പരമോത്കൃഷ്ടസ്ഥിതിയെന്നു പറയപ്പെടുന്ന ഈ കൈവല്യ പദം, ചിലര്‍ ഭയപ്പെടുന്നമാതിരി, കല്ലിന്റെയോ സസ്യപ്രാണിയുടെയോ അവസ്ഥയല്ലെന്നുള്ളതാണു മനസ്സിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ പ്രയാസമുള്ള ഭാഗം. അവരുടെ അഭിപ്രായത്തില്‍ സത്തയ്ക്കു രണ്ടു ഭാവമേ ഉള്ളു: ഒന്നു കല്ലിന്റെ അചേതനഭാവം, മറ്റേതു മനസ്സിന്റെ ചേതനഭാവം. സത്തയ്ക്ക് ഇങ്ങനെ രണ്ടവസ്ഥകള്‍മാത്രം എന്നു പരിധി നിര്‍ണ്ണയിക്കാന്‍ അവര്‍ക്കെന്തവകാശം? മനോവ്യാപാരത്തേക്കാള്‍ അസംഖ്യം മടങ്ങ് ഉത്കൃഷ്ടമായ ഒരവസ്ഥയില്ലേ? പ്രകാശസ്പന്ദങ്ങള്‍ അതിമന്ദമായിരിക്കുമ്പോള്‍ നാം അവയെ കാണുന്നില്ല. അവ ദ്രുതതരമാകുമ്പോഴേ നമ്മുടെ ദൃഷ്ടക്കു ഗോചരമായ പ്രകാശമായിത്തീരുന്നുള്ളു. അവ പിന്നെയും ദ്രുതതരമാകുമ്പോള്‍ വീണ്ടും അദൃശ്യമായി ഭവിക്കുന്നു. നമുക്ക് ഇരുട്ട് അനുഭവപ്പെടുന്നു. എന്നാല്‍ ആദ്യത്തെ ഇരുട്ടു പോലെ തന്നെയോ ഒടുവിലത്തെ ഇരുട്ടും? തീര്‍ച്ചയായും അല്ല: അവയ്ക്കു തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട്. ഈശ്വരന്റെ നിശ്ചിന്താവസ്ഥ പോലെതന്നെയോ കല്ലിന്റെ നിശ്ചിന്താവസ്ഥ? നിശ്ചയമായും അല്ല. ഈശ്വരന്‍ ചിന്തിക്കുന്നില്ല. യുക്തിവിചാരം ചെയ്യുന്നില്ല. അവന് അതിന്റെ ആവശ്യമെന്ത്? യുക്തിവിചാരത്തിന്റെ ആവശ്യം തോന്നുമാറ് ഈശ്വരന് അജ്ഞാതമായി വല്ലതുമുണ്ടോ? കല്ലിനു വിചാരിക്കാന്‍ വയ്യ: ഈശ്വരന്‍ (ആവശ്യമില്ലാത്തതുകൊണ്ട്) വിചാരിക്കുന്നില്ല. ഇതാണു വ്യത്യാസം. നാം വിചാരദശയെ അതിക്രമിച്ചു പോയാല്‍ ഭയാനകമായിരിക്കുമെന്നാണ് ഈ തത്ത്വചിന്തകന്മാര്‍ വിചാരിക്കുന്നത്. വിചാരദശയ്ക്കപ്പുറത്ത് എന്തെങ്കിലുമുള്ളതായി അവര്‍ കരുതുന്നില്ല.
വിചാരവിദൂരങ്ങളായി വളരെയേറെ ഉത്കൃഷ്ടങ്ങളായ അനേകം സത്താഭൂമികകളുണ്ട്. യഥാര്‍ത്ഥത്തില്‍ അദ്ധ്യാത്മജീവിതത്തിന്റെ ആദ്യഘട്ടംതന്നെ ബുദ്ധിക്കപ്പുറത്താണ്. നിങ്ങള്‍ മനസ്സിനും ബുദ്ധിക്കും തര്‍ക്കത്തിനും അപ്പുറം കടക്കുമ്പൊഴേ ഈശ്വരാഭിമുഖമായി ആദ്യത്തെ ചുവടുവെച്ചു എന്നു പറയാവൂ. അതാണു ജീവിതാരംഭം. സാധാരണ പറയാറുള്ള ജീവിതമാകട്ടെ, വെറും ഒരു വിത്തുമാത്രം.
വിചാരത്തിനും യുക്തിക്കും അതീതമായ അവസ്ഥയാണു പരമ പദം എന്നതിനു തെളിവെന്ത്? ഇതായിരിക്കും അടുത്ത ചോദ്യം.
ഒന്നാമത്, ലോകത്തിലെ മഹാത്മാക്കളാസകലം – വെറും പ്രസംഗം കൊണ്ടു കഴിച്ചുകൂട്ടുന്നവരെക്കാള്‍ വളരെയധികം ഉന്നതന്മാരും ലോകത്തെ ഇളക്കിമറിച്ചവരും ഒരിക്കലും ഒരു സ്വാര്‍ത്‌ഥോദ്ദേശ്യവും മനസ്സില്‍ കരുതിയിട്ടില്ലാത്തവരുമായ മഹാപുരുഷന്മാരെല്ലാംതന്നെ – പ്രസ്താവിച്ചിട്ടുണ്ട്, ഈ ജീവിതം ഇതിനപ്പുറത്തെ അനന്തജീവിതത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഒരു ചെറുതാവളം മാത്രമാണെന്ന്. രണ്ടാമത്, അവരങ്ങനെ പായുക മാത്രമല്ല, എല്ലാവര്‍ക്കും തങ്ങളുടെ കാലടികളെ പിന്‍തുടരാന്‍ കഴിയുമാറ് ഓരോരുത്തര്‍ക്കും വഴി കാട്ടുകയും തങ്ങളുടെ രീതികളെ വിവരിച്ചുകൊടുക്കയും ചെയ്യുന്നുണ്ട്. മൂന്നാമത്, മറ്റു പോംവഴിയൊന്നുമില്ല, വേറൊരു സമാധാനമില്ല. ഇപ്പോഴത്തേതിനേക്കാള്‍ ഉത്കൃഷ്ടമായി ഒരവസ്ഥ ഇല്ലെന്നു വിചാരിക്കുന്നപക്ഷം, നാം സദാകാലവും ഇങ്ങനെ ചക്രരൂപത്തില്‍ ചരിച്ചുകൊണ്ടിരിക്കുന്നതെന്തുകൊണ്ട്? പ്രപഞ്ചസമസ്യയ്ക്കു സമാധാനം നല്കാന്‍ കഴിവുള്ള യുക്തിചിന്തയെവിടെ? ഇന്ദ്രിയങ്ങളുടെ വ്യാപാരമേഖലയ്ക്കപ്പുറം പോകാന്‍ നമുക്കു നിര്‍വ്വാഹമില്ലെങ്കില്‍, അതിനുപരി നാം ഒന്നും ആവശ്യപ്പെട്ടുകൂടെങ്കില്‍, ആ ഇന്ദ്രിയ വേദ്യമായ ലോകമായിരിക്കും നമ്മുടെ ജ്ഞാനത്തിന്റെ പരിധി. ഇതിനെയാണ് അജ്ഞേയവാദം എന്നു പറയുന്നത്. എന്നാല്‍ ഇന്ദ്രിയങ്ങളെ പ്രമാണീകരിപ്പാന്‍ ന്യായമെന്തുണ്ട്? തെരുവീഥിയില്‍ നിശ്ചേഷ്ടനായിനിന്നു മരണമടയുന്ന മനുഷ്യനെ ഒരു യഥാര്‍ത്ഥ അജ്ഞേയവാദിയെന്നു വിളിക്കാം. യുക്തിയാണു സര്‍വ്വസ്വവുമെങ്കില്‍ അതു ശൂന്യവാദത്തിനപ്പുറത്തു നമുക്കു നില്ക്കക്കള്ളി തരുന്നില്ല. ഒരു മനുഷ്യന്‍ പണം, പേര്, പെരുമ ഇവയൊഴിച്ച് എല്ലാറ്റിനെയും പറ്റി അജ്ഞേയവാദിയാണെങ്കില്‍ അയാള്‍ വഞ്ചകനാകുന്നു. യുക്തിയെന്നു പറയുന്ന ആ കടുത്ത കല്‍ച്ചുമരിനപ്പുറം ചുഴിഞ്ഞുകേറാന്‍ നമുക്കു സാദ്ധ്യമല്ലെന്നു കാന്റ് സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സകല ഭാരതീയ തത്ത്വചിന്തകളും അവലംബിക്കുന്ന ഏറ്റവും ആദ്യത്തെ ആശയംതന്നെ ഇതാണ്: അവിടെ നിന്നുകൊണ്ടു തര്‍ക്കാതിശായിയായ തത്ത്വത്തെ തന്റേടത്തോടെ അന്വേഷിക്കുകയും കണ്ടെത്തി വിജയിക്കുകയും ചെയ്യുന്നു. അതില്‍ മാത്രമാണു നമ്മുടെ ഇപ്പോഴത്തെ അവസ്ഥയുടെ വിശദീകരണം കണ്ടെത്താവുന്നതും. ഇഹത്തി നപ്പുറം നമ്മെ നയിക്കുന്ന ഒരു ശാസ്ത്രം പഠിക്കുന്നതിന്റെ പ്രയോജനവും ഇതത്രേ.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 241-243]