ശ്രീ രമണമഹര്‍ഷി

ഗ്രീന്‍ലീസ്: ആത്മാന്വേഷണം നടത്തുമ്പോള്‍ ശാരീരികവൃത്തികള്‍ക്ക് ഭംഗം ഉണ്ടാകുന്നതല്ല എന്ന് ഭഗവാന്‍ ഇന്നലെപ്പറഞ്ഞല്ലോ. എന്നാല്‍ ‘ചൈതന്യ’ത്തിന്‍റെ ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു, അദ്ദേഹം വിദ്യാര്‍ഥികളോടു ശ്രീകൃഷ്ണനെപ്പറ്റി സ്വന്തം ദേഹത്തെയും മറന്നു സംസാരിച്ചു കൊണ്ടേയിരുന്നു എന്ന്.

മഹര്‍ഷി: ആത്മാവാണ് എല്ലാവും. നിങ്ങള്‍ അതിനന്യമാണോ? അത്മാവറിയാതെ പ്രവൃത്തി നടന്നുപോകാന്‍ സാധ്യമാണോ? ആത്മാവു സാര്‍വത്രികമാണ്. ആത്മാവില്‍ പെട്ടിരിക്കുന്നവയില്‍ പ്രവര്‍ത്തിയില്‍ പെട്ടിരിക്കുന്നവ കൂടി ഉള്‍പ്പെടും.

ചോ: ഞാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്‍റെ ജോലികള്‍ മുന്നോട്ട് നീങ്ങുകയില്ല.

മഹര്‍ഷി: ദേഹമാണെന്നു താനെന്നു നിങ്ങള്‍ കരുതുന്നതിനാല്‍ ജോലി ചെയ്യുന്നത് നിങ്ങളാണെന്നു കരുതുകയാണ്. ദേഹവും അതിന്‍റെ വൃത്തികളും ആത്മാവിനന്യമല്ല. നിങ്ങള്‍ ശ്രദ്ധിച്ചാലെന്ത്? ശ്രദ്ധിച്ചില്ലെങ്കിലെന്ത്? നിങ്ങള്‍ ഒരു സ്ഥലത്തേക്ക് നടക്കുമ്പോള്‍ ഓരോ കാല്‍ച്ചുവടും നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അല്‍പ്പം കഴിഞ്ഞ് നിങ്ങള്‍ ഉദ്ദിഷ്ടസ്ഥാനത്തെത്തുന്നു. പ്രത്യേകം മനസിനെ ചെലുത്താതെതന്നെ നിങ്ങള്‍ നടന്നില്ലേ? മറ്റു പ്രവൃത്തികളുടെ കാര്യവും ഇങ്ങനെതന്നെ.

ചോ: അപ്പോള്‍ അതു ഉറക്കത്തില്‍ നടക്കുമ്പോലെയാണല്ലോ?

മഹര്‍ഷി: അങ്ങനെതന്നെ. കുഞ്ഞുറങ്ങിക്കൊണ്ടിരിക്കുമ്പോഴും അമ്മ മുലപ്പാലൂട്ടാറുണ്ട്. ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി കുഞ്ഞിന് അത്താഴം കൊടുത്താലും അടുത്തദിവസം രാവിലെ അതിനെ കുഞ്ഞ് നിഷേധിച്ചെന്നു വരാം. കാളവണ്ടിയില്‍ ഉറങ്ങികിടക്കുന്ന വണ്ടിക്കാരന്‍ കാള നടക്കുന്നതിനെയോ നില്‍ക്കുന്നതിനെയോ പറ്റി അറിയുന്നില്ല. അവന്‍ ഉണരുമ്പോള്‍ സവാരി തീര്‍ന്നിരിക്കും.

ആത്മാവാകുന്ന ജ്ഞാനി ദേഹമാകുന്ന വണ്ടിയില്‍ ഉറങ്ങിയിരിക്കുകയാണ്. സിനിമ എന്താണ്‌? സ്ക്രീന്‍, പടം, വെളിച്ചം എന്നിവ അചേതനങ്ങളാണ്. പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ചേതനന്‍ വേണം. ആത്മാവ് പ്രജ്ഞ തന്നെയാണ്. അവനെ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരു പ്രജ്ഞയുടെ ആവശ്യമില്ല.

ചോ: ഞാന്‍ ദേഹത്തെ കര്‍ത്താവാണെന്നു തെറ്റിദ്ധരിക്കുന്നില്ല.

മഹര്‍ഷി: ദേഹവൃത്തികള്‍ മനസ്സില്‍ ഭദ്രം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ചേതനയായ ഒരു കര്‍ത്താവ് ആവശ്യമായിത്തീരുന്നു. തങ്ങള്‍ ജീവന്മാരാണെന്നു മനുഷ്യര്‍ കരുതുന്നതിനാല്‍ ജീവന്മാരെ പ്രവര്‍ത്തിപ്പിക്കാന്‍ ഈശ്വരന്‍ ഹൃദയത്തിലിരിക്കുകയാണെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു. സത്യത്തില്‍ ജീവനോ കര്‍ത്താവോ ഇല്ല. എല്ലാം ചേര്‍ന്ന് ആത്മാവ് മാത്രം. നിങ്ങള്‍ ദേഹത്തെ താനെന്നും അതു തന്നെ കര്‍ത്താവെന്നും കരുതുന്നത് സിനിമയില്‍ കാണുന്നവനെ പ്രവര്‍ത്തിക്കുന്നവനായി കരുതുന്നതുപോലെ ആയിപ്പോകുന്നു. സിനിമയില്‍ തിരശ്ശീലകൂടാതെ കര്‍ത്താവിനു ഒരു രംഗം അഭിനയിക്കാനൊക്കുമോ? അതുപോലെ ആത്മാവിനെ കൂടാതെ മനസിനും പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമല്ല.

ചോ: ഇതു ദ്രഷ്ടാവിനോട്‌ പ്രവര്‍ത്തിക്കാന്‍ പറഞ്ഞത്പോലെയാണ്. നിദ്രാടനം തന്നെ നല്ലത്.

മഹര്‍ഷി: ആന ഒരു തുമ്പിക്കൈ തന്നെ ശ്വാസോച്ഛാസം ചെയ്യാനും വെള്ളം കുടിക്കുന്നതിനും ഉപയോഗിക്കുന്നു. അതുപോലെ വൃത്തിയും അവസ്ഥയും വ്യക്തികളുടെ വീക്ഷണത്തെപ്പൊറുത്തിരിക്കുന്നു. സുഷുപ്തി ജാഗ്രത്‌, ജാഗ്രത്‌ സുഷുപ്തി, സ്വപ്നത്തില്‍ സുഷുപ്തി, സ്വപ്നത്തില്‍ ജാഗ്രത്‌ എന്നീ പ്രകാരം.

ചോ: നമ്മുക്ക് ഈ സ്ഥൂല ശരീരത്തെ പ്രവര്‍ത്തിപ്പിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തിയിലിരിക്കുമ്പോള്‍ ഉറങ്ങുകയോ ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ പ്രവര്‍ത്തി തെറ്റിപ്പോകും.

മഹര്‍ഷി: ഉറക്കം അജ്ഞാതമല്ല. നിങ്ങളുടെ നിജാവസ്ഥയാണ്. അതുപോലെ ഉണര്‍ച്ച ജ്ഞാനവുമല്ല. അതജ്ഞാനമാണ്. ഉറക്കത്തില്‍ മുഴുബോധമുണ്ട്. ഉണര്‍ച്ച മുഴു അജ്ഞാനവുമാണ്. ഈ രണ്ടും താണ്ടിനില്‍ക്കുന്ന നിങ്ങളുടെ സാക്ഷാലവസ്ഥയ്ക്കുള്ളില്‍ തന്നെയാണീ രണ്ടും സംഭവിക്കുന്നത്‌. ആത്മാവു ജ്ഞാനത്തിനും അതീതമാണ്.

സുഷുപ്തി, സ്വപ്നം, ജാഗ്രത്‌ – മൂന്നും ആത്മാവിന്‍റെ സന്നിധിയില്‍കൂടി ചരിക്കുന്നു. നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും അവ തുടര്‍ന്നുണ്ടാകുന്നു. ഇതാണ് ജ്ഞാനിയുടെ നില. ജാഗ്രത്‌, സമാധി, ഗാഢസുഷുപ്തി, സ്വപനം ഇവ അവനുള്ളില്‍ അവനെ തൊടാതെ നില്‍ക്കുന്നു. ഇതു വണ്ടിക്കാരന്‍ ഉറങ്ങിയിരിക്കവേ കാള ചരിക്കുന്നു, നില്‍ക്കുന്നു, വണ്ടിയുടെ പൂട്ടില്‍ നിന്നും മോചിച്ചു നില്‍ക്കുന്നു, എന്നിങ്ങനെ ഒക്കെയാണ്. ഈ ഭേദങ്ങളെല്ലാം അജ്ഞാനിയെചേര്‍ന്നുള്ളതാണ്.ചോ: അതെ, ഇവ ആത്മാവിനു ബാധകമല്ല. പിന്നെ ചോദിക്കാനാരുണ്ടാവും? നിര്‍ഭാഗ്യത്താല്‍ ആത്മസാക്ഷാല്‍ക്കാരം പ്രാപിച്ചവനല്ല.

മഹര്‍ഷി: തടസ്സമെന്താണ്? താന്‍ അജ്ഞാനിയാണെന്നും ഇനിമേല്‍ സാക്ഷാത്ക്കരിക്കണമെന്നും ഉള്ള ബോധം മാറ്റണം. നിങ്ങള്‍ ആത്മാവാണ്. ആത്മാവിനെ നിങ്ങള്‍ എപ്പോഴെങ്കിലും വേര്‍പെട്ടിരുന്നിട്ടുണ്ടോ?