ശാന്തചിത്തനായ മനുഷ്യന്‍ ചിത്തവൃത്തികളെ നിരോധിച്ചവനാണ് (78)
ഇനി അറിയേണ്ടത് ചിത്തത്തിന്റെ മൂന്നു നിലകളെപ്പറ്റിയാണ്. അതിലൊന്ന്, തമസ്സ് എന്നു പറയുന്ന മൂഢമായ നില: മൃഗങ്ങളിലും മന്ദന്മാരിലും കാണുന്ന ഇതു ദ്രോഹത്തിനേ ഉപകരിക്കൂ. ആ ചിത്താവസ്ഥയില്‍ മറ്റു പ്രത്യയങ്ങളൊന്നും ഉദിക്കുന്നില്ല. അടുത്തത്, രജസ്സ്, മനസ്സിന്റെ സക്രിയമായ നില. പ്രതാപവും ഭോഗവുമാണ് അവിടെ ക്രിയയ്ക്കു മുഖ്യപ്രേരകം; ‘ഞാന്‍ പ്രതാപശാലിയായി എല്ലാവരെയും ഭരിക്കും’ എന്ന ഭാവം. പിന്നീടു സത്വം എന്നു പറയുന്ന പ്രസന്നവും പ്രശാന്തവുമായ (നിരുദ്ധ) നില. അതില്‍ ഓളമെല്ലാം അടങ്ങി ചിത്തസരസ്സ് അത്യന്തം സ്വച്ഛമായിരിക്കും. ഇതു ക്രിയാരഹിതമായ നിലയല്ല. നേരേമറിച്ച്, അതിശയേന ക്രിയാത്മകമാണെന്നു പറയണം. പ്രശാന്തി എന്നതു നിരോധശക്തിയുടെ അത്യുച്ഛപരിണാമമാകുന്നു. ക്രിയോന്മുഖമാകാന്‍ വളരെ എളുപ്പമാണ്. കുതിരകളെ കടിഞ്ഞാണയച്ചുവിട്ടാല്‍ അവ നിങ്ങളെയും കൊണ്ടു തോന്നിയ വഴിക്ക് ഓടും, അതാര്‍ക്കും ചെയ്യാം. എന്നാല്‍ കടിഞ്ഞാണ്‍ മുറുക്കി, കുതിച്ചുപായുന്ന കുതിരയെ പിടിച്ചുനിര്‍ത്തുന്നവനാണു ബലവാന്‍. അഴിച്ചുവിടാനോ അടക്കിനിര്‍ത്താനോ, ഏതിനാണു അധികം ശക്തി വേണ്ടത്? മന്ദബുദ്ധിയായ മനുഷ്യനല്ല ശാന്തചിത്തന്‍. സത്ത്വത്തെ നിങ്ങള്‍ മൂഢതയോ ആലസ്യമോ ആയി തെറ്റിദ്ധരിക്കരുത്. ശാന്തചിത്തനായ മനുഷ്യന്‍ ചിത്തവൃത്തികളെ നിരോധിച്ചവനാണ്. പ്രവൃത്തി (അശാന്തി) ബലഹീനതയുടെയും നിവൃത്തി (ശാന്തി) ബലാധിക്യത്തിന്റെയും ലക്ഷണമാകുന്നു.
ചിത്തം അതിന്റെ സ്വഭാവമായ ശുദ്ധസത്ത്വനിലയെ വീണ്ടും പ്രാപിക്കാന്‍ സര്‍വ്വദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ദ്രിയങ്ങള്‍ അതിനെ പുറത്തേക്കു വലിക്കുകയാണ്. അതിനെ നിഗ്രഹിക്കുക, അതായത് ഈ ബഹിര്‍മ്മുഖതയെ നിരോധിച്ചു ജ്ഞാനാത്മകമായ സത്ത്വസ്വരൂപാവസ്ഥയിലേക്കു മടങ്ങിപ്പോകാന്‍ യോഗ്യമാക്കുക, എന്നുള്ളതാണു യോഗാഭ്യാസത്തിന്റെ ആദ്യത്തെ പടി. എന്തുകൊണ്ടെന്നാല്‍ ആ വിധത്തിലേ ചിത്തത്തിനു ശരിയായ നിവൃത്തിമാര്‍ഗ്ഗം ലഭിക്കൂ.
ചിത്തം ഉച്ചനീചഭേദമെന്യേ സര്‍വ്വജന്തുക്കളിലുമുണ്ടെങ്കിലും മനുഷ്യനില്‍ മാത്രമേ അതിന്റെ ബുദ്ധിരൂപമായ പരിണാമം കാണുന്നുള്ളു. ബുദ്ധിസാമര്‍ത്ഥ്യം ഉദിക്കുന്നതിനുമുമ്പു ചിത്തത്തിന് ഈ യോഗമാര്‍ഗ്ഗങ്ങളില്‍ക്കൂടിയെല്ലാം നിവര്‍ത്തിച്ച് ആത്മാവിനെ മോചിപ്പിക്കാന്‍ കഴിവില്ല. പയ്യിനും പട്ടിക്കും അന്തഃകരണമുണ്ടെങ്കിലും, അവയ്ക്കു വര്‍ത്തമാനശരീരത്തില്‍ സാക്ഷാന്മുക്തി സാധ്യമല്ല. കാരണം അവയുടെ ചിത്തത്തിന് ഇതുവരെയും ബുദ്ധിരൂപമായി പരിണമിക്കാന്‍ സാധിക്കാത്തതുതന്നെ.
ചിത്തം താഴെ പറയുംപ്രകാരം അഞ്ച് അവസ്ഥകളില്‍ അഭിവ്യക്തമാകുന്നുണ്ട്; ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം. ക്ഷിപ്തം എന്നതു ചഞ്ചലമായ അവസ്ഥയാകുന്നു. സുഖദുഃഖരൂപേണ അഭിവ്യക്തമാകുന്നതാണ് അതിന്റെ സ്വഭാവം. മൂഢം എന്നതു ദ്രോഹാസക്തമായ തമഃസ്വഭാവമാകുന്നു. ഇതില്‍ ആദ്യത്തേതു ദേവന്മാര്‍ക്കും രണ്ടാമത്തേത് അസുരന്മാര്‍ക്കും സ്വാഭാവികമാണെന്നു വ്യാഖ്യാതാവു പറയുന്നു. വിക്ഷിപ്തമെന്നതു സമാഹൃതമാകാന്‍ ശ്രമിക്കുമ്പോഴുള്ള അവസ്ഥയാണ്. ഏകാഗ്രമെന്നത് ഏകത്ര കേന്ദ്രീകരിക്കാന്‍ ശ്രമിക്കുമ്പോഴുള്ള അവസ്ഥയും, നിരുദ്ധമെന്നതു നമ്മെ സമാധിയിലെത്തിക്കുന്ന (സമാഹിത) അവസ്ഥയുമാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 248-249]