നിരന്തരപുരോഗമനസിദ്ധാന്തം മറ്റു പ്രായോഗികകാരണങ്ങള്‍ കൊണ്ടും അനുപന്നമാണെന്നു കാണാം: എങ്ങനെയെന്നാല്‍ ലൗകികമായതേതും നാശത്തില്‍ അവസാനിക്കുന്നതായിട്ടാണു കാണുന്നത്. നമ്മുടെ പ്രയത്‌നങ്ങളും ആശകളും ആശങ്കകളും സന്തോഷങ്ങളുമെല്ലാം എങ്ങോട്ടാണു നയിക്കുന്നത്? മരണമാണു നമ്മുടെ എല്ലാവരുടെയും അവസാനം. ഇത്ര നിശ്ചിതമായ സംഗതി മറ്റൊന്നില്ല. അങ്ങനെയിരിക്കെ, ഈ ഋജുരേഖാപ്രയാണം ഈ അനന്തപുരോഗതി, എങ്ങനെ സാദ്ധ്യമാവും? ഏതൊന്നും കുറെദൂരം ചെന്നിട്ടു പുറപ്പെട്ടേടത്തേക്കു മടങ്ങിവരികയേ ചെയ്യുന്നുള്ളു. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും (വിഹായസ്സിലെ) ജ്യോതിഷ്പടലത്തില്‍ നിന്നുല്പന്നങ്ങളായി കാലാന്തരത്തില്‍ ആ ജ്യോതിഷ്പടലത്തില്‍ തന്നെ വിലയിക്കുന്നതെങ്ങനെയെന്നു നോക്കുക; എവിടെയും ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. സസ്യം സ്വശരീരദ്രവ്യത്തെ ഭൂമിയില്‍ നിന്നെടുക്കുന്നു. അപക്ഷയിക്കുന്നു, എടുത്തതു മടക്കിക്കൊടുക്കുകയും ചെയ്യുന്നു. ജഗത്തിലുള്ള ഓരോ മൂര്‍ത്തവസ്തുവും ചുറ്റുപാടുമുള്ള പരമാണുക്കളില്‍നിന്നുടലെടുത്തവയാണ്: അവ ഒടുവില്‍ പരമാണുക്കളിലേക്കു മടങ്ങുകയും ചെയ്യുന്നു, ഒരേ നിയമം പലയിടത്തു പലപ്രകാരം പ്രവര്‍ത്തിക്കാന്‍ തരമില്ല. നിയമം ഏകരൂപമാണ്. അതില്‍പ്പരം നിശ്ചിതമായ മറ്റൊരു വസ്തുതയില്ല. പ്രകൃതിനിയമം ഇതാണെങ്കില്‍ ഇതു ചിത്തത്തിനും ചേരുന്നതുതന്നെ. ചിത്തം വിലയിച്ച് അതിന്റെ കാരണത്തിലേക്കു മടങ്ങും. നാം ഇച്ഛിച്ചാലും ഇല്ലെങ്കിലും, ഈശ്വരനെന്നോ കൈവല്യമെന്നോ പറയപ്പെടുന്ന നമ്മുടെ മൂലസ്ഥാനത്തു തിരിച്ചെത്തേണ്ടവരാണു നാം. നാമെല്ലാം ഈശ്വരനില്‍നിന്നു വന്നു: എല്ലാവരും ഈശ്വരനിലേക്ക് അവശ്യം മടങ്ങിച്ചെല്ലുകയും വേണം – അതിനെ നിങ്ങള്‍ ഈശ്വരനെന്നോ കേവലസത്തയെന്നോ പ്രകൃതിയെന്നോ എന്തു വിളിച്ചാലും വസ്തുതയ്ക്കു വ്യത്യാസമില്ല. ‘യാതൊന്നില്‍ നിന്ന് ഈ വിശ്വം മുഴുവന്‍ ജനിക്കുന്നുവോ, ജനിച്ചതെല്ലാം യാതൊന്നില്‍ ജീവിക്കുന്നുവോ, യാതൊന്നിലേക്കു മടങ്ങിപ്പോകുന്നുവോ’ ആ സ്ഥാനത്തേക്കു നമ്മളും മടങ്ങിപ്പോകും. ഇതൊന്നു മാത്രമാണ് അവിതര്‍ക്കിതമായ വസ്തുത. പ്രകൃതി ഒരേ രീതിയില്‍ വ്യാപരിക്കുന്നു. ഒരു മണ്ഡലത്തില്‍ എങ്ങനെയോ അങ്ങനെതന്നെ ലക്ഷോപലക്ഷം മണ്ഡലങ്ങ ളിലും. ജ്യോതിര്‍മണ്ഡലങ്ങളിലെങ്ങനെയോ അങ്ങനെതന്നെ ഭൂമിയിലും മനുഷ്യരിലും മറ്റെല്ലാറ്റിലും. ഒരു ഉത്തുംഗ തരംഗം അനേകം, പക്ഷേ ലക്ഷോപലക്ഷം, ചെറുതിരകളുടെ ഒരു മഹാസംഘാതമാകുന്നു. അതുപോലെ, സമസ്തലോകത്തിന്റെയും ജീവിതം കോടിക്കണക്കിനുള്ള ചെറുജീവിതങ്ങളുടെ സമഷ്ടിയും, സമസ്തലോകത്തിന്റെയും വിനാശം ഈ കോടിക്കണിനുള്ള ചെറുജീവികളുടെ വിനാശസമഷ്ടിയുമാകുന്നു.
ഇവിടെ ഒരു പ്രശ്‌നമുദ്ഭവിക്കുന്നു, ഈശ്വരനിലേക്കു മടങ്ങിപ്പോകുന്നത് (ഇപ്പോഴത്തെ അവസ്ഥയെക്കാള്‍) അധികം ശ്രേഷ്ഠമോ അല്ലയോ? മടങ്ങിപ്പോകുന്നതാണു ശ്രേഷ്ഠം എന്നു യോഗദാര്‍ശനികന്മാര്‍ ഊന്നിപ്പറയുന്നു. മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു അപക്ഷയം മാത്രമാണെന്നത്രേ അവരുടെ മതം. മനുഷ്യന്റെ ഇപ്പോഴത്തെ നില മുമ്പുണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നു ഭൂമുഖത്തുള്ള ഒരു മതവും അഭിപ്രായപ്പെടുന്നില്ല. മനുഷ്യന്‍ ആദിയില്‍ പരിപൂര്‍ണ്ണനും പരിശുദ്ധനുമായിരുന്നു: അവന്‍ അവിടുന്ന് അപക്ഷയിച്ചു: ഇനി അപക്ഷയിക്കാന്‍ നിവൃത്തിയില്ല എന്ന നിലയിലായിരിക്കുന്നു: എന്നാല്‍ വീണ്ടും ഉത്പതിച്ചുതുടങ്ങാനുള്ള ഒരു കാലം അവന് അവശ്യം വന്നുചേരും: വൃത്തം പൂര്‍ത്തിയാകും, വൃത്തം പൂര്‍ത്തിയായേ തീരൂ. ഇതാകുന്നു (മതങ്ങളുടെ) ആശയം. അവന്‍ എത്ര അധഃപതിച്ചാലും ഒടുവില്‍ മേലേ്പാട്ടു തിരിഞ്ഞ് ഈശ്വരനെന്ന ഉല്പത്തിസ്ഥാനത്തേക്കു മടങ്ങിച്ചെല്ലുകതന്നെ വേണം. മനുഷ്യന്‍ ആദിയില്‍ ഈശ്വരനില്‍നിന്നു വരുന്നു, മദ്ധ്യത്തില്‍ മനുഷ്യനായിത്തീരുന്നു, അന്ത്യത്തില്‍ ഈശ്വരനില്‍ തിരിച്ചെത്തുകയും ചെയ്യുന്നു, ഇങ്ങനെയാണു ദ്വൈതരീതിയില്‍ അതിനെ പ്രതിപാദിക്കാവുന്നത്. അദ്വൈതരീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്‍ (ഇപ്പോള്‍ത്തന്നെ) ഈശ്വരനാണ്, അവനിലേക്കു തന്നെ മടങ്ങുകയും ചെയ്യുന്നു. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയാണു കൂടുതല്‍ ശ്രേഷ്ഠമെങ്കില്‍ ഇവിടെ ഇത്ര ഭയങ്കരതയും കഷ്ടപ്പാടും കാണുന്നതെന്തു കൊണ്ട്? ഇത് അവസാനിച്ചു പോകുന്നതും എന്ത്? ഇതാണുത്കൃഷ്ടപദമെങ്കില്‍ അതവസാനിക്കുന്നതെന്ത്? ദുഷിക്കുകയും അധഃപതിക്കുകയും ചെയ്യുന്ന ഒന്നു പരമപദമായിരിക്കാന്‍ തരമില്ല. പിന്നെ ഇത് ഇത്ര പൈശാചികവും അസംതൃപ്തികരവുമായിരിക്കുന്നത് എന്തുകൊണ്ട്? ഇതില്‍കൂടിയാണു നാം കൂടുതല്‍ ഉയര്‍ന്ന ഒരു പന്ഥാവിലേക്കു തിരിയുന്നത്: നാം നമ്മുടെ മുമ്പത്തെ ഉത്കൃഷ്ടാവസ്ഥയെ പ്രാപിക്കേണ്ടതിന് ഇതില്‍ക്കൂടി കടന്നുപോകേണ്ട തുണ്ട് – ഈ നിലയില്‍ ഇതു ക്ഷന്തവ്യമെന്നുമാത്രം. മണ്ണില്‍ കഴിച്ചിട്ട വിത്ത് യഥാകാലം ദ്രവിച്ചു വിലയം പ്രാപിക്കയും തത്ഫലമായി ഒരു മനോഹരവൃക്ഷം ആവിര്‍ഭവിക്കയും ചെയ്യുന്നു. അതു പോലെ ഓരോ ജീവനും ഈശ്വരഭാവ പ്രാപ്തിക്കായി വിലയിക്ക തന്നെ വേണം. ആകയാല്‍ ‘മനുഷ്യന്‍’ എന്നു പറയപ്പെടുന്ന ഈ അവസ്ഥയില്‍നിന്നു നാം എത്ര വേഗം പുറത്തുപോകുന്നുവോ അത്രയും നന്ന്. എന്നാല്‍ ആത്മഹത്യചെയ്തിട്ടാണോ ഈ അവസ്ഥയെ അതിക്രമിക്കേണ്ടത്? ഒരിക്കലുമല്ല. അതു കാര്യം കൂടുതല്‍ വഷളാക്കുകയേ ഉള്ളു. തന്നെത്താന്‍ പീഡിപ്പിക്കുകയോ ലോകത്തെ പഴിക്കുകയോ അല്ല മോചനമാര്‍ഗ്ഗം. നമുക്ക് ഈ നിരാശാഗര്‍ത്തത്തില്‍ക്കൂടി കടന്നുപോകേണ്ടതുണ്ട്: അതെത്രെ വേഗം സാധിക്കുന്നുവോ അത്രയും നന്ന്. ഈ മനുഷ്യാവസ്ഥ പരമോത്കൃഷ്ടപദമല്ലെന്നു നാം എപ്പോഴും ഓര്‍മ്മിക്കണം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 239-241]