27. തസ്യ വാചകഃ പ്രണവഃ.
തസ്യ = അവന്റെ (ഈശ്വരന്റെ), വാചകഃ = അഭിധായകം (ഈശ്വരനെ കുറിക്കുന്ന ശബ്ദം), പ്രണവഃ = ഓംകാരമാകുന്നു.
ഈശ്വരനെ കുറിക്കുന്ന ശബ്ദം ഓങ്കാരമാകുന്നു.
നിങ്ങളുടെ മനസ്സിലുള്ള ഓരോ വിചാരത്തിനും ഒത്ത ഓരോ വാക്കുണ്ട്. വാക്കും വിചാരവും അഭേദ്യങ്ങളാണ്. ഒരേ പദാര്‍ത്ഥത്തെയാണു പുറമേ വാക്ക് എന്നും അകമേ വിചാരം (അര്‍ത്ഥം) എന്നും പറയുന്നത്. വാഗാര്‍ത്ഥങ്ങളെ അപഗ്രഥിച്ചു വേര്‍പെടുത്താന്‍ ആര്‍ക്കും കഴിയില്ല. മനുഷ്യനിര്‍മ്മിതമാണു ഭാഷ – അതായത്, ഏതാനുമാളുകള്‍ ഒത്തുകൂടിയിരുന്നു വാക്കുകള്‍ക്കു സങ്കേതം കല്പിച്ചപ്രകാരമാണു ഭാഷയുണ്ടായിട്ടുള്ളത് – എന്ന വാദം തെറ്റാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്‍ ഉണ്ടായിരുന്ന കാലമത്രയും വാക്കുകളും ഭാഷയും ഉണ്ടായിരുന്നിട്ടുണ്ട്. വാച്യമായ അര്‍ത്ഥത്തിനും വാചകമായ ശബ്ദത്തിനും തമ്മിലുള്ള ബന്ധമെന്ത്? ഓരോ വാച്യത്തിനും പ്രതിപാദകമായ ഓരോ വാചകം ഉണ്ടാവണമെന്നു നിയമമുണ്ടെങ്കിലും ഒരു വാച്യത്തിന്നു ഒരു വാചകമേ ഉണ്ടാകാവൂ എന്നു നിയമമില്ല. ഭിന്നങ്ങളായ ഇരുപതു രാഷ്ട്രങ്ങളില്‍ വിചാരം ഒന്നുതന്നെയാകുമ്പോഴും ഭാഷയ്ക്കു ഭേദം വരുന്നുണ്ടല്ലോ. ഓരോ വിചാരത്തെയും അഭിവ്യഞ്ജിപ്പിക്കാന്‍ ഓരോ ശബ്ദം ആവശ്യംതന്നെ. എന്നാല്‍ എല്ലാ ശബ്ദങ്ങളും ഒരേ പ്രകാരത്തില്‍ ഉച്ചരിക്കപ്പെടണമെന്നു നിയമമില്ല. ദേശഭേദമനുസരിച്ചു ശബ്ദങ്ങള്‍ക്കു ഭേദം വരാം. നമ്മുടെ വ്യാഖ്യാകാരന്‍ പറയുന്നു, ‘വാച്യവാചകങ്ങള്‍ക്കുള്ള സംബന്ധം ഏറ്റവും സ്വാഭാവിക(അഭേദ)മാണെങ്കിലും, ഒരു വാച്യത്തിന്റെ വാചകമായി ഒരു ശബ്ദമേ ഉണ്ടാകാവൂ എന്നു നിര്‍ബ്ബന്ധമില്ല.’ ഈ ശബ്ദങ്ങള്‍ പലവിധത്തില്‍ ഉച്ചരിക്കപ്പെടുന്നവയായാലും ശബ്ദാര്‍ത്ഥങ്ങള്‍ക്കുള്ള സംബന്ധം സ്വാഭാവികമാണ്. വാചകമായ ശബ്ദത്തിനും വാച്യമായ അര്‍ത്ഥത്തിനും തമ്മില്‍ സ്വാഭാവികബന്ധമുണ്ടായാലേ ആ ശബ്ദത്തിന് ആ അര്‍ത്ഥത്തെ ബോധിപ്പിക്കാന്‍ സാമര്‍ത്ഥ്യം (പദശക്തി) ഉണ്ടാവൂ. ആ ശക്തി ഇല്ലാത്ത കാലത്തോളം ആ വാചകപദം ഒരിക്കലും വ്യവഹാരത്തില്‍ വരില്ല. പൊരുള്‍ കുറിക്കാനുള്ളതാണല്ലോ മൊഴി. ആ പൊരുള്‍ പൂര്‍വ്വസിദ്ധമായിരിക്കയും, മൊഴി ആ പൊരുളിനെ പലപ്പോഴും കുറിച്ചതായി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍, അവയ്ക്കു തമ്മില്‍ യഥാര്‍ത്ഥബന്ധമുണ്ടെന്നു നമുക്കു നിശ്ചയിക്കാം. പൊരുള്‍ (വസ്തുവിഷയം) സന്നിഹിതമല്ലാത്തപ്പോഴും അനേകായിരം പേര്‍ അതിന്റെ മൊഴികൊണ്ട് അതിനെ ഗ്രഹിക്കും. പദത്തിനും അര്‍ത്ഥത്തിനും തമ്മില്‍ സ്വാഭാവിക(അഭേദ) സംബന്ധമുണ്ടായിരിക്കെ, ആ പദമുച്ചരിക്കുമ്പോള്‍, അതു പദാര്‍ത്ഥസ്മൃതിയെ ഉണര്‍ത്തും. ഈശ്വരനെ ദ്യോതിപ്പിക്കുന്ന പദം ഓംകാരമാണെന്നു വ്യാഖ്യാകാരന്‍ പറയുന്നു.
ഈശ്വരബോധകങ്ങളായ പദങ്ങള്‍ അനേകമുള്ളപ്പോള്‍ ഈ ഒരു പദത്തെമാത്രം അവധാരണം ചെയ്യുന്നതെന്തിന്? ഒരേ അര്‍ത്ഥത്തിന് ആയിരം പദങ്ങളോടു ബന്ധമുണ്ടാവാം: ഈശ്വരനെന്ന അര്‍ത്ഥം അനേകശതം പദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലോരോ പദവും ഈശ്വരവാചകമായ പ്രതീകവുമാണ്. എല്ലാം ശരി. എന്നാല്‍ ഈ പദങ്ങള്‍ക്കെല്ലാം സാമാന്യമായ ഒരു മൂലമുണ്ടായിരിക്കണം. അതായത് ഇവയ്‌ക്കെല്ലാം അധിഷ്ഠാനമായി, ഈ പ്രതീകങ്ങള്‍ക്കെല്ലാം സമാശ്രയമായി, ഒരു പ്രതീകം വേണം. അങ്ങനെ സര്‍വ്വസാമാന്യമായ ഒരു പ്രതീകമാണ് അത്യുത്തമം: അതു മറ്റെല്ലാ പ്രതീകങ്ങള്‍ക്കും യഥാര്‍ത്ഥത്തില്‍ പ്രതിനിധീഭവിക്കയും വേണം. ശബ്‌ദോച്ചാരണത്തില്‍ കണ്ഠവും താലുവുമാണ്, നാദഫലകം (Sounding Board) പോലെ ഉപയോഗി ക്കപ്പെടുന്ന നമ്മുടെ കരണങ്ങള്‍ (വാഗിന്ദ്രിയം). ഇവകൊണ്ട് ഉച്ചരിക്കപ്പെടാവുന്ന എല്ലാ ശബ്ദങ്ങള്‍ക്കും മൂലവും എല്ലാറ്റിനും അഭിവ്യഞ്ജകവും ഏറ്റവും സ്വാഭാവികവുമായ ഒരു ശബ്ദമുണ്ടോ? ഉണ്ട്, ആ ശബ്ദമാണ് ഓംകാരം. അതു സര്‍വശബ്ദങ്ങള്‍ക്കും ആധാര ഭൂതമത്രേ. (അ+ഉ+മ് എന്നിങ്ങനെ മൂന്നു മാത്രകള്‍ ചേര്‍ന്നാണ് ഓംകാരം ധ്വനിക്കുന്നത്.) അതിലെ ആദ്യമാത്രയും ശബ്ദമൂലവുമായ ‘അ’കാരം ജിഹ്വാതാലുക്കളെ ഒരിടത്തും സ്പര്‍ശിക്കാതെ ഉച്ചരിക്കപ്പെടുന്നതാണ്. അന്ത്യമാത്രയായ അനുസ്വാരം (മ്) ഓഷ്ഠ പുടങ്ങള്‍ കൂട്ടിയടക്കുമ്പോള്‍ ധ്വനിക്കുന്നതാണ്. ‘ഉ’കാരം ശബ്‌ദോച്ചാരണകരണങ്ങളെ ആമൂലാഗ്രം സ്പര്‍ശിച്ചുകൊണ്ടു വിവൃതമാകുന്നു. ഇങ്ങനെ ഓംകാരം വാഗ്‌വ്യാപാരകാര്യത്തിനു മുഴുവന്‍ പ്രതിനിധീഭവിക്കുന്നതിനാല്‍ അതുതന്നെയാകണം സ്വാഭാവികമായ പ്രതീകം. സര്‍വ്വശബ്ദയോനിയായ ഓംകാരം ഉച്ചരിക്കപ്പെടാവുന്ന സകലപദങ്ങളുടെയും സംഭാവ്യതയും വ്യാപ്തിയും ദ്യോതിപ്പിക്കുന്നു. ഈ വിചാരണകള്‍ക്കെല്ലാം പുറമെ, ഭാരതഭൂമിയില്‍ മതവിഷയകമായി ഉണ്ടായിട്ടുള്ള ആശയങ്ങളെല്ലാം ഓംകാരത്തില്‍ സമാഹിതമായിരിക്കുന്നതായും കാണുന്നു. വേദങ്ങളിലെ മന്ത്രങ്ങളും ഈ ഓംകാരത്തെ അവ ലംബിച്ചുനില്ക്കുന്നു. ഈ ശബ്ദം, ഭാരതത്തിലെ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ഓരോ പരിണാമദശയിലും നില നിര്‍ത്തിപ്പോന്നതും ഈശ്വരവിഷയകമായ വിവിധഭാവനകളെയും വ്യഞ്ജിപ്പിക്കത്തക്കവിധം അര്‍ത്ഥകല്പനചെയ്ത് ഉപയോഗിച്ചു വന്നതുമാകുന്നു. അദ്വൈതികളും വിശിഷ്ടാദ്വൈതികളും ഭേദവാദികളും, എന്നു വേണ്ട നിരീശ്വരവാദികള്‍പോലും, ഓംകാരത്തെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരം മനുഷ്യവര്‍ഗ്ഗത്തില്‍ ബഹുഭൂരിപക്ഷത്തിന്റെയും ആദ്ധ്യാത്മികശ്രേയോഭിലാഷങ്ങള്‍ക്ക് എകാലംബനമായിരിക്കുന്നു. (മറ്റു പദങ്ങള്‍ക്കൊന്നും ഈ നിലയില്ല) ഉദാഹരണമായി ഇംഗ്ലീഷിലെ ‘God’ (ദൈവം, ഈശ്വരന്‍) എന്ന പദം നോക്കുക; അതിന്റെ അര്‍ത്ഥവ്യാപ്തി പരിമിതമാണ്. അതില്‍ കവിഞ്ഞുപോകണമെങ്കില്‍ അതോടുകൂടി സഗുണം, നിര്‍ഗുണം, അല്ലെങ്കില്‍ കേവലം തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ക്കണം. അതുപോലെതന്നെയാണു മറ്റെല്ലാ ഭാഷകളിലെയും ഈശ്വരവാചകങ്ങള്‍. അവയുടെ അര്‍ത്ഥബോധകത്വവും തുലോം പരിമിതമാണ്. ഓങ്കാരത്തിനാകട്ടെ, എല്ലാവിധം അര്‍ത്ഥത്തെയും ബോധിപ്പിക്കാന്‍ ശക്തിയുണ്ട്. ആകയാല്‍ എല്ലാവരും അതിനെ സ്വീകരിക്കേണ്ടതാകുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 269-271]