35. വിഷയവതീ വാ പ്രവൃത്തിരുത്പന്നാ
മനസഃ സ്ഥിതിനിബന്ധിനീ.
വാ = അല്ലെങ്കില്‍, വിഷയവതീ = ഗന്ധാദിവിഷയങ്ങളോടു കൂടിയ, പ്രവൃത്തിഃ = പ്രകൃഷ്ടവൃത്തി, (സാക്ഷാത്കാരമാകുന്ന പ്രജ്ഞ), ഉത്പന്നാ = ഉണ്ടായിട്ട്, മനസഃ = മനസ്സിന്റെ, സ്ഥിതി നിബന്ധിനീ = ഏകാഗ്രതയ്ക്കു കാരണമായിത്തീരുന്നു.
അലൗകികങ്ങളായ ഇന്ദ്രിയവിഷയങ്ങളുടെ അനുഭൂതി കൈ വരുത്തുന്ന ചില ധാരണാവിശേഷങ്ങള്‍ ചിത്തസ്‌ഥൈര്യത്തിനു ഹേതുവാകും.
ഇതു ധാരണാഭ്യാസത്തോടുകൂടി തനിയേ ഉണ്ടാവുന്നതാണ്. മനസ്സിനെ നാസാഗ്രത്തില്‍ ധാരണചെയ്താല്‍ അല്പദിവസങ്ങള്‍ക്കുള്ളില്‍ ദിവ്യഗന്ധങ്ങള്‍ അനുഭവമായിത്തുടങ്ങുമെന്നു യോഗികള്‍ പറയുന്നു. ജിഹ്വാമൂലത്തില്‍ ധാരണചെയ്താല്‍ ദിവ്യശബ്ദങ്ങളനുഭവിക്കാറാകും. ജിഹ്വാഗ്രത്തിലായാല്‍ ദിവ്യരസങ്ങള്‍ അനുഭവിച്ചു തുടങ്ങും. ജിഹ്വാമധ്യത്തിലായാല്‍ ഏതോ വിശേഷവസ്തുക്കളെ സ്പര്‍ശിക്കുന്നതുപോലുള്ള അനുഭവമുണ്ടാകും. താലുവില്‍ ധാരണ ചെയ്താല്‍ വിശേഷരൂപങ്ങള്‍ ദര്‍ശിച്ചു തുടങ്ങും. മനോവ്യാകുലതയുള്ളവന്‍ ഇതില്‍ ചില യോഗസാധനകളെ ശീലിക്കാനുദ്യമിക്കെത്തന്നെ അവയുടെ യാഥാര്‍ത്ഥ്യത്തെപ്പറ്റി സംശയിക്കുന്നുണ്ടെങ്കില്‍, അല്പം അഭ്യസിച്ചുകഴിയുമ്പോള്‍, മേല്പറഞ്ഞ അനുഭവങ്ങള്‍ വന്നു ചേരുകയും അയാള്‍ സംശയം തീര്‍ന്നു സ്ഥിരമായി പ്രയത്‌നിക്കുകയും ചെയ്യും.
36. വിശോകാ വാ ജ്യോതിഷ്മതീ.
വാ = അല്ലെങ്കില്‍, വിശോകാ = (സുഖമയസത്ത്വസാക്ഷാത്കാരം കൊണ്ടു രജോഗുണപരിണാമമായ ശോകമകന്ന്) വിശോകവും, ജ്യോതിഷ്മതീ = സാത്ത്വികപ്രകാശത്തോടുകൂടിയതുമായ (പ്രവൃത്തിഃ = സാക്ഷാത്കാരം, ഉത്പന്നാ = ഉണ്ടായിട്ട്, മനസഃ= മനസ്സിന്റെ, സ്ഥിതിനിബന്ധിനീ = ഏകാഗ്രതയ്ക്ക്, കാരണമാകുന്നു.)
സര്‍വ്വദുഃഖരഹിതമായ സംവിദ്‌ജ്യോതിസ്സില്‍ ധാരണ ചെയ്യുന്നതു കൊണ്ടും.
ഇതു വേറൊരുവിധം ധാരണയാണ്. ഹൃദയപദ്മം കമിഴ്ന്നു നില്ക്കുന്നതായും അതില്‍ക്കൂടി സുഷുമ്‌നാനാഡി പോകുന്നതായും ഭാവന ചെയ്യുക. ശ്വാസത്തെ ഉള്ളിലേക്കു വലിച്ചു വിസര്‍ജ്ജിക്കുന്ന വേളയില്‍ ഹൃദയപദ്മം വിടര്‍ന്നു മലരുന്നതായി സങ്കല്പിക്കണം. ആ പദ്മത്തിന്റെ മദ്ധ്യത്തിലുള്ള ദിവ്യ ജ്യോതിസ്സില്‍ ചിത്തത്തെ ധാരണ ചെയ്യുക.
37. വീതരാഗവിഷയം വാ ചിത്തം.
വാ = അല്ലെങ്കില്‍, വീതരാഗവിഷയം = (നാരദവ്യാസശു കാദികളുടെ), വീതരാഗമായ (രാഗരഹിതമായ) ചിത്തത്തെ വിഷയീകരിക്കുന്ന, ചിത്തം = ചിത്തം (ഏകാഗ്രതയുണ്ടാക്കുന്നു).
ഇന്ദ്രിയവിഷയാസക്തി നിശ്ശേഷം നശിച്ചിരിക്കുന്ന ഹൃദയവും (ധാരണാവിഷയമായാല്‍).
ഒരു പുണ്യാത്മാവിനെ – നിങ്ങള്‍ക്ക് ആരാധ്യനായി തോന്നുന്ന ഒരു മഹാപുരുഷനെ – തികച്ചും നിസ്സംഗനെന്നു നിങ്ങള്‍ക്കു ബോധ്യപ്പെട്ട ഒരു ഋഷിയെ – ആദര്‍ശമായി സ്വീകരിച്ച് ആ മഹാത്മാവിന്റെ ഹൃദയത്തെ ഭാവന ചെയ്യുക. അത്യന്തവിരക്തമായ ആ ഹൃദയത്തില്‍ ധാരണ ചെയ്യുന്നതുകൊണ്ടു മനസ്സു ശാന്തമാകും. അതിനു കഴിവില്ലെങ്കില്‍ ഇനിയൊരു മാര്‍ഗ്ഗമുണ്ട്;-
38. സ്വപ്നനിദ്രാജ്ഞാനാലംബനം വാ.
വാ = അല്ലെങ്കില്‍, സ്വപ്നനിദ്രാജ്ഞാനാലംബനം = സ്വപ്ന ത്തിലും, സുഷുപ്തിയിലുമുള്ള, ജ്ഞാനത്തെ – ജ്ഞേയത്തെ, വിഷയത്തെ – വിഷയീകരിക്കുന്ന, (ചിത്തം = ചിത്തവും, ഏകാഗ്രതയ്ക്കു കാരണമാകുന്നു). സ്വപ്നത്തിലും, സുഷുപ്തിയിലുമുണ്ടാകുന്ന, അനുഭവങ്ങളില്‍ ധാരണചെയ്യുന്നതുകൊണ്ടും.
ചിലപ്പോള്‍ ദേവന്മാര്‍ തന്റെ സമീപം വന്നു സംസാരിച്ചതായും താന്‍ ദിവ്യാനന്ദത്തില്‍ മുഴുകിയതായും അന്തരീക്ഷപ്ലാവിനിയായ ഗീതമാധുരി ആസ്വദിച്ചതായും മറ്റും ഒരുവന്‍ സ്വപ്നം കാണുന്നു. ആ സ്വപ്നത്തില്‍ അയാള്‍ ആനന്ദമഗ്‌നായിരുന്നു. ഉണരുമ്പോള്‍, ആ അനുഭൂതി അയാളുടെ ഹൃദയത്തില്‍ ഗാഢമായി പതിഞ്ഞുകിടക്കുന്നു. ആ സ്വപ്നത്തെ സത്യമായി വിചാരിച്ച് അതിന്‌മേല്‍ ധാരണ ചെയ്യുക.
അതു സാധ്യമല്ലെങ്കില്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട ഏതെങ്കിലും പവിത്രവിഷയത്തില്‍ ധാരണചെയ്യാന്‍ പറയുന്നു;
39. യഥാഭിമതധ്യാനാദ് വാ.
വാ = അല്ലെങ്കില്‍, യഥാഭിമതധ്യാനാത് = തനിക്ക് അഭീഷ്ടമായ – മനസ്സിന്നിമ്പമായ – ഏതിനെയും ധ്യാനം ചെയ്യുന്നതുകൊണ്ട് (ചിത്തം സ്ഥിരമാകുന്നു).
തനിക്കു ഇമ്പമായ ഏതിനെയും ധ്യാനിക്കുന്നതുകൊണ്ടും.
ഇപ്പറഞ്ഞത് അസദ്വിഷയങ്ങളെ ഉദ്ദേശിച്ചല്ല: പ്രത്യുത, അഭിമതമായ സദ്വിഷയങ്ങളാണ് ഇവിടെ വിവക്ഷിതം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വല്ല ദേശമോ, അത്യന്തം ഹൃദ്യമായ വല്ല പ്രകൃതി വിലാസമോ, അഭിമതമായ വല്ല ഭാവനാവിശേഷമോ ആകാം; ചിത്തൈകാഗ്രതയുണ്ടാക്കുന്ന ഏതു ശുഭവിഷയത്തെയും ധ്യാനിക്കാം.
40. പരമാണുപരമമഹത്ത്വാന്തോിസ്യ വശീകാരഃ.
അസ്യ = സൂക്ഷ്മത്തില്‍ നിലകൊള്ളുന്ന ചിത്തത്തിന്റെ, വശീകാരഃ = തടവില്ലാത്ത സ്വാധീനത, പരമാണുപരമമഹത്ത്വാന്തഃ = പരമാണുവരെയും പരമമഹത്ത്വംവരെയും ആകുന്നു. ഇപ്രകാരം ഏകാഗ്രത ശീലിക്കുന്ന യോഗിയുടെ ചിത്തത്തിനു പരമാണുമുതല്‍ അനന്തംവരെയുള്ള വസ്തുക്കളില്‍ തടവറ്റ സ്വാധീനത സിദ്ധിക്കുന്നു.
ഈ അഭ്യാസത്താല്‍ മനസ്സ് അതിസൂക്ഷ്മത്തിലെന്നപോലെ അതി മഹത്തായ വസ്തുവിലും നിഷ്പ്രയാസം സമാഹിതമാവുന്നു. അങ്ങനെ ചിത്തവൃത്തികള്‍ ശാന്തമാവുന്നു.