34. പ്രച്ഛര്‍ദ്ദനവിധാരണാഭ്യാം വാ പ്രാണസ്യ.
പ്രച്ഛര്‍ദ്ദനം = ഉള്ളിലുള്ള വായുവെ ശാസ്ത്രവിധിപ്രകാരം പുറത്തേക്കു വിടുക, വിധാരണം = ശാസ്ത്രവിധിപ്രകാരം പ്രാണന്റെ ഗതി (അകത്തോ പുറത്തോ) തടഞ്ഞുനിര്‍ത്തുക – (താഭ്യാം) വാ = ഇവകൊണ്ടും (ചിത്തത്തിന് ഏകാഗ്രതയുണ്ടാകും)
പ്രാണനെ പുറംതള്ളുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നതു കൊണ്ടും.
ഇവിടെ ഉപയോഗിച്ച ശബ്ദം പ്രാണന്‍ എന്നാണ്. ശ്വാസമല്ല യഥാര്‍ത്ഥത്തില്‍ പ്രാണന്‍. അതു പ്രപഞ്ചവ്യാപകമായ ക്രിയാശക്തിയുടെ പേരാണ്. ഈ ജഗത്തില്‍ ചലനസ്വഭാവമായി, സക്രിയമായി, സജീവമായി എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം പ്രാണന്റെ പ്രഭാവമാകുന്നു. പ്രപഞ്ചത്തില്‍ പ്രകടമാകുന്ന ശക്തിവികാരങ്ങളുടെയെല്ലാം സമഷ്ടിയാണു പ്രാണന്‍. കല്പാന്തത്തില്‍ (സൃഷ്ടിക്കുമുമ്പുള്ള പ്രളയകാലത്ത്) പ്രായേണ നിഷ്പന്ദമായി വര്‍ത്തിക്കുന്ന ഈ പ്രാണന്‍ കല്പാരംഭത്തില്‍ സ്വയം അഭിവ്യക്തമായിവരുന്നു. ജഗത്തില്‍ സാമാന്യചലനമായും മനുഷ്യരിലും ഇതരജീവികളിലും ജീവസ്പന്ദമായും പ്രകടമാവുന്നത് ഈ പ്രാണനാണ്. വിചാരം തുടങ്ങിയ മറ്റു വൃത്തികളായി പരിണമിക്കുന്നതും ഈ പ്രാണന്‍തന്നെ. സമസ്തപ്രപഞ്ചവും പ്രാണാകാശങ്ങളുടെ സംഘാതമാണ്. മനുഷ്യ ശരീരവും അപ്രകാരംതന്നെ. ഇന്ദ്രിയവേദ്യമായ സര്‍വ്വവിഷയങ്ങളും ആകാശത്തില്‍ നിന്നുണ്ടായതാണ്. അതുപോലെ സര്‍വ്വവിധചലന ശക്തികളും പ്രാണനില്‍നിന്ന് ഉദ്ഭവിച്ചതാകുന്നു. ഈ പ്രാണന്റെ പ്രച്ഛര്‍ദ്ദനവിധാരണങ്ങളെയാണു പ്രാണായാമം എന്നു പറയുന്നത്. യോഗശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലിമഹര്‍ഷി പ്രാണായാമത്തെസ്സംബന്ധിച്ച് അത്രയധികം വിശേഷനിര്‍ദ്ദേശങ്ങളൊന്നും നല്കുന്നില്ല. പില്ക്കാലത്തു മറ്റു യോഗികളാണു പ്രാണായാമവിഷയകമായ അനേകസംഗതികള്‍ കണ്ടുപിടിക്കയും, അതിനെ ഒരു വലിയ ശാസ്ത്രമാക്കുകയും ചെയ്തത്. പതഞ്ജലിമഹര്‍ഷിയെ സംബന്ധിച്ചിടത്തോളം ചിത്തൈകാഗ്രതയ്ക്കുള്ള അനേകോപായങ്ങളില്‍ ഒന്നുമാത്രമാണു പ്രാണായാമം. അദ്ദേഹം അതിനു വലിയ പ്രാധാന്യം കൊടുക്കുന്നുമില്ല. നിങ്ങള്‍ കേവലം ശ്വാസത്തെ പുറത്തുവിടകയും, ഉള്ളിലേക്കു വലിക്കയും, കുറച്ചുനേരം ബന്ധിച്ചു നിര്‍ത്തുകയും ചെയ്താല്‍ മതി, അതുകൊണ്ടു മനസ്സു കുറേക്കൂടി ശാന്തമാകും – ഇത്രയേ അദ്ദേഹം ഉദ്ദേശിക്കുന്നുള്ളു. ഇതില്‍നിന്നു പ്രാണായാമം എന്നൊരു ശാസ്ത്രസമ്പ്രദായംതന്നെ പിന്നീട് ആവിഷ് കരിക്കപ്പെട്ടതായി കാണാം. ഈ അര്‍വ്വാചീനയോഗികളുടെ വാദങ്ങളില്‍ ചിലതെല്ലാം വഴിയെ കേള്‍ക്കാം. ഇതേപ്പറ്റി കുറച്ചൊക്കെ ഞാന്‍ പൂര്‍വ്വഭാഗത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ അല്പമൊന്നാവര്‍ത്തിക്കുന്നതു നിങ്ങളുടെ മനസ്സില്‍ ദൃഢമായി പതിയാന്‍ ഉപകരിക്കുമല്ലോ.
ഈ പ്രാണന്‍ ശ്വാസമല്ലെന്ന് ആദ്യമേ ഓര്‍ക്കണം. ശ്വാസചലനത്തെ ഉണ്ടാക്കുന്നതേതോ, ശ്വാസത്തിന്റെയും ജീവശക്തിയായിരിക്കുന്നതേതോ, അതാണു പ്രാണന്‍. ഇതിനു പുറമേ, ഇന്ദ്രിയങ്ങള്‍ എന്ന അര്‍ത്ഥത്തിലും പ്രാണശബ്ദം ഉപയോഗിക്കാറുണ്ട്: അവയെ പ്രാണങ്ങളെന്നു പറയും. മനസ്സിനെയും പ്രാണനെന്നു പറയും. ഇങ്ങനെ നോക്കുമ്പോള്‍ പ്രാണനെ ഊര്‍ജ്ജം (ഊക്ക്, ശക്തി, Force) എന്നും പറയാം. എങ്കിലും അത് ഊര്‍ജ്ജമാണെന്നു പറയാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍, ഊര്‍ജ്ജം അതിന്റെ ഒരു വികാരം മാത്രമാണ്. ഊര്‍ജ്ജമായും ചലനരൂപമായ മറ്റു സര്‍വ്വവുമായും അഭിവ്യക്തമാകുന്നതേതോ അതത്രേ പ്രാണന്‍. ചിത്തം, അതായത് അന്തഃകരണം, ഒരു യന്ത്രംപോലെയാകുന്നു. അതു പരിസരങ്ങളില്‍നിന്നു പ്രാണനെ വലിച്ചെടുത്ത് അതില്‍നിന്നു ശരീരസംരക്ഷണത്തിനുള്ള നാനാജീവശക്തികളെയും, സങ്കല്പം നിശ്ചയം തുടങ്ങിയ മറ്റ് ഉയര്‍ന്ന ശക്തികളെയും, ഉത്പാദിപ്പിക്കുന്നു. മേല്പറഞ്ഞപ്രകാരമുള്ള ശ്വാസക്രമീകരണംകൊണ്ടു വിവിധശരീര ചേഷ്ടകളെയും, ശരീരാന്തര്‍വാഹികളായ വിവിധപ്രാണധാരകളെയും സ്വാധീനമാക്കാം. ആദ്യം നാം അവയെ തിരിച്ചറിഞ്ഞു തുടങ്ങും: ക്രമേണ നമുക്ക് അവയുടെമേല്‍ സ്വാധീനതയും സിദ്ധിക്കും. അര്‍വാചീനയോഗികളുടെ മതമനുസരിച്ചു മനുഷ്യശരീരത്തില്‍ മൂന്നു പ്രാണധാരകളാണു മുഖ്യമായുള്ളത്. അവയില്‍ ഒന്നിനെ ‘ഇഡ’യെന്നും മറ്റേതിനെ ‘പിംഗള’യെന്നും മൂന്നാമത്തേതിനെ ‘സുഷുമ്‌ന’ യെന്നും വിളിക്കുന്നു. ഇഡമേരുദണ്ഡത്തി (നട്ടെല്ലി)ന്റെ ഇടതുവശത്തും, പിംഗള വലതുവശത്തുമാണെന്നു പറയപ്പെടുന്നു. മേരുവിന്റെ മദ്ധ്യത്തില്‍ക്കൂടി പോകുന്ന രക്തനാഡിയാണു സുഷുമ്‌ന. അവരുടെ മതപ്രകാരം, ഇഡയും പിംഗളയും എല്ലാ മനുഷ്യരിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു നാഡീധാരകള്‍ വഴിക്കാണു നാം ജീവിതവ്യാപാരങ്ങളെല്ലാം നിര്‍വ്വഹിക്കുന്നത്. സുഷുമ്‌ന എല്ലാവരിലും ഉണ്ടായിരിക്കാനിടയുണ്ട്. എന്നാല്‍ യോഗിയില്‍ മാത്രമേ അതു പ്രവര്‍ത്തിക്കുന്നുള്ളു. യോഗാഭ്യാസം ശരീരഘടനയെ മാറ്റുമെന്നോര്‍ക്കണം. അഭ്യസിക്കുന്തോറും ശരീരവ്യവസ്ഥിതി മാറിക്കൊണ്ടിരിക്കും. അഭ്യാസത്തിനുമുമ്പുള്ള ശരീരമല്ല പിന്നീട്. ഇതെത്രയും ശരിയാണെന്ന് ഉപപത്തിപൂര്‍വകം തെളിയിക്കാം. എങ്ങനെയെന്നാല്‍, നമുക്കുണ്ടാകുന്ന പുതിയ ഓരോ വിചാരധാരയ്ക്കും, മസ്തിഷ്‌കത്തില്‍ക്കൂടി സഞ്ചാരവീഥിയെന്നപോലെ ഓരോ നൂതന ധാരാവാഹിയെ നിര്‍മ്മിക്കേണ്ടതുണ്ട്. മനുഷ്യസ്വഭാവത്തില്‍ കാണുന്ന സുദൃഢമായ യാഥാസ്ഥികത്വത്തിന്റെ (Conservatism) കാരണം ഇതിനാല്‍ വിശദമാകുന്നു.
മുമ്പേ പരിചയപ്പെട്ട വഴികളില്‍ക്കൂടി പോകാന്‍ എളുപ്പം കൂടുന്നതുകൊണ്ട്, മനുഷ്യചിത്തം സ്വാഭാവികമായി ആ വഴി ഇഷ്ടപ്പെടുന്നു. ഉദാഹരണംകൊണ്ട് ഇതു കുറേക്കൂടി സ്പഷ്ടമാക്കാം. മനസ്സിനെ ഒരു സൂചിയായും മസ്തിഷ്‌കത്തെ ആ സൂചിക്കു തുളച്ചുപോകാനുള്ള ഒരു മൃദുല പിണ്ഡമായും കരുതിയാല്‍, നമ്മുടെ ഓരോ വിചാരധാരയും മസ്തിഷ്‌കത്തില്‍ക്കൂടി ഓരോ ചാലു കീറിക്കൊണ്ടു പോകുന്നതുപോലെയാകും. സാധാരണഗതിയില്‍ ഈ സരണി ഉടനെ അടഞ്ഞുപോകും. മസ്തിഷ്‌കത്തിലാകട്ടെ, തത്‌സഹജമായ ഒരു ധൂസരദ്രവ്യം വന്ന് ഈ സരണിയെ പൂശി മിനുക്കി അടഞ്ഞു പോകാതെ സൂക്ഷിക്കുന്നു. ഈ ധൂസര ദ്രവ്യം ഇല്ലായിരുന്നുവെങ്കില്‍ സ്മൃതി എന്നൊന്ന് ഉണ്ടാകാഞ്ഞേനേ. സ്മൃതി എന്നത് ഒരു പൂര്‍വ്വവിചാരത്തെ അന്വേഷിച്ചുകൊണ്ട് ആ വിചാരസരണിയില്‍ക്കൂടിയുള്ള പുനഃപ്രയാണമാണല്ലോ. ഒരാള്‍ ഒരു വിഷയത്തെപ്പറ്റി, പരക്കെ പരിചിതങ്ങളായ ചില ആശയങ്ങളെടുത്തു സമാസവ്യാസപൂര്‍വ്വകം പ്രതിപാദിക്കുമ്പോള്‍, അതു നിഷ് പ്രയാസം മനസ്സിലാവുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരിക്കാം. കാരണം ഈ വിചാരസരണികള്‍ എല്ലാവരുടെയും മസ്തിഷ്‌കത്തില്‍ മുമ്പേ ഉള്ളതാണ്. ഇപ്പോള്‍ അവയെ അനുവര്‍ത്തിക്കുകയേ വേണ്ടു. ഒരപൂര്‍വവിഷയമാണു നേരിടുന്നതെങ്കിലോ, അപ്പോള്‍ പുതിയ സരണികള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു: അതുകൊണ്ട് അത് അത്രവേഗം മനസ്സിലാകുന്നുമില്ല. ഈ കാരണത്താലാണു മനുഷ്യബുദ്ധി നവീനാശയങ്ങള്‍ക്കു വഴങ്ങി പ്രവര്‍ത്തിക്കാന്‍ അറിയാതെതന്നെ വിസമ്മതിക്കുന്നത്. ജനങ്ങള്‍ സ്വയമേവ വിസമ്മതിക്കുകയല്ല: പ്രത്യുത, മസ്തിഷ്‌കമാണു വഴിപ്പെടാതിരിക്കുന്നതെന്നോര്‍ക്കണം. അത് എതിര്‍ക്കുന്നു. പുതിയ സഞ്ചാരവീഥികളുണ്ടാക്കാന്‍ പ്രാണന്‍ ശ്രമിക്കുമെങ്കിലും മസ്തിഷ്‌കം അതിനെ എതിര്‍ക്കുന്നു. ഇതാണു യാഥാസ്ഥിതികത്വത്തിന്റെ രഹസ്യം. മസ്തിഷ്‌കത്തിലെ വിചാരസരണികള്‍, അതായത് പ്രാണസൂചിയാല്‍ നിര്‍മ്മിതമായ നാഡീമാര്‍ഗ്ഗങ്ങള്‍, എത്രകണ്ടു വിരളമാണോ അത്രകണ്ട് അധികമായിരിക്കും ആ ബുദ്ധിയുടെ യാഥാസ്ഥിതികത്വം: അത്ര മേല്‍ ശക്തിമത്തായിരിക്കും നവീനാശയങ്ങളോടുള്ള എതിര്‍പ്പും. ഒരുവന്‍ എത്രമേല്‍ വിചാരശീലനായിരിക്കുന്നുവോ അത്രമേല്‍ ബഹുലമായിരിക്കും അയാളുടെ മസ്തിഷ്‌കസരണികള്‍; അത്ര കണ്ട് എളുപ്പത്തില്‍ അയാള്‍ നവീനാശയങ്ങളെ ആദരിക്കയും ഗ്രഹിക്കയും ചെയ്യും. ഇങ്ങനെ പുത്തനായുണ്ടാവുന്ന ഓരോ പ്രത്യയത്തിനും നമ്മുടെ ബുദ്ധിയില്‍ ഓരോ സംസ്‌കാരമുണ്ടാക്കണം. മസ്തിഷ്‌കത്തില്‍ പുതിയ ചാലുകള്‍ കീറണം.
യോഗത്തെസ്സംബന്ധിച്ചിടത്തോളം, അതു തികച്ചും പുത്തനായ ചിന്താഗതികളും ലക്ഷ്യങ്ങളുമാണല്ലോ നല്കുന്നത്. അതുകൊണ്ടാണ് അതിന്റെ അഭ്യാസത്തില്‍ ആദ്യം ഇത്രയേറെ ശാരീരിക പ്രതിബന്ധങ്ങള്‍ (അന്തരായങ്ങള്‍) നേരിടുന്നത്. ഈ കാരണത്താല്‍ത്തന്നെയാണ്, മനുഷ്യപ്രകൃതിയുടെ ലൗകികാംശത്തെ പരാമര്‍ശിക്കുന്ന ധര്‍മ്മങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മ്മകാണ്ഡം ബഹുജനങ്ങള്‍ക്കു സ്വീകാര്യമായും, ആന്തരപ്രകൃതിയെ പരാമര്‍ശിക്കുന്ന ധര്‍മ്മങ്ങള്‍ – അതായത് സാംഖ്യ (തത്ത്വജ്ഞാന) – യോഗശാസ്ത്രങ്ങള്‍ – അടങ്ങിയ ജ്ഞാനകാണ്ഡം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടതായും കാണുന്നത്. നമ്മുടെ ഈ ലോകത്തെ സംബന്ധിച്ച നിര്‍വചനമോര്‍ക്കുക; പ്രജ്ഞാഭൂമികയില്‍ പ്രസര്‍ജ്ജനം ചെയ്യപ്പെട്ട അനന്തസത്തയാണ് ഈ ജഗത്ത്. അതായത് ആ അനന്തസത്തയുടെ ഒരു കണിക നമ്മുടെ പ്രജ്ഞയില്‍, ബോധത്തില്‍, ആവിര്‍ഭവിച്ചിരിക്കുന്നു: അതിനെയത്രേ നാം ജഗത്തെന്നു വിളിക്കുന്നത്. ആകയാല്‍, ഇതിനപ്പുറവും അനന്തസത്തയുണ്ട്. ധര്‍മ്മ(മത)ശാസ്ത്രത്തിന് ഇവ രണ്ടും നിരൂപണ വിഷയമാണ് – നമ്മുടെ ലോകമെന്നു പറയുന്ന ഈ ചെറിയ ഖണ്ഡവും അതിനപ്പുറത്തുള്ള അഖണ്ഡസത്തയും. ഇതില്‍ ഒന്നിനെ മാത്രം പ്രതിപാദിക്കുന്ന ധര്‍മ്മം അപൂര്‍ണ്ണമാണ്. അത് ഇഹപരങ്ങള്‍ രണ്ടിനെയും അവശ്യം പ്രതിപാദിക്കണം. അഖണ്ഡസത്തയുടെ ഒരംശം കൂട്ടിലകപ്പെട്ട മാതിരി, കാലദേശനിമിത്തങ്ങളാകുന്ന പ്രജ്ഞാവലയത്തിനുള്ളില്‍ ബദ്ധമായിരിക്കുന്നു: അതാണു നമുക്കു ബോധവിഷയമായ ഈ ലോകം. ഇതിനെ സംബന്ധിക്കുന്ന ധര്‍മ്മങ്ങള്‍ നമുക്കു സുപരിചിതങ്ങളാണ്; നാം അതില്‍ത്തന്നെയാണല്ലോ എന്നും വര്‍ത്തിക്കുന്നത്. ഈ ലോകത്തെ സംബന്ധിച്ച ആശയങ്ങളുമായി ഏതാണ്ട് അനാദികാലം മുതല്‍ക്കേ നാം ബന്ധപ്പെട്ടിരിക്കുന്നു. ഇതിനപ്പുറമുള്ള ആനന്ത്യത്തെ സംബന്ധിക്കുന്ന ധര്‍മ്മമാകട്ടെ, നമുക്ക് എത്രയും പുത്തനാണ്, അതിലെ ആശയങ്ങളെ ഗ്രഹിക്കാന്‍ മസ്തിഷ്‌കത്തില്‍ പുതിയ ധാരാവാഹികളെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതു ശരീരവ്യവസ്ഥിതിയെ മുഴുവന്‍ വ്യാകുലമാക്കും. അതുകൊണ്ടാണു സാധാരണജനങ്ങള്‍ക്കു യോഗാഭ്യാസത്തിന്റെ പ്രാരംഭദശയില്‍ അടിതെറ്റിപ്പോകുന്നതായി കാണുന്നത്. ഈവക അന്തരായങ്ങളെ കഴിയുന്നതും ലഘൂകരിക്കാന്‍ ഇപ്രകാരം അനേകം ഉപായങ്ങളെ പതഞ്ജലി മഹര്‍ഷി നിര്‍ദ്ദേശിച്ചുതരുന്നുണ്ട്. അതില്‍ നമുക്ക് ഏറ്റവും അനുകൂലമായ ഉപായത്തെ ശീലിക്കാമല്ലോ.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 276-280]