ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 20
കാര്യകാരണകര്‍ത്തൃത്വേ
ഹേതുഃ പ്രകൃതിരുച്യതേ
പുരുഷഃ സുഖദുഃഖാനം
ഭോക്തൃത്വേ ഹേതുരുച്യതേ.
ദേഹേന്ദ്രിയാദികളെ സൃഷ്ടിക്കുന്ന സംഗതിയില്‍ പ്രകൃതി (മായ) കാരണമെന്നു പറയപ്പെടുന്നു. എന്നാല്‍ പുരുഷന്‍ (ജീവന്‍) സുഖദുഃഖങ്ങളുടെ അനുഭവിഷയത്തില്‍ കാരണമാണെന്നു പറയപ്പെടുന്നു.
പ്രകൃതിയാണ് വികാരങ്ങള്‍ക്കും ഗുണങ്ങള്‍ക്കും കാരണം. പ്രകൃതിയാല്‍ സൃഷ്‌ടിക്കപ്പെട്ട ഇച്ഛയും ബുദ്ധിയും അഹങ്കാരത്തോടൊപ്പം ചേര്‍ന്ന്, ജീവനെ അതിന്‍റെ കാംക്ഷിതവസ്തുക്കളിലേക്ക് നയിക്കുന്നു. കാര്യസിദ്ധിക്കായി ഉപയോഗിക്കേണ്ടി വരുന്ന മാര്‍ഗ്ഗങ്ങള്‍ കാര്യങ്ങള്‍ എന്നറിയപ്പെടുന്നു. ആഗ്രഹം അപ്രതിഹതമാകുമ്പോള്‍ അത് മനസ്സിനെ ഉത്സാഹിപ്പിച്ച് ഇന്ദ്രിയങ്ങളെ പ്രവര്‍ത്തനനിരതമാക്കുന്നു. ഇത് പ്രകൃതിയുടെ കര്‍തൃത്വമാണ്. ഇങ്ങനെ പ്രകൃതി കാരണവും കാര്യവും കര്‍തൃത്വവുമായിത്തീരുന്നു.
ഇപ്രകാരം ഒന്നുകൂടിയ ത്രയത്തില്‍കൂടി പ്രകൃതി കര്‍മ്മരൂപം കൈക്കൊള്ളുകയും കര്‍മ്മോദ്യുക്ത്മായി എല്ലാ കര്‍മ്മങ്ങളും ചെയ്യുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഓരോ സമയവും അവളില്‍ പ്രബലമായി വാഴുന്ന ഗുണങ്ങള്‍ക്ക് അനുസൃതമായ വിധത്തിലായിരിക്കും. സത്വഗുണങ്ങളുടെ പ്രാബല്യമുള്ളപ്പോള്‍ സല്‍ക്കര്‍മ്മങ്ങളും രാജോഗുണത്തിന്‍റെ ആധിക്യമുള്ളപ്പോള്‍ സാധാരണവും മദ്ധ്യസ്ഥവുമായ കര്‍മ്മങ്ങളും തമോഗുണത്തിന്‍റെ ആധിക്യമുള്ളപ്പോള്‍ നികൃഷ്ടവും അധാര്‍മ്മികങ്ങളുമായ ദുഷ്കര്‍മ്മങ്ങളും ആയിരിക്കും അവള്‍ ചെയ്യുക. ഇപ്രകാരം പ്രകൃതിയുടെ കര്‍ത്തൃത്വത്തില്‍കൂടി സുഖവും ദുഃഖവും ഉളവാക്കുന്ന സല്‍പ്രവൃത്തികളും ദുഷ്പ്രവൃത്തികളും ജാതമാകുന്നു. ഈ രണ്ടു കാര്യങ്ങളെയും അഹങ്കാരരൂപത്തില്‍ പ്രതിഫലിപ്പിച്ചു നിര്‍ത്തിക്കൊണ്ട് പുരുഷന്‍ അനുഭവിക്കുന്നു. പ്രകൃതിയുടെ കര്‍ത്തൃത്വം തുടരുന്നിടത്തോളം സുഖവും ദുഃഖവും ഉണ്ടായിക്കൊണ്ടേയിരിക്കും. പ്രകൃതിയുടെ കര്‍ത്തൃത്വഫലം അനുഭവിക്കുന്നത് പുരുഷനാണ്. ഭാര്യ സമ്പാദിക്കുകയും ഭര്‍ത്താവ് വെറുതെയിരുന്ന്‍ അനുഭവിച്ചാസ്വദിക്കുകയും ചെയ്യുന്നതുപോലെ, പ്രകൃതിയും പുരുഷനും തമ്മിലുള്ള ഈ ക്രമീകരണ വ്യവസ്ഥ വളരെ വിചിത്രമാണ്. അവര്‍ ഭാര്യഭര്‍ത്താക്കന്മാരാണെങ്കിലും ഭാര്യാഭര്‍ത്തൃബദ്ധം പുലര്‍ത്തുന്നില്ല, പുരുഷനോട് സംയോജിക്കാതെ പ്രകൃതി ഇപ്രകാരം പ്രപഞ്ചത്തെ പ്രസവിക്കുന്നുവെന്നുള്ളത് ഒരു പ്രഹേളികയാണ്.