ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 18, 19
ഇതി ക്ഷേത്രം തഥാ ജ്ഞാനം
ജ്ഞേയം ചോക്തം സമാസതഃ
മദ്ഭക്ത ഏതദ്വിജ്ഞായ
മദ്ഭാവായോപപദ്യതേ.പ്രകൃതിം പുരുഷം ചൈവ
വിദ്ധ്യനാദീം ഉഭാവപി
വികാരാംശ്ച ഗുണാംശ്ചൈവ
വിദ്ധി പ്രകൃതിസംഭവാന്‍
ഇങ്ങനെ ക്ഷേത്രം, ജ്ഞേയം, ജ്ഞാനം, ഇവയെപ്പറ്റി ചുരുക്കിയും വ്യക്തമായും പറഞ്ഞുകഴിഞ്ഞു. ഈ പറഞ്ഞത് എന്‍റെ ഭക്തന്‍ വേണ്ടതുപോലെ ധരിച്ചാല്‍ ആത്മസാക്ഷാത്കാരത്തിന് യോഗ്യനായിത്തീരുന്നു.
പ്രകൃതിയെയും പുരുഷനേയും രണ്ടിനേയും ആദിയില്ലാത്തതാണെന്നറിയൂ. വികാരങ്ങളും ഗുണങ്ങളുമൊക്കെ പ്രകൃതിയില്‍നിന്നും ഉണ്ടായതാണാണെന്നും അറിയൂ.
അല്ലയോ അര്‍ജ്ജുനാ, പ്രിയ സുഹൃത്തേ, ഇപ്രകാരം ക്ഷേത്രത്തെപ്പറ്റി ഞാന്‍ വ്യക്തമായി വെളിപ്പെടുത്തിത്തന്നു. പിന്നീട് നിഷ്പ്രയാസം നിനക്ക് മനസിലാകത്തക്കവണ്ണം ജ്ഞാനത്തിന്‍റെ സ്വഭാവത്തെപ്പറ്റി വിശദീകരിച്ചു. അതിനുശേഷം അജ്ഞാനത്തിന്‍റെ ലക്ഷണങ്ങള്‍ ‘മതിയേ മതി’ എന്ന് നിന്നെക്കൊണ്ട് പറയിക്കത്തക്കവണ്ണം തൃപ്തികരമായി വിവരിച്ചു. വിശ്വാസജനകമായ കാര്യകാരണങ്ങളോടുകൂടി ജ്ഞേയത്തെപ്പറ്റിയും ഞാനിപ്പോള്‍ നിന്നോട് പ്രതിപാദിച്ചു കഴിഞ്ഞു. ഒരുവന്‍റെ അന്തരംഗത്തില്‍ ഈ പ്രബോധനങ്ങള്‍ ദൃഡമായി പതിയുമ്പോള്‍ എന്നെ പ്രാപിക്കണമെന്നുള്ള അദമ്യമായ അഭിലാഷം അവനില്‍ അങ്കുരിക്കുന്നു. ശരീരത്തിനോടും അതിനോടു ബന്ധിച്ച എലാറ്റിനോടുമുള്ള മമതാ ബന്ധം ഉപേക്ഷിച്ച് അവന്‍റെ മനസ് ഭക്തിയോടും ശ്രദ്ധയോടും കൂടി എന്നില്‍ ഉറപ്പിക്കുന്നു. അവന് എന്‍റെ കാതലായ തത്ത്വത്തെപ്പറ്റിയുള്ള ജ്ഞാനം ഉണ്ടാകുന്നു. അവന്‍റെ വ്യഷ്ടിപ്രഭാവം അവന്‍ എന്നില്‍ അര്‍പ്പിക്കുന്നു. അപ്രകാരമുള്ളവന്‍ ശരീരം ഉപേക്ഷിക്കുമ്പോള്‍ എന്നില്‍ ഐക്യം പ്രാപിക്കുന്നു. ഞാന്‍ തന്നെ തയ്യാറാക്കിയ ഈ പാതയില്‍കൂടി അനായാസേന എന്നെ പ്രാപിക്കാമെന്നു അറിയുക. ഇത് പടികള്‍വെട്ടി കുന്നുകയറുന്നത് പോലെയോ ഏണിവെച്ച് ഉയരത്തിലെത്തുന്നതുപോലെയോ തോണി തുഴഞ്ഞു നദികടക്കുന്നത്‌പോലെയോ ആണ്. അല്ലയോ ധനുര്‍ദ്ധര, എല്ലാം ആത്മാവാണെന്നുമാത്രം ഞാന്‍ ഉപദേശിച്ചാല്‍ അത് നിനക്ക് ബോദ്ധ്യമാകാന്‍ കഴിയാതെ വരും. ഒരു ഉരുള ഇരുപതായി ഭാഗിച്ചല്ലെ ഒരു കുഞ്ഞിനെ ഊട്ടുന്നത്? അതുപോലെ നിന്‍റെ ബുദ്ധിയുടെ പരിമിതി കണക്കിലെടുത്തുകൊണ്ട് അതിന്‍റെ നാലുഭാഗങ്ങളില്‍ കൂടിയാണ് ഏകമായ ബ്രഹ്മത്തെ നിന്നെമനസിലാക്കുന്നതിനു ഞാന്‍ തുനിഞ്ഞത്. ക്ഷേത്രം, ജ്ഞാനം, ജ്ഞേയം, അജ്ഞാനം, എന്നീ നാലു വശങ്ങളില്‍കൂടി ഞാന്‍ വിശദീകരിച്ചു. ഇത്രയൊക്കെ യത്നിച്ചിട്ടും നിന്‍റെ മനസ്സിനു അതിനെ ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ മറ്റൊരു മാര്‍ഗ്ഗത്തില്‍ക്കൂടി അതിനെ വിവരിക്കാം.
ബ്രഹ്മത്തിന്‍റെ നാലു ഭാവങ്ങളില്‍ക്കൂടിയല്ലാതെയും ഏകത്വം മാത്രം കണക്കിലെടുക്കാതെയും അതിനെ ആത്മാവെന്നും അനാത്മാവെന്നും രണ്ടായി ഭാഗിച്ച് ഞാന്‍ നിന്നെ മനസ്സിലാക്കാം. പക്ഷെ നീ ഏകാഗ്രതയോടെ അതു ശ്രദ്ധിക്കണമെന്നു ഞാന്‍ ആവശ്യപ്പെടും.
ഇതു കേട്ടു പാര്‍ത്ഥന്‍ രോമാഞ്ചകഞ്ചുകിതനായി. അതു മനസ്സിലാക്കിയ ഭഗവാന്‍ അരുളിചെയ്തു.
ചിത്തോദ്വേഗം ഉണ്ടാകേണ്ട.
വാസ്തവത്തില്‍ വിജയന്‍റെ വികാരാവേശം കണ്ട വിശ്വനായകനും വികാരാധീനനായി. എങ്കിലും ഭഗവാന്‍ അതു നിയന്ത്രിച്ചുകണ്ട് തുടര്‍ന്നു:
അര്‍ജ്ജുനാ, ബ്രഹ്മത്തെ പുരുഷനെന്നും പ്രകൃതിയെന്നും രണ്ടു ഭാഗമായി ഞാന്‍ വിവരിക്കാം. ഇതിനെ സാംഖ്യസിദ്ധാന്തമെന്നു യോഗികള്‍ പറയുന്നു. ഇതേപ്പറ്റി ഉപന്യസിക്കാനായി ഞാന്‍ കപിലമഹര്‍ഷിയായി അവതാരം ചെയ്തു. പുരുഷനും പ്രകൃതിയും തമ്മില്‍ നിലവിലിരിക്കുന്ന വിവേചനത്തെപ്പറ്റിയുള്ള കുറ്റമറ്റ സംവാദം ശ്രദ്ധിച്ചു കേട്ടുകൊള്ളുക.
ആത്മാവായ പുരുഷന്‍ അനാദിയാണ്. അനാത്മാവായ പ്രകൃതി പുരുഷനോടൊപ്പം നിലകൊള്ളുന്നു. ഇത് ദിനരാത്രങ്ങള്‍പോലെയാണ്. നിഴലിന് പ്രത്യേകരൂപമില്ല. അത് വസ്തുവിനോടൊപ്പം നില്‍ക്കുന്നു. ഒരു നെല്‍ക്കതിരില്‍ ധാന്യവും പതിരും ഉണ്ടാവും. അതുപോലെ പ്രകൃതിയും പുരുഷനും വേര്‍പിരിയാന്‍ കഴിയാത്ത നിത്യസഹവര്‍ത്തിത്വത്തില്‍ കഴിയുന്നവരാണ്. അവ അനാദികാലം മുതല്‍ക്കേ നിലവിലിരിക്കുന്നു. ഞാന്‍ മുന്‍പ് പറഞ്ഞ ക്ഷേത്രവും ക്ഷേത്രജ്ഞനും യഥാക്രമം പ്രകൃതിയും പുരുഷനും തന്നെയാണ്. അവരുടെ നാമത്തില്‍ വ്യത്യാസമുണ്ടെങ്കിലും തത്ത്വത്തില്‍ ഒന്നുതന്നെയാണ്. ഇത് എപ്പോഴും ഓര്‍മ്മയിലിരിക്കണമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ പറയുന്നു. സത്തയാണ് പുരുഷന്‍. എല്ലാ ക്രിയകള്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്ന പേരാണ് പ്രകൃതി. ബുദ്ധി, ഇന്ദ്രിയങ്ങള്‍, അന്തഃകരണം എന്നിവയും അവയുടെ എല്ലാ വികാരങ്ങളും സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളും പ്രകൃതിയില്‍നിന്നുണ്ടാകുന്നു. പ്രകൃതിയാണ് എല്ലാ ക്രിയകളുടെയും ഉറവിടം.