ശ്രീ രമണമഹര്‍ഷി
ജനുവരി 1, 1937
ചോദ്യം: ‘അഹം ബ്രഹ്മാസ്മി’, ‘ബ്രഹ്മൈവാഹം’ ഇവ തമില്ലുള്ള വ്യത്യാസമെന്ത്?
രമണ മഹര്‍ഷി: ആദ്യത്തേത് ഒന്നാം മഹാവാക്യമായ പ്രത്യക്ഷവൃത്തിയും മറ്റേത് പരോക്ഷജ്ഞാനവുമാണ്. ആദ്യത്തേതില്‍ ‘ഞാന്‍’ എന്നതിന്‍റെ സത്യത്തെ ആരായുമ്പോള്‍ അതു ബ്രഹ്മമായി പ്രകാശിക്കുന്ന അനുഭൂതിയെത്തരുന്നു. രണ്ടാമത്തേതില്‍ ശാസ്ത്രാദികളില്‍ പ്രസ്താവിക്കുന്ന ബ്രഹ്മ വസ്തുവാണ് ഞാന്‍, അതിനന്യമായി ‘ഞാന്‍’ ഇല്ല എന്ന സത്യത്തെ കാണിക്കുന്നു.
ഡാങ്കണ്‍ഗ്രീന്‍ലീ: ഞാന്‍ മുന്‍പ് ഭഗവാനെ ദര്‍ശിച്ചു പോയ ശേഷം പന്ത്രണ്ടു ദിവസത്തോളം ഭഗവാന്‍റെ മഹനീയ ശാന്തി സദാ അനുഭവിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ജോലിയില്‍ പെട്ടിരിക്കുമ്പോഴും സംഗീതത്തിന്‍റെ പിന്നണി ഗാനം എന്നില്‍ മുഴങ്ങിക്കേട്ടു കൊണ്ടിരിക്കുന്നു. ക്രമേണ അതു നിലച്ചു. ജോലിത്തിരക്കിനാല്‍ പ്രത്യേകം ധ്യാനത്തിനു സമയം കിട്ടുന്നില്ല. ജോലിക്കിടയിലും ഞാന്‍ ഉണ്ട് എന്നതോര്‍മ്മിച്ചു കൊണ്ടിരുന്നാല്‍ മതിയോ?
മഹര്‍ഷി: അഭ്യാസത്താല്‍ മനസ്സു ശക്തമാവുമ്പോള്‍ ആത്മബോധം മേല്‍ക്കുമേല്‍ ദൃഢമാവും. ദൃഢമായാല്‍ ജോലിയിലിരുന്നാലും ഇല്ലെങ്കിലും ആത്മബോധ പ്രവാഹത്തിനു ഭംഗമുണ്ടാവുകയില്ല.
ചോദ്യം: പ്രത്യേകമായി ധ്യാനം ആവശ്യമില്ലേ?
മഹര്‍ഷി: ധ്യാനം ഇപ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതമാണ്. അതിനെ വിചാരങ്ങള്‍ ഭഞ്ജിക്കുന്നതിനെ ഒഴിവാക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനെ മുന്‍നിര്‍ത്തി ധ്യാനമെന്നു പറയുന്നു. വിചാരങ്ങള്‍ ഒഴിഞ്ഞാല്‍ നാം നമ്മുടെ നിജസ്വരൂപത്തിലിരിക്കും. അതാണ് യഥാര്‍ത്ഥ ധ്യാനം. പ്രാരംഭത്തില്‍നിങ്ങള്‍ ധ്യാനത്തിന് ശ്രമിക്കുമ്പോള്‍ പല വിചാരങ്ങളും വന്നു കയറും.
ഈ അവസരത്തില്‍ മറ്റുള്ളവരില്‍ നിന്നും പല ചോദ്യങ്ങളു മുല്‍ഭവിച്ചു.
മഹര്‍ഷി: അതെ, പല വിചാരങ്ങളും ഉദിച്ചുയരും. നിങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നവയെല്ലാം വെളിയില്‍ വരും. എന്നാലല്ലേ അവയെ ശമിപ്പിക്കാനൊക്കൂ? അവ ക്രേമേണ ശമിച്ചു മനസ്സു ശുദ്ധമാവും.
ഒരു സന്ദര്‍ശകന്‍: എല്ലാവരും ബ്രഹ്മമാണോ?
മഹര്‍ഷി: അതെ, അല്ലെന്ന് നിങ്ങള്‍ കരുതാതെയിരുന്നാല്‍ മതി. ബ്രഹ്മത്തിനന്യമായിട്ടൊന്നുമില്ലല്ലോ.
ചോ: രിപുഗീതയില്‍ എല്ലാം അസത്യമെന്ന് പറഞ്ഞിട്ട് ഒടുവില്‍ എല്ലാം സത്യം, ബ്രഹ്മമയമാണെന്നു പറഞ്ഞിരിക്കുന്നതതെന്ത്?
മഹര്‍ഷി: അതെ, നിങ്ങള്‍ അനേകത്തെക്കാണുമ്പോള്‍ അവ അസത്തുക്കളായിത്തീരുന്നു. സര്‍വ്വം ബ്രഹ്മം (ഏകം) എന്ന് അധിഷ്ഠാന വസ്തുവിനെ കാണുമ്പോള്‍ സത്തായും (സത്യമായും) തീരുന്നു.
ചോ: അങ്ങിനെയിരിക്കെ ഭഗവാന്‍റെ ഉപദേശസാരത്തില്‍ ദേഹാദികള്‍ ജഡമാണെന്നും അസത്താണെന്നും പറഞ്ഞിരിക്കുന്നല്ലോ.
മഹര്‍ഷി: ശരീരാദികളെ നിങ്ങള്‍ ആത്മാവിനന്യമായി കാണുന്നതുകൊണ്ട്. ആത്മാവിനെ കാണുമ്പോള്‍ ശരീരാദികള്‍ അതിലടങ്ങിയിരിക്കുന്നുവെന്നും എല്ലാം ആത്മമയമാണെന്നും കാണാം. അവിടെ ചോദ്യത്തിനൊന്നുമിടമില്ല.
ചോ: ആത്മാനാത്മവിവേചനമായ വിവേകത്തെ സാധനാചതുഷ്ടയത്തില്‍ പ്രഥമമായി പറഞ്ഞിരിക്കുന്നല്ലോ. അവിടെ അനാത്മാവെന്നതെന്താണ്?
മഹര്‍ഷി: സത്യത്തില്‍ അനാത്മാവെന്നൊന്നില്ല. അനാത്മാവും ആത്മാവില്‍ തന്നെ ഇരിക്കുന്നു. ആത്മമാവ് സ്വയം വിസ്മൃതിയിലിരിക്കുമ്പോള്‍ അതു തന്നെ അനാത്മാവിനെപ്പറ്റി പറയുന്നു. താന്‍ തന്നെ വിട്ടിരിക്കുന്ന അവസ്ഥയില്‍ താന്‍ (ആത്മാവു) അനാത്മാവിനെ സങ്കല്പ്പിക്കുകയാണ്. അതും മറ്റൊന്നല്ല, ആത്മാവ് തന്നെയാണ്.