ആത്മാവ് സ്വയംസിദ്ധവും അനാദിയുമാണ് (ജ്ഞാ.13-31)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 31
അനാദിത്വാന്നിര്‍ഗുണത്വാത്
പരമാത്മായമവ്യയഃ
ശരീരസ്ഥോഽപി കൗന്തേയ
ന കരോതി ന ലിപ്യതേ.
അല്ലയോ കുന്തീപുത്ര, അനാദിയാകയാലും നിര്‍ഗുണനാകയാലും നാശമില്ലാത്ത ഈ പരമാത്മാവ് ദേഹത്തില്‍ കുടികൊള്ളുന്നുവെങ്കിലും ഒന്നും ചെയ്യുന്നില്ല. കര്‍മ്മങ്ങളോട് ചേരുന്നുമില്ല.
ജലത്തില്‍ പ്രതിഫലിച്ചുകാണുമെങ്കിലും സൂര്യന് നനവ് പറ്റുന്നില്ല. പ്രതിഫലിക്കുന്നതിനു മുമ്പും പിമ്പും സൂര്യന്‍ ഒരേ നിലയില്‍തന്നെ ആയിരുന്നു. എന്നാല്‍ ജലത്തില്‍ ദര്‍ശിക്കുന്ന സൂര്യന്‍റെ പ്രതിബിംബം സൂര്യനാണെന്ന് മറ്റുള്ളവര്‍ കരുതുന്നു. അതുപോലെയാണ് ആത്മാവിന്‍റെയും അവസ്ഥ. ആത്മാവു ശരീരത്തിലിരിക്കുന്നുവെന്ന്‍ ധരിക്കുന്നത് അയഥാര്‍ത്ഥമാണ്. അത് എല്ലായിടത്തും സ്ഥിതിചെയ്യുന്നു. മുഖകണ്ണാടിയില്‍ മുഖം പ്രതിബിംബിക്കുന്നതുപോലെയാണ് ആത്മാവു ശരീരത്തിലിരിക്കുന്നത്. ആത്മാവു ശരീരവുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവെന്ന്‍ പറയുന്നത് അര്‍ത്ഥശ്യൂനമാണ്. കാറ്റിനേയും പൂഴിയേയും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമോ? അഗ്നിയും പഞ്ഞിയുംകൂടി പിരിച്ച് നൂലാക്കാന്‍ കഴിയുമോ? ആകാശത്തേയും ഭൂമിയും കൂടി എങ്ങനെയാണ് ഒരുമിപ്പിക്കുക? പൂര്‍വദിക്കിലേക്കും പശ്ചിമദിക്കിലേക്കും പോകുന്നവര്‍ തമ്മില്‍ കൂട്ടിമുട്ടി ബന്ധപ്പെടാന്‍ സാധ്യതയില്ലാത്തതുപോലെയാണ് ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം. എന്തായാലും ആ ബന്ധം വെളിച്ചവും ഇരുട്ടും തമ്മിലോ ജീവനുള്ളതും ഇല്ലാത്തതുമായ ശരീരങ്ങള്‍ തമ്മിലോ ഉള്ള ബന്ധംപോലെ മാത്രമേയുള്ളു. പകലും രാത്രിയും തമ്മിലും പഞ്ഞിയും സ്വര്‍ണ്ണവും തമ്മിലും ഉള്ള ബന്ധത്തേക്കാള്‍ കവിഞ്ഞ ബന്ധമൊന്നും ദേഹവും ദേഹിയും തമ്മിലില്ല. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ശരീരം കര്‍മ്മങ്ങളുടെ കയറുകൊണ്ട് ബന്ധിക്കപ്പെട്ട് ജനനമരണങ്ങളാകുന്ന ചക്രത്തില്‍ ഭ്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ശരീരം അഗ്നിയാകുന്ന കാലത്തിന്‍റെ വായിലേക്ക് എറിയപ്പെട്ട ഒരു വെണ്ണക്കട്ടിപോലെ, ഒരീച്ചയുടെ ചിറകു ചലിക്കുന്ന നേരം കൊണ്ട് അപ്രത്യക്ഷമാകുന്നു. അത് അഗ്നിയില്‍ വീണാല്‍ ചാരമായിത്തീരുന്നു; നായ്ക്കള്‍ തിന്നാല്‍ കാഷ്ഠമായി മാറുന്നു. ഈ രണ്ടു വിധത്തിലുമല്ലെങ്കില്‍ പുഴുക്കളുടെ ആഹാരമായിത്തീരുന്നു. ഏതു നിലയിലായാലും അതിന്‍റെ അന്ത്യം ദാരുണമാണ്; അത് വെറുപ്പുള്ളവാക്കുന്നു. ശരീരത്തിന്‍റെ പ്രകൃത്യാ ഉള്ള സ്വഭാവമാണിത്. എന്നാല്‍ ആത്മാവ് സ്വയംസിദ്ധവും അനാദിയുമാണ്. അത് നിര്‍ഗുണമാകയാല്‍ ഖണ്ഡമോ അഖണ്ഡമോ അല്ല. അതു കര്‍മ്മസഹിതമോ കര്‍മ്മരഹിതാമോ അല്ല; പ്രകാശയുക്തമോ പ്രകാശരഹിതമോ അല്ല; സൂക്ഷ്മമോ സ്ഥൂലമോ അല്ല; മൂര്‍ത്തമോ അമൂര്‍ത്തമോ അല്ല; നിശൂന്യമോ നിര്‍ഭരമോ അല്ല; വികാരഭരിതമോ വികാരരഹിതമോ അല്ല; പ്രകടമോ അപ്രകടമോ അല്ല; ആനന്ദഭരിതമോ ആനന്ദരഹിതമോ അല്ല; ബന്ധമോ മുക്തമോ അല്ല; സ്വതസിദ്ധമോ അന്യസിദ്ധമോ അല്ല; സംസാരിക്കുന്നതോ മൂകമോ അല്ല. ഉള്ളതിന്‍റെയും ഇല്ലാത്തതിന്‍റെയും അടിസ്ഥാനം അതായതുകൊണ്ട് അത് പ്രപഞ്ചത്തോടൊപ്പം സൃഷ്ടിക്കപ്പെടുകയോ പ്രപഞ്ചനാശത്തില്‍ ഇല്ലാതാവുകയോ ചെയ്യുന്നില്ല. അതു അവ്യയമായതുകൊണ്ട് അതിനെ അളക്കുന്നതിനോ വിവരിക്കുന്നതിനോ കഴിയുകയില്ല. അതു വലുതാവുകയോ ചെറുതാവുകയോ മങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. പ്രിയമുള്ളവനെ! ഇതാണ് ആത്മാവിന്‍റെ യഥാര്‍ത്ഥ അവസ്ഥ. അതു ശരീരത്തില്‍ ഒതുങ്ങിയിരിക്കുന്നുവെന്ന്‍ പറയുന്നത്, ആകാശം ഗൃഹാങ്കണത്തില്‍ ഒതുങ്ങിയിരിക്കുന്നുവെന്ന്‍ പറയുന്നത് പോലെയാണ്. അത് ദേഹത്തിലിരിക്കുന്നുവെങ്കിലും യാതൊരു പ്രകൃതി ഗുണങ്ങളും അതിനെ സ്പര്‍ശിക്കുന്നില്ല. ആകാശത്തില്‍ ദിനരാത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും മറയുകയുകയും ചെയ്യുന്നതുപോലെ ചൈതന്യത്തിന്‍റെ പ്രഭാവംകൊണ്ട് ശരീരങ്ങള്‍ വരുകയും പോവുകയും ചെയ്യുന്നു. ആത്മാവ് ശരീരരൂപം കൈക്കൊള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. അത് ശാശ്വതമായി ഒന്നു തന്നെയാണ്. അത് ശരീരത്തിലിരുന്ന്‍ എന്തെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യുകയോ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതിന് പ്രേരണ നല്‍കുകയോ ചെയ്യുന്നില്ല. അത് ശരീരത്തിന്‍റെ ഒരു വിധത്തിലുള്ള കര്‍ത്തവ്യത്തിലും ഭാഗഭാക്കാകാതെ ഉദാസീനമായി നിലകൊള്ളുന്നു. തല്‍ഫലമായി അതിന് യാതൊരു മാറ്റവും സംഭവിക്കാതെ അവ്യയമായി സ്ഥിതിചെയ്യുന്നു. അതിന്‍റെ അവസ്ഥയ്ക്ക് ക്ഷയമോ വര്‍ദ്ധനയോ ഉണ്ടാകുന്നില്ല. ശരീരത്തില്‍ കുടികൊള്ളുമ്പോഴും അതു നിര്‍വികാരമായിരിക്കുന്നു.