ആത്മാവ് എല്ലാ ശരീരത്തേയും പ്രകാശിപ്പിക്കുന്നു (ജ്ഞാ.13-33)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 33
യഥാ പ്രകാശയാത്യേകഃ
കൃല്‍സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃല്‍സ്നം
പ്രകാശയതി ഭാരത.
അല്ലയോ ഭാരതവംശജ! ഏകനായ സൂര്യന്‍ ഈ ലോകത്തെ ആസകലം എപ്രകാരം പ്രകാശിപ്പിക്കുന്നുവോ അപ്രകാരം ആത്മാവ് എല്ലാ ശരീരത്തേയും പ്രകാശിപ്പിക്കുന്നു.
കാന്തത്തിന്‍റെ ആകര്‍ഷണശക്തികൊണ്ട് അതിനടുത്തിരിക്കുന്ന ഇരുമ്പ് ചലിക്കുന്നു. എന്നാല്‍ ഇരുമ്പ് കാന്തമല്ല. അതുപോലെയാണ് ആത്മാവും ദേഹവും തമ്മിലുള്ള ബന്ധം. ഗൃഹത്തിലുള്ള കൃത്യങ്ങളെല്ലാം ദീപിക ചൊരിയുന്ന പ്രകാശത്തില്‍ ചെയ്യുന്നുവെങ്കിലും ദീപികയും ഗൃഹവും തമ്മില്‍ തുലോം വ്യത്യാസമുണ്ട്. വിറകില്‍ അഗ്നി മറഞ്ഞിരിപ്പുണ്ടെങ്കിലും വിറക് അഗ്നിയല്ല. ഈ വീക്ഷണ കോണത്തില്‍കൂടിവേണം ആത്മാവിനെ കാണേണ്ടത്. ആകാശവും മേഘങ്ങളും തമ്മിലും സൂര്യനും മരീചികയും തമ്മിലും ഉള്ള നിതാന്തമായ അന്തരമാണ് ശരീരവും ആത്മാവും തമ്മിലുള്ളത്. ഏകനായ സൂര്യന്‍ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്നതുപോലെ ക്ഷേത്രജ്ഞന്‍ (ആത്മാവ്) എല്ലാ ക്ഷേത്രങ്ങളെയും (ശരീരങ്ങളെയും) പ്രകാശിപ്പിക്കുന്നു. അര്‍ജ്ജുനാ, ഇക്കാര്യത്തില്‍ നിനക്ക് ഒട്ടും സംശയം വേണ്ട.