ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം
സമസ്തസുരവര്യനായ അല്ലയോ ആചാര്യ! അങ്ങേയ്ക്ക് നമോവാകം. അങ്ങ് ആനന്ദസുഖോദയം നല്‍കുന്ന പ്രജ്ഞാപ്രഭാത സൂര്യനാണ്. അങ്ങ് എല്ലാ സുഖസൗകര്യങ്ങളുടേയും സര്‍വ്വ വിശ്രാന്തി സ്ഥാനമാണ്. അങ്ങാകുന്ന സാഗരത്തില്‍ നാനാലോകതിരമാലകള്‍ അനവതരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
അല്ലയോ ആര്‍ത്തബാന്ധവാ, നിരന്തര കാരുണ്യസിന്ധോ, വിശദവിദ്യാവധുവിന്‍റെ നാഥാ, ശ്രദ്ധിച്ചാലും. ഈ പ്രപഞ്ചത്തെ മുഴുവന്‍ പ്രകടമാക്കിക്കൊടുത്തിട്ട് അതിന്‍റെ ദ്രഷ്ടാക്കളുടെ ദൃഷ്ടിയില്‍ നിന്ന് അങ്ങ് ഒളിഞ്ഞിരിക്കുന്നു. അങ്ങയെ ദര്‍ശിക്കാന്‍ കഴിയുന്നവര്‍ക്ക് അങ്ങ് എല്ലാറ്റിലും എല്ലാമാകുന്നു. ദൃഷ്ടിചോരനായ കണ്‍കെട്ടു വിദ്യക്കാരന്‍ ആളുകളുടെ നേത്രങ്ങളെ ഭ്രമിപ്പിച്ച് കണ്‍കെട്ടു വിദ്യ നടത്തുന്നു. എന്നാല്‍ സ്വയം ചോരണം നടത്തി എല്ലാറ്റില്‍ നിന്നും മറഞ്ഞിരിക്കുന്ന അങ്ങയുടെ ലീല അത്ഭുതകരം തന്നെ. അങ്ങ് മാത്രമാണ് ഈ പ്രപഞ്ചം. എന്നാല്‍ ചിലര്‍ക്ക് ആത്മജ്ഞാനം നല്‍കുകയും മറുള്ളവരെ മായയുടെ സ്വാധീനവലയത്തില്‍ പെടുത്തുകയും ചെയ്യുന്ന അങ്ങയുടെ നിഗൂഡമായ ശക്തിവിശേഷത്തിന്‍റെ മുമ്പില്‍ ഞാന്‍ നമിക്കുന്നു. സലിലത്തിനു സലിലത്വവും ഭൂമിക്ക് ക്ഷമാശക്തിയും നല്‍കിയത് അങ്ങാണ്. രവിചന്ദ്രന്മാര്‍ ജഗത്രയങ്ങളെ പ്രകാശപൂരിതമാക്കുന്നു. എങ്കിലും ആ പ്രകാശത്തിനു ദീപ്തി നല്കുന്നത് അങ്ങയുടെ ജ്യോതിസ്സാണ്.അങ്ങയുടെ ദിവ്യശക്തികൊണ്ട് വായു വീശുന്നു; ആകാശം പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.അങ്ങ് മായയേയും ജ്ഞാനത്തെയും പ്രകാശിപ്പിക്കുന്നു.
ഇത്രയും വിശദീകരിച്ചത് ധാരാളം മതി. എന്തുകൊണ്ടെന്നാല്‍ ശ്രുതികള്‍ പോലും അങ്ങയെക്കുറിച്ച് വിശദീകരിച്ച് തളര്‍ന്നുപോയിരിക്കുന്നു.അങ്ങയുടെ രൂപം ദൃശ്യമാകുന്നിടത്തോളം വേദങ്ങള്‍ വിദഗദ്ധമായി അങ്ങയെ വര്‍ണ്ണിക്കുന്നു. എന്നാല്‍ അങ്ങയെ അറിഞ്ഞു കഴിയുമ്പോള്‍ വേദങ്ങളും ഞങ്ങളും മൂകതയുടെ ഒരേ തലത്തില്‍ നിലകൊള്ളുന്നു. പ്രപഞ്ചം പ്രളയത്തില്‍ മുഴുകുമ്പോള്‍ വെള്ളത്തുള്ളികള്‍ കാണാനേ കഴിയുന്നില്ല. പിന്നെ എങ്ങനെയാണ് മഹാനദികളെ വേര്‍തിരിച്ചറിയുന്നത്? സൂര്യന്‍ ഉദിക്കുമ്പോള്‍ ചന്ദ്രന്‍ വെറും മിന്നാമിനുങ്ങായിത്തീരുന്നു. അതുപോലെ ഞങ്ങളും ശ്രുതികളും അങ്ങയുടെ മുന്നില്‍ നിസ്സാരന്മാരാണ്. ദ്വന്ദ്വഭാവം അപ്രത്യക്ഷമാവുകയും വാഗ്ധോരണി വിറങ്ങലിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് അങ്ങയെ വര്‍ണ്ണിക്കുക? അതുകൊണ്ട് ഇനിയും പ്രശംസിക്കുന്നതിനൊരുമ്പെടാതെ അങ്ങയുടെ ചരണപങ്കജങ്ങളില്‍ പ്രശ്രയപൂര്‍വ്വം ഞാന്‍ നമസ്കരിക്കുന്നു.
അങ്ങ് എന്‍റെ ഗീതാഗ്രഥനം പോഷിപ്പികുന്നതിനാവശ്യമായ മൂലധനം നല്‍കുന്ന ഉത്തമര്‍ണ്ണനായി ഭവിച്ചാലും. അങ്ങയുടെ കാരുണ്യസമ്പത്ത് മുഴുവന്‍ എന്നില്‍ ചൊരിഞ്ഞാലും. ഈ ജ്ഞാനകാവ്യം നിര്‍മ്മിച്ച് മനുഷ്യരെ പ്രബുദ്ധരാക്കുന്നതിനായി എന്‍റെ ബുദ്ധിയുടെ സഞ്ചി അങ്ങയുടെ കൃപകൊണ്ട് നിറച്ചാലും. അപ്പോള്‍ അങ്ങയുടെ കാരുണ്യം കൊണ്ട് വിവേകത്തിന്‍റെ മനോഹരമായ കര്‍ണ്ണഭൂഷണങ്ങള്‍ നിര്‍മ്മിച്ച് മഹാത്മാക്കളുടെ കാതുകളില്‍ ഞാന്‍ അണിയിക്കും. അല്ലയോ നാഥാ, ഗീതാര്‍ത്ഥ നിധാനം കണ്ടെത്തുന്നതിനായി എന്‍റെ കണ്ണുകളില്‍ അങ്ങയുടെ സ്നേഹാജ്ഞാനം എഴുതിയാലും. അല്ലയോ ഗുരുസൂര്യാ, അങ്ങയുടെ കാരുണ്യരശ്മികള്‍ കൊണ്ട് എന്‍റെ ബുദ്ധിയുടെ നേത്രങ്ങളെ പ്രകാശിപ്പിക്കുകയും, എന്‍റെ ഹൃദയത്തില്‍ ഉദയം ചെയ്തു ഈ ജ്ഞാനകാവ്യത്തെ അനായാസേന മനസ്സിലാക്കുന്നതിനുള്ള കഴിവ് ഉണ്ടാക്കിത്തരുകയും ചെയ്താലും. അല്ലയോ കൃപാലുശ്രേഷ്ടനായ ഗുരോ, എന്‍റെ ബുദ്ധിവല്ലരിയില്‍ മനോഹരങ്ങളായ കുസുമങ്ങള്‍ ഉണ്ടാക്കത്തക്കവണ്ണം, അങ്ങ് വസന്ത ഋതുവായി എന്നെ അനുഹ്രഹിച്ചാലും. ബ്രഹ്മസിദ്ധാന്തമാകുന്ന ഗംഗാജലപ്രവാഹം എന്‍റെ അന്തരംഗത്തിലുണ്ടാകത്തക്കവണ്ണം ധാരളമായി എന്നില്‍ കൃപാകടാക്ഷം ചൊരിഞ്ഞാലും. അങ്ങ് സര്‍വ്വലോകത്തിന്‍റെയും ആശ്രയസ്ഥാനമാണ്. പൂര്‍ണ്ണേന്ദു നിശീഥിനിയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതുപോലെ അങ്ങയുടെ പ്രസന്നതാചന്ദ്രന്‍ എന്‍റെ അന്തഃകരണത്തില്‍ ഉദിച്ച് ഈ കാവ്യരചനയില്‍ എനിക്ക് പ്രചോദനം നല്‍കട്ടെ. അതിന്‍റെ കിരണങ്ങള്‍ എന്‍റെ ബുദ്ധി സാഗരത്തില്‍ പതിക്കുമ്പോള്‍ അതില്‍ നവരസങ്ങളാകുന്ന കല്ലോലങ്ങള്‍ ഉയരട്ടെ.
ഇതെല്ലാം കേട്ടു അതീവസന്തുഷ്ടനായ ഗുരു പറഞ്ഞു: ഇപ്രകാരമുള്ള അസംഗതമായ സ്തുതിവചനങ്ങള്‍കൊണ്ട് നീ ആവശ്യമില്ലാതെ ദ്വന്ദ്വഭാവത്തെ ഉളവാക്കുയാണ്. ഈ പ്രശംസകള്‍ മതിയാക്കി, ശ്രോതാക്കളുടെ ഔത്സുക്യം നശിക്കുന്നതിനിടയാകാതെ, ഗീതയിലടങ്ങിയിരിക്കുന്ന അമൂല്യമായ ജ്ഞാനാര്‍ത്ഥം വിവരിച്ചു കേള്‍പ്പിക്കുക.
ജ്ഞാനദേവന്‍ പ്രതിവചിച്ചു: അല്ലയോ സ്വാമിന്‍, അങ്ങയുടെ ശ്രീമുഖത്തുനിന്ന്‍ തന്നെ ഇതു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഗുരുഭക്തിയാകുന്ന കറുകപ്പുല്ലിന്‍റെ വേര് ഒരിക്കലും നശിക്കുകയില്ല. ഇപ്പോഴിതാ അതിന്‍റെ ഇലകള്‍ക്ക് അങ്ങയില്‍ നിന്ന് അമൃതധാരാവര്‍ഷവും ലഭിച്ചിരിക്കുന്നു. എനിക്ക് എന്‍റെ ഗുരുവിന്‍റെ കൃപാകടാക്ഷം ലഭിച്ചിരിക്കുന്നതിനാല്‍ മൂലശാസ്ത്രകാവ്യത്തിന്‍റെ ഓരോ വാക്കും വിശദീകരിച്ച് നിങ്ങളെ കേള്‍പ്പിക്കാം. അതു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിലുള്ള സന്ദേഹനൗക മുങ്ങിപ്പോകുകയും ശ്രവേണച്ഛ അധികരിക്കുകയും ചെയ്യും. മധുരവും അര്‍ത്ഥസമ്പുഷ്ടവുമായ വാക്കുകള്‍ എന്നില്‍ നിന്നുതിരിയുന്നതിനായി ഞാന്‍ എന്‍റെ ഗുരുവിനോടു പ്രത്യേകമായി യാചിക്കുന്നു.
ക്ഷേത്രക്ഷേത്രജ്ഞയോഗം കൊണ്ടാണ് പ്രപഞ്ചം ഉടലെടുക്കന്നതെന്നുള്ള സത്യം, 13-* അദ്ധ്യായത്തില്‍, ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്തു.ആത്മാവു ക്ഷേത്രത്തിന്‍റെ ഗുണങ്ങളോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് സംസാരിയായിത്തീരുകയും സുഖദുഃഖങ്ങള്‍ അനുഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ ആത്മാവു എല്ലാ ഗുണങ്ങള്‍ക്കും അതീതമാണ്. സ്വതന്ത്രമായ ആത്മാവു എങ്ങനെയാണ് ബന്ധനസ്ഥനാകുന്നത്? ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള താദാത്മ്യം പ്രാപിക്കല്‍ എപ്രകാരമാണ്? ആത്മാവു എങ്ങനെയാണ് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നത്? പ്രകൃതിഗുണങ്ങള്‍ എന്തെല്ലാമാണ്? അത് എത്രയെണ്ണമുണ്ട്? അത് ആത്മാവിനെ എങ്ങനെയാണ് ബാധിക്കുന്നത്? പ്രകൃതിഗുണങ്ങള്‍ക്ക് അതീതമായിത്തീരുന്ന ഈ ആത്മാവിന്‍റെ സ്വഭാവമെന്താണ്? ഈ വിവരങ്ങളെപ്പറ്റിയുള്ള എല്ലാ വിശദീകരണങ്ങളും പതിന്നാലാം അദ്ധ്യാത്തില്‍ കാണാം. അതെപ്പറ്റിയെല്ലാം ഭഗവാന്‍ അരുള്‍ ചെയ്തത് ശ്രദ്ധിക്കുക.