരങ്ങളുടെ ബാഹ്യകാരണമായ പദാര്‍ത്ഥത്തിന്റെ ജ്ഞാനം മനസ്സില്‍ സ്ഫുരിക്കുന്നു. ഈ മൂന്നവസ്ഥകള്‍ക്കു യോഗശാസ്ത്രത്തില്‍ ശബ്ദം, അര്‍ത്ഥം, ജ്ഞാനം എന്നു പേര്‍ പറയുന്നു. ഭൗതികശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും ഭാഷയില്‍ അവ വായുവിലുണ്ടായ സ്പന്ദവും നാഡീമസ്തിഷ്‌കചലനവും ചിത്ത പ്രതികരണവുമാണ്. ഇവയോരോന്നും നടക്കുന്നതു വെവ്വേറെയാണെങ്കിലും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം സമ്മിശ്രമാകുന്നു. വാസ്തവത്തില്‍ നമുക്കിപ്പോള്‍ ഇതില്‍ ഒന്നിനെയും വെവ്വേറെ അറിയാന്‍ കഴിയുന്നില്ല: അവയുടെ ഫലമായ ബാഹ്യപദാര്‍ത്ഥബോധ മേ ഉണ്ടാകുന്നുള്ളു, ഓരോ പ്രത്യക്ഷജ്ഞാനത്തിലും ഈ മൂന്നും അടങ്ങിയിരിപ്പുണ്ട്. അവയെ വേര്‍തിരിക്കാന്‍ നമുക്കു കഴിയാത്തതിനു ന്യായവുമില്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 7. പേജ് 225-227]