3. തദാ ദ്രഷ്ടുഃ സ്വരൂപേിവസ്ഥാനം.
തദാ = അപ്പോള്‍ (നിരുദ്ധാവസ്ഥയില്‍), ദ്രഷ്ടുഃ = ചിതിശക്തിയായ പുരുഷന് (ആത്മാവിന്ന്), സ്വരൂപേ = ചിന്മാത്രസ്വരൂപത്തില്‍, അവസ്ഥാനം (ഭവതി) = സ്ഥിതിയുണ്ടാകുന്നു.
നിരോധകാലത്തില്‍ ദ്രഷ്ടാവ് (പുരുഷന്‍) കൈവല്യ സ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നു.
തരംഗങ്ങള്‍ നിലച്ചു തടാകം ശാന്തമായാലുടനെ അതിന്റെ അടിത്തട്ട് നമുക്കു കാണാവുന്നു: അതുപോലെ ചിത്തവും. അതു ശാന്തമാവുമ്പോള്‍ നമ്മുടെ ആത്മസ്വരൂപമെന്തെന്നു നാം കാണുന്നു: നാം നമ്മെ (ചിത്തവൃത്തികളുമായി) മിശ്രീകരിക്കുന്നില്ല: പ്രത്യുത, നമ്മുടെ ആത്മസ്വരൂപമായി സ്ഥിതി ചെയ്യുന്നു.
4. വൃത്തിസാരൂപ്യമിതരത്ര
ഇതരത്ര = (സമാധിയൊഴിച്ചുള്ള) മറ്റവസ്ഥകളില്‍ (വ്യുത്ഥാന ദശയില്‍), വൃത്തിസാരൂപ്യം = പുരുഷനു ചിത്തവൃത്തികളുമായി സാരൂപ്യം (സമാനാകാരത്വം, താദാത്മ്യഭ്രമം) ഉണ്ടാകുന്നു.
സമാധിയല്ലാതുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ പുരുഷന്‍ ചിത്തവൃത്തികളുമായി താദാത്മ്യം പ്രാപിക്കുന്നു.
ഉദാഹരണമായി, എന്നെ ആരെങ്കിലും പഴിക്കുന്നു എന്നു വിചാരിക്കുക. ഇതെന്റെ മനസ്സില്‍ ഒരു വൃത്തിയുളവാക്കുകയും ഞാന്‍ ആ വൃത്തിയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലം ദുഃഖവുമാണ്.
5. വൃത്തയഃ പഞ്ചതയ്യഃ ക്ലിഷ്ടാ അക്ലിഷ്ടാഃ
വൃത്തയഃ = വൃത്തികള്‍, പഞ്ചതയ്യഃ = അഞ്ചുവിധമാകുന്നു, ക്ലിഷ്ടാഃ = അവയില്‍ ചിലതു ക്ലേശ(അവിദ്യാദി)കരങ്ങളും, അക്ലിഷ്ടാഃ = മറ്റുള്ളവ ക്ലേശകരങ്ങളല്ലാത്തവയുമാകുന്നു.
വൃത്തികള്‍ അഞ്ചുവിധത്തിലുണ്ട്: (ചിലതു) ക്ലേശകരങ്ങളും (മറ്റുള്ളതു) ക്ലേശകരങ്ങളാല്ലാത്തതും.
6. പ്രമാണവിപര്യയവികല്പനിദ്രാസ്മൃതയഃ.
(ഇവ) പ്രമാണവും വിപര്യയവും വികല്പവും നിദ്രയും സ്മൃതിയും (ആണ്.)
7. പ്രത്യക്ഷാനുമാനാഗമാഃ പ്രമാണാനി.
പ്രത്യക്ഷം, അനുമാനം, ആഗമം എന്നിവയാണു പ്രമാണങ്ങള്‍.
നമ്മുടെ രണ്ട് അനുഭവങ്ങള്‍ പരസ്പരവിരുദ്ധമാകാതിരിക്കുമ്പോള്‍ അവയെ പ്രമാണമെന്നു പറയുന്നു. ഞാന്‍ വല്ലതുമൊന്നു കേള്‍ക്കുന്നുവെന്നിരിക്കട്ടെ, അതു പൂര്‍വ്വാനുഭവത്തിനു വിരുദ്ധമായാല്‍ അതിനോടു മല്ലിട്ടു യഥാര്‍ത്ഥം നിര്‍ണ്ണയിക്കാന്‍ ഒരുങ്ങുന്നു: ഞാന്‍ അതു വിശ്വസിക്കുന്നില്ല. പ്രമാണം മൂന്നുവിധത്തിലുണ്ട്. ഒന്നാമതു പ്രത്യക്ഷം; ഇന്ദ്രിയങ്ങളെ വഞ്ചിക്കുന്ന ദോഷഹേതുക്കളൊന്നുമില്ലാതിരിക്കെ നാം ദര്‍ശിക്കുന്നതും സ്പര്‍ശിക്കുന്നതുമെല്ലാം പ്രമാണമാണ്. ഞാന്‍ ലോകത്തെ കാണുന്നതുതന്നെയാണ് അതിന്റെ സദ്ഭാവത്തിനു പ്രമാണം. രണ്ടാമത് അനുമാനം; നിങ്ങള്‍ ഒരു ലിംഗം (ഹേതു, സാധകം) കാണുമ്പോള്‍ ആ ലിംഗത്തില്‍നിന്നും ലിംഗി (സാധ്യം)യെ അനുമാനിക്കുന്നു. മൂന്നാമത് ആപ്തവാക്യം (ആഗമം); അതായത് തത്ത്വദര്‍ശികളായ യോഗികളുടെ സാക്ഷാത്ക്കാരം. നമ്മളെല്ലാവരും ജ്ഞാനസമ്പാദനത്തിനു ശ്രമിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ നിങ്ങളും ഞാനും വളരെ പണിപ്പെട്ട് അതിദീര്‍ഘവും ശ്രമാവഹവുമായ യുക്തിവിചാരമാര്‍ഗ്ഗത്തില്‍ക്കൂടിവേണം അറിവിലേക്കെത്താന്‍. നിര്‍മ്മലനായ യോഗിയാകട്ടെ ഇതെല്ലാം തരണം ചെയ്തിട്ടുള്ളവനാണ്. അയാളുടെ മനസ്സിനു മുമ്പില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും എല്ലാം ഒരുപോലെ (വര്‍ത്തമാനം) ആണ്, വായിക്കാന്‍ നിവര്‍ത്തിവെച്ച ഒരു പുസ്തകമാണെന്നു പറയാം. അയാള്‍ക്കു ജ്ഞാനസമ്പാദനാര്‍ത്ഥം നമ്മെപ്പോലെ ഈ ശ്രമാവഹമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി പോകേണ്ടതില്ല. യോഗി, ആത്മാവില്‍ത്തന്നെ തത്ത്വം ദര്‍ശിക്കുന്നതിനാല്‍ അയാളുടെ വാക്യങ്ങള്‍ പ്രമാണങ്ങളാകുന്നു. ഇങ്ങനെയുള്ളവരാണ് ആഗമങ്ങളുടെ (വേദശാസ്ത്ര ങ്ങളുടെ) ഉപജ്ഞാതാക്കള്‍. അതുകൊണ്ടു വേദശാസ്ത്രങ്ങള്‍ പ്രമാണമാകുന്നു. അങ്ങനെയുള്ള തത്ത്വദര്‍ശികള്‍ (ആപ്തന്മാര്‍) ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ വാക്യങ്ങളും പ്രമാണംതന്നെ. മറ്റു തത്ത്വചിന്തകന്മാര്‍ ആപ്തവാക്യത്തെപ്പറ്റി ദീര്‍ഘമായി വിചാരം ചെയ്യുകയും ആ വാക്യങ്ങള്‍ക്കു പ്രമാണമെന്തെന്നു ചോദിക്കുകയും ചെയ്യുന്നു. ആപ്തന്മാരുടെ അപരോക്ഷാനുഭവം (സാക്ഷാദ്ദര്‍ശനം)തന്നെയാണു പ്രമാണം: എന്തെന്നാല്‍, ഒരു പൂര്‍വ്വാനുഭവത്തിനും വിരുദ്ധമാകാത്ത പക്ഷം, ഞാന്‍ കാണുന്നതൊക്കെ പ്രമാണമാണ്, നിങ്ങള്‍ കാണുന്നതും ഒക്കെ പ്രമാണംതന്നെ. ഇന്ദ്രിയങ്ങളെയും അതിക്രമിക്കുന്ന ജ്ഞാനമുണ്ട്, അങ്ങനെയുള്ള ജ്ഞാനം യുക്തിക്കും മനുഷ്യരാശിയുടെ പൂര്‍വ്വാനുഭവത്തിനും വിരോധമാകാത്തപ്പോഴെല്ലാം പ്രമാണമാകുന്നു. വല്ല ഭ്രാന്തനും ഈ മുറിയില്‍ കടന്നുവന്നു തനിക്കു ചുറ്റും ദേവന്മാരെ കാണുന്നുണ്ടെന്നു പറഞ്ഞാല്‍ അതു പ്രമാണമാവില്ല. കാരണം, അത് ഒന്നാമത് യഥാര്‍ത്ഥജ്ഞാനമാകണം. രണ്ടാമത് പൂര്‍വ്വാനുഭവത്തിനു വിരുദ്ധമാകരുത്. മൂന്നാമത്, വക്താവിന്റെ സ്വഭാവശുദ്ധിയെ അപേക്ഷിച്ചതുമാകണം.
ഒരുവന്റെ ചാരിത്രത്തിന് അയാളുടെ വാക്കുകളോളം പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും, അയാള്‍ പറയുന്നതു ശരിയാണോ എന്നേ നോക്കേണ്ടു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നതു കേള്‍ക്കാം. ഇതു മറ്റു വിഷയങ്ങളില്‍ പക്ഷേ ശരിയാവാം: ഒരുവന്‍ ദുഷ്ടനായിരുന്നിട്ടും ജ്യോതിശ്ശാസ്ത്രവിഷയകമായി ചിലതെല്ലാം കണ്ടുപിടിച്ചുവെന്നു വരാം. എന്നാല്‍ ആദ്ധ്യാത്മികവിഷയത്തില്‍ വ്യത്യാസമുണ്ട്. എന്തുകൊണ്ടെന്നാല്‍ ചിത്തശുദ്ധിയില്ലാത്തവന് ആദ്ധ്യാത്മിക തത്ത്വങ്ങളെ ദര്‍ശിക്കാന്‍ വൈഭവവുമുണ്ടാവില്ല. അതു കൊണ്ട്, ആപ്തനെന്നു സ്വയം പ്രഖ്യാപിക്കുന്ന പുരുഷന്‍ സമ്പൂര്‍ണ്ണം നിഃസ്വാര്‍ത്ഥനും നിര്‍മ്മലനുമാണോ എന്നു നാം ആദ്യമേ നോക്കണം. രണ്ടാമത് അയാള്‍ ഇന്ദ്രിയജ്ഞാനത്തെ അതിക്രമിച്ചിട്ടുണ്ടോ എന്നും, മൂന്നാമത് അയാളുടെ വാക്കു മനുഷ്യരാശിയുടെ പൂര്‍വ്വാനുഭവത്തിനു വിരുദ്ധമാണോ എന്നും അറിയണം. പുത്തനായിക്കണ്ട തത്ത്വം ഒരിക്കലും പൂര്‍വ്വദൃഷ്ടമായ തത്ത്വത്തിന്നെതിരാവാന്‍ വയ്യ. പ്രത്യുത, ഒത്തിരിക്കയേ ഉള്ളു. നാലാമത് ഏതൊരു തത്ത്വവും പരീക്ഷണക്ഷമമാകണം. ‘എനിക്ക് ഒരു ദര്‍ശനമുണ്ടായിട്ടുണ്ട്, എന്നാല്‍ തനിക്കതു സാധ്യമല്ല,’ എന്നാണ് ഒരുവന്‍ പറയുന്നതെങ്കില്‍, ഞാന്‍ ആ മനുഷ്യനെ വിശ്വസിക്കയില്ല. എന്തെന്നാല്‍ എല്ലാവര്‍ക്കും അതിനെ സ്വാനുഭവപ്പെടുത്താനുള്ള സാധ്യതയുണ്ടാകണം. ജ്ഞാനംകൊണ്ടു കച്ചവടം നടത്തുന്ന ആരും ആപ്തനല്ല. അങ്ങനെ ആപ്തനായ പുരുഷന് ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞിരിക്കണം. ആ മനുഷ്യന്‍ നിര്‍മ്മലനും നിഃസ്വാര്‍ത്ഥനുമാണെന്നും, അയാള്‍ക്കു ധനത്തിലും യശസ്സിലും കൊതിയില്ലെന്നും നിങ്ങള്‍ക്ക് ആദ്യമേ ബോധ്യപ്പെടണം. രണ്ടാമത്, അയാള്‍ ഇന്ദ്രിയപ്രജ്ഞാതീതനാണെന്നു തെളിയണം: അതായത്, നമുക്ക് ഇന്ദ്രിയവേദ്യമല്ലാത്തതും ലോകമംഗളത്തിനുതകുന്നതുമായ വല്ലതുമൊന്നു തരുന്നവനാകണം. മൂന്നാമത്, ആ തത്ത്വം മറ്റു തത്ത്വങ്ങള്‍ക്കു വിരുദ്ധമല്ലെന്നും അറിയണം: അതു മറ്റു ഭൗതികവിജ്ഞാനസിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായാല്‍ ഉടനടി തള്ളിക്കളയാം. നാലാമത് ആ മനുഷ്യന്‍ ഒറ്റയാകരുത്: അതായത് മറ്റുള്ളവര്‍ക്കും പ്രാപ്യമായിട്ടുള്ളതേ അയാള്‍ പ്രതിപാദിക്കാവൂ. അങ്ങനെ മൂന്നുവിധം പ്രമാണങ്ങളും ഇതിനകം നിരൂപിക്കപ്പെട്ടു – പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം. ‘ആപ്തന്‍’ എന്ന പദം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഞാനാളല്ല. Inspired (ആവിഷ്ട) എന്ന പദം അതിനു ചേരില്ല. എന്തെന്നാല്‍ ആവിഷ്ടജ്ഞാനം പുറമേനിന്നു വരുന്നതാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ ജ്ഞാനമാകട്ടെ, ആത്മാവില്‍നിന്നുതന്നെ വരുന്നതാണ്. ആപ്ത ശബ്ദത്തിനു ‘പ്രാപിച്ചവന്‍’ എന്നാണു വാച്യാര്‍ത്ഥം.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 249-252]