ശ്രീ രമണമഹര്‍ഷി
ഡിസംബര്‍ 26, 1936
ഒരു സ്വിസ്സ് വനിത ഭഗവാനെ നോക്കിയപ്പോള്‍ കണ്ട ദര്‍ശനത്തെപ്പറ്റി പറഞ്ഞു.
ഞാന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഭഗവാന്‍റെ മുഖം പൂവുകൊണ്ടലങ്കരിക്കപ്പെട്ട ഒരു കുഞ്ഞിന്‍റെ സുന്ദരമുഖം പോലെ തോന്നി. ഞാന്‍ സ്നേഹത്തില്‍ മുങ്ങി നിന്നു.
രമണ മഹര്‍ഷി: ഏതു കാഴ്ച്ചയായാലും അതു മനസ്സിനുള്ളതാണ്. നിങ്ങളുടെ ഭക്തിയാണതിനു ഹേതു. പാള്‍ ബ്രണ്ടന്‍ എന്നെ ഒരു ബ്രഹ്മരാക്ഷസനെന്ന പോലെയാണു കണ്ടത്. നിങ്ങള്‍ ഒരു കുഞ്ഞിനെപ്പോലെയും. രണ്ടും മനസിന്‍റെ കാഴ്ചകള്‍ തന്നെ.
ചോദ്യം: അതെ. ഞാന്‍ ശിവസന്താനമായ ബാലസുബ്രഹ്മണ്യനെ ധ്യാനിച്ചിരുന്നു എനിക്കനുഭൂതിയെന്തെങ്കിലും ഉണ്ടായോ എന്നു ചോദിച്ചു. ഞാന്‍ ഇല്ലെന്നു പറഞ്ഞു.
മഹര്‍ഷി: കാഴ്ചകള്‍ കണ്ട് വഞ്ചിതരാകരുത്.
ചോദ്യം: യൂറോപ്പില്‍ അതിവിദൂരത്തിലിരുന്നുകൊണ്ട് അങ്ങയുടെ അനുഗ്രഹത്തെ നേരാമോ?
മഹര്‍ഷി: യൂറോപ്പെവിടെയാണ്? അതു നിങ്ങളുടെ ഉള്ളിലിരിക്കുന്നു.
ചോദ്യം; ഞാനിവിടെ വന്നു. ഭഗവാനിവിടെ വരുമോ? (ഇങ്ങനെ പറഞ്ഞിട്ട് അവര്‍ ചെറുതായൊന്നു മന്ദസ്മിതം തൂകി – അല്‍പനേരം നിശ്ശബ്ദം)
മഹര്‍ഷി: നിങ്ങള്‍ (ബാഹ്യ) ജഡദൃഷ്ടിയില്‍കൂടി അതിരുകള്‍ കല്പിക്കുകയാണ്. ദേശകാലങ്ങള്‍ ഈ മണ്ഡലത്തിലേ വര്‍ത്തിക്കുന്നുള്ളൂ. നിങ്ങള്‍ ഇന്ത്യയില്‍ ഇരിക്കുന്നോ അതോ ഇന്ത്യ നിങ്ങളിലിരിക്കുന്നോ? സത്യത്തില്‍ ഇന്ത്യയും മറ്റെല്ലാവും നിങ്ങളിലിരിക്കുന്നു. ഉറക്കത്തില്‍ നിങ്ങള്‍ക്ക് ഇന്ത്യയും യൂറോപ്പുമുണ്ടോ? എന്നാലും അപ്പോഴും നമ്മുടെ നിലക്കു മാറ്റമില്ല. ദേശകാലാദികള്‍ വഴങ്ങി നില്‍ക്കുന്നു. അവ നമ്മെ ഖണ്ഡിച്ചു മാറ്റുന്നില്ല. പാള്‍ബ്രണ്ടന് ദര്‍ശനമുണ്ടായപ്പോള്‍ അയാള്‍ കണ്ണടച്ചിരുന്നു. നിങ്ങള്‍ തുറന്നു വച്ചിരുന്നു.
ചോദ്യം: അതെ. പക്ഷേ എനിക്കു ദര്‍ശനമൊന്നുമുണ്ടായില്ല. എന്നാല്‍ അദ്ദേഹം ഒരു ദാര്‍ശനികനാണ്. ദര്‍ശനം നല്ലതോ ചീത്തയോ?
മഹര്‍ഷി: ദര്‍ശനം നല്ലതുതന്നെ. പക്ഷേ നിങ്ങള്‍ ഒരു കുഞ്ഞിനെ വിചാരിച്ചിരിക്കും. അതു കാണുകയും ചെയ്തു.
ചോദ്യം: അതെ, ശിവന്‍റെ ബാല്യരൂപം.
മഹര്‍ഷി: അങ്ങനെ പറയൂ.
ചോ: ശിവന്‍ സംഹാരകാനാണല്ലോ.
മഹര്‍ഷി: അതെ, ദു:ഖങ്ങളുടെ.
നിങ്ങള്‍ അല്പം കഴിഞ്ഞ് ഉറങ്ങും. ഉറക്കം നിങ്ങളുടെ നിജസ്വരൂപമാണ്. ആ അവസ്ഥ ഇപ്പോഴും ഉണ്ട്. ഇല്ലാതിരുന്നാല്‍ അതു നിങ്ങളുടെ സ്വരൂപമായിരിക്കാന്‍ ന്യായമില്ല. ആ സ്വരൂപത്തില്‍ നിങ്ങള്‍ ഇപ്പോഴും ഇരിക്കൂ. അതു ശിവമാണ്.
നിങ്ങള്‍ക്കൊരു സ്വരൂപമുണ്ടോ? ശിവസ്വരൂപത്തിനു മുന്‍പ് നിങ്ങള്‍ നിങ്ങളുടെ സ്വരൂപത്തെ അറിയുക, ഉറക്കത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സ്വരൂപമുണ്ടായിരുന്നോ? അപ്പോള്‍ ശരീരമുണ്ടായിരുന്നെങ്കിലും നിങ്ങള്‍ ആനന്ദം അനുഭവിച്ചു. ഈ സ്വരൂപാനന്ദം നിങ്ങള്‍ക്കെപ്പോഴുമുള്ളതാണ്.
ചോ: ശിവം പിന്നെ എന്താണ്?
മഹര്‍ഷി: ഈ ആനന്ദ സ്വരൂപത്തെത്തന്നെയാണ് ശിവമെന്നു പറയുന്നത്.
ആ സ്ത്രീക്ക് വളരെ സന്തോഷമായി. കുറേക്കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞു പോയി.