സ്വാമി വിവേകാനന്ദന്‍

29. തതഃ പ്രത്യക്‌ചേതനാധിഗമോിപ്യന്തരായാഭാവശ്ച.
തതഃ = അതില്‍നിന്നു (പ്രണവജപവും അതിന്റെ അര്‍ത്ഥ ഭാവനവും ഒന്നായി ചെയ്യുന്നതുകൊണ്ട്), പ്രത്യക്‌ചേതനാധി ഗമഃ അപി = പ്രത്യക് (ബുദ്ധിക്കും ആന്തരമായ) ആത്മാവിന്റെ (സാക്ഷാത്കാര)ജ്ഞാനവും, അന്തരായാഭാവഃ ച (ഭവതഃ) = ഒമ്പത് അന്തരായങ്ങളുടെ അഭാവവും (ഇല്ലായ്മയും) ഉണ്ടാകുന്നു.
അതിന്റെ ഫലമായി പ്രത്യഗാത്മാവിന്റെ സാക്ഷാത്കാരവും യോഗവിഘ്‌നങ്ങളുടെ നാശവും ഉണ്ടാകുന്നു.

ഓംകാരജപവും ധ്യാനവുംകൊണ്ടുണ്ടാവുന്ന പ്രഥമഫലം പ്രത്യഗ്ദര്‍ശനശക്തി ഏറേയേറെ വര്‍ദ്ധിച്ചുവരികയും മാനസികവും ശാരീരികവുമായ അന്തരായങ്ങള്‍ നശിച്ചുതുടങ്ങുകയുമാകുന്നു.

എന്തെല്ലാമാണെന്നോ യോഗാന്തരായങ്ങള്‍?

30. വ്യാധി-സ്ത്യാന-സംശയ-പ്രമാദാലസ്യാവിരതി –
ഭ്രാന്തിദര്‍ശനാലബ്ധഭൂമികത്വാനവസ്ഥിതത്വാനി
ചിത്തവിക്ഷേപാസേ്തിന്തരായാഃ.
വ്യാധിഃ = ശരീരത്തിനു ജ്വരാദിയും മനസ്സിനു രാഗാദിയുമായ രോഗം, സ്ത്യാനം = മനസ്സിനു കര്‍മ്മങ്ങളിലുള്ള കഴിവുകേട്, സംശയഃ = യോഗം സാധ്യമാണോ അല്ലയോ എന്ന ഉഭയകോടിജ്ഞാനം, പ്രമാദഃ = സാധനാനുഷ്ഠാനത്തില്‍ നോട്ടക്കുറവ്, ആലസ്യം = ശരീരമനസ്സുകളുടെ കനം, അവിരതിഃ = ഒരു വിഷയത്തില്‍ നിലകൊള്ളാതെ പലതില്‍ വ്യാപരിക്കുന്ന ചിത്തവൃത്തി, ഭ്രാന്തി ദര്‍ശനം = പിഴച്ച കാഴ്ച (യോഗസാധനങ്ങള്‍ സാധനങ്ങളല്ലെന്നോ അസാധനങ്ങള്‍ സാധനങ്ങളാണെന്നോ ഉള്ള തോന്നല്‍), അലബ്ധഭൂമികത്വം = വളരെ പ്രയത്‌നിച്ചിട്ടും സമാധ്യവസ്ഥയില്‍ എത്തിക്കിട്ടായ്ക, അനവസ്ഥിതത്വം = യോഗഭൂമികകളിലെത്തിയാലും എത്തിയെന്നു തോന്നായ്ക – (ഇതി ഏതേ നവ = എന്നീ ഒമ്പതും), ചിത്തവിക്ഷേ പാഃ = ചിത്തത്തെ സ്വസ്ഥിതിയില്‍നിന്നു തെറിപ്പിക്കുന്നവയാണ്, തേ = അവ, അന്തരായാഃ = യോഗവിഘ്‌നങ്ങളാണ് (യോഗത്തെ തടയുന്നവയാണ്).

രോഗം, മനസ്സിന്റെ മടി, സംശയം, ഉത്‌സാഹമില്ലായ്മ, അലസത, വിഷയാസക്തി, വിപരീതബുദ്ധി, സമാധി സാധിക്കായ്ക, സാധിച്ചിട്ടും വീണുപോകുക ഇവയാണ് യോഗത്തിനു വിഘ്‌നങ്ങളായ വിക്ഷേപങ്ങള്‍.

വ്യാധിഃ – ഈ ശരീരമാണു നമ്മെ സംസാരസാഗരത്തിന്റെ മറുകരയണയ്ക്കുവാനുള്ള തോണി. അതിനെ അരോഗമായി സംരക്ഷിക്കണം. രോഗികള്‍ക്കു യോഗികളാകുവാന്‍ സാധ്യമല്ല. സ്ത്യാനം – ഇതു യോഗവിഷയത്തില്‍ നമുക്കുള്ള സജീവമായ അഭിരുചിയെല്ലാം മുടിക്കുന്നു. അതില്ലാതെ അഭ്യസിക്കാന്‍ ഇച്ഛയോ ഉത്‌സാഹമോ ഉണ്ടാവില്ലല്ലോ. സംശയഃ – ഈ ശാസ്ത്രതത്ത്വങ്ങളെ സംബന്ധിച്ച് എത്ര ദൃഢമായ പരോക്ഷജ്ഞാനമുണ്ടായാലും ദൂരദര്‍ശനം ദൂരശ്രവണം തുടങ്ങിയ ചില യോഗസിദ്ധികള്‍ അനുഭവപ്പെടുംവരെ മനസ്സില്‍ സംശയങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കും. ഈ അനുഭവലേശങ്ങളാണു സാധകനു മനോദാര്‍ഢ്യവും പ്രയത്‌നസ്‌ഥൈര്യവുമുണ്ടാക്കുക. അനവസ്ഥിതത്വം ഏതാനും ദിവസങ്ങളോ ആഴ്ചകളോ അഭ്യാസം തുടരുമ്പോള്‍, നിങ്ങളുടെ മനസ്സു ശാന്തവും നിഷ്പ്രയാസം ഏകാഗ്രവുമായിട്ട്, നിങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി ഒരനുഭവമുണ്ടാകും. അങ്ങനെയിരിക്കെ, പെട്ടെന്ന് ഒരു ദിവസം ഈ പുരോഗതി നിലയ്ക്കുകയും, ഗതിമുട്ടിയുഴലുംപോലെ തോന്നുകയും ചെയ്യും. എന്നാലും പരിശ്രമിക്കുക: ഏതൊരുത്കര്‍ഷവും ആരോഹാവരോഹക്രമത്തിലാണുണ്ടാവുന്നത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 272-273]