സ്വാമി വിവേകാനന്ദന്‍

13. തത്ര സ്ഥിതൗ യതേ്‌നാിഭ്യാസഃ.
തത്ര സ്ഥിതൗ = ആ സ്ഥിതിയില്‍ (സ്ഥിതിക്കുവേണ്ടിയുള്ള), യത്‌നഃ = അത്യന്തോത്‌സാഹം, അഭ്യാസഃ = അഭ്യാസമാകുന്നു.
അവയെ (ചിത്തവൃത്തികളെ) നിരുദ്ധമാക്കി നിര്‍ത്തുവാനുള്ള നിരന്തരശ്രമമാണ് അഭ്യാസം.
എന്താണ് അഭ്യാസം? മനസ്സിനെ ചിത്തസ്വരൂപത്തില്‍ത്തന്നെ ഒതുക്കിനിര്‍ത്തുവാന്‍, വൃത്തിരൂപമായി പുറത്തു പോകാതെ നിരോധിക്കുവാന്‍, വേണ്ടിയുള്ള സ്ഥിരോത്‌സാഹമാണ് അഭ്യാസം.

14. സ തു ദീര്‍ഘകാലനൈരന്തര്യ –
സത്കാരാസേവിതോ ദൃഢഭൂമിഃ.
സഃ = ആ അഭ്യാസം, തു = ആകട്ടെ, ദീര്‍ഘകാലനൈരന്തര്യ സത്കാരാസേവിതഃ = നീണാള്‍, ഇടവിടാതെ, (തപസ്സ്, ബ്രഹ്മചര്യം, വിദ്യ, ശ്രദ്ധ മുതലായവയുടെ രൂപത്തിലുള്ള) സത്കാരം (അത്യന്താദരം)കൊണ്ട് ആസേവിതമായാല്‍ (ശരിക്കനുഷ്ഠിച്ചുപോന്നാല്‍), ദൃഢഭൂമിഃ = ഉറയ്ക്കും.
അതു വളരെക്കാലം തുടര്‍ച്ചയായി (പരമലക്ഷ്യത്തില്‍) പ്രേമാതിശയപൂര്‍വ്വകം ചെയ്യുന്ന ഉത്‌സാഹത്താല്‍ ദൃഢമാവുന്നു.
വൃത്തിനിരോധം ഒരു ദിവസംകൊണ്ടു സാധിക്കുന്നതല്ല. വളരെക്കാലത്തെ നിരന്തരാഭ്യാസം ആവശ്യമാണ്.

15. ദൃഷ്ടാനുശ്രവികവിഷയവിതൃഷ്ണസ്യ
വശീകാരസംജ്ഞാ വൈരാഗ്യം.
ദൃഷ്ടാനുശ്രവികവിഷയവിതൃഷ്ണസ്യ = ദൃഷ്ട(ലൗകിക)വും, ആനുശ്രവിക(വൈദിക)വുമായ വിഷയങ്ങളില്‍ (അവ നശിക്കുന്നവയുമാണ്: അവയെ ദുഃഖം വിടാതെ പിന്‍തുടരുന്നു ഇത്യാദി) ദോഷങ്ങള്‍ ദര്‍ശിച്ചു കൊതിയില്ലാതായവന്, വശീകാര സംജ്ഞാ = വശീകാരം (ഇവ എനിക്കു വശപ്പെട്ടവയാണ്, ഞാന്‍ ഇവയ്ക്കു വശപ്പെട്ടവനല്ല) എന്ന, വൈരാഗ്യം = വൈരാഗ്യം ഉണ്ടാകുന്നു.
ദൃഷ്ടവും ശ്രുതവുമായ വിഷയങ്ങളിലുള്ള തൃഷ്ണ വെടിയുന്നവനു വശീകാരം എന്ന വൈരാഗ്യം സിദ്ധിക്കുന്നു.

നമ്മുടെ കര്‍മ്മങ്ങള്‍ക്കു പ്രേരകമായിരിക്കുന്നതു രണ്ടെണ്ണമാണ്. ഒന്ന്, നമ്മുടെ സ്വന്തം അനുഭവങ്ങള്‍. രണ്ട്, അന്യന്മാരുടെ അനുഭവങ്ങള്‍. ഈ രണ്ടുതരം പ്രേരകശക്തികളും ചിത്തസരസ്സില്‍ വിവിധ വിചാരവീചികളെ ഇളക്കിവിടുന്നു. ഈ പ്രലോഭനങ്ങളോടെതിര്‍ത്തു പൊരുതി മനസ്സിനെ സ്വാധീനമാക്കിവെയ്ക്കുന്ന ബലം, ത്യാഗവീര്യം, ഏതോ അതത്രേ വൈരാഗ്യം. അങ്ങനെയുള്ള വൈരാഗ്യമാണു നമുക്കു വേണ്ടത്. ഞാന്‍ തെരുവില്‍ക്കൂടി പോകുമ്പോള്‍ ഒരുവന്‍ വന്ന് എന്റെ ഘടികാരം അപഹരിക്കുന്നുവെന്നു വിചാരിക്കുക. അതെന്റെ സ്വന്തം അനുഭവം, ഞാന്‍ നേരിട്ടു കാണുന്നതാണ്. അതു തത്ക്ഷണം എന്റെ ചിത്തത്തെ ക്ഷോഭിപ്പിച്ച് ഒരു കോപകല്ലോലമാക്കി മാറ്റുന്നു. അതിനെ സമ്മതിക്കരുത്. നിങ്ങള്‍ക്കതിനെ നിരോധിക്കാന്‍ ശക്തിയില്ലെങ്കില്‍ നിങ്ങള്‍ വെറും നിസ്സാരന്‍. അതിനുള്ള കരുത്തുണ്ടെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വൈരാഗ്യയുക്തനാണെന്നു പറയാം. ഇനി, ഇന്ദ്രിയസുഖമാണു പരമപുരുഷാര്‍ത്ഥമെന്നു വിഷയാസക്തരായ ജനങ്ങളെ കണ്ടു നാം ഭ്രമിച്ചുപോകുന്നു. ഇവയെല്ലാം ശക്തിയേറിയ തൃഷ്ണകളാണ്. അവയെ നിരസിക്കുന്നത്, അവ മനസ്സിനെ വൃത്തിരൂപമാക്കാന്‍ ഇടയാകാത്തവിധം അവയെ തള്ളിക്കളയുന്നത്, വൈരാഗ്യമാകുന്നു. ഇപ്രകാരം സ്വന്തം അനുഭവത്തില്‍നിന്നും (ദ്രഷ്ടം), പരന്മാരുടെ അനുഭവത്തില്‍ നിന്നും (ആനുശ്രവികം) ഉണ്ടാകുന്ന രണ്ടുവിധം തൃഷ്ണകളെയും പ്രതിരോധിച്ചു ചിത്തം അവയ്ക്കധീനമാവാതെ ധരിക്കുന്ന ബലം വൈരാഗ്യമാണ്. അവ എന്റെ വശത്തിലാണ്, ഞാന്‍ അവയുടെ വശത്തിലല്ല എന്ന് ഉറപ്പുണ്ടാകണം. ഇത്തരത്തിലുള്ള മനോവീര്യം, വീതതൃഷ്ണത്വം, വശീകാരവൈരാഗ്യമാകുന്നു. അതാണു മുക്തിക്ക് ഏകമാര്‍ഗ്ഗം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 255-257]