ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

ബോധസ്വരൂപമായ പരമാത്മാവിലേക്ക് (ജ്ഞാ.13-24, 25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 24,25

ധ്യാനേനാത്മനി പശ്യന്തി
കേചിദാത്മാനമാത്മനാ
അന്യേ സാംഖ്യേന യോഗേന
കര്‍മ്മയോഗേന ചാപരേ.

അന്യേ ത്വേവമജാനന്തഃ
ശ്രുത്വാന്യേഭ്യ ഉപാസതേ
തേഽപി ചാതിതരന്ത്യേവ
മൃത്യും ശ്രുതിപരായണ.

ചിലര്‍ ആത്മാവിനെ (പരമാത്മാവിനെ) ധ്യാനം കൊണ്ട് തന്നില്‍ തന്നത്താന്‍ കാണുന്നു. മറ്റു ചിലര്‍ സാംഖ്യയോഗംകൊണ്ടും വേറെ ചിലര്‍ കര്‍മ്മയോഗം കൊണ്ടും ആത്മാവിനെ കാണുന്നു.

ഇപ്രകാരം വ്യക്തമായ അറിവില്ലാത്തവര്‍ അവയെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് കേട്ടിട്ടു ഭജിക്കുന്നു. വീണ്ടും വീണ്ടും എന്‍റെ കാര്യങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമുള്ള അവരും മരണത്തെ ജയിക്കുകതന്നെ ചെയ്യും.

സ്വര്‍ണ്ണത്തെ അഗ്നിയിലിട്ടുരുക്കി മാറ്റു കൂട്ടുന്നതുപോലെ, ചിലര്‍ ആത്മാവിന്‍റെയും അനാത്മാവിന്‍റെയും മിശ്രിതം വിവേകവഹ്നിയിലിട്ടുരുക്കി സൂക്ഷ്മവ്യത്യാസങ്ങളാകുന്ന മുപ്പത്തിയാറ് അനാത്മഗുണങ്ങളെ എരിച്ചുകളഞ്ഞ്, ശുദ്ധാത്മാവിനെ മാത്രം ശേഷിപ്പിക്കുന്നു. പിന്നീട് ആത്മധ്യാനത്തിലൂടെ ബോധസ്വരൂപമായ ആത്മാവിനെ, ഏകാഗ്രമായ ചിത്തം കൊണ്ട് അവരുടെ (സ്വന്തം) ആത്മസ്വരൂപത്തില്‍ കണ്ടെത്തുന്നു. മറ്റു ചിലര്‍ അവരുടെ പൂര്‍വകര്‍മ്മഫലത്താല്‍ സാംഖ്യയോഗം വഴിയായും കര്‍മ്മയോഗം വഴിയായും പരമാത്മാവിനെ ധ്യാനിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. അവര്‍ സംസാരസാഗരത്തെ കടക്കുന്നു.

ഇനിയും മറ്റു ചിലരുണ്ട്. അവര്‍ എല്ലാ അഹങ്കാരവും ശങ്കയും വെടിഞ്ഞു അവരുടെ വിശ്വാസം ഗുരൂപദേശങ്ങളില്‍ അര്‍പ്പിക്കുന്നു. ഗുരു കാരുണ്യവാനും നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവനുമാണ്. അദ്ദേഹം ഓരോരുത്തരുടെയും ഹിതാഹിതങ്ങളെയും ദുരിതങ്ങളെയും ക്ലേശങ്ങളെയും അന്വേഷിച്ചറിഞ്ഞു അവയ്ക്ക് പരിഹാരം കാണുകയും അവരെ സന്തോഷവാന്മാരാകുകയും ചെയ്യുന്നു. അപ്രകാരമുള്ള ഗുരുവിന്‍റെ വചനങ്ങള്‍ അവര്‍ വളരെയേറെ ശ്രദ്ധയോടും ബഹുമാനത്തോടും കൂടി ശ്രവിക്കുന്നു. അവരുടെ മനസ്സും ശരീരവും ഗുരുവിനായി സമര്‍പ്പിക്കുന്നു. മറ്റു ജോലികള്‍ മാറ്റിവെച്ചിട്ടുപോലും അവര്‍ ഗുരുവിന്‍റ ഉദ്ബോധനങ്ങള്‍ പാലിക്കുകയും അവരുടെ ജീവിതം തന്നെ ഗുരുശാസനങ്ങള്‍ നടപ്പാക്കുന്നതിനായി ഉഴിഞ്ഞുവെയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ളവരും സംസാരസാഗരത്തെ സുരക്ഷിതമായി കടന്നുകയറുന്നു. ഇങ്ങനെ പരമാത്മാവിനെ സാക്ഷാത്ക്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുമുണ്ട്. ശാസ്ത്രങ്ങള്‍ കടഞ്ഞെടുത്ത് ലഭിച്ചിട്ടുള്ള ഈ മാര്‍ഗ്ഗങ്ങളുടെ ശുദ്ധമായ തത്ത്വം ഞാന്‍ പറഞ്ഞു തരാം. അത് നിനക്ക് ബ്രഹ്മാനുഭവം നേടിത്തരും. ആ അനുഭവത്തില്‍കൂടി അനായാസേന പരമാത്മാവിനെ പ്രാപിക്കുകയും ചെയ്യാം. അഭിപ്രായവ്യത്യാസങ്ങളെല്ലാം അകറ്റി നിര്‍ത്തി പരംപൊരുളിന്‍റെ കാതലായ സത്തയെപ്പറ്റി അറിയേണ്ട ഉപദേശങ്ങള്‍ നിനക്ക് നല്‍കാം.

Back to top button
Close