മനസ്സ് പൂര്‍വ്വാഭ്യാസങ്ങളാല്‍ ബലവത്തും വശവര്‍ത്തിയും സൂക്ഷ്മനിരീക്ഷണവിചക്ഷണവുമാകുമ്പോള്‍ അതിനെ ധ്യാനത്തിലേര്‍പ്പെടുത്തണം. ധ്യാനം സ്ഥൂലവിഷയങ്ങളില്‍ വേണം തുടങ്ങുക: പതുക്കെപ്പതുക്കെ സൂക്ഷ്മതരങ്ങളിലേക്ക് ഉയരണം, അവസാനം നിര്‍വ്വിഷയമായിത്തീരണം. ഒന്നാമതായി ഇന്ദ്രിയവേദനങ്ങളുടെ ബാഹ്യകാരണങ്ങളെയും, അനന്തരം ആന്തരചലനങ്ങളെയും, അതിനുശേഷം സ്വന്തം പ്രതികരണത്തെയും നിരീക്ഷിക്കാന്‍ മനസ്സിനെ നിയോഗിക്കണം. മനസ്സിന് ഇന്ദ്രിയവേദനങ്ങളുടെ ബാഹ്യകാരണങ്ങളെ വേറിട്ടറിയാന്‍ കഴിയുമ്പോള്‍ അതിസൂക്ഷ്മങ്ങളായ ജഡ വസ്തുക്കളെയെല്ലാം, എല്ലാ സൂക്ഷ്മശരീരങ്ങളെയും രൂപങ്ങളെയും, അറിയാന്‍ ശക്തി സിദ്ധിക്കും. ഉള്ളിലെ ചലനങ്ങളെ വേറിട്ടറിയാന്‍ കഴിയുമ്പോള്‍ എല്ലാ ചിത്തതരംഗങ്ങളും – അവ തന്നിലോ മറ്റുള്ളവരിലോ ആയാലും – അവ ശാരീരികശക്തിയായി മാറുന്നതിനുമുമ്പേ സ്വാധീനമാകും. ചിത്തപ്രതികരണം വേറിട്ടറിയാന്‍ കഴിയുമ്പോള്‍ യോഗിക്കു സര്‍വ്വത്തിന്റെയും ജ്ഞാനമുണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇന്ദ്രിയവേദ്യമായ ഏതു പദാര്‍ത്ഥവും ഏതു വിചാരവും ഈ പ്രതികരണത്തിന്റെ ഫലമാണല്ലോ. അപ്പോഴേക്കു യോഗി സ്വന്തം മനസ്സിന്റെ അസ്തിവാരങ്ങളെത്തന്നെ കണ്ടെത്തിയിരിക്കും: മനസ്സു പൂര്‍ണ്ണമായും യോഗിക്കധീനമാകുകയും ചെയ്യും. യോഗിക്കു പല സിദ്ധികളും വന്നുചേരും. അതില്‍ വല്ലതിന്റെയും പ്രലോഭനങ്ങള്‍ക്കു വഴിപ്പെട്ടുപോയാല്‍ അയാളുടെ പുരോഗതിക്കുള്ള വഴി അടഞ്ഞുപോകും, അത്ര ആപത്കരമാണു ഭോഗാനുധാവനം. ഈ അദ്ഭുതസിദ്ധികളെ തള്ളിക്കളയത്തക്ക കരുത്തുണ്ടെങ്കിലോ, ചിത്ത സാഗരതരംഗങ്ങളുടെ സമ്പൂര്‍ണ്ണനിരോധം എന്ന യോഗത്തിന്റെ പരമസാദ്ധ്യം അയാള്‍ക്കു സിദ്ധിക്കും. അപ്പോള്‍ ആത്മമഹിമ ചിത്ത വിക്ഷേപങ്ങളാലോ ദേഹവ്യാപാരങ്ങളാലോ തടയപ്പെടാതെ പരിപൂര്‍ണ്ണമായി പ്രകാശിക്കും. അപ്പോള്‍ യോഗി സ്വസ്വരൂപം സാക്ഷാത്ക്കരിക്കും. അപ്പോള്‍ത്തന്നെ, എപ്പോഴുമെന്നതുപോലെ താന്‍ ജ്ഞാനസാരവും അമൃതനും സര്‍വ്വഗനുമാണെന്നു കാണുകയും ചെയ്യും.
സമാധി സര്‍വ്വമനുഷ്യരുടെയും എന്നു മാത്രമല്ല സര്‍വ്വജീവികളുടെയും, സ്വത്താകുന്നു. ഏറ്റവും താണജീവിമുതല്‍ ഏറ്റവും ഉയര്‍ന്ന ദേവന്‍വരെ സര്‍വ്വരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ആ സ്ഥിതിയിലെത്തണം. അപ്പൊഴേ ആ ജീവിക്കു യഥാര്‍ത്ഥമതം ആരംഭിക്കൂ. അതുവരെ ആ ലക്ഷ്യത്തിലേക്കു നാം പണിപ്പെടുന്നതേയുള്ളു. ഇപ്പോള്‍ നമ്മളും മതമില്ലാത്തവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല: എന്തുകൊണ്ടെന്നാല്‍ നമുക്ക് അനുഭവമില്ല. ഈ അനുഭവം കൈവരുത്തുകയല്ലാതെ മറ്റെന്തു ഗുണമാണ് ഏകാഗ്രതകൊണ്ടു സിദ്ധിക്കാനുള്ളത്? സമാധി പ്രാപിക്കാനുള്ള ഓരോ പടിയും യുക്തി യുക്തം നിര്‍ണ്ണയിച്ചു ശരിയായി ചേര്‍ത്ത്, ശാസ്ത്രീയമായി സംഘടിപ്പിച്ചിട്ടുള്ളതാണ്: ശ്രദ്ധാപൂര്‍വ്വം അഭ്യസിച്ചാല്‍ നമ്മെ തീര്‍ച്ചയായും ഉദ്ദിഷ്ടലക്ഷ്യത്തില്‍ എത്തിക്കുകയും ചെയ്യും. അപ്പോള്‍ സര്‍വ്വശോകങ്ങളും ഒടുങ്ങും: ക്ലേശങ്ങള്‍ മാഞ്ഞു പോകും: സര്‍വ്വകര്‍മ്മബീജങ്ങളും ദഹിക്കും; ആത്മാവു നിത്യമുക്തിയെ പ്രാപിക്കുകയും ചെയ്യും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 7. പേജ് 227-228]